പെൺവാണിഭക്കാരിൽ നിന്നു രക്ഷപെട്ട പെൺകുട്ടി മനസു തുറക്കുന്നു; പീഡിപ്പിക്കപ്പെട്ടത് 43200 തവണ!

കടപ്പാട് : സിഎൻഎൻ

പതിനാറു വയസിനിടെ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു തീർത്ത പെൺകുട്ടിയാണ് കാർലെ ജസീന്തോ. ബുദ്ധിയുറയ്ക്കും മുമ്പേ പ്രണയം നടിച്ചെത്തിയ മാംസകച്ചവടക്കാരനെ തിരിച്ചറിയാതെ പോയതും ജീവിതത്തിന്റെ എടുത്തു ചാട്ടവുമെല്ലാം വരുത്തിയ വിന കാർലെ കണ്ണുനീരോടെയാണ് ഓർക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലും പ്രത്യേകിച്ചു മെക്സിക്കോയിലും നിലനിൽക്കുന്ന മനുഷ്യക്കടത്തും പെൺവാണിഭവും എത്രത്തോളം ക്രൂരമായാണ് പെൺകുഞ്ഞുങ്ങളുടെ ജീവിതം തകർക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കാർലെയുടെ അനുഭവം. സിഎൻഎൻന് നൽകിയ അഭിമുഖത്തിലാണ് കാർലെ തന്റെ കണ്ണീർ ജീവിതം തുറന്നു കാട്ടിയത്.

കാർലെയുടെ കണക്കു ശരിയാണെങ്കിൽ നാലു വർഷത്തിനിടെ പീഡനത്തിന് ഇരയായത് 43200 തവണ. ഒരു ദിവസം മുപ്പതു പേർ വരെ പീഡിപ്പിച്ചു. എന്താണവർ തന്നോടു ചെയ്യുന്നതെന്നറിയാതിരിക്കാൻ കണ്ണുകൾ ഇറുകെയടച്ചു പിടിച്ചു. ശരീരത്തെ കാമപ്പിശാചുകൾക്കു മുന്നിൽ വെറുതെ ഇട്ടുകൊടുത്തു. തന്റെ കണ്ണുനീർ അവർക്കു ചിരിയായിരുന്നു.

ആദ്യമായി പീഡനത്തിന് ഇരയാകുന്നു

കടപ്പാട് : സിഎൻഎൻ

ജീവിതത്തിൽ കാർലെ ആദ്യമായി പുരുഷന്റെ ക്രൂരഭാവം തിരിച്ചറിയുന്നത് അഞ്ചാം വയസിലായിരുന്നു. അന്ന് അതെന്തെന്ന് തിരിച്ചറിയാത്ത പ്രായം. സ്വന്തം കുടുംബത്തിൽ പെട്ട ഒരാൾ തന്നെയായിരുന്നു കാർലെയെ പീഡിപ്പിച്ചത്. പെൺവാണിഭക്കാരുടെ കയ്യിൽ പെടുന്നത് 12ാം വയസിലും. പിന്നെ കഴിഞ്ഞു പോയ നാലുവർഷങ്ങൾ കാർലെയുടെ ജീവിതത്തിൽ പുരുഷന്റെ ലൈംഗികാസക്തിയും ക്രൂരതയും എന്താണെന്നു വ്യക്തമാക്കുന്നതായിരുന്നു.

പ്രണയം വില്ലനായപ്പോൾ

മെക്സിക്കോ സിറ്റിയിൽ ഒരു സബ്‌വെ സ്റ്റേഷനിൽ സുഹൃത്തിനായി കാത്തു നിൽക്കുകയായിരുന്നു കാർലെ. പെട്ടെന്ന് ഒരു ബാലനാണ് മിഠായിയുമായി തന്നെ സമീപിക്കുന്നത്. ഒരാൾ തന്ന സമ്മാനമാണെന്നു പറഞ്ഞായിരുന്നു. നൽകിയത്. അഞ്ചു മിനിട്ടിനു ശേഷം ഒരു 22 കാരൻ വന്ന് പരിചയപ്പെട്ടു. പഴയ കാറുകൾ വിൽക്കുന്നയാളാണ് താനെന്നു പറഞ്ഞായിരുന്നു പരിചയപ്പെടുത്തിയത്. അപരിചിതത്വം സൗഹൃദത്തിനു വഴിമാറിയത് വളരെ പെട്ടെന്നായിരുന്നു. അദ്ദേഹം സ്വന്തം കഥകൾ കാർലെയോടു വിശദീകരിച്ചു. താനും കുട്ടിയായിരിക്കുമ്പോൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സങ്കടപ്പെട്ടു. ശരിക്കും മാന്യനും സ്നേഹവമുള്ള യുവാവ്. അങ്ങനെയാണ് കാർലെയ്ക്കു തോന്നിയത്.

അവർ ഫോൺ നമ്പരുകൾ കൈമാറി. ഒരാഴ്ചയ്ക്കു ശേഷം അയാൾ വിളിച്ചു. ശരിക്കും അത്ഭുതപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഒരു യാത്രപോകാൻ ക്ഷണിച്ചു. നിരസിച്ചില്ല. അദ്ദേഹമെത്തിയത് ഒരു തകർപ്പൻ കാറിൽ. ഒരിക്കലും പ്രതീക്ഷിക്കാത്തത്ര വലിപ്പമുള്ള ഒരെണ്ണം. അതിൽ കയറാൻ അയാൾ ക്ഷണിച്ചു. പിന്നെ കറക്കം പതിവായി. തന്നേക്കാൾ പത്തു വയസ് കൂടുതലുള്ള ഒരാളോടൊപ്പം കറങ്ങി നടക്കുന്നത് അമ്മയറിഞ്ഞു. വൈകിയെത്തിയ ഒരു ദിവസം അമ്മ കതകു തുറന്നു കൊടുത്തില്ല. ഇത് അവസരമാക്കിയ അദ്ദേഹം തന്നോടൊപ്പം ചെല്ലാൻ ക്ഷണിച്ചു. പിന്ന ആലോചിച്ചില്ല. വീടുവിട്ടിറങ്ങി.

അദ്ദേഹത്തോടൊപ്പം മൂന്നു മാസം താമസിച്ചു. അദ്ദേഹം വളരെ സ്നേഹിച്ചു. നല്ല വസ്ത്രങ്ങൾ സമ്മാനിച്ചു. ഷൂസുകൾ, പുഷ്പങ്ങൾ, ചോക്കലേറ്റുകൾ. മധുരമുള്ള നാളുകൾ. കാർലെ ഓർക്കുന്നു.

കടപ്പാട് : സിഎൻഎൻ

എല്ലാം മാറി മറിയുന്നു

മധുരമുള്ള നാളുകളിൽ നിന്നു കാഠിന്യത്തിന്റെ നാളുകൾ വരുന്നതേ ഉള്ളായിരുന്നു. ചില ദിവസങ്ങൾ തന്നെ അപാർട്മെന്റിൽ തനിച്ചാക്കി എവിടേയ്ക്കോ പോയി. ആ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കസിൻസ് എന്നവകാശപ്പെടുന്ന ചിലർ ദിവസവും പെൺകുട്ടികളുമായി അപാർട്മെന്റിലെത്തി. ഒരു ദിവസം ഇവർ ആരാണെന്നു ചോദിക്കാൻ കാർലെ ധൈര്യം കാണിച്ചു. അദ്ദേഹം അപ്പോഴാണ് വെളിപ്പെടുത്തിയത്, അവർ പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരാണെന്ന വിവരം.

പിന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. ഏതാനും ദിവസങ്ങൾക്കു ശേഷം അദ്ദേഹം തന്നോടും കാര്യങ്ങൾ വിശദീകരിച്ചു. മറ്റു പുരഷൻമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കി. എത്ര തുക കൈപ്പറ്റണമെന്നു മുതൽ ഏതെല്ലാം പൊസിഷനുകൾ വേണമെന്നു വരെ. കൂടുതൽ പണം കിട്ടാൻ എങ്ങനെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.

നാലു വർഷം നീണ്ട നരകവാസം

കടപ്പാട് : സിഎൻഎൻ

ജീവിതം ശരിക്കും നരകമായി മാറുകയായിരുന്നു. ഒരു വേശ്യയാകാൻ നിർബന്ധിതയായി. മെക്സിക്കോയിലെ മറ്റൊരു വലിയ നഗരത്തിലേയ്ക്കു തന്നെ മാറ്റി. രാവിലെ പത്തുമണിക്കു ജോലി ആരംഭിക്കും. അവസാനിക്കുന്നത് മിക്കപ്പോഴും പാതിരാത്രിയിൽ. തന്റെ കരച്ചിൽ ഉപയോഗിക്കാനെത്തുന്നവർക്ക് തമാശയായിരുന്നു. അവർ ചിരിച്ചു. നിർവികാരയായി അവർക്കുവേണ്ടി കിടന്നുകൊടുത്തു. വേദനകളെ കടിച്ചമർത്തി. കണ്ണുനീർ പലപ്പോഴും ആരും കാണാതെ തുടയ്ക്കാൻ ശ്രമിച്ചു.

വിവിധ നഗരങ്ങളിലേയ്ക്ക് മാറിക്കൊണ്ടിരുന്നു. വേശ്യാഗൃഹങ്ങൾ മാറി മാറി താമസിച്ചു. വേശ്യാവൃത്തിക്കു പേരുകേട്ട ഹോട്ടലുകളിലും നഗരങ്ങളിലുമെല്ലാം ജീവിതം. അവധികളില്ലാത്ത, ഓഫുകളില്ലാതെ ജോലി മാത്രം ചെയ്യുന്ന ജീവിതമായി മാറി. ഇതിനിടെ ഒരു കസ്റ്റമറുമായി താൻ പ്രണയത്തിലായെന്ന് കുറ്റപ്പെടുത്തി ക്രൂര മർദനം. അടി, ഇടി, തൊഴി, പൊള്ളിക്കൽ തുടങ്ങി എല്ലാ ക്രൂരകൃത്യത്തിനും ഇരയായി.

പ്രതീക്ഷയുടെ നാളം

ഒരു ദിവസം ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെ പൊലീസ് പിടിയിലായി. കസ്റ്റമേഴ്സിനെ എല്ലാം പുറത്താക്കി ഹോട്ടൽ അടച്ചപ്പോൾ കാർലെയിൽ പ്രതീക്ഷയുടെ നേരിയ പ്രകാശം പരന്നു. എല്ലാം മാറ്റിമറിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ പ്രവർത്തികൾ. അവരും സ്വന്തം ലാഭത്തിനു വേണ്ടി പെൺകുട്ടികളെ ഉപയോഗിച്ചു. അവരിൽ പത്തുവയസുകാരി പോലുമുണ്ടായിരുന്നു. തനിക്കന്ന് 13 വയസ് മാത്രമാണ് പ്രായം. എല്ലാവരുടെയും കരച്ചിൽ പൊലീസ് കേട്ടില്ലെന്നു നടിച്ചു.

കടപ്പാട് : സിഎൻഎൻ

ഇതിനിടെ കാമുകനാൽ ഗർഭം ധരിച്ചു. ഒരു പെൺകുഞ്ഞിന് ജൻമം നൽകി. ഒരു പെൺവാണിഭക്കാരന്റെ കുഞ്ഞിന് ജൻമം നൽകേണ്ട ഗതികേട്. അതും 15ാം വയസിൽ. എന്നാലും തനിക്ക് ഇതോടെ ഒരു മോചനമുണ്ടാകുമെന്നു പ്രതീക്ഷിച്ചു. അവിടെയും പ്രതീക്ഷയ്ക്കു വകയില്ലായിരുന്നു. മകളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി തന്നെ വച്ച് കൂടുതൽ പണമുണ്ടാക്കാനായിരുന്നു അയാൾക്ക് താൽപര്യം. കുഞ്ഞുണ്ടായി ഒരു മാസം കഴിഞ്ഞതോടെ തന്നെ കുഞ്ഞിൽ നിന്നും അകറ്റി. ഒരു വർഷം വരെ കുഞ്ഞിനെ ഒരു നോക്കു കാണാൻ പോലും ഭാഗ്യം ലഭിക്കാതെ പോയ മാതാവായി മാറി കാർലെ.

ഒടുവിൽ മോചനം

2008ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒരു മനുഷ്യക്കടത്ത് വിരുദ്ധ നടപടിയിലൂടെ കാർലെ മോചിതയായി. അന്ന് 16 വയസ് മാത്രം പ്രായം. ഒരു ജീവിതത്തിൽ അനുഭവിക്കേണ്ടതെല്ലാം ഇതിനകം അനുഭവിച്ചു കഴിഞ്ഞെന്നു കാർലെ പരിതപിക്കുന്നു. കാർലയുടെ ജീവിതം സിഎൻഎൻ ഔദ്യോഗിക വൃത്തങ്ങളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. കാർലെവിശദീകിച്ചതിൽ അസംഭവ്യമായി ഒന്നുമില്ലെന്നു തന്നെയാണ് വിലയിരുത്തൽ.

ഇപ്പോൾ കാർലെയ്ക്ക് പ്രായം 23 വയസ്. മനുഷ്യക്കടത്തിനും പെൺവാണിഭത്തിനു മെതിരെയാണ് പോരാട്ടം. ഈ ക്രൂരതയ്ക്കെതിരെയുള്ള പരിപാടികളിൽ പങ്കെടുത്ത് തന്റെ അനുഭവം വിശദീകരിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ വത്തിക്കാനിൽ മാർപാപ്പയോടും മേയിൽ യുഎസ് കോൺഗ്രസിലും തന്റെ അനുഭവം വെളിപ്പെടുത്തിയിരുന്നു. നമ്മൾ ഒന്നും ചെയ്യാതിരുന്നാൽ, എണ്ണമില്ലാത്തത്ര പെൺകുട്ടികൾ ഈ ശൃംഖലയിൽ വീഴുന്നതിനിടയാകുമെന്ന് കാർലെ മുന്നറിയിപ്പു നൽകുന്നു.