Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതസമ്മർദ്ദം നിങ്ങളെ കഷണ്ടിയാക്കും!!

katie കാറ്റി മുടി പൊഴിയും മുമ്പും ശേഷവും

നീണ്ടി‌ടതൂർന്ന മുടി സ്വപ്നം കാണാത്ത പെൺകുട്ടികളുണ്ടാകില്ല. ബോയ്കട്ടും തോളൊപ്പം വരെ കിടക്കുന്ന ചുരുണ്ട മുടിയുമൊക്കെ തരംഗമായപ്പോഴും നീണ്ടമുടിയെ പ്രണയിച്ചു നടക്കുന്ന പെൺകുട്ടികളുണ്ട്. കാറ്റീ അന്നാ മോര്‍ എന്ന പെൺകുട്ടിക്കും തന്റെ മുടി അത്രയേറെ ഇഷ്ടമായിരുന്നു. എന്നാൽ വെറും ഇരുപതു വയസു മാത്രം പ്രായമുള്ള കാറ്റിയുടെ മുടി ഇപ്പോൾ കണ്ടാൽ ​ഞെട്ടും, കാരണം ഒരൊറ്റ മുടി പോലും ഇല്ലാതെ തല മുഴുവനായി കഷണ്ടിയായ നിലയിലാണ് കാറ്റിയിപ്പോൾ നടക്കുന്നത്.

തന്റെ അഭിമാനവും സന്തോഷവുമൊക്കെയായിരുന്ന മുടി ഒരു സുപ്രഭാതത്തോടെ പൊഴിഞ്ഞു തുടങ്ങിയപ്പോൾ കാറ്റിയും ഞെട്ടിയിരുന്നു. പക്ഷേ അതിനുള്ള കാരണം അറിഞ്ഞപ്പോഴാണ് അതിനേക്കാൾ നടുങ്ങിയത്. കാരണം വരാനിരിക്കുന്ന സർവകലാശാല പരീക്ഷയെത്തുടർന്നുണ്ടായ സമ്മർദ്ദമാണ് വെറും രണ്ടുമാസത്തിനുള്ളില്‍ കാറ്റിയുടെ തല ഇപ്രകാരമാക്കിയത്. ഒരിക്കൽ തല കുളിക്കുന്നതിനിടയിലാണ് അസാധാരണമായ വിധത്തിൽ മുടി പൊഴിഞ്ഞുവരുന്നതു കണ്ടത്. പിന്നീട് ഓരോ തവണ മുടി കഴുകുമ്പോഴും ഇതു വർധിക്കാൻ തുടങ്ങി. എ‌ട്ട് ആഴ്ച്ചകൾ കഴിഞ്ഞപ്പോഴേയ്ക്കും കാറ്റിയുടെ തലയിലെ എഴുപതു ശതമാനത്തോളം മുടിയും നഷ്ടപ്പെട്ടിരുന്നു.

ആദ്യമെല്ലാം സ്ട്രെയ്റ്റനർ അമിതമായി ഉപയോഗിക്കുന്നതിന്റെ പരിണിതഫലമാകാം മുടികൊഴിച്ചിൽ എന്നാണു കരുതിയിരുന്നത്. അതുകൊണ്ടുതന്നെ ആരോടും പറഞ്ഞതുമില്ല, പക്ഷേ കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും ഒപ്പമുള്ളവർ തന്റെ മുടിക്കു വരുന്ന മാറ്റം ശ്രദ്ധിച്ചു തുടങ്ങി. അതോടെ തല ഒരു തുണിവച്ചു മറച്ചു നടക്കാൻ തുടങ്ങി. ശേഷം ഡോക്ടറെ കണ്ടപ്പോഴാണു തന്നെ ഒരു രോഗം ബാധിച്ചതിന്റെ പ്രതിഫലനമായിരുന്നു മുടികൊഴിച്ചിൽ എന്നു കാറ്റി മനസിലാക്കിയത്. അലോപേഷ്യ അരീറ്റയായിരുന്നു കാറ്റിയുടെ പ്രശ്നം,ഇതു ബാധിക്കുന്നതോടെ ചിലർക്ക് ഏതാനും ഭാഗത്തെ മുടി പൊഴിയുകയാണു ചെയ്യുന്നതെങ്കിൽ ചിലരുടെ മുടി മുഴുവനായി നഷ്ടപ്പെട്ടേക്കാം.

katie-1 കാറ്റിയുടെ മുടി മുഴുവനായി പൊഴിഞ്ഞപ്പോൾ

സമ്മർദ്ദം കൂടിയതാണു പ്രശ്നമെന്നും ഇതേരീതിയിൽ തന്നെ പോവുകയാണെങ്കിൽ ബാക്കിയുള്ള മുടിയും അധികം താമസിയാതെ പൊഴിയുമെന്നും അന്നു ഡോക്ടർ പറഞ്ഞു. ഇരുപതാം വയസിൽ പ്രായമേറിയവരുടേതു പോലുള്ള രൂപത്തിൽ നടക്കേണ്ടി വന്നത് തെല്ലൊന്നുമല്ല തന്നെ തകർത്തുകളഞ്ഞത്. ദിവസങ്ങളോളം കരഞ്ഞു തീർത്തു, പതിയെപ്പതിയെ ക്ലാസിലേക്കു പോകാതിരിക്കുകയും സുഹൃത്തുക്കളുമായുള്ള സമ്പർക്കം നിർത്തുകയും ചെയ്തു. പോണിടെയിൽ കെട്ടുമ്പോൾ എന്നും സുന്ദരിയെന്നു വിളിച്ചിരുന്നവർ ഇന്നു തന്നെ കാണുമ്പോൾ സഹതാപത്തോടെ നോക്കുന്ന കാഴ്ച്ച അസഹനീയമായിരുന്നു.

അങ്ങനെ അവിടവിടായി കിടക്കുന്ന ബാക്കി മുടിയും മുഴുവനായി കളയാൻ കാറ്റി തീരുമാനിച്ചു. ഈ മാറ്റം എങ്ങനെ തന്റെ സുഹൃത്തുക്കൾ കാണുമെന്നായിരുന്നു ആദ്യം പേടി, പക്ഷേ അവരെല്ലാം പൂർണ പിന്തുണയുമായി അരികിലെത്തിയതോടെ സമാധാനമായി. ഇന്നും മുടിപോയാലും താൻ സുന്ദരിയാണെന്നു പറഞ്ഞ് അവർ തന്നെ പുകഴ്ത്തുന്നു. ഇപ്പോൾ തനിക്കു ചേർന്ന ഒരു വിഗ് വെക്കുന്നതിനായി ഫണ്ട് രൂപീകരിക്കാൻ ഒരുങ്ങുകയാണ് കാറ്റി. അതെ, കാറ്റിയുടെ മുടി മാത്രമേ പൊഴിഞ്ഞിട്ടുള്ളു, സ്വപ്നങ്ങള്‍ ഇപ്പോഴും പാറിപ്പറക്കുന്നുണ്ട് മുമ്പത്തേതിലും ആവേശത്തോടെ....
 

Your Rating: