ആ അപ്പൂപ്പനോട് നെറ്റ്‌ലോകം പറഞ്ഞു; ഞങ്ങളുണ്ട് കൂടെ...

പിന്നിട്ട കാലത്തിൽ നമുക്കൊപ്പം നിന്നവരെയെല്ലാം പിന്നിലുപേക്ഷിച്ചു പോകുന്നതാണു പലരുടെയും ശീലം. അതും അവരെ ഒരിക്കൽപ്പോലും ഒന്നോർക്കാതെ, ഇടയ്ക്കെങ്കിലും അൽപസമയം അവർക്കൊപ്പം ചെലവഴിക്കാൻ പോലും ശ്രമിക്കാതെ...വൃദ്ധസദനങ്ങളുടെ ചുമരുകൾക്കിടയിൽ ഓർമകളുടെ കൈപിടിച്ച് ഇപ്പോഴും നടക്കുന്നുണ്ടാകും പലരുടെയും അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം. അമേരിക്കയിലെ ഒരപ്പൂപ്പനും ഇതുപോലെ ഓർമകൾ വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോഴാകണം തന്റെ പേരക്കുട്ടികളെ വീട്ടിലേക്കു ക്ഷണിച്ചത്. ആറു പേരക്കുട്ടികൾക്കായി 12 ബർഗറുകളും അപ്പൂപ്പൻ പാകം ചെയ്തെടുത്തു. രാത്രിയായി. ഏറെ കാത്തിരുന്നു. പക്ഷേ ആകെ വന്നത് ഒരാൾ മാത്രം. ഒക്‌ലഹോമയിൽ താമസിക്കുന്ന കെൽസി ഹാർമൺ എന്ന പേരക്കുട്ടിയായിരുന്നു അത്. താൻ മാത്രമേ ഉള്ളൂവെന്നറിഞ്ഞപ്പോൾ മുത്തച്ഛന്റെ മുഖത്ത് നിറഞ്ഞ സങ്കടം കെൽസി നേരിട്ടു കണ്ടതാണ്.

എന്തായാലും ഇരുവരും ബർഗർ കഴിക്കാനിരുന്നു. അന്നേരം കെൽസി നോക്കുമ്പോൾ അപ്പൂപ്പൻ ഒരു കയ്യിൽ ബർഗറും പിടിച്ച് നിലത്തേക്കു നോക്കിയിരിക്കുകയാണ്. കരയുന്നില്ല, പക്ഷേ പ്രതീക്ഷിച്ചതു കിട്ടാത്തൊരു കുട്ടിയെപ്പോലെയായിരുന്നു ആ മുഖം. കെൽസി വെറുതെ ആ കാഴ്ച ക്യാമറയിൽ പകർത്തി. പിന്നെ അപ്പൂപ്പനോടു യാത്ര പറഞ്ഞിറങ്ങി. ട്വിറ്ററിൽ അപ്പൂപ്പനുമൊത്തുള്ള അത്താഴത്തിന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തു. ‘12 ബർഗറുണ്ടാക്കി അപ്പൂപ്പൻ ഞങ്ങൾ ആറു പേരക്കുട്ടികൾക്കു വേണ്ടി കാത്തിരുന്നു. പക്ഷേ ഞാൻ മാത്രമേ അവിടെ വന്നുള്ളൂ...’ തന്റെ സ്നേഹം കൂടി അപ്പൂപ്പനെ അറിയിച്ചാണ് കെൽസി ട്വീറ്റ് ചെയ്തത്. പക്ഷേ 24 മണിക്കൂറിനകം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. 84000ത്തോളം പേർ ആ ചിത്രവും കുറിപ്പും റീട്വീറ്റ് ചെയ്തു. 1.40 ലക്ഷം പേരുടെ ഫേവറിറ്റുമായി. മാത്രവുമല്ല സെക്കൻഡുവച്ച് കമന്റുകൾ കുമിഞ്ഞു കൂടുകയായിരുന്നു.

കെൽസി പറയുന്നതനുസരിച്ചാണെങ്കിൽ ഒരോ 30 സെക്കൻഡിലും കക്ഷിക്ക് 20 നോട്ടിഫിക്കേഷൻ വീതമാണ് ട്വിറ്ററിലെത്തിയത്. അതിനാൽത്തന്നെ പലതും വായിക്കാനായില്ല. പക്ഷേ ഒരു കാര്യം വ്യക്തം. എല്ലാം കെൽസിയുടെ അപ്പൂപ്പന് സ്നേഹം അറിയിച്ചുകൊണ്ടുള്ളതായിരുന്നു. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്. ‘മുത്തച്ഛനോട് പറയൂ ആറ് പേരക്കുട്ടികളല്ല നെറ്റ്‌ലോകത്തെ അറുപത് ലക്ഷം പേർ അദ്ദേഹത്തോടൊപ്പം ബർഗർ കഴിക്കാൻ തയാറാണെന്ന്’ എന്നതു മുതൽ ഫോട്ടോ തന്റെ കണ്ണുകൾ നനയിപ്പിച്ചെന്നതു വരെയുള്ള കമന്റുകൾ. ചിത്രം ട്വിറ്ററിൽ ട്രെൻഡായതോടെ മാധ്യമങ്ങളും വാർത്ത നൽകി. ‘ലോകത്തിലെ ഏറ്റവും ദു:ഖിതനായ അപ്പൂപ്പൻ’ എന്നാണ് ആ ഫോട്ടോയ്ക്ക് പാശ്ചാത്യമാധ്യമങ്ങൾ നൽകിയ തലക്കെട്ട്. അവിടെയും തീർന്നില്ല, അപ്പൂപ്പനെ കാണാൻ വരാത്ത അഞ്ചു പേരക്കുട്ടികൾക്കും വധഭീഷണി വരെ കിട്ടാൻ തുടങ്ങി. ഒടുവിൽ കെൽസിക്ക് തന്നെ ട്വീറ്റ് ചെയ്യേണ്ടി വന്നു–ദയവു ചെയ്ത് ഫോട്ടോയുടെ പേരിൽ മറ്റു പേരക്കുട്ടികളെ ശല്യപ്പെടുത്തരുതെന്ന്. അപ്പൂപ്പന് ഞങ്ങൾ ആറുപേരോടും ഒരുപോലെയാണ് സ്നേഹമെന്നു പറഞ്ഞിട്ടും നെറ്റ്‌ലോകം അവരെ വെറുതെവിട്ടില്ല. ഒടുവിൽ കഴിഞ്ഞ ദിവസം പേരക്കുട്ടികളിലൊരാളായ ബ്രോക്ക് ഹാർമൺ അപ്പൂപ്പനെ കാണാനെത്തി–ഇരുവരും ഒരുമിച്ചിരുന്ന് ബർഗറും കഴിച്ചു. നേർത്ത ചിരിയോടെ ബർഗർ കഴിക്കുന്ന അപ്പൂപ്പന്റെ ചിത്രവും പോസ്റ്റ് ചെയ്തു. അപ്പൂപ്പനെ ഇത്രയും പ്രശസ്തനാക്കിയതിന് ആറു പേരക്കുട്ടികളോടുമുള്ള സന്തോഷവും അപ്പൂപ്പൻ പങ്കുവച്ചത്രേ!