കമിതാക്കളേ...നിങ്ങള്‍ക്കായി ഇവര്‍ പ്രേമലേഖനമെഴുതും!

ലെറ്റർ മെയ്‌ലിന്റെ സ്ഥാപകരായ സന്ദീപ് മന്നയും സുമന്‍യു വെര്‍മയും.

കാമുകിക്കോ കാമുകനോ പ്രണയ ലേഖനം എഴുതാന്‍ വിഷമിച്ചു നില്‍ക്കുന്നവര്‍ക്ക് ഇതാ നല്ലൊരു ഓപ്ഷന്‍. നിങ്ങള്‍ക്കായി ഇവര്‍ പ്രേമലേഖനങ്ങളെഴുതും. കേള്‍ക്കുമ്പോള്‍ പഴമക്കാര്‍ മാത്രമല്ല, ന്യൂജെന്‍ പിള്ളേര്‍ പോലും ചിലപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. പ്രേമലേഖനങ്ങള്‍ എഴുതിക്കൊടുക്കാനും ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിരിക്കുകയാണ് കുറച്ച് യുവാക്കള്‍.

ഇന്നൊവേഷന്‍ ഇന്നൊവേഷന്‍ എന്നെല്ലാം പറയുമ്പോള്‍ ഇമ്മാതിരി ഒരു ഇന്നൊവേഷന്‍ ഉണ്ടാകുമോയെന്നാണ് ഈ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോഴുണ്ടായ മറുപടി. വല്ലവരുടെയും ഗേള്‍ ഫ്രണ്ട്‌സിന് അസ്സല്‍ പ്രേമലേഖനങ്ങള്‍ എഴുതിക്കൊടുത്ത് കാശുണ്ടാക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്, പേര് ലെറ്ററ മെയ്ല്‍. അക്ഷരങ്ങളിലെ പ്രണയത്തെ തിരിച്ചുകൊണ്ടുവരികയാണ് ഇവരുടെ പ്രണയസംരംഭത്തിന്റെ ഉദ്ദേശ്യം.

2016 മെയ് മാസത്തിലാണ് ന്യൂഡെല്‍ഹിയിലെ ഒരു കോഫി ഷോപ്പില്‍ വെച്ച് ലെറ്ററ മെയ്ലിന്റെ ആശയം നാല് സുഹൃത്തുക്കളുടെ ചര്‍ച്ചാ വിഷയമാകുന്നത്. ടെക്‌നോളജിയുടെ കടന്നുകയറ്റത്തില്‍ സോഷ്യല്‍ മീഡിയയെ യുവാക്കള്‍ പുല്‍കിയപ്പോള്‍ ആശയവിനിമയത്തിന് കത്തുകളെ ആശ്രയിക്കുന്ന ശീലം ഇല്ലാതായി. ഈ തിരിച്ചറിവില്‍ നിന്നുള്ള ഒരു പരീക്ഷണമായിരുന്നു ലെറ്ററ മെയ്ല്‍ എന്ന് അണിയറക്കാര്‍ മനോരമ ഓണ്‍ലൈനോട് പറയുന്നു.

സോഫ്റ്റ് വെയര്‍ എന്‍ജീനീയറായ സുമിത് ജയ്ന്‍, ടെക്‌നോളജി വിദഗ്ധൻ സുമന്‍യു വെര്‍മ, അഭിഭാഷകനായ ലലിത് നരോലിയ, സംരംഭകനായ സന്ദീപ് മന്ന എന്നീ നാല്‍വര്‍സംഘമാണ് കത്തെഴുതല്‍ സേവനം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് എന്ന സാഹസം പ്രാവര്‍ത്തികമാക്കിയത്.

ലെറ്റർലവ്



പലപ്പോഴും നൂതനാത്മക ആശയങ്ങള്‍ നിനച്ചിരിക്കാതെയാകും കടന്നുവരുക. ഇതും അതുപോലെ തന്നെ. ഞങ്ങള്‍ നാലുപേരും കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ അവളുടെ പ്രണയത്തെക്കുറിച്ച് പറയുന്നതുകേട്ടത്. വാട്സാപ്പിലൂടെയായിരുന്നു അവളെ ബോയ്ഫ്രണ്ട് പ്രൊപ്പോസ് ചെയ്തത്. അവര്‍ക്ക് ഇരുവര്‍ക്കും വര്‍ഷങ്ങളോളം പരിചയമുണ്ട്. നന്നായി അറിയാം. അവള്‍ക്കും അവനെ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ തന്നോട് പ്രണയം പറയേണ്ടത്, കുറച്ച് സ്‌പെഷല്‍ ആയി വേണമെന്ന് അവള്‍ കരുതി.

എന്നാല്‍ വാട്സാപ്പിലെ ഷോര്‍ട്ട്‌മെസേജില്‍ പ്രണയം പറഞ്ഞുതീര്‍ത്ത കാമുകനെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പണ്ടത്തെ പ്രണയലേഖനങ്ങളെക്കുറിച്ചാണ്. ജീവിതത്തില്‍ എന്നെന്നും കരുതിവെക്കാന്‍ ഒരു പ്രണയലേഖനം മിസ് ചെയ്ത ഫീലിംഗാണ് അവളുടെ മുഖത്ത് ഞാന്‍ കണ്ടത്. അങ്ങനെയാണ് അല്‍പ്പം സംശയത്തോടെ ആണെങ്കിലും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്തും ഈ സംരംഭം തുടങ്ങാന്‍ തീരുമാനിച്ചത്-സുമന്‍യു വെര്‍മ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് കത്തെഴുത്ത് പോലെ കാലഹരണപ്പെട്ടതെന്ന് വിശ്വസിക്കുന്ന ആശയവിനിമയത്തിന് സ്‌കോപ്പില്ലെന്ന് എന്റെ പാതി മനസ്സ് പറഞ്ഞെങ്കിലും മറുപാതി പറഞ്ഞത് അതാണ് ഞങ്ങളുടെ യുണീക് സെല്ലിംഗ് പോയ്ന്റ്, ഇത് വിജയിക്കും എന്ന് തന്നെയായിരുന്നു-സുമന്‍യു പറയുന്നു. പ്രണയലേഖനങ്ങള്‍ക്കായി ലെറ്ററമെയ്ല്‍ ലെറ്ററ ലവ് എന്ന സംരംഭം തുടങ്ങിയ കഥ ഇതാണ്.

50,000 രൂപയായിരുന്നു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനായി നിക്ഷേപിച്ച തുക. ഒരു വെബ്‌സൈറ്റിനും ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കുന്നതിനായി പേമെന്റ് ഗേറ്റ്‌വെ സ്ഥാപിക്കുന്നതിനുമായാണ് ആ തുക ഉപയോഗപ്പെടുത്തിയത്. ഒരു കത്തിന് 99 രൂപ മുതല്‍ 150 രൂപ വരെയാണ് ഇവര്‍ തുടക്കത്തില്‍ ചാര്‍ജ്ജ് ചെയ്തത്. നാലുപേരും തങ്ങളുടെ ജോലിസമയത്തിന് ശേഷമാണ് സ്വന്തം സംരംഭത്തിനായി കത്തുകള്‍ എഴുതുന്ന പണി ചെയ്തത്. എട്ട് മാസത്തിനുള്ളില്‍ 3,000ത്തിലധികം ഓര്‍ഡറുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഇവര്‍ പറയുന്നു.

രസകരമായ കാര്യം ഇതില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയില്‍ നിന്നാണെന്നതാണ്. ഫേസ്ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടെയും കത്തെഴുതല്‍ സേവനം ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് സുമന്‍യു പറയുന്നു.

യുവാക്കളാണ് ലെറ്ററമെയ്‌ലിന്റെ സേവനം ആവശ്യപ്പെട്ടുവരുന്നവരില്‍ 90 ശതമാനത്തിലധികവും. തങ്ങളുടെ സ്റ്റാര്‍ട്ടപ്പിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന് ചോദിച്ചപ്പോള്‍ സുമന്‍യുവിന്റെ ഉത്തരം ഇങ്ങനെ, ''എഴുതുന്നത് കത്തുകള്‍ ആയതിനാല്‍ ഉപഭോക്താവിന്റെ വികാരങ്ങളും മാനസികാവസ്ഥയും മനസിലാക്കി അത് അക്ഷരങ്ങളില്‍ പ്രതിഫലിപ്പിക്കുകയാണ് ഏറ്റവും ശ്രമകരമായ കാര്യം.''

ലാഭത്തിലേക്ക്



ഓര്‍ഡറുകളുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍ രണ്ട് ഫ്രീലാന്‍സര്‍മാരെക്കൂടി അവര്‍  നിയമിച്ചു. ഒരു കത്തെഴുതുന്നതിന് നാല്‍പ്പത് രൂപയാണ് അവര്‍ക്ക് കൊടുക്കുന്നത്. മുടക്കുമുതല്‍ തിരിച്ചുകിട്ടിയെന്ന് മാത്രമല്ല, ഇപ്പോള്‍ സംരംഭം ബ്രേക് ഈവന്‍ സ്‌റ്റേജിലെത്തിയെന്ന് സുമന്‍യു വെര്‍മ പറയുന്നു.

സംരംഭത്തിന്റെ തുടക്കത്തില്‍ കിട്ടിക്കൊണ്ടിരുന്ന വരുമാനമെല്ലാം തിരിച്ച് ബിസിനസിലേക്ക് തന്നെ നിക്ഷേപിക്കുകയായിരുന്നു തങ്ങള്‍ എന്നും സുമന്‍യു പറയുന്നു. ഈ വാലന്റൈന്‍സ് ദിനത്തിലെ കണക്കെടുപ്പ് കഴിയുമ്പോള്‍ മികച്ച ലാഭം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ലവ് ബേര്‍ഡ്‌സ് ഞങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് സുമന്‍യു പറയുന്നത്.

വാലന്റൈന്‍സ് ഡേ ആയതോടെ കത്തെഴുതാന്‍ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം കൂടുകയാണ്. സാധാരണ ഗതിയില്‍ ഒരു ദിവസം ശരാശരി 40 ഓര്‍ഡറുകളാണ് ലഭിക്കാറുള്ളതെങ്കില്‍ വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് പ്രതിദിന ഓര്‍ഡറുകളുടെ എണ്ണം 100 വരെ പോകാറുണ്ടെന്ന് സുമന്‍യു പറയുന്നു.

ലെറ്റർ മെയ്ല്‍ സഹസ്ഥാപകരായ സുമിത് പുരിയും ലളിത് നരോലിയയും



പ്രണയലേഖനങ്ങള്‍ക്ക് പുറമെ ലെറ്റര്‍ ബിസ് എന്ന പേരില്‍ ബിസിനസ് കത്തുകളും ഇവര്‍ എഴുതി നല്‍കുന്നുണ്ട്. സംരംഭം ലാഭത്തിലേക്ക് നീങ്ങുന്നതോടെ പുറമെനിന്നുള്ള നിക്ഷേപകരുടെ ഫണ്ടിംഗ് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് സുമന്‍യുവും കൂട്ടരും.

കത്തുകളില്‍ പേഴ്‌സണല്‍ ടച്ച് കൂടുതല്‍ വേണമെന്ന് പറയുന്നതനുസരിച്ച് സേവനനിരക്കിലും ഇവര്‍ വര്‍ധന വരുത്താറുണ്ട്. 2.500 രൂപ വരെ ഒരു കത്തെഴുതാന്‍ വാങ്ങുന്ന സന്ദര്‍ഭങ്ങളുണ്ടെന്നതാണ് രസകരം. എന്തായാലും ഇപ്പോള്‍ കൈയ്ക്ക് വിശ്രമമില്ലാത്ത അവസ്ഥയിലാണ് ലെറ്ററയുടെ സാരഥികള്‍. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് വല്ലവരുടെയും പ്രണയം പങ്കിടുന്ന കത്തുകള്‍ എഴുതിക്കൊണ്ടേയിരിക്കുകയാണ് ഇവര്‍.