അറിവുമായി അരികിലേക്ക് ഒഴുകിയെത്തും ഈ സ്കൂൾ

മക്കോക്കോ ഫ്ലോട്ടിങ് സ്കൂളിലേക്കു പോകുന്ന വിദ്യാർഥികൾ

വെള്ളത്തിൽ നിന്നുയർന്നു നിൽക്കുന്ന മരത്തൂണുകളിൽ കെട്ടിപ്പൊക്കിയ കുഞ്ഞുകുഞ്ഞു വീടുകൾ. മരം കൊണ്ടുള്ള ആ വീടുകളിൽ മിക്കതിന്റെയും മേൽക്കൂര ഒന്നുകിൽ പ്ലാസ്റ്റിക് ഷീറ്റോ അല്ലെങ്കിൽ തകരഷീറ്റോ ആണ്. അവയ്ക്കിടയിലൂടെ തുഴഞ്ഞുനീങ്ങുന്ന ചെറുതും വലുതുമായ വഞ്ചികൾ. അതിനിടെ ആരുടെയും ശ്രദ്ധയാകർഷിക്കും വിധം പിരമിഡ് ആകൃതിയിലൊരു മരക്കെട്ടിടം. മഞ്ഞയും നീലയും ചേർന്ന യൂണിഫോമണിഞ്ഞ കുട്ടികൾ ഓരോ വഞ്ചികളിലായി വന്ന് ആ കെട്ടിടത്തിലേക്ക് കയറിപ്പോകുന്നുണ്ട്. അറിവിലേക്കാണ് ആ യാത്ര. ആ പിരമിഡാകൃതിയിലുള്ള കെട്ടിടമാണ് അവരുടെ സ്കൂൾ.

മക്കോക്കോ ഫ്ലോട്ടിങ് സ്കൂൾ

മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന നൈജീരിയയിലെ മക്കോക്കോ പ്രദേശത്തെ ലാഗോസ് തുരുത്തിലാണ് കുട്ടികൾക്കായി ‘ഒഴുകും സ്കൂൾ’ തയാറാക്കിയിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ ധനസഹായത്താൽ നിർമിച്ച ഈ സ്കൂൾ പ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ അറിവിന്റെ പുതിയ തീരങ്ങളിലേക്ക് തുഴഞ്ഞുകൊണ്ടു പോകുന്നതിൽ നിർണായക പങ്കാണിന്ന് വഹിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട ലാഗോസ് തുരുത്തിൽ നൂറുകണക്കിനു വർഷങ്ങൾക്കു മുൻപേ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഒരുക്കിക്കൊടുത്തതാണ് ഇന്നു കാണുന്ന തരത്തിലുള്ള വീടുകൾ. പ്രദേശത്ത് ആകെയുള്ളത് ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളാണ്. എന്നാൽ മഴക്കാലത്ത് വേലിയേറ്റം വരുന്നതോടെ ഈ സ്കൂളും കുട്ടികളുടെ പഠനവും വെള്ളത്തിലാകും. ഒരുലക്ഷത്തോളം പേരുണ്ട് ഇവിടെ താമസക്കാരായിട്ട്. പുതുതലമുറയ്ക്ക് അറിവുപകരേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് വെള്ളത്തിലൊരു സ്കൂൾ എന്ന ആശയം വരുന്നത്. അതോടെ 100 കുട്ടികൾക്ക് ഒരേസമയം ഇരുന്നുപഠിക്കാവുന്ന ഒരു സംവിധാനത്തെപ്പറ്റിയായി അധികൃതരുടെ ചിന്ത. പ്രദേശത്തെ ഒരു ആർക്കിടെക്ടാണ് മക്കോക്കോ ഫ്ലോട്ടിങ് സ്കൂൾ ഡിസൈൻ ചെയ്തത്.

മക്കോക്കോ ഫ്ലോട്ടിങ് സ്കൂളിലേക്കു കയറുന്ന വിദ്യാർഥികൾ

മൂന്നു വർഷമെടുത്ത്, പൂർണമായും മരത്തിൽ നിർമിച്ച സ്കൂളിനെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നത് നൂറുകണക്കിന് പ്ലാസ്റ്റിക് പാഴ്‌വീപ്പകളാണ്. മഴക്കാലത്ത് സ്ഥിരമായുണ്ടാകുന്ന കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും പോലും പ്രതിരോധിക്കാനാകുന്ന വിധമാണ് സ്കൂളിന്റെ നിർമാണം. കുട്ടികൾക്ക് വീട്ടിൽ നിന്നിറങ്ങാൻ പറ്റാത്ത കാലാവസ്ഥയാണെങ്കിൽ സ്കൂൾ അവർക്കരികിലേക്ക് പോകും, അല്ലാത്തപ്പോൾ കൊച്ചുവഞ്ചികൾ തുഴഞ്ഞ് കുട്ടികൾ സ്കൂളിലുമെത്തും. നിർമാണ സമയത്ത് പലരും കരുതിയത് ഒഴുകുംസ്കൂൾ ഒരു തമാശയായിരിക്കുമെന്നാണ്. എന്നാൽ അധ്യാപകൻ സഹിതം സ്കൂളെത്തിയപ്പോൾ പ്രദേശവാസികൾ അദ്ഭുതപ്പെട്ടുപോയി. നിലവിൽ 47 കുട്ടികളുണ്ട് സ്കൂളിൽ. ഇംഗ്ലിഷും ശാസ്ത്രവുമെല്ലാം പഠിപ്പിക്കാൻ അധ്യാപകരുമുണ്ട്. ക്ലാസ് മുറികളിലെ ചുമരുകൾ നിറയെ ഭൂപടങ്ങളും ചാർട്ടുമൊക്കെയാണ്. ക്ലാസ് വൃത്തിയായി സൂക്ഷിക്കുന്നതും വിദ്യാർഥികൾ തന്നെ. പ്രദേശത്തെ പല കുട്ടികൾക്കും പഴയ സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ഒഴുകുന്ന സ്കൂൾ വന്നതോടെ കൗതുകമേറിയാണ് ഭൂരിഭാഗം കുട്ടികളുമെത്തിയത്. വന്നവർ പിന്നെ അറിവിനെ തിരസ്കരിച്ച് പോയതുമില്ല.

മക്കോക്കോ ഫ്ലോട്ടിങ് സ്കൂളിലെ ക്ലാസ്മുറി

വെള്ളത്തിനു നടുവിലാണെങ്കിലും ശുദ്ധജലമോ വൈദ്യുതിയോ പോലും ലാഗോസിലെ ഭൂരിപക്ഷം വീടുകളിലുമില്ല. കാലാവസ്ഥാവ്യതിയാനവും നഗരവത്കരണത്തിന്റെ ഭാഗമായുള്ള നദീനികത്തലുമെല്ലാം കാരണം ഇപ്പോൾത്തന്നെ വെള്ളപ്പൊക്ക ഭീഷണിയിലാണ് പ്രദേശത്തെ പല വീടുകളും. അതിനിടെ ഭാവിയിലേക്കുള്ള തുരുത്തിലെ പുതുതലമുറയുടെ ഒരേയൊരു പ്രതീക്ഷയാണ് ദിവസവും അവർക്കരികിലേക്ക് തുഴഞ്ഞെത്തുന്നത്...

മക്കോക്കോ ഫിഷിങ് കമ്മ്യൂണിറ്റി