ജീവിതത്തിൽ എന്നും അവസാനമെത്താൻ ആഗ്രഹിക്കുന്നൊരാൾ!

സ്കൂളിൽ നടത്തിയ ഓട്ടമത്സരത്തിൽ ഒരിക്കലെങ്കിലും ഓടിയവർക്കറിയാം, കുതിപ്പിന്റെ ആവേശം, കാണികളുടെ ആർപ്പു വിളി, പതറിപ്പോകുന്ന കാൽ വയ്പ്പുകളോടുള്ള ഭയം, നെഞ്ചിടിപ്പുകൾ, ആദ്യമെത്താനുള്ള കുതിപ്പ്, അതൊരു അനുഭവമാണ്. കുതിക്കുമ്പോൾ ആദ്യം എത്തുക, ഓട്ടത്തിൽ ആദ്യമെത്താൻ ഓടുന്നവർ എന്ത് ത്യാഗവും സഹിച്ചു ഒന്നാമതെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ മത്സരത്തിൽ അവസാനം എത്തുന്നവരെ കുറിച്ച് ആരെങ്കിലും സംസാരിക്കുക ഉണ്ടായിട്ടുണ്ടോ? അല്ലെങ്കിൽ അതിനെ കുറിച്ച് ആരെങ്കിലും പുസ്തകം എഴുതിയിട്ടുണ്ടോ? ഉണ്ടാവില്ല. എന്നാൽ ലണ്ടനിൽ ഉള്ള  ലിസ ജാക്സൻ പറയുന്നത് തികച്ചും വേറിട്ട ഒരു അനുഭവമാണ്. വർഷങ്ങളായി താൻ പങ്കെടുക്കുന്ന മാരത്തോണുകളിൽ കൃത്യമായി അവസാനം എത്താൻ ലിസ എപ്പോഴും ശ്രദ്ധിക്കുന്നു.

വർഷങ്ങൾക്ക് മുമ്പുള്ള ഒരു മാരത്തോണിൽ ശരീരത്തിന് തോന്നിയ മടുപ്പിൽ കാലുകൾ മുന്നോട്ടു പോകുന്നില്ലാ എന്നാ അവസ്ഥ തോന്നിയപ്പോഴാണ് ലിസ ആദ്യമായി അവസാനം എത്തുന്നതിന്റെ ഗുണങ്ങളെ കുറിച്ച് മനസിലാക്കുന്നത്. ലക്ഷ്യത്തിലേക്കെത്താൻ മൈലുകൾ ഇനിയും താണ്ടണം. എത്താതെ രക്ഷയുമില്ല, ആ നിമിഷം ഭ്രാന്തമായി ലിസ ഉറക്കെ ചിരിച്ചു. മാരത്തോൺ വഴികളിലെ ലിസയുടെ ഭ്രാന്തൻ ചിന്തകൾ അവിടെ തുടങ്ങുകയായിരുന്നു. ഏറ്റവും അവസാനം ആയപ്പോൾ ഓർമ്മപ്പെടുത്തൽ പോലെ മാരത്തോൺ സംഘാടകർ അയക്കുന്ന അയാൾ എത്തിച്ചേർന്നു. ഏറ്റവും അവസാനം എത്തുന്ന ഓട്ടക്കാരനെ പ്രോത്സാഹിപ്പിക്കേണ്ട ചുമതയുള്ള ആൾ. പിന്നീടുള്ള ഓട്ടവഴികളിലോക്കെ അത്തരം സാന്നിധ്യങ്ങൾ 48 കാരിയായ ലിസയെ പിന്തുടർന്ന് കൊണ്ടേയിരുന്നു. ലിസ അത് ആസ്വദിച്ചു കൊണ്ടും ഓട്ടം തുടർന്നു.

99 മാരത്തോണുകൾ പങ്കെടുത്ത ലിസ ഓടിയ അവസാന 23 എന്നതിലും അവസാനമായി ആണ് ഇപ്പോൾ ഓടി എത്തിക്കൊണ്ടിരിക്കുന്നത്. 18 കളിലും 20 കളിലും ഒക്കെ ചെറുപ്പത്തിന്റെ ആവേശത്തിൽ ഒന്നാമത് എത്തണമായിരുന്നു  പക്ഷേ ഇപ്പോൾ ഈ 40 കളിൽ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു. താനിത് ഇഷ്ടപ്പെടുന്നുണ്ടെന്നും ലിസ പറയുന്നു. ആദ്യം ഒരാൾ ഓടിയെത്തി കഴിഞ്ഞാൽ പിന്നീട് കാണികൾ അവസാനം കടന്നു പോകുന്ന ആളിന് വേണ്ടിയാകും കാത്തിരിക്കുക, അവരെ ഫിനിഷിംഗ് പോയിന്റ് കടത്തുന്നത് വരെ കയ്യടിയും പ്രോത്സാഹനവും തുടർന്ന് കൊണ്ടേയിരിക്കും. അതൊക്കെ ആസ്വദിച്ച നിമിഷങ്ങളെ കുറിച്ച് പറയാൻ ലിസയ്ക്ക് ആയിരം നാവാണ്. എന്ത് തന്നെയായാലും ഓട്ടത്തിൽ ആരെങ്കിലും ഒരാൾ അവസാനം എത്തണ്ടേ, അതിൽ നാണക്കേട്‌ വിചാരിക്കാനില്ലെന്നു ലിസ പറയുന്നു. 

ഒരിക്കൽ അവസാനമെത്തിയല്ലോ എന്നാ സങ്കടവും ഭയവും മാറിക്കിട്ടിയാൽ പിന്നീടൊരിക്കലും അത് നിരാശപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യില്ലെന്ന് ലിസ ഓർമ്മിക്കുന്നു. ജീവിതത്തിന്റെ കാര്യത്തിലും ഈ അനുഭവം തനിക്ക് പാഠം ആയതായി ലിസ പറയുന്നു. മാത്രമല്ല അവസാനം ഓടിയെത്തുന്നവരുടെ പ്രോത്സാഹിപ്പിക്കലുകൾ, കലപിലകൾ, ഒന്നിച്ചോടുമ്പോഴുള്ള രസകരമായ സംസാരങ്ങൾ ഒക്കെയും ലിസ ആസ്വദിക്കുന്നു. ജീവിതം ആസ്വദിക്കാനുള്ളതാണ്, മത്സരങ്ങൾക്കും അപ്പുറം അത് മനസ്സിനെ ബാധിയ്ക്കാതെ പ്രതികൂല അവസ്ഥകളെ പോലും തനിയ്ക്ക് അനുകൂലമാക്കി മാറ്റിയെടുക്കുകയാണ് ലിസ ജാക്സൻ ചെയ്തത്. പ്രായം ഏറുന്നുണ്ടെങ്കിലും ഇനിയും വിരമിയ്ക്കുക എന്നൊന്ന് മാരത്തോണിൽ ഇല്ലെന്നു ലിസ. അവസാനമെത്തി എപ്പോഴും മാരത്തോണിൽ പങ്കാളിയാകുക ,അത് തന്നെ ലിസയുടെ ആഗ്രഹം.