മതമല്ല മനുഷ്യനാണ് വലുത്, ആചാരങ്ങളെ മറന്ന് ഇവർ രക്ഷിച്ചത് നാലു ജീവൻ!

രക്ഷാപ്രവർത്തനത്തിനു മുൻകയ്യെടുത്ത ഇന്ദർപാൽ സിംഗ്

സാങ്കേതികമായും സാംസ്കാരികവുമായൊക്കെ പുരോഗമിച്ചിട്ടും ജാതിയ്ക്കും മതത്തിനും വേണ്ടി തമ്മില്‍ത്തല്ലുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. മതത്തേക്കാൾ വലുതു മനുഷ്യനാണെന്നു ചിന്തിക്കുന്നവർ വിരളമാണ്. അവർക്കിടയിലേക്കിതാ രണ്ടു സിക്ക് യുവാക്കൾ കൂടി. മഹത്തരം എന്ന് കരുതുന്ന മത നിയമങ്ങളേക്കാൾ വലുത് മനുഷ്യ ജീവൻ തന്നെയാണെന്നു തെളിയിച്ചിരിക്കുകയാണ് ഇവർ. നാലു യുവാക്കൾ വെള്ളത്തിൽക്കിടന്നു ജീവനു വേണ്ടി പിടയുമ്പോൾ ഇവർ സ്വന്തം തലയിലിരുന്ന തലപ്പാവഴിച്ചാണ് അവരുടെ ജീവൻ രക്ഷിച്ചത്. പഞ്ചാബിലെ സുലാർ ഗാട്ടിലാണു സംഭവം നടന്നത്.

സിഖ് മതസ്ഥരെ സംബന്ധിച്ചിടത്തോളം തലപ്പാവ് അവരുടെ മതത്തിൽ കണിശമായി പറയുന്ന കാര്യമാണ്. പക്ഷേ നാലു യുവാക്കൾ ഒഴുക്കിൽ മുങ്ങിത്താഴുന്നതു കണ്ടപ്പോൾ ഇന്ദർപാൽ സിംഗും കൻവലിജിത് സിംഗും മറ്റൊന്നും നോക്കിയില്ല രണ്ടുപേരും തങ്ങളുടെ തലയിലെ തലക്കെട്ടഴിച്ച് പിടിച്ചു കയറാനായി യുവാക്കൾക്ക് ഇട്ടുകൊടുത്തു. തലപ്പാവിൽ മുറുകെപ്പിടിച്ച് നാലുപേരും രക്ഷപ്പെടുകയും ചെയ്തു. മതനിയമം പോലും ലംഘിച്ച് മനുഷ്യജീവനു വില കൽപ്പിച്ച സിഖ് യുവാക്കൾക്ക് ഇന്നു ഹീറോ പരിവേഷമാണ് നാട്ടുകാർക്കിടയിൽ.

യുവാക്കൾ സഹായമഭ്യർഥിച്ചു നിലവിളിക്കുന്നതു കണ്ടപ്പോൾ വെള്ളത്തിലേക്ക് എടുത്തു ചാടാനാണ് ആദ്യം തോന്നിയത്. നീന്തൽ അറിയാത്തതിനാൽ അതിനു തുനിഞ്ഞില്ല. അതുകൊണ്ടാണ് മറുത്തൊന്നു ചിന്തിക്കാതെ തലക്കെട്ട് ഊരി പിടിവള്ളിയായി നൽകിയതെന്ന് ഇന്ദർപാൽ പറഞ്ഞു. സമാനമായൊരു സംഭവം കഴിഞ്ഞ മേയിൽ ന്യൂസിലാൻഡിലും അരങ്ങേറിയിരുന്നു. അന്ന് കാറിടിച്ച് ചോരയിൽക്കുളിച്ചു കിടന്ന ആണ്‍കുട്ടിയെ തലപ്പാവഴിച്ച് സഹായം നൽകിയത് ഹർമാൻ സിംഗ് എന്ന സിഖ് യുവാവായിരുന്നു.