Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൺകുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു, ഞെട്ടിക്കും ഈ ജീവിതകഥ!

Rape Survivor ബന്ധുവിൽ നിന്നും വർഷങ്ങളോളം പീഡനത്തിനിരയായ ഹരീഷ് അയ്യർ

സ്ത്രീകൾ വാക്കുകൊണ്ടോ നോക്കു കൊണ്ടോ പോലും പീഡിപ്പിക്കപ്പെട്ടാൽ ചോദ്യം ചെയ്യാൻ സമൂഹവും നിയമപാലകരും സദാ തയ്യാറായി നിൽക്കുന്ന ഒരു പരിസ്ഥിതിയിൽ ഇതേ അവസ്ഥയിലുള്ള പുരുഷന്റെ സാഹചര്യത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ആൺകുട്ടികളും പുരുഷന്മാരും പീഡിപ്പിക്കപ്പെടുന്നുണ്ട് ക്രൂരമായിത്തന്നെ. പക്ഷേ ചോദ്യം ചെയ്യാനോ മാനസികമായി പോലും പിന്തുണ നൽകാനോ ആരും തയ്യാറല്ല. സ്വന്തം അമ്മാവനിൽ നിന്നും പതിനൊന്നു വർഷം ക്രൂരമായി പീഡനത്തിനിരയായ ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വവർഗാനുരാഗിയായ മകനു വരനെത്തേടി നേരത്തെ വിവാഹപ്പരസ്യം നൽകിയ അമ്മയെ മറന്നിട്ടുണ്ടാവില്ല. ആ അമ്മയുടെ മകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് അയ്യരുടെ ജീവിതാനുഭവമാണ് ഒരു ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുന്നത്. കരളലിവുള്ളവരുടെ കണ്ണു നനയിക്കുന്നതാണ് ഹരീഷിന്റെ കഥ.

എഴാമത്തെ വയസിൽ അമ്മാവൻ കുളിപ്പിക്കുമ്പോഴാണ് അത് ആദ്യമായി സംഭവിക്കുന്നത്. അദ്ദേഹം എന്നെ പലതും ചെയ്തു. പക്ഷേ അന്ന് എന്താണ് എനിക്കു സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു, ഇതു ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ലായിരുന്നു. എനിക്കതു ശീലമായി, ഞാൻ അദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയും ബെഡില്‍ കിടക്കുകയും ചെയ്യും, എത്രയും പെട്ടെന്ന് തീരട്ടെ എന്നാഗ്രഹിച്ചാണ് കിടക്കുക. പന്ത്രണ്ടാം വയസിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നെ കൂട്ടബലാത്സംഗം ചെയ്തു., അന്നു നിറയെ രക്തം പോയെങ്കിലും ഞാൻ ആരോടും പറഞ്ഞില്ല. ഒരു വേദന സഹിക്കാൻ പോലും കഴിവില്ലെങ്കിൽ ഞാൻ ആണല്ലെന്നു കരുതിയാലോ എ​ന്നോര്‍ത്തായിരുന്നു അത്. പീ‍ഡിപ്പിക്കപ്പെട്ടാലോ എന്നോര്‍ത്ത് ആണുങ്ങളുടെ വാഷ്റൂമിൽ ഞാൻ പോകാറില്ലായിരുന്നു. ആത്മാഭിമാനം തീരെയില്ലാതെയാണ് ഞാൻ വളർന്നു വന്നത്.

പതിനേഴു പതിനെട്ടു വയസുള്ളപ്പോൾ മാത്രമാണ് എനിക്കിത്രയും നാൾ സംഭവിച്ചതൊക്കെയും തെറ്റാണെന്നു മനസിലാക്കുന്നത്. അതുകൊണ്ട് ഒരുദിവസം അദ്ദേഹം സമീപിച്ചപ്പോൾ ഞാൻ പറ്റില്ലെന്നു പറഞ്ഞു. പതിനൊന്നു വർഷങ്ങൾക്കിടയിൽ ആദ്യമായി പീഡിപ്പിക്കപ്പെടുന്നതിനോട് മറുത്തു പറഞ്ഞു. അമ്മയോട് കാര്യം പറഞ്ഞതും അവർക്ക് ഞെട്ടലായിരുന്നു- ഇത്രയും നാളും പറയാതിരുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചു. പലപ്പോഴായി ഞാൻ സൂചനകൾ തന്നിരുന്നുവെന്നും എന്നാൽ അമ്മ മനസിലാക്കാതിരുന്നതാണെന്നു അമ്മയോട് പറഞ്ഞു. ഇത്തരം സംഭവങ്ങൾക്ക് ആൺകുട്ടികള്‍ ഇരയാകുമെന്ന് എനിക്ക് ഒരിക്കലും അറിയില്ലായിരുന്നുെവന്ന് അമ്മ പറഞ്ഞു. അന്നാണ് ആൺകുട്ടികളും പുരുഷന്മാരും വിസ്മരിക്കപ്പെട്ട വിഭാഗമാണെന്നു ഞാൻ മനസിലാക്കുന്നത്. ഞങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് പക്ഷേ ശബ്ദമുയർത്താൻ അവകാശമില്ല, കാരണം ഞങ്ങൾ സംരക്ഷകരായാണ് വിശ്വസിക്കപ്പെടുന്നത്. പുരുഷത്വത്തിന്റെ ഇരകള്‍ പുരുഷന്മാരാണ്. വർഷങ്ങളോളം പീഡിപ്പിക്കപ്പെട്ട എന്റെ കഥ പറഞ്ഞപ്പോൾ കളിയാക്കിയ സഹപാഠികൾ തന്നെയാണ് എന്റെ ഏറ്റവും വലിയ ശക്തിയായത്. പീഡനങ്ങളുടെ ഫലമായി ഞാൻ ഒരു ഗേ ആണെന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നത് എന്നാൽ ഇപ്പോഴെനിക്കറിയാം അതല്ല ശരിയെന്ന്.

നിയമസഹായത്തിനു ശ്രമിച്ചെങ്കിലും ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ശബ്ദമുയർത്താന്‍ ഇവിടെ നിയമങ്ങളൊന്നുമില്ലെന്നു മനസിലാക്കി. അന്നെനിക്കു പതിനെട്ടു വയസായിരുന്നു പ്രായം., എന്റെ കാര്യത്തിൽ നിയമം ഇല്ലായിരുന്നു അതിനാൽ നീതിയും ലഭിച്ചില്ല. അങ്ങനെയാണ് ലൈംഗിക പീഡനം അനുഭവിക്കുന്ന മറ്റുകുട്ടികളെ സംരക്ഷിക്കുക ലക്ഷ്യമാക്കാൻ ഞാൻ തീരുമാനിച്ചത്. പതിനൊന്നു വർഷക്കാലം നരകതുല്യമായ ജീവിതത്തിലൂടെ കടന്നുപോയെങ്കിലും ഈ ലോകം മോശമാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നെ ഉപദ്രവിച്ചവരോടു ഞൻ നന്ദി പറയുന്നു, കാരണം അവരാണ് എന്നെ ഇവിടെയെത്തിച്ചത്. വെറുപ്പ് വെറുക്കപ്പെടുന്നയാളെയല്ല, തന്നെത്തതന്നെയാണ് നശിപ്പിക്കുക എന്നാണു ഞാൻ വിശ്വസിക്കുന്നത്,അതിനാൽ അമ്മാവനെ വെറുക്കണമെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അയാളില്ല. കഴിയുകയാണെങ്കിൽ ഒരു തെറാപ്പിസ്റ്റിനെ അദ്ദേഹത്തിനടുത്തേക്കയക്കും. അദ്ദേഹം നരകിയ്ക്കുന്നതു കാണാൻ കാത്തിരിക്കുന്നില്ല, ഒരിക്കലും കഴിഞ്ഞ പതിനൊന്നു വർഷങ്ങൾ തിരികെ ലഭിക്കുകയുമില്ല. പക്ഷേ കുട്ടികളുടെയും സ്ത്രീകളുടെയും എൽജിബിടി കമ്മ്യൂണിറ്റിയുടെയും അവകാശ സംരക്ഷണത്തിനു വേണ്ടി എനിക്കിനിയും ജീവിതം മുന്നോട്ടുണ്ട്.-ഞാൻ അഭിമാനത്തോടെ തിരഞ്ഞെടുത്ത വഴിയുമാണത്.-ഹരീഷ് പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.