Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർജയ്ക്ക് അച്ഛനെഴുതിയ ആ കത്ത് ഓരോ പിതാവിനുമുള്ള പാഠമാണ്

neerja-father നീർജ ഭാനോട്ട്, ഹരീഷ് ഭാനോട്ട്

ലോകത്തെ സംബന്ധിച്ചിടത്തോളം ആ മരണം ഒരു ഹീറോയുടെ ജനനമായിരുന്നുവെങ്കിൽ ഒരു അച്ഛന് അത് തന്റെ മാലാഖയെ എന്നെന്നേക്കുമായി നഷ്ടപ്പെടലായിരുന്നു. പറഞ്ഞു വരുന്നത് നീർജ ഭനോട്ടിനെക്കുറിച്ചാണ്. ഇരുപത്തി മൂന്നാമത്തെ വയസിൽ സ്വന്തം ജീവൻ ബലികഴിച്ച് 359 പേര്‍ക്ക് ജീവിതം നൽകിയ പെൺകുട്ടി. നീർജയുടെ അച്ഛൻ ഹരീഷ് ഭാനോട്ട് മകൾ മരിച്ചതിനു ശേഷം എഴുതിയ കത്ത് ഓരോ പിതാവിനുമുള്ള പാഠമാണ്. രണ്ട് ആൺമക്കൾക്കു ശേഷം കാത്തുകാത്തിരുന്നു കിട്ടിയ മകളെയാണ് കൊതിതീരുവോളം ജീവിച്ചു തീർക്കുന്നതിനു മുമ്പെ വിധി തട്ടിയെടുത്തത്. വർഷങ്ങൾക്കിപ്പുറവും ആ പിതാവ് അഭിമാനിച്ചിരുന്നു മകളെയോർത്ത്, തനിക്ക് ആദ്യം രക്ഷപ്പെടാൻ അവസരമുണ്ടായിരുന്നിട്ടും ക്യാപ്റ്റൻ എന്ന പദവിയുടെ ഉത്തരവാദിത്തബോധം മുഴുവൻ കണക്കിലെടുത്ത് ഏറ്റവും അവസാനം മാത്രമാണ് അവൾ സ്വയരക്ഷ നോക്കിയത്. നീർജ എന്ന പെൺകുട്ടിയുടെ ധൈര്യവും അർപ്പണബോധവും തന്റേടവുമെല്ലാം ഓരോ പെൺകുട്ടികളും കണ്ടുപഠിക്കേണ്ടതാണ്. 2007ൽ ഹരീഷ് ഭാനോട്ട് മരിച്ചെങ്കിലും മകളുടെ ഓരോ ഓർമകളും കുറിച്ച് അദ്ദേഹമെഴുതിയ കത്തിന് ഇന്നും പ്രസക്തിയുണ്ട്. നീർജയെപ്പോലെ ധീരയായ പെൺകുട്ടികളെ ആഗ്രഹിക്കുന്ന എല്ലാ അച്ഛനമ്മമാർക്കും നീർജയുടെ പിതാവ് ഹരീഷ് ഭാനോട്ടിന്റെ കത്തിൽ നിന്നും ചില കാര്യങ്ങൾ പഠിക്കാനുണ്ട്.

മക്കളിൽ വിശ്വസിക്കുക

നീർജയുടെ ഓരോ ചുവടുകളിലും അവളുടെ അച്ഛനമമ്മാരുടെ വിശ്വാസവും പിന്തുണയും ഉണ്ടായിരുന്നു. പഠനത്തിലോ കരിയർ തിരഞ്ഞെടുക്കുന്ന അവസരങ്ങളിലോ നിങ്ങളുടെ മക്കളിൽ പൂർണമായും വിശ്വാസിക്കുക. മക്കൾക്കു നൽകുന്ന പിന്തുണയും വിശ്വാസത്തെയുംകാൾ വലിയൊരു സമ്മാനമൊന്നും നിങ്ങളിൽ നിന്നും അവർക്കു കിട്ടാനില്ല. ഞാൻ നിന്നിൽ പൂർണമായി വിശ്വസിക്കുന്നുണ്ടെന്നും എപ്പോഴും കൂടെയുണ്ട‌ാവുമെന്നും എപ്പോഴും മക്കളോടു പറയാം.

ധീരത വളർത്താം

നീർജ എന്ന മകളു‌ടെ മനസിനും ഹൃദയത്തിനും ലഭിച്ച ധൈര്യം അവളുടെ പിതാവിൽ നിന്നും ലഭിച്ചതാണ്. മകളുടെ ഓരോ ധീരപ്രവൃത്തികളിലും താൻ എത്രത്തോളം സന്തുഷ്ടനായിരുന്നുവെന്ന് അദ്ദേഹം ആ കത്തിൽ എഴുതിയിരുന്നു. ഇന്നത്തെ ലോകത്ത് എത്രത്തോളം ധീരതയോടെ മുന്നേറിയാൽ മാത്രമേ വിജയക്കൊടി പാറിക്കാനാവൂ എന്നു മക്കളെ പറഞ്ഞു പഠിപ്പിക്കാം.

പെണ്ണിനും കഴിയും പലതും

പെണ്‍കുഞ്ഞുങ്ങളേക്കാൾ ആൺകുഞ്ഞുങ്ങൾക്കു പരിഗണന നൽകുന്നവരാണ് ഇന്ന് ഏറെയും. നീർജയുടെ പിതാവ് അവരിൽ നിന്നും വ്യത്യസ്തായിരുന്നു. ആദ്യമായി നഴ്സിൽ നിന്നും മകൾ ആണെന്ന് അറിഞ്ഞ നിമിഷം താൻ എത്രത്തോളം സന്തുഷ്ടനായിരുന്നുവെന്ന് ആ കത്തിൽ പറയുന്നുണ്ട്. ആണായാലും പ‌‌െണ്ണായാലും അവരെ സ്നേഹത്തോടെ തുല്യതയോടെ പരിപാലിക്കാനാണ് ഓരോ രക്ഷിതാക്കളും ശ്രമിക്കേണ്ടത്

മക്കളോടുമാവാം ബഹുമാനം

മക്കള്‍ ബഹുമാനിക്കുന്നതിനൊപ്പം മക്കളെയും തിരിച്ചു ബഹുമാനിക്കാൻ പഠിക്കാം. മകളുടെ ആഗ്രഹത്തിനു വഴങ്ങി സ്ത്രീധനരഹിത വിവാഹത്തിന് നീർജയുടെ മാതാപിതാക്കൾ വഴങ്ങിക്കൊടുത്തു. മക്കളുടെ ഇഷ്ടങ്ങളെയും ബഹുമാനിക്കാൻ പഠിക്കാം.

സ്നേഹിക്കാം ആവോളം

ജീവിതം ഉയര്‍ച്ച താഴ്ചകളുടേതും വഴിത്തിരിവുകളുടേതുമൊക്കെയാണ്. നീർജ ഇത്ര പെട്ടെന്ന് ലോകത്തെ വിട്ടു പോകുമെന്ന് ആരും കരുതിയിട്ടില്ല. ഓരോ ഘട്ടങ്ങളിലും തങ്ങൾ എത്രത്തോളം നീർജയുടെ ഇഷ്ടങ്ങൾക്കൊപ്പം നിന്നുവെന്നും അവളെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്തുവെന്നും ആ അച്ഛൻ പറയുന്നുണ്ട്. അളവില്ലാതെ സ്നേഹിക്കാം മക്കളെ, അവർക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കാം.

359 യാത്രക്കാരുമായി 1986 സ‌െപ്തംബർ അഞ്ചിന് പാൻ എഎം ഫ്ലൈറ്റ് 73 പറന്നു പൊങ്ങുമ്പോൾ ആ അച്ഛൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതു തന്റെ മകളുടെ അവസാന യാത്രയായിരുന്നുവെന്ന്. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്കു പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിൽ പറന്നിറങ്ങിയ വിമാനം റാഞ്ചിയത് അബു നിദാൽ എന്ന തീവ്രവാദ സംഘടനായായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വെടിയുണ്ടകൾക്കു മുന്നിൽ കീഴടങ്ങി മരണം വരിച്ച ധീരവനിത നീര്‍ജ അന്ന് വിമാനത്തിലെ ക്രൂവിലുണ്ടായിരുന്ന സീനിയർ ഉദ്യോഗസ്ഥയായിരുന്നു.

Your Rating: