Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുപാട് കോളുകൾ വന്നു, സഹായത്തിനല്ല, മറ്റ് ചിലതിന് : നളിനി ജമീല

Nalini Jameela നളിനി ജമീല

എത്ര പുരോഗമന വാദം ഉയർത്തിപ്പിടിച്ചാലും, പകൽ വെളിച്ചത്തിൽ സമൂഹം മുഖം ചുളിക്കുകയും രാത്രിയുടെ മറയിൽ കൂടെ കൂട്ടുകയും ചെയ്യുന്ന ഒരു വിഭാഗമാണ്‌ ലൈംഗീകത്തൊഴിലാളികൾ. ഇക്കാര്യത്തിൽ മലയാളികൾ അൽപം മുന്നിലാണ് എന്ന് പറഞ്ഞാലും എതിർപ്പില്ല. ഒരു ലൈംഗീകത്തൊഴിലാളി എന്ന നിലയിൽ താൻ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പുരുഷ സമൂഹത്തെ വിലയിരുത്തുകയാണ് ലൈംഗീകത്തൊഴിലാളിയും എഴുത്തുകാരിയുമായ നളിനി ജമീല. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സമൂഹം അടിസ്ഥാന പരമായ ലൈംഗീക സുരക്ഷിതത്വം സ്ത്രീക്ക് നൽകുന്നില്ല.

50% പുരുഷന്മാരും ആഗ്രഹം തോന്നിയാൽ സമയവും സന്ദർഭവും നോക്കാതെ സെക്സ് തേടി പോകുന്നവരാണ്. പശ്ചിമബംഗാളിലും മുംബൈ നഗരത്തിലുമെല്ലാം സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ കുറവാണ്. കാരണം, സോനഗച്ചിയും ചുവന്ന തെരുവും പോലുള്ള ലൈംഗീക വ്യവഹാര കേന്ദ്രങ്ങൾ ഉണ്ട് എന്നത് തന്നെ. ഇത്തരം കേന്ദ്രങ്ങൾ യഥാർഥത്തിൽ മറ്റു സ്ത്രീകൾക്ക് സുരക്ഷയാണ്. നളിനി ജമീല പറയുന്നു. തന്റെ രണ്ടാമത്തെ പുസ്തകത്തെ കുറിച്ചും, സമൂഹത്തിന്റെ മാറുന്ന സദാചാരബോധത്തെ കുറിച്ചും നളിനി ജമീല, മനോരമ ന്യൂസിനു അനുവദിച്ച അഭിമുഖത്തിൽ നിന്നും...

Nalini Jameela നളിനി ജമീല

ഞാൻ ലൈംഗീകത്തൊഴിലാളി എന്ന ആദ്യ പുസ്തകത്തിനു ശേഷം ഇറക്കാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ പുസ്തകത്തെകുറിച്ചുള്ള ഫേസ്ബുക്ക് പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടല്ലോ?

രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടു സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴാണ് ഞാൻ പുസ്തകം പ്രസിദ്ധീകരിക്കാൻ സഹായം ചോദിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടത്. എന്റെ നമ്പർ ഉൾപ്പെടുത്തിയാണ് ഞാൻ പോസ്റ്റ്‌ ഇട്ടത്. അതിനു ശേഷം ആയിരത്തിധികം ഫോൺ കോളുകൾ എന്നെ തേടിയെത്തി. എന്നാൽ, അതിൽ ഒന്ന് പോലും എന്റെ പുസ്തകത്തെ കുറിച്ച് അറിയാനോ സഹായിക്കാനോ വേണ്ടിയുള്ളവയല്ലായിരുന്നു. ആളുകൾക്ക് അറിയേണ്ടത് ലൈംഗികതയെക്കുറിച്ച് മാത്രമാണ്

രണ്ടാമത്തെ പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയമെന്താണ്

എന്നെ തേടി വന്നിട്ടുള്ള ചില കസ്റ്റമേഴ്സിന്റെ ലൈംഗികതയ്ക്ക് ശേഷമുള്ള പെരുമാറ്റം ഹാസ്യ രൂപേണ വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ ഞാൻ. പുരുഷന്മാരുടെ സമീപനങ്ങൾ, ധാർഷ്ട്യങ്ങൾ, ലൈംഗീകതയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ശരീര ചലനങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉണ്ടാകും.

സോനഗച്ചി പോലുള്ള ലൈംഗീക വ്യവഹാര കേന്ദ്രങ്ങൾ ഇല്ലാത്തതാണ് കേരളത്തിൽ ലൈംഗീക പീഡനങ്ങൾ വർധിക്കാൻ കാരണമെന്ന് പറഞ്ഞല്ലോ ?

തീർച്ചയായും, പുരുഷന്മാരിൽ 50 ശതമാനവും ലൈംഗീക ഭ്രാന്തന്മാരാണ്. അവർക്ക് കാമം തീർക്കുന്നതിനു ഒരു ശരീരം മാത്രമേ ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇവിടെ കുട്ടികളും വൃദ്ധകളും ഉൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്യപ്പെടുന്നത്. സോനഗച്ചി പോലുള്ള സ്ഥലങ്ങളിൽ ആവശ്യക്കാർക്ക് പണം നൽകി കാമം തീർക്കാനുള്ള അവസരമുണ്ട് . അതുകൊണ്ട് തന്നെ സ്വൈര്യ ജീവിതം നയിക്കുന്ന സ്ത്രീകളെ തേടി ആരും പോകുന്നില്ല. എന്റെ അഭിപ്രായത്തിൽ അത്തരം ലൈംഗീക വ്യവഹാര കേന്ദ്രങ്ങൾ സ്ത്രീകൾക്ക് സുരക്ഷ നൽകുന്നു.

Nalini Jameela നളിനി ജമീല

ബലാൽസംഗക്കേസുകളിൽ പ്രതികൾ അർഹിക്കുന്ന ശിക്ഷ കോടതിയും സമൂഹവും അവർക്ക് നൽകുന്നുണ്ടോ?

ഒരു സംഭവം നടന്നു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് അത് ചർച്ചയാക്കുകയും പിന്നെ അത് മറക്കുകയും ചെയ്യുക എന്നതാണ് മലയാളികളുടെ ശീലം. ഉദാഹരണത്തിന് ഡൽഹി പീഡനക്കേസിൽ ജനങ്ങളുടെ പ്രതികരണം പ്രതികളിൽ പോലും ഭീതി ജനിപ്പിച്ചു. എന്നാൽ സൗമ്യയുടെ സംഭവത്തിൽ പ്രതിയായ ഗോവിന്ദച്ചാമി ഇന്നും സുരക്ഷിതനാണ്. ജനങ്ങളിൽ നിന്നും ശക്തമായ പ്രതികരണം ഉണ്ടാകാത്തത് കൊണ്ട് തന്നെ, അയാൾ കൂടുതൽ ആവേശത്തോടെ വീണ്ടും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടും. കേരളത്തിലെ ജനങ്ങളുടെ ഈ മനോഭാവം മാറാതെ , ഇവിടെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് നീതി ലഭിക്കില്ല.

സ്ത്രീകളോടുള്ള അതിക്രമങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടി വരുന്നതായി തോന്നിയിട്ടുണ്ടോ ?

തീർച്ചയായും. രാത്രി 12 മണിക്ക് പോയിട്ട് , പകൽ 12 മണിക്ക് പോലും സ്ത്രീകൾക്ക് സ്വസ്ഥമായി നിരത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വിവിധതരത്തിലുള്ള ചൂഷണങ്ങളാണ് അവൾ ഇവിടെ നേരിടുന്നത്. എന്നാൽ, ഞാൻ നേരത്തെ പറഞ്ഞത് പോലെ മുംബൈ, കൊൽക്കൊത്ത എന്നിവിടങ്ങളിൽ ഈ സ്ഥിതിക്ക് വ്യത്യാസമുണ്ട്. അവിടെയൊന്നും സ്ത്രീകളെ തോണ്ടാനും പിടിക്കാനും ആരും വരുന്നില്ല. അത്തരം സാമൂഹ്യവിരുദ്ധരെ കേരളത്തിൽ മാത്രമേ കാണാനാകൂ. അവിടെയുള്ളവർക്ക് ലൈംഗീകതാല്പര്യം ഉണ്ടായാൽ അത് മാറ്റാൻ ഇടങ്ങളുണ്ട്. ഇവിടെ അതില്ല, അതുകൊണ്ട് തന്നെ മുഖം മൂടിയുടെ മറവിൽ നടക്കുന്ന മലയാളികളാണ് കൂടുതൽ കുഴപ്പക്കാർ.

സദാചാര പോലീസ് ആണല്ലോ ഇപ്പോൾ മാന്യതയുടെ കാവൽക്കാർ ?

ശുദ്ധ കപടതയാണത്. നിഷേധിക്കപ്പെടുന്നതിന്റെ പേരിൽ ഉയർത്തിക്കൊണ്ടുവരുന്ന മുഖംമൂടികൾ. നിയമം കൊണ്ട് പോലും രക്ഷയില്ലാത്ത സമൂഹമായി നമ്മൾ മാറുന്നതിന്റെ നേർക്കാഴ്ചയാണ് അത്.

Nalini Jameela

ഉഭയസമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടുന്നത് തെറ്റല്ല എന്ന സുപ്രീംകോടതി നിരീക്ഷണം ലൈംഗീകത്തൊഴിലാളികൾക്ക് ഗുണകരമാകുമോ ?

അങ്ങനെയൊരു നിയമം വരുന്നത് നല്ലതാണ്. ട്രാഫിക്കിങ്ങിന് എതിരാണ് ഈ നിയമം. പോലീസിനും കോടതിക്കും തിരിച്ചറിവും മാറ്റവും ഉണ്ടാകുന്ന ഇക്കാലത്ത് അത് അംഗീകരിക്കാൻ കഴിയാത്തവർ ഏറെയുണ്ട്. അത്തരത്തിലുള്ളവർ ഈ നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധം എങ്ങനെയുണ്ടാകും എന്നത് മാത്രമാണ് ഇവിടുത്തെ വിഷയം.

സ്ത്രീകൾ നടത്തുന്ന വെളിപ്പെടുത്തലുകൾ സമൂഹം യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളുന്നുണ്ടോ?

സ്ത്രീകൾ നടത്തുന്ന വെളിപ്പെടുത്തലുകൾ സമൂഹം കേൾക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണ് സരിതാ നായർ. പ്രശ്നം പണമാണ് എങ്കിലും സരിതാ നായർ പറയുന്നത് അവർ പലരിൽ നിന്നും സമാഹരിച്ച തുക മന്ത്രിമാർ കൊണ്ട് പോയി എന്നാണ്. എന്നാൽ സമൂഹം അത് കാണുന്നത്, ഒരു ചീത്ത സ്ത്രീ മന്ത്രിമാർക്കെതിരെ എന്തോ വിളിച്ചു കൂവുന്നതായാണ്. അതായത് ചീത്ത സ്ത്രീയുടെ പണം മന്ത്രിമാർ വാങ്ങിയാൽ കുഴപ്പമില്ലെന്നാണ്‌ ആളുകൾ കണക്കാക്കുന്നത്. ഇത്തരത്തിൽ ക്രൂശിക്കപ്പെടുന്ന സ്ത്രീകൾക്ക് മറ്റു സ്ത്രീകളുടെ പിന്തുണ പോലും ലഭിക്കാത്ത അവസ്ഥയാണ്. ആളുകളുടെ മനോധർമ്മം എങ്ങനെയാണോ അതിൽ നിന്നും താഴേക്കാണ് മലയാളികളുടെ വളർച്ച, പക്ഷേ മറ്റു സ്ഥലങ്ങളിൽ നേരെ തിരിച്ചും.

താങ്കളുടെ അഭിപ്രായത്തിൽ ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളുടെ ഏറ്റവും വലിയ അരക്ഷിതാവസ്ഥ എന്താണ് ?

സ്വന്തം ശരീരം സൂക്ഷിക്കാനും സ്വയം തീരുമാനം എടുക്കാനും സാധിക്കാത്ത അവസ്ഥ, തനിക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനും സ്വന്തം ഇഷ്ടങ്ങൾ വെളിപ്പെടുത്താനും കഴിയാത്ത അവസ്ഥ. ഇതാണ് എന്റെ അഭിപ്രായത്തിൽ ഇന്നത്തെ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥ

Your Rating: