ജനിച്ച് പതിനൊന്നാം മാസം വിവാഹം; കുരുക്ക് പൊട്ടിച്ചെറിഞ്ഞ് ആ പെൺകുട്ടി

വിവാഹ ചിത്രവുമായി ശാന്താദേവി

ബാലവിവാഹങ്ങൾക്കു പേരുകേട്ട രാജ്യമാണ് ഇന്ത്യ. ഉത്തരേന്ത്യയിൽ ചെന്നാൽ കാണാം വിവാഹം എന്ന വാക്കിന്റെ അർഥമെന്തെന്ന് അറിയുന്നതിനു മുമ്പേ തന്നെ ഒരു താലിച്ചരടില്‍ കുരുക്കുന്ന ബാല്യങ്ങളെ. പലപ്പോഴും കൊച്ചു പെൺകുട്ടികൾ തലകുനിച്ചു കൊടുക്കേണ്ടി വരുന്നത് മുപ്പതും നാൽപ്പതും പ്രായമുള്ള വരന്മാർക്കായിരിക്കും. ഒരുപക്ഷേ സ്വന്തം അച്ഛനേക്കാൾ പ്രായമുള്ള ഭർത്താവ്. ഇത്തരത്തിൽ വിവാഹത്തിന്റെ അർഥതലങ്ങളെക്കുറിച്ച് അറിയുന്നതിനു മുമ്പേ വിവാഹിതയായ ഒരു പെൺകുട്ടി തിരിച്ചറിവിന്റെ കാലമായപ്പോൾ നിയമത്തോട് പൊരുതി വിവാഹം അസാധുവാക്കി വാർത്തയിൽ നിറഞ്ഞിരിക്കുകയാണ്.

ശാന്താദേവി മെഘ് വാൾ

ജോധ്പൂർ സ്വദേശിയായ ശാന്താദേവി മെഘ് വാളിന്റെ വിവാഹം അവൾക്കു വെറും പതിനൊന്നു മാസം പ്രായമുള്ളപ്പോഴായിരുന്നു. വരന്റെ പ്രായമോ ഒമ്പതു വയസും. രണ്ടു വര്‍ഷങ്ങൾക്കു മുമ്പ് തന്റെ പതിനേഴാം വയസിൽ വിവാഹത്തെക്കുറിച്ചറിഞ്ഞപ്പോൾ തു‌ടങ്ങിയതാണ് വിവാഹം അസാധുവാക്കാനുള്ള പോരാട്ടം. പക്ഷേ ഇരുപത്തെട്ടുകാരനായ സാൽവാൽ റാം വിവാഹമോചനം നൽകാൻ ചോദിച്ചത് 16 ലക്ഷം രൂപയായിരുന്നു.

ശാന്താദേവിയെ ആശ്വസിപ്പിക്കുന്ന സാർഥി ട്രസ്റ്റ് സ്ഥാപക കൃതി ഭാരതി

ടീച്ചറാകാണമെന്നും പഠനം തു‌ടരണമെന്നുമായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ ഇതെക്കുറിച്ചറിഞ്ഞ ഭർത്താവും കുടുംബവും വിവരം പഞ്ചായത്തിൽ അറിയിക്കുകയും തുടർന്ന് ശാന്താദേവിയ്ക്ക് പിഴയൊടുക്കുകുയുമായിരുന്നു. അടുത്തിടെ മാത്രമാണ് താൻ വിവാഹിതയാണെന്ന കാര്യം അവൾ അറിഞ്ഞത്. ഗ്രാമാധിപൻ തന്നോട് ഭർത്താവിന്റെ കുടുംബത്തിലേക്കു പോകണമെന്നു പറഞ്ഞപ്പോൾ ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. പക്ഷേ വിധിയെന്നു കരുതി സമാധാനിക്കാനായിരുന്നു രക്ഷിതാക്കൾ പറഞ്ഞത്. എന്നാൽ ശാന്താദേവി അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ ഭീഷണി തുടങ്ങിയതോടെ ബാലാവകാശ പ്രവർത്തകയായ ക്രിതി ഭാർതി നടത്തുന്ന സാർതി ട്രസ്റ്റ് എന്ന ബാലാവകാശ സംഘടനയെ അവൾ സമീപിച്ചു. അവർ അവളുടെ രകഷിതാക്കൾക്കു ബോധവൽക്കരണം നൽകി. ഇക്കഴിഞ്ഞ മേയ് 13ന് അറിവില്ലാത്ത പ്രായത്തിൽ കഴിഞ്ഞ വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ശാന്താദേവി കുടുംബകോ‌ടതിയെ സമീപിക്കുകയും ചെയ്തു. നിയമപോരാട്ടങ്ങൾക്കൊടുവിൽ ശാന്താദേവി വിജയിച്ചു.

ഇനിയൊരു വിവാഹം താൻ പഠിച്ചു സ്വന്തം കാലിൽ നിൽക്കാറായതിനു ശേഷം മാത്രമേ നടക്കൂ എന്നു ഉറച്ചു പറയുന്നു ശാന്താദേവി. സ്വപ്നങ്ങൾക്കു ചിറകു വെക്കാൻ സഹായവുമായി കൃതിയും കൂടെയുണ്ട്. 2011ലെ കണക്കുകൾ പ്രകാരം രാജസ്ഥാനിൽ 200മുതൽ 2010 വരെയുള്ള കാലയളവിൽ 1.6 മില്യൺ ബാലവിവാഹങ്ങളാണ് നടന്നിട്ടുള്ളത്. 1929 മുതൽ ബാലവിവാഹം നിരോധിച്ചിട്ടെങ്കിലും ഉത്തരേന്ത്യയിലെ പല ഉൾനാടൻ പ്രദേശങ്ങളിലും ഇപ്പോഴും ബാലവിവാഹം അനുവർത്തിക്കുന്നുണ്ട്.

ചിത്രത്തിനു കടപ്പാട്:ന്യൂസ് ഏജൻസി