Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടിയെന്തിന് പെണ്ണേ... നീ ആണ് ലോകത്തിലെ ഏറ്റവും സുന്ദരി!!!

Alopecia അലോപേഷ്യ രോഗം ബാധിച്ചു മുടി നഷ്ടപ്പെട്ട പെൺകുട്ടി

ചെറുപ്പം മുതലേ നമ്മളെയൊക്കെ പഠിപ്പിച്ചു വയ്ക്കുന്നത് മുട്ടോളം മുടിയാണ് സ്ത്രീ സൗന്ദര്യത്തിന്റെ ഉത്തമ ഉദാഹരണമെന്നാണ്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ മുടി ഒരിക്കൽ നഷ്ടമായാൽ എന്തു ചെയ്യുമെന്ന്? മുടി പോയാൽ ഒപ്പം സൗന്ദര്യവും നഷ്ടപ്പെടുമോ? ഒരിക്കലുമില്ല. നീണ്ടിടതൂർന്ന മുടിയോ വെളുത്തു കൊലുന്നനെയുള്ള ശരീരമോ ഒന്നുമല്ല ഒരു സ്ത്രീയു‌ടെ സൗന്ദര്യത്തിന്റെ അളവു നിശ്ചയിക്കുന്നത് മറിച്ച് പ്രതികൂല സാഹചര്യങ്ങളിലും പോരാടാനുള്ള മനോഭാവവും കരുത്തും ധൈര്യവുമൊക്കെയാണ് അവളുടെ യഥാർഥ സൗന്ദര്യം. കഴിഞ്ഞ ദിവസം ഒരു സമൂഹമാധ്യമത്തിന്റെ പേജിൽ വന്ന പോസ്റ്റും ഇക്കാര്യം വ്യക്തമാക്കുന്നതാണ്. വൈറലായ ആ പോസ്റ്റിലെ കഥയും മുടി നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മുന്നേറ്റത്തിന്റേതാണ്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവളുടെ മുടി കൊഴിഞ്ഞു തുടങ്ങുന്നത്. അലോപേഷ്യ എന്ന രോഗമായിരുന്നു കാരണം. പിന്നീടുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. തുറിച്ചു നോട്ടങ്ങളെയും സഹതാപ തരംഗങ്ങളെയും മറികടക്കാനായിരുന്നു പാട്. എല്ലാവർക്കും ആയാൽ എനിക്കെന്തു കൊണ്ടു പറ്റില്ല എന്ന ചിന്തയോടെ അവൾ തളരാതെ മുന്നേറി. മരുന്നു കഴിക്കാൻ തുടങ്ങിയതോടെ വ‌െറും ആറുമാസം കൊണ്ടു 95 ശതമാനം മുടിയും പോയി. സുഹൃത്തുക്കളോടൊപ്പം ആർത്തുല്ലസിച്ചു നടക്കേണ്ട കൗമാരത്തിൽ അവൾ ഒറ്റയ്ക്ക് എല്ലാവരിൽ നിന്നുംഅകന്നു കഴിയാൻ തുടങ്ങി. ഒരുദിവസം പൊതുമധ്യത്തിൽ വച്ചുണ്ടായ ഒരു സംഭവത്തോടെ പക്ഷേ അവൾ കരുത്തയായി.

ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് അസാധാരണമാം വിധം മുടി കൊഴിയാൻ തുടങ്ങിയതോടെ ആശുപത്രിയിൽ പോകുന്നത്. ആഘോഷങ്ങളോടെല്ലാം വിടപറഞ്ഞ് പൂർണമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും മരുന്നുകളുടെ വീര്യം പലപ്പോഴും ഓർമയെ തകിടം മറിച്ചു. തലയിൽ ഒരു സ്കാർഫ് ധരിച്ച് ആരുടെയും മുഖത്തു പോലും നോക്കാതെയാണ് അന്നു പുറത്തിറങ്ങിയിരുന്നത്. കോളേജ് കാലം കഴിഞ്ഞപ്പോഴും ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ള ആപ്ലിക്കേഷനുകളിലെല്ലാം ആരോഗ്യനില ചോദിച്ചിരുന്നതിനാൽ ആ വഴിയും അടഞ്ഞിരുന്നു. സനിമകളും വായനയും മാത്രമായി മടുപ്പു പിടിച്ചപ്പോഴാണ് അമ്മ വിഗ് വച്ചു പുറത്തിറങ്ങി നടക്കാം അപ്പോൾ ആരെയും പേടിക്കണ്ടല്ലോയെന്നു പറയുന്നത്. അങ്ങനെ കുഴപ്പമില്ലാതെ പോകുന്നതിനിടയിൽ ഒരു ദിവസം ഒരു സ്ത്രീ തന്റെ വിഗ് വലിച്ചു. ആ രണ്ടു നിമിഷത്തിലേക്ക് മരിച്ചു പോയെങ്കിലെന്നു തോന്നിയിരുന്നു. കാലങ്ങളായി താൻ ഒളിച്ചുവച്ച മൂടുപടമാണ് അഴിഞ്ഞു വീണിരിക്കുന്നത്. അന്നു പൊതുമധ്യത്തിൽ വച്ച് ആദ്യമായി െപാട്ടിക്കരഞ്ഞു. പിന്നീടുള്ള രണ്ടുദിവസം പുറത്തുപോലും ഇറങ്ങാതെ മുറിയിൽ ചടഞ്ഞു കൂടിയിരുന്നു. അവസാനം തീരുമാനിച്ചു ഇനി വിഗ് വയ്ക്കുന്നില്ലെന്ന്. ഞാൻ ഞാനായി തന്നെ പുറത്തിറങ്ങണം. വിഗ് തലയിൽ നിന്നും മാറിയ ആ നിമിഷത്തിനു നന്ദി പറഞ്ഞ് പിന്നീടു മുന്നോട്ടു പോയി. എല്ലാവരും എന്റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ചു.

പുറമെയുള്ള സൗന്ദര്യത്തേക്കാൾ മനസിന്റെ സൗന്ദര്യമാണ് യഥാർഥം എന്നു മനസിലാക്കിയുള്ള തിരിച്ചറിവാണ് ഈ യുവതിയുടെ വിജയകഥയ്ക്കു പിന്നിൽ. ഇതാകണം നമ്മളോരോരുത്തരം മാതൃകയാക്കേണ്ടത്. ഇന്നുകാണുന്ന തിളക്കമൊക്കെ എന്നും നഷ്ടപ്പെടാവുന്നതാണ് അപ്പോഴും തെല്ലും കുറയാതെ കൂടെയുണ്ടാകേണ്ടത് കരുത്താർന്ന മനസാണ്, അതു തന്നെയാണ് യഥാർഥ സൗന്ദര്യം.

Your Rating: