ധോണിയുടെ മനസിൽ ഇന്നും വേദനിക്കുന്ന ഓർമയായി ആ സുഹൃത്ത്

സന്തോഷ് ലാലിനൊപ്പം ധോണി

ക്യാപ്റ്റൻ കൂൾ, വേൾഡ് കപ്പ് വിന്നിങ് ക്യാപ്റ്റൻ, ഫാഷൻ ഫ്രീക്ക്... ചില്ലറ വിശേഷണങ്ങളൊന്നുമല്ല ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്കുള്ളത്. തോളൊപ്പം മുടിവെട്ടി ക്രിക്കറ്റ് ലോകത്തേക്കു കടന്നുവന്ന കിടിലൻ ബാറ്റ്സ്മാന് അന്നുതന്നെ ആൺപെൺ വ്യത്യാസമില്ലാതെ ആരാധകരുടെ പ്രളയമായിരുന്നു. ഇപ്പോഴിതാ 'എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രം ഇറങ്ങിയതോടെ ധോണിയുടെ ഫാൻസ് തെല്ലൊന്നുമല്ല കൂടിയിരിക്കുന്നത്. ധോണിയുടെ ബാറ്റിങ് മികവിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഹെലികോപ്റ്റർ ഷോട്ട് ആണെന്ന കാര്യത്തില്‍ ആർക്കും സംശയം കാണില്ല. എന്നാൽ ഈ ഹെലികോപ്റ്റർ ഷോട്ട് ധോണിയുടെ സ്വന്തം കണ്ടുപിടുത്തമാണെന്നാണോ കരുതിയിരിക്കുന്നത്? അല്ലേയല്ല, അസാധാരണമായ ആ ബാറ്റിങ് സ്റ്റൈൽ ധോണിയെ പഠിപ്പിച്ചത് ബാല്യകാല സുഹത്തായ സന്തോഷ് ലാൽ ആണത്രേ.

ധോണി ദി അൺടോള്‍ഡ് സ്റ്റോറിയിലാണ് സന്തോഷിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്. മൈതാനത്തിലെ പ്രിയപ്പെട്ട സുഹൃത്തായ സന്തോഷിനൊപ്പമായിരുന്നു ധോണി ക്രിക്കറ്റും ടെന്നീസുമൊക്കെ ഏറെനാൾ പരിശീലിച്ചിരുന്നത്. ക്രിക്കറ്റ് മാച്ചുകൾക്കു വേണ്ടി ഇരുവരും ഏറെയാത്രകളും ഒന്നിച്ചു ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ് ലോകത്തെ സ്വപ്നങ്ങളെല്ലാം കീഴടക്കി പ്രശസ്തിയുടെ കൊടുമുടിയിൽ വിരാജിക്കുമ്പോഴും ധോണി തന്റെ പ്രിയ സുഹൃത്തിനെ മറന്നിട്ടില്ലായിരുന്നു. പക്ഷേ നിർഭാഗ്യമെന്നോണം 2013 ജൂലൈയിൽ പാൻക്രിയാറ്റൈറ്റിസ് ബാധിച്ച് സന്തോഷ് മരിച്ചു. രോഗകാലത്ത് സന്തോഷിനു വിദഗ്ധ ചികിത്സ ലഭിക്കാനായി റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ധോണി ഒരുക്കിയിരുന്നുവെങ്കിലും അതും ഫലം കണ്ടില്ല. സന്തോഷിന് അസുഖം ഗുരുതരമായ സമയത്ത് ധോണി ഇന്ത്യൻ ടീമുമായി ടൂറിലായിരുന്നു. തന്റെ സുഹൃത്തിന്​റെ വിവരം അറിഞ്ഞതും അദ്ദേഹം എയർ ആംബുലൻസ് തയ്യാറാക്കിയിരുന്നു. പക്ഷേ മോശം കാലാവസ്ഥ മൂലം ഡൽഹിയിൽ എത്തുന്നതിനു മുമ്പേ വാരണാസിയിൽ ഹെലികോപ്റ്റർ ഇറക്കി. ശേഷം ഡൽഹിയിൽ എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.

എന്തായാലും ധോണി എന്നു കേള്‍ക്കുമ്പോൾ ഹെലികോപ്റ്റർ ഷോട്ട് എന്നോർക്കുന്നവർ അറിയുക, വ്യത്യസ്തമായൊരു ശൈലിയുമായി ക്രിക്കറ്റ് ലോകത്തു തിളങ്ങിയ ധോണിക്ക് അധികമാർക്കും അറിയാത്തൊരു സൗഹൃദത്തിന്റെ കഥകൂടി പറയാനുണ്ടെന്ന്.