Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തച്ഛനുമൊത്തുള്ള ചിത്രം അശ്ലീല സൈറ്റുകളിൽ , ഫേസ്ബുക്കിലൂടെ ചുട്ടമറുപടി നല്‍കി യുവതി

tara താര മുത്തച്ഛനുമൊത്തുള്ള ചിത്രം, ചിത്രം: ഫേസ്ബുക്

ഫെയ്‌സ്ബുക്കിൽ സ്വന്തം കുടുംബചിത്രം പ്രൊഫൈൽ പിക്ച്ചറാക്കുന്നത് അശ്ലീല സൈറ്റുകളിലേക്കുള്ള എൻട്രിയായാണോ? ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കേണ്ടിവരും താര നന്ദിക്കര എന്ന യുവതിയുടെ കഥ കേട്ടാൽ. യുവതിയും മുത്തച്ഛനുമൊത്തുള്ള വാത്സല്യനിർഭരമായ ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിത്രയ്‌ക്ക് തലവേദനയുണ്ടാക്കുമെന്ന് താര ഒരിക്കലും ചിന്തിച്ചിരിക്കില്ല. അശ്ലീല സൈറ്റുകളിൽ അമ്മായിയച്ഛനും മരുമകളും തമ്മിലുള്ള കാമകേളികൾ എന്ന തരത്തിലായിരുന്നു പിന്നീട് ഈ ചിത്രം പ്രചരിച്ചത്. യുവതിയുടെ സുഹൃത്തുക്കളിൽ നിന്നുമാണ് സ്വന്തം ചിത്രം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുപ്പെടുന്നതായി അറിയാൻ കഴിഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ സംഭവിച്ച അപമാനത്തിന് അതിലൂടെ തന്നെ പരിഹാരം കാണാനാണ് താര ശ്രമിച്ചത്. ഇത്തരത്തിൽ ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്ന ഞരമ്പുരോഗികൾക്ക് ചുട്ട മറുപടി കൊടുക്കുക. ഇതിനെത്തുടർന്നാണ് താര തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടന്ന സംഭവങ്ങളോട് ശക്തമായി ഭാഷയിൽ പ്രതികരിച്ചത്.

താരയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം;

ഏകദേശം മൂന്നര വർഷം മുൻപ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്ത എന്റെയും മുത്തശ്ശന്റെയും കൂടിയുള്ള ഫോട്ടോ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദുരുപയോഗം ചെയ്തതായി അറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരെ കുറിച്ച്‍ കള്ളവാർത്തകൾ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ്‍ പേജിലാണ് അത് കണ്ടത്. ഡിഎംകെ നേതാവും സ്ഥാനാർത്ഥിയുമായിരുന്ന അൻപഴകൻ എന്നയാൾക്ക്‌ എൻറെ മുത്തശ്ശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാർത്ത. പാർട്ടിക്കാരുടെ പരസ്പരം താറടിച്ചു കാണിക്കാനുള്ള കെട്ടി ചമയ്ക്കൽ വാർത്തകളുടെ സ്ഥിരം ശൈലിയിൽ വന്ന ഒരെണ്ണം. എൻറെ ഭർത്താവിന്റെ തമിഴ്നാട്ടിലുള്ള ഒരു സുഹൃത്താണ് അത് കണ്ടു ഞാനാണെന്ന് മനസിലാക്കി ശ്രദ്ധയിൽ പെടുത്തിയത്. അന്നതിനെതിരെ പോലിസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതിന്റെ പിന്നാലെ തൂങ്ങാൻ വയ്യാത്തോണ്ട് ഞാനും അത് വിട്ടു.

എന്നാൽ രണ്ട് ദിവസം മുൻപ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജിൽ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തി. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്സാപ്പിൽ കണ്ട് ഗൾഫിലുള്ള ചെറിയ മകൻ ഞെട്ടി (ആഹാ എത്ര മനോഹരം!) എന്നാണ് 'വാർത്ത'!!! ലിങ്കിൽ ക്ലിക് ചെയ്‌താൽ ഒരു പിണ്ണാക്കും ലോഡാവില്ല! തമ്പ്നെയിലായി മുത്തശ്ശൻ എന്നെ ഉമ്മ വെക്കണ ഫോട്ടോയും! പേജിൽ പോയി നോക്കിയപ്പോൾ അതിലുള്ള എല്ലാ വാർത്തയും ഈ തരം! എല്ലാത്തിനും തമ്പ് നെയിൽ മാത്രം. ലിങ്ക് ഒന്നും പ്രവർത്തിക്കില്ല. 94000 ലൈക് ഉണ്ട് പേജിന്!! ഇക്കണ്ട ആൾക്കാര് മുഴുവൻ ഈ വക വാർത്ത ഫോളോ ചെയ്യുന്നുണ്ടെന്ന് സാരം!

tara-1 ചിത്രം: ഫേസ്ബുക്

ഇത് പടച്ചു വിട്ടവരോട്:

കുറച്ച് തിരുത്തുണ്ട്. ആ ഫോട്ടോയിൽ കാണുന്നത് എന്റെ മുത്തശ്ശനാണ്, ഭർത്താവിന്റെ അച്ഛനല്ല! മുത്തശ്ശന് 84 വയസ്സായിട്ടേള്ളൂ. രണ്ട് വയസു കൂട്ടി ഇട്ടണ്ടല്ലോ! എനിക്ക് 27 വയസ്സുണ്ട്. 3 വയസ്സ് കുറച്ചിട്ടതിൽ സന്തോഷം! ഞങ്ങൾ കരുവാരകുണ്ടുകാരാണ്, കോട്ടയവുമായി കോട്ടയം കുഞ്ഞച്ചൻ കണ്ട പരിചയം മാത്രേള്ളൂ! പിന്നെ ഈ 'വാർത്ത' കണ്ട് ഗൾഫിൽ ഇരുന്നു ഞെട്ടാൻ എന്റെ ഭർത്താവ് ഗൾഫിലുമല്ല, മൂപ്പരെ ഞാൻ അല്ലാണ്ടെ തന്നെ ആവശ്യത്തിന് ഞെട്ടിക്കുന്നുമുണ്ട്.

മാസ്സ് റിപ്പോർട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ചിട്ടുണ്ട്. എങ്കിലും പല പോസ്റ്റുകളും മിനുട്ട് വെച്ച് ഇതിൽ റീഷെയർ ചെയ്തു കണ്ടത് കൊണ്ട് ഇതും അങ്ങനെ ഷെയർ ചെയ്തു പോയിട്ടുണ്ടാവാൻ സാധ്യതയുണ്ട്. ഇത് തന്നെ ഒരു പണിയായി കൊണ്ട് നടക്കുന്നവരല്ലേ! പേജ് പൂട്ടിക്കാൻ നോക്കീട്ട് സാധിക്കുന്നില്ല. അതിന് സാധിക്കുമെങ്കിൽ താഴെയുള്ള ലിങ്കിൽ പോയി റിപ്പോർട്ട് ചെയ്തു സഹായിക്കുക.

https://www.facebook.com/cinemavarthakerala/

ഇനി, "നീ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടു കളിച്ചിട്ടല്ലേ ഈ ഗതി വന്നത്? വല്ല പട്ടീടെയോ പൂച്ചടെയോ പൂവിന്റെയോ ത്രിഷടെയോ ഫോട്ടോ ഇട്ടാ മതിയാർന്നില്യേ?' എന്ന് എന്നോട് ചോദിക്കാൻ ആഗ്രഹിക്കുന്നവരോടും മനസ്സിൽ വിചാരിക്കുന്നവരോടും, എനിക്കിതു കൊണ്ട് ഒരു പുല്ലും ഇല്ല! ഈ ഫോട്ടോയിൽ അശ്ലീലം കാണുന്നവർക്കും ഈ വക പേജുകൾ ഫോളോ ചെയ്ത് അതിലെ വാർത്തയും വിശ്വസിച്ചു സ്വയം 'ഉദ്ധരിച്ച്', അത് കഴിഞ്ഞിട്ട് സാമൂഹ്യോദ്ധാരണത്തിന് ഇറങ്ങുന്നവർക്കും നല്ല നടുവിരൽ നമസ്കാരം!

ps: സൈബർ സെല്ലിൽ കേസ് ഫോളോ അപ്പ് ചെയ്യുന്നതായിരിക്കും, വല്യേ പ്രതീക്ഷയൊന്നും ഇല്യാച്ചാലും!! ഈ ഫോട്ടോ വാട്സാപ്പിൽ വൈറൽ ആണെന്നും കേട്ടു! 84 ആം വയസ്സിൽ ഒരു മേജർ സർജറീം കഴിഞ്ഞു കെടക്കണ എന്റെ മുത്തശ്ശനെ ഈ പ്രായത്തിൽ വാട്സ്ആപ്പിൽ വൈറൽ ആക്കിയവർക്ക് നമോവാകം!

Edit:

ചിലർക്ക് റിപ്പോർട്ട് ചെയ്യാൻ നോക്കിയിട്ട് സാധിക്കുന്നില്ല എന്ന് അറിഞ്ഞതിനാൽ റിപ്പോർട്ട് ചെയ്യേണ്ട വിധം താഴെ കൊടുക്കുന്നു.

1. ലിങ്കിൽ പോവുക

2. ലൈക്, മെസ്സേജ്, ഷെയർ എന്നീ ഓപ്‌ഷനുകളുടെ അടുത്തുള്ള മോർ ഓപ്‌ഷനിൽ ക്ലിക് ചെയ്യുക

3. താഴെ വരുന്ന മെനുവിലെ റിപ്പോർട്ട് ഓപ്‌ഷനിൽ ക്ലിക് ചെയ്യുക

4. What is wrong with the page എന്ന ചോദ്യത്തിന് മൂന്നാമത്തെ ഓപ്‌ഷനായ This is harassing me or someone I know എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക

5. Continue ബട്ടൺ അമർത്തി Submit to facebook for review എന്ന ഓപ്‌ഷൻ കൊടുക്കുക

6. Done എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.