നിർഭയ ആവർത്തിക്കപ്പെടുമ്പോൾ

Representative Image

നമ്മുടെ തൊട്ടടുത്ത് ഒരു പെൺകുട്ടി മൃഗീയമായി പീഡനങ്ങൾ ഏറ്റുവാങ്ങി പിടഞ്ഞ് മരിച്ചിട്ടും ഇത്രത്തോളം നിസംഗരായി ഇരിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ. മാനഭംഗപ്പെടുത്തിയ ശേഷം ജനനേന്ദ്രിയത്തിൽ മൂർച്ചയേറിയ ആയുധമുപയോഗിച്ച് ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. ഇതിലൂടെ കുടൽ പുറത്തേക്ക് വന്നിരുന്നു. ഇതിന് പുറമേ ശരീരത്തിൽ മുപ്പതോളം മുറിവുകളുണ്ട്. ഇതിൽ വയറ്റിലേറ്റ മുറിവ് കരളിനെ തുളച്ചിട്ടുണ്ട്. തലയ്ക്കേറ്റ അടിയാണ് മരണകാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിളി കേട്ടിരുന്നെന്നും വീട്ടിൽ ‌ഇടയ്ക്കിടെ ബഹളങ്ങളുണ്ടാകുന്നതിനാൽ ഇത് കാര്യമായെടുത്തില്ലെന്നുമാണ് നാട്ടുകാരുടെ മൊഴി. ഒട്ടേറെപ്പേരെ ചോദ്യം ചെയ്തെങ്കിലും പൊലീസിന് കേസിൽ കാര്യമായ തുമ്പ് ലഭിച്ചിട്ടില്ല. ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വാർത്തയല്ല, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്ന സംഭവമാണ്.

പെരുമ്പാവൂരിൽ നിന്നും നമ്മുടെയൊക്കെ വീടുകളിലേക്ക് അധികം ദൂരമില്ല. മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കൊപ്പമാണ് കൊലചെയ്യപ്പെട്ട ജിഷ താമസിച്ചിരുന്നത്. ഇടയ്ക്ക് വീട്ടുജോലിയ്ക്ക് പോകാറുണ്ടായിരുന്ന അമ്മ ജോലിക്ക് പുറത്ത് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് ജിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്ന് തള്ളിയാൽ തുറക്കുന്ന വാതിലുകളുള്ള ഒരുപാട് വീടുകൾ നമ്മുടെ നാട്ടിലുണ്ട്, അവിടെയൊക്കെ ജിഷയെപ്പോലെയുള്ള പെൺകുട്ടികളുമുണ്ട്. ആർക്കുവേണമെങ്കിലും എപ്പോൾ വെണമെങ്കിലും ജിഷയുടെ അവസ്ഥ സംഭവിക്കാം.

ഇത്തരം ദാരുണമായി സംഭവങ്ങൾക്കെതിരെ വെറുതെ ഫേസ്ബുക്ക് പോസ്റ്റുകളും കവർഫോട്ടോകളും പ്രൊഫൈൽ ചിത്രങ്ങളും മാറ്റുക മാത്രമാണോ വേണ്ടത്. നിർഭയയുടെ പേരിൽ 13 ദിവസമാണ് ഡൽഹി ഒത്തുചേർന്നത്. പതിമൂന്ന് ദിവസം വേണ്ട, ഒരുദിവസമെങ്കിലും ഈ പാവം പെൺകുട്ടിയ്ക്കു വേണ്ടി തെരുവിലിറങ്ങി കൂട്ടായി പ്രതികരിച്ചുകൂടെ. ചുംബനസമരത്തിൽ പങ്കെടുക്കാനും കാണാനും പോയ ആവേശത്തിന്റെ ഒരു ശതമാനം ശബ്ദമെങ്കിലും ഇവൾക്കുവേണ്ടി ഉയർത്തൂ. എസി മുറികളിലിരുന്ന് ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടാൽ പീഡനം അവസാനിക്കില്ല.

സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ലെങ്കിൽ പിന്നെ സ്ത്രീയ്ക്ക് എവിടെയാണ് സുരക്ഷിതത്വം ഉണ്ടാവുക. ജിഷ ഇന്ന് കേരളത്തിലെ ഓരോ സ്ത്രീകളുടെയും പെൺകുഞ്ഞുങ്ങളുടെയും പ്രതീകമാണ്. ജിഷയെ കണ്ണിൽചോരയില്ലാതെ കൊന്നുതിന്നവരുള്ള നാട്ടിൽ എങ്ങനെ ഇനി അമ്മമാർക്ക് പെൺകുഞ്ഞുങ്ങളെ സുരക്ഷിതരായി വീട്ടിൽ ഇരുത്തിയിട്ട് പോകാൻ പറ്റും. വീട്ടിലേക്ക് തിരിച്ചുവരാം എന്ന ഉറപ്പിൽ അവർക്ക് ഇങ്ങനെ പുറത്തിറങ്ങി നടക്കാൻ സാധിക്കും.

എന്തിനും ഏതിനും സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവർക്ക് ജിഷയുടെ കാര്യത്തിൽ എന്താണ് പറയാനുള്ളത്. കുട്ടി ഉടുപ്പ് ഇട്ടതുകൊണ്ടാണോ നിത്യവൃത്തിക്ക് വീട്ടുപണിചെയ്ത് കുടുംബം പുലർത്തുന്ന വീട്ടിലെ കുട്ടി പീഡനത്തിന് ഇരയായത്. ജിഷയുടെ ദേഹത്തെ ഓരോ മുറിവും ഓരോ സ്ത്രീക്കും ഏറ്റ അപമാനത്തിന്റെ മുറിവുകളാണ്. പീഡനവാർത്തകളില്ലാത്ത ഒരു ദിവസം പോലും ഇല്ലാത്ത അവസ്ഥയായിരിക്കുന്നു. സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഒരു നാടിന്റെ ആ നാട്ടിലെ ഭരണസംവിധാനത്തിന്റെ ജനങ്ങളുടെ കൂട്ടഉത്തരവാദിത്വമാണ്. ഫേസ്ബുക്കിൽ വെറുതെ കുത്തികുറിക്കാതെ ഇനി ഒരിക്കലും ആർക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരക്കാൻ നടപടികൾ സ്വീകരിക്കാൻ നമ്മളെല്ലാവരും പ്രയത്നിച്ചാലേ മതിയാകൂ. മാർച്ചുകളും മെഴുകുതിരികളും ഫേസ്ബുക്ക് പോസ്റ്റുകളുമല്ല വേണ്ടത് ജിഷയുടെ ഘാതകരെ കണ്ടെത്താനുള്ള നടപടിയ്ക്കായുള്ള പ്രയത്നമാണ് നമ്മൾ ഓരോരുത്തരിൽ നിന്നും വേണ്ടത്.