ആണത്വം തെളിയിക്കാൻ കട്ടുറുമ്പിന്റെ കടി, എത്ര 'മനോഹരമായ' ആചാരങ്ങൾ 

ആണത്വത്തിന്റെ പേരിൽ ഇനി വെല്ലുവിളികൾ നടത്തും മുൻപും വെല്ലുവിളി സ്വീകരിക്കും മുൻപും ഒന്നു കരുതിയിരുന്നോ. ആമസോൺ പ്രവിശ്യയിൽ വച്ചാണ് ഈ വെല്ലുവിളിയെങ്കിൽ അതിനു വലിയ വില കൊടുക്കേണ്ടി വരും. കട്ടുറുമ്പിന്റെ കടിയാണ് ആമസോൺ പ്രവിശ്യയിൽ ആണത്വം തെളിയിക്കുന്നതിനുള്ള കടമ്പ.  സ്ത്രീ പുരുഷ വ്യത്യാസം നിലനിൽക്കുന്ന സമൂഹത്തിൽ ലിംഗവിവേചനത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് ഇത്തരമൊരു ആചാരം നിലനിൽക്കുന്നത്. സ്ത്രീയെ അപേക്ഷിച്ച് പുരുഷന് ശക്തിയും ശൂരത്വവും ധൈര്യവുമൊക്കെ കൂടുതലാണ് എന്നും വെല്ലുവിളിക്കുമുന്നിൽ ഇതെല്ലാം താൻ തെളിയിക്കുന്നു എന്നും കാണിക്കാനാണ് ഈ കട്ടുറുമ്പിൻ കടി. 

ആംസോൺ നദീതീരങ്ങളിൽ ആവാസമുറപ്പിച്ചിട്ടുള്ള സറ്റേരേ- മാവ് എന്ന ഗോത്രവർഗ്ഗത്തിൽ പെട്ട പുരുഷന്മാരാണ് ഈ വ്യത്യസ്തമായ ആചാരത്തിന്റെ ഇരകൾ.  ലോകത്തിലെ തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ആചാരമാണ് ഈ ഗോത്രവർഗ്ഗത്തിലെ പുരുഷ്വത്വം തെളിയിക്കാൻ എന്നാണ് പറയപ്പെടുന്നത്. 

ഇനി ആചാരം എങ്ങനെയെന്നോ?,  ഗോത്രവർഗ്ഗത്തിലെ ആൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ, ഗോത്ര വൈദ്യന്റെ നേതൃത്വത്തിൽ ഇവരെ ഉൾകാടിനുള്ളിലേക്ക് കൊണ്ടു പോകുന്നു. അതിനുമുൻപായി ആമസോൺ വനങ്ങളിൽ മാത്രം  കാണപ്പെടുന്ന പ്രത്യേകതരം കട്ടുറുമ്പുകളെ ഇവർ ശേഖരിക്കും. ഈ കട്ടുറുമ്പുകളുടെ പ്രത്യേകത ലോകത്തിലെ തന്നെ ഏറ്റവും അധികം വേദനദായകമായ കടി ഇവയുടേതാണ് എന്നത് തന്നെ.  

ഉറുമ്പുകളെ ശേഖരിക്കലും അപകടം നിറഞ്ഞ പണി തന്നെ. കാരണം കടി കിട്ടാതെ വേണമല്ലോ ശേഖരിക്കാൻ. അതിനു ശേഷം ഇത്തരത്തിൽ ശേഖരിച്ച ഉറുമ്പുകളെയൊക്കെ ഒരു കൂടയിലാക്കി , അതിലേക്ക്, വൈദ്യൻ പ്രത്യേകമായി തയ്യാറാക്കിയ മരുന്ന് ചേർക്കുന്നു. ഈ മരുന്നിന്റെ ശക്തിയിൽ ഉറുമ്പുകൾ മയങ്ങും. അപ്പോൾ  ഇവയെ മെല്ലെ കൈയുറകൾക്കുള്ളിലാക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഉറുമ്പുകൾ മയക്കം വിട്ടുണരും. 


അതോടെ കൈയുറക്കുള്ളിൽ അകപ്പെട്ട ഉറുമ്പുകൾ അക്രമാസക്തരാകും. ഇനി ആൺകുട്ടികൾക്ക് ആണത്വം തെളിയിക്കേണ്ട സമയമാണ്.  ആൺകുട്ടികൾ തങ്ങളുടെ കൈകൾ കൈയുറക്കുള്ളിൽ പത്ത് മിനിട്ടോളം നേരം ഇറക്കി വയ്ക്കും. ഉറുമ്പുകൾ  കൈകളിൽ മത്സരിച്ച് കടിക്കും. ഈ വേദനയിൽ നിന്നും രക്ഷനേടാൻ അവർ നൃത്തം ചെയ്തുകൊണ്ടിരിക്കണം. 10 മിനുട്ട് കഴിയാതെ കൈ പിൻവലിക്കാൻ പറ്റില്ല. അങ്ങനെ ചെയ്‌താൽ തങ്ങളുടെ ആണത്വം തെളിയിക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്നു ചുരുക്കം.