Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണമുഖത്തു നിന്ന് മോഡൽ രക്ഷപ്പെട്ടത് മൂന്ന് തവണ !

virali-3

ജീവിതത്തിൽ പ്രതീക്ഷയെല്ലാം നശിച്ച് നിരാശയിലാഴുന്ന ചില നിമിഷങ്ങളുണ്ടായിട്ടുണ്ടാകും. സങ്കടക്കയങ്ങളിൽ നിന്നു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് വാശിയോടെ ജീവിതത്തെ നേരിട്ട എത്രയോ കഥകൾ നമുക്ക് സുപരിചിതം. അത്തരത്തിൽ ഒരു കഥയാണ് വിരാലി മോദിയുടേത്. മരണത്തിനു മുന്നിൽ നിന്നും മൂന്നുവട്ടം അത്ഭുതകരമായി രക്ഷപ്പെ‌ട്ടുവന്ന വിരാലി തന്റെ കഴിഞ്ഞകാല കഥ പറയുമ്പോൾ നെഞ്ചിടിപ്പോടെയേ കേൾക്കാനാവൂ. മോഡലിങും സിനിമയും സ്വപ്നം കണ്ടുനടന്നവൾ ഒരു സുപ്രഭാതത്തിൽ മരണമുഖത്തിലേക്ക് ആണ്ടിറങ്ങിയപ്പോൾ ചുറ്റുമുള്ളവർക്കു വിശ്വസിക്കാനായില്ല. കണ്ടുനിന്നവരെല്ലാം ഇനി വിരാലിയില്ലെന്നു മനസിനെ പറഞ്ഞുറപ്പിച്ചു തുടങ്ങിയപ്പോഴും ജീവിതമേ നിന്നെ അങ്ങനെയൊന്നും വിട്ടുതരാൻ ഉദ്ദേശിച്ചിട്ടില്ലെന്നു പറഞ്ഞ് ശക്തയായി വിരാലി തിരിച്ചുവന്നു. ഇന്ന് വീൽചെയറിൽ കഴിയുന്ന ആ ഇരുപത്തിയഞ്ചുകാരി ഇപ്പോഴും സ്വപ്നം കാണുന്നത് സിനിമയും മോഡലിങും ഒക്കെത്തന്നെയാണ്. ഒരായുസിൽ അനുഭവിക്കാവുന്നതിലേറെ ദുരന്തങ്ങൾ പേറിയപ്പോഴും മുന്നോട്ടുനയിച്ചത് തളരാത്ത വിരാലിയുടെ നിശ്ചയദാർഢ്യമായിരുന്നു.

virali-1

കണ്ണീരോർമയായി ആ ദുരന്തദിനം

പത്തുവർഷം മുമ്പ് പെപ്സിയുടെ ബ്രാൻഡ് അംബാസിഡർ കരാർ ഒപ്പിടുന്നതിനു തൊട്ടുമുമ്പായിരുന്നു ആ ദുരന്തം. 2006 ജൂലൈയിൽ പെട്ടെന്നാണ് വിരാലിക്ക് കടുത്ത പനിയും അസഹ്യമായ തലവേദനയും പിടിപെട്ടത്. മുംബൈയിൽ ആന്റിയുടെ വീട്ടിൽ ഇടയ്ക്ക് പോയിരുന്നു. കാലാവസ്ഥാ മാറ്റമാണു പനിക്കു കാരണമെന്നു പറഞ്ഞ് ഡോക്ടർമാർ സാധാരണ നൽകുന്ന മരുന്നുകൾ നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. ഇതിനിടെ വിരാലിയുടെ പനി ക്രമാതീതമായി കൂടിയതോടെ രോഗലക്ഷണം അറിയുന്നതിനായി ഡോക്ടർമാർ രക്തപരിശോധനകളും നിരവധി തവണ നട്ടെല്ലിൽ നിന്നും നീഡിൽ ഉപയോഗിച്ചു ഫ്ലുയിഡ് കുത്തിയെടുക്കുകയും ചെയ്തു. ലംബർ പങ്ചർ എന്ന ഈ രീതി ചെയ്തതോടെ വിരാലിയുടെ ബിപി വർധിക്കുകയും ഹൃദയസ്തംഭനം നിലയ്ക്കുകയും ചെയ്തു. വിരാലിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടർമാർ അവൾ മരിക്കുമെന്നു വിധിയെഴുതിയെങ്കിലും ഭാഗ്യമെന്നോണം വിരാലി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം വിരാലി വീണ്ടും ലംബർ പങ്ചറിന് വിധേയയായി. അതാവട്ടെ അവളെ കോമയിലേക്ക് ആഴ്ത്തി. രണ്ടാമതും ഡോക്ടർമാർ അവളുടെ മരണമെഴുതി. എന്നാൽ അവൾ മരണത്തെ അതിജീവിച്ചു.

മരുന്നുകളൊടൊന്നും വിരാലിയുടെ ശരീരം പ്രതികരിക്കാതായതോടെ 2016 സെപ്തംബർ 21ന് ഡോക്ടര്‍മാർ അവളെ വെന്റിലേറ്ററിൽ നിന്നും നീക്കാൻ തീരുമാനിച്ചു. ഇത്തവണ അവളുടെ മരണം എല്ലാവരും ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അവളുടെ പിറന്നാൾ ആഘോഷിച്ചതിനു ശേഷം വെന്റിലേറ്ററിൽ നിന്നും നീക്കിയാൽ മതിയെന്ന് അമ്മ അഭ്യർഥിച്ചു. ആദ്യം നിരസിച്ചെങ്കിലും അമ്മയുടെ ആഗ്രഹത്തിനു മുന്നിൽ ഡോക്ടർമാർ വഴങ്ങുക തന്നെ ചെയ്തു. അങ്ങനെ സെപ്തംബർ 29ന് പിറന്നാൾ ദിനത്തിൽ ആ ആശുപത്രി മുറി കെങ്കേമമായി അലങ്കരിച്ചു. വൈകുന്നേരം മൂന്നുമണിക്ക് അവൾ ജനിച്ച സമയമായപ്പോൾ ബര്‍ത്ഡേഗാനം പാടി, അവളുടെ കൈ പിടിച്ച് അച്ഛൻ കേക്കു മുറിച്ചപ്പോൾ അത്ഭുതകരമെന്നോണം അവൾ കണ്ണുകൾ തുറന്നു. പക്ഷേ കണ്ണു തുറന്നെങ്കിലും വിരാലിക്ക് കാഴ്ച വ്യക്തമായിരുന്നില്ല. അന്നു വിരാലിയുടെ അമ്മയെ ആശ്ലേഷിച്ച് ഡോക്ടർ പറഞ്ഞു, ഇതു പ്രതീക്ഷാകിരണമാണ്, നിങ്ങളുടെ മകൾ ജീവിക്കും. അരമണിക്കൂറിനുള്ളിൽ കണ്ണുകളടച്ച് വിരാലി വീണ്ടും കോമയിലേക്ക് ആണ്ടു. പിന്നീടു നാളുകൾ നീണ്ട പരിചരണത്തിനൊടുവിൽ വിരാലി കോമയിൽ നിന്നും ഉണർന്നു. സർജറികൾ വിരാലിയെ തളർത്തി. കഴുത്തിനു താഴേക്ക് തളർച്ചയിലായ അവൾ അമ്മ എന്ന വാക്ക് മാത്രം ഉച്ഛരിച്ചു.

virali

അമ്മയെന്ന ദൈവം

താൻ ഇന്നു ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ സകല ക്രെഡിറ്റും വിരാലി നൽകുന്നത് അമ്മയ്ക്കാണ്. അന്നു വെന്റിലേറ്ററിൽ നിന്നു നീക്കം ചെയ്യാൻ പോവുകയാണെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ അമ്മ സമ്മതം മൂളിയിരുന്നുവെങ്കിൽ ഇന്ന് ഈ ലോകത്ത് വിരാലി ഉണ്ടാകുമായിരുന്നില്ല. പിറന്നാൾ ദിനത്തിന് മകളുണ്ടാകണമെന്ന അമ്മയുടെ വാശിയാണ് വിരാലിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. ദൈവത്തിന് എല്ലായിടത്തേക്കും എത്താൻ പറ്റാത്തതുകൊണ്ടാണ് അമ്മയെ സൃഷ്ടിച്ചതെന്ന ചൊല്ല് എത്രത്തോളം അർഥവത്താണെന്നും വിരാലി ഇന്നു മനസിലാക്കുന്നു. ആശുപത്രി ദിനങ്ങളിലൊക്കെ അമ്മ ധീരതയോടെ തനിക്കു വേണ്ടി പോരാടുകയായിരുന്നു. അച്ഛനും കുടുംബവും സുഹൃത്തുക്കളുമെല്ലാം വിരാലിക്കു ധൈര്യം നൽകി. ജീവിതത്തില്‍ ഒരു ആപത്ഘട്ടം വരുമ്പോഴാണ് ആരൊക്കെയാണ് നമ്മെ ആത്മാർഥമായി സ്നേഹിക്കുന്നവരെന്ന് മനസിലാകുന്നതെന്ന് വിരാലി പറയുന്നു. കുടുംബവും സുഹൃത്തുക്കളും തന്നെയാണ് തളർച്ചയിലായിരുന്ന ആ വിരാലിയെ ഇന്ന് ഇത്രത്തോളം ഊർജസ്വലയാക്കിയതിനു പിന്നിൽ.

അന്നു മിണ്ടപ്പൂച്ച, ഇന്നു മോട്ടിവേഷണൽ സ്പീക്കർ

പതിനഞ്ചാം വയസിൽ തന്റെ ജീവിതത്തിലുണ്ടായ ആ ദുരന്തത്തിനു മുമ്പുവരെ നാലാൾക്കിടയിൽ നാണംകുണുങ്ങിയായി നിന്നിരുന്ന കുട്ടിയായിരുന്നു താനെന്ന് വിരാലി ഓർക്കുന്നു. അന്നത്തെ ആ പെൺകുട്ടിയെ ഇപ്പോഴത്തെ മോട്ടിവേഷണല്‍ സ്പീക്കറിലേക്ക് എത്തിച്ചതും ആ അപക‌ടം തന്നെയാണ്. അന്നു തന്റെ ഒതുങ്ങിക്കൂടിയ സ്വഭാവപ്രകൃതി കാരണം ആരോടും കൂട്ടുകൂടിയിരുന്നില്ല, ഇന്നു അതിനു നേരെ വിപരീതമായി താൻ. ചെറിയ സന്തോഷങ്ങളിൽ പോലും ആസ്വദിക്കാൻ തുടങ്ങി, കാരണം ജീവിതത്തിലെ കുറഞ്ഞ സമയത്തിൽ ഒരുപാടാലോചിക്കാൻ സാധിക്കില്ലല്ലോ. ആ ആത്മവിശ്വാസം തന്നെയാണ് 2014ലെ മിസ് വീൽചെയർ ഇന്ത്യ മത്സരത്തിൽ വിരാലിക്ക് ഒന്നാംസ്ഥാനം സമ്മാനിച്ചത്. നിരവധി ഫിസിക്കൽ തെറാപ്പികളുടെ ഫലമായി കോമയിൽ നിന്നും വിരാലി ഉയിർത്തെഴുന്നേറ്റത് മോഡലിങ്ങിന്റെയും സൗന്ദര്യവേദികളുടെയും ലോകത്തേക്കാണ്. കാണുന്നവർ ചിലപ്പോൾ വീൽചെയറിൽ കഴിയുന്ന വിരാലിയെ നോക്കി സഹതപിച്ചേക്കാം. അതൊന്നും അവളെ തെല്ലും ബാധിക്കില്ല. ഉറച്ച നിശ്ചയദാർഢ്യം ഒന്നുമാത്രമാണ് വിരാലിയെ ഇന്നും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത്.

virali-4

വീൽചയറല്ലിതു സിംഹാസനം, ഞാൻ അതിലെ റാണി

വീൽചെയറിനെ വിരാലി കാണുന്നത് കാലുകള്‍ നിശ്ചലമായതിനാൽ ചലിപ്പിക്കാനുള്ള യന്ത്രമായിട്ടല്ല, തന്റെ സിംഹാസനമായാണ്. താന്‍ അതിൽ വിരാജിക്കുന്ന റാണിയും. നെഗറ്റീവ് കാര്യങ്ങളിൽപ്പോലും പോസിറ്റിവിറ്റി കണ്ടെത്താൻ ശ്രമിക്കുന്നവളാണ് വിരാലി. ജീവിതത്തിൽ ഇത്രയും വലിയ ദുരന്തങ്ങൾ സംഭവിച്ചിട്ടും അതൊന്നും അവളെ തളർത്തിയില്ലെന്ന് മാത്രമല്ല, അതിലൂ‌ടെ ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും പഠിച്ചു. വീൽചെയറിലാണെന്നത് ഒരു കുറവായി കാണാത്ത വിരാലിയുടെ ഏറ്റവും വലിയ ലക്ഷ്യം നല്ലൊരു അഭിനേത്രിയെന്നു പേരെടുക്കുകയാണ്. ''കാലുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിനർഥം ജീവിക്കാനുള്ള അവകാശം അവസാനിച്ചുവെന്നല്ലല്ലോ.''- വിരാലി ചോദിക്കുന്നു.

virali-2

ഇന്ന് വിരാലി തന്റെ ജീവിതത്തെക്കുറിച്ചു ഒരുപാട് എഴുതുന്നുണ്ട്. അതുകൊണ്ട് ഒരാൾക്കെങ്കിലും പ്രചോദനം ലഭിച്ചാൽ അത്രയും സന്തോഷം. മോട്ടിവേഷണൽ സ്പീക്കറായി മാത്രമല്ല മോഡലിങിലും അവസരം കണ്ടെത്തുന്ന വിരാലി ഇന്നും സിനിമയിൽ ഒരു ബിഗ്ബ്രേക്കിനായി കാത്തിരിക്കുകയാണ്. ജീവിതവിജയത്തിന് വിരാലി ചില ടിപ്സും പറഞ്ഞു തരും. ''മറ്റാരെക്കാളും നിങ്ങൾ പ്രാധാന്യം നൽകേണ്ടത് നിങ്ങൾക്കു തന്നെയാണ്. സമൂഹത്തെ സന്തോഷിപ്പിക്കാൻ ശ്രമിക്കാതെ നിങ്ങളിൽ തന്നെ ഫോക്കസ് ചെയ്തു മുന്നോട്ടുപോയാൽ കൂടുതൽ സന്തുഷ്ടരാകാൻ കഴിയും. സ്വപ്നങ്ങൾ സ്വന്തമാക്കുന്നതിനായി ഒന്നിനും നിങ്ങളെ തടയിടാനാകില്ല. നെഗറ്റീവ് കാര്യങ്ങളിൽ ഫോക്കസ് ചെയ്യാൻ എളുപ്പമാണ്, പക്ഷേ അതു ചെയ്യരുത്. പോസിറ്റീവ് കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി മുന്നേറിയാൽ വിജയം സുനിശ്ചിതമാണ്. ചിരിക്കൂ, സ്നേഹിക്കൂ, തമാശ പറയൂ- ഇത്തിരിയുള്ള ജീവിതത്തിൽ ഇതൊക്കെയാണ് യഥാർഥ സ്വത്ത്.
 

Your Rating: