മരണം കൊണ്ടുപോകും മുൻപ് ഓർമയ്ക്കായി ഇരിക്കട്ടെ പൊന്നേ നിന്റെ അവസാന നിമിഷങ്ങൾ...

ഒരുമിച്ച്, ഒരേ ഭ്രൂണം പകുത്തെടുത്ത്, രണ്ടു ജീവനായി ഒരേ ഗര്‍ഭപാത്രത്തിനുള്ളിൽ പരിണാമപ്പെടുമ്പോൾ ആ കുഞ്ഞു ജീവനുകൾ അറിഞ്ഞു കാണില്ല, ഗർഭപാത്രത്തിന്റെ ഭിത്തികൾക്കപ്പുറം തങ്ങളിൽ ഒരാളുടെ ജീവൻ സുരക്ഷിതമല്ല എന്ന്. അതിനാൽ തന്നെ, അവർ ഒരുമിച്ചു വളർന്നു. ഗർഭപാത്രത്തിന്റെ സുരക്ഷയിൽ , ഒരേ പൊക്കിൾക്കൊടിയിൽ നിന്നും ശ്വാസോശ്വാസങ്ങൾ പങ്കിട്ടെടുത്ത് അവർ വളർന്നു. 

2016  ഡിസംബർ 17 ന് ലിൻസി , മാത്യു ദമ്പതികളുടെ ഇരട്ടക്കുഞ്ഞുങ്ങളായി വില്യവും സഹോദരി റീഗനും പിറന്നു വീണു. ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ച മാതാപിതാക്കളുടെ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. വില്യമിന്റെ ആരോഗ്യസ്ഥിതിയിൽ സംശയം തോന്നിയ ഡോക്റ്റർ തുടർ പരിശോധനകളിലൂടെ കുഞ്ഞിന് അധികം ആയുസ്സില്ല എന്ന് വിധിയെഴുതി. വില്യംമിന്റെ ഹൃദയത്തിന്റെ ഇടതു ഭാഗം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. 

ഗർഭകാലഘട്ടത്തിൽ തന്നെ ഡോക്ടർ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വില്യംതിന്റെ വളർച്ച മുരടിപ്പിക്കാനുള്ള മരുന്ന് നൽകുകയും ചെയ്തു. എന്നാൽ വിധി മറിച്ചതായിരുന്നതിനാൽ റീഗനെ പോലെ തന്നെ, വില്യമും ഗർഭകാലം പൂർത്തിയാക്കി. എന്നാൽ കുഞ്ഞു താമസിയാതെ മരണപ്പെടും എന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞതോടെ അവൻ കൂടെയുള്ള അത്രയും ദിവസത്തെ ഓർമകളെ എന്നേക്കുമുള്ള സ്വത്തായി സൂക്ഷിക്കണം എന്ന ചിന്തയായി പിതാവ് മാത്യുവിന്. 'അമ്മ ലിന്സിക്കും ഇത് തന്നെയായിരുന്നു അഭിപ്രായം. കാരണം, കുഞ്ഞു സഹോദരി റീഗൻ വളരുമ്പോൾ അറിയണം തനിക്ക് തന്നെ പോലെ തന്നെയുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നു എന്നത്. 

മാത്യു ഉടൻ തന്നെ അടുത്തുള്ള സ്റ്റുഡിയോയിലെ കാമറാമാൻ ലിൻസി ബ്രൗണിനെ തേടിയെത്തി. കാര്യം പറഞ്ഞപ്പോൾ, തന്റെ തിരക്കുകൾ മാറ്റി വച്ച് ബ്രൗൺ എത്തി. കുഞ്ഞു ജീവനുകളെ കാമറയിൽ പതിപ്പിക്കാൻ. ഫോട്ടോഗ്രാഫുകൾക്ക് ഒരാളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് മനസിലാക്കിയെടുത്ത ചിത്രങ്ങളായിരുന്നു പിന്നീട് ഒരുങ്ങിയത്. 

ഇളം നീലയും ചുവപ്പും പച്ചയും റോസും നിറങ്ങളിലുള്ള റാപ്പറുകളിൽ പൊതിഞ്ഞു കുഞ്ഞു വില്യമും റീഗനും ഫോട്ടോഷൂട്ടിന് തയ്യാറായി വന്നു. ഒപ്പം 'അമ്മ ലിന്സിയും അച്ഛൻ മാത്യുവും. ജീവിതത്തിൽ ആദ്യമായും അവസാനമായും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളാണ് എടുത്തുകൊണ്ടിരിക്കുന്നത് എന്നറിയാതെ കുഞ്ഞു റീഗൻ, സഹോദരൻ വില്യമിനോട് ചേർന്നിരുന്നു. തലയിൽ ഒലിവ് ഇലകളുള്ള ബാൻഡ് വച്ച റീഗൻ കൂടുതൽ സുന്ദരിയായിരുന്നു. 

കുഞ്ഞനുജത്തിയെ കൊഞ്ചിക്കുന്ന വില്യമിനെ ബ്രൗൺ കാമറയിൽ പകർത്തി. ചില ചിത്രങ്ങളിൽ തന്റെ വലിയ മനോഹരമായ കണ്ണുകൾ തുറന്ന് വില്യം വ്യഥാ താൻ പൂർണ്ണ ആരോഗ്യവാനാണ് എന്ന് തെളിയിച്ചു. പ്രസവിച്ച് 11  ദിവസങ്ങൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും വില്യം ഒരുജന്മത്തിന്റെ മുഴുവൻ സന്തോഷവും നിറമുള്ള ഓർമകളും തന്നാണ് വില്യം യാത്രയായത്.