കുഞ്ഞ് ഹൃദയം നിലച്ചു, എന്നിട്ടും അവൾ ജീവിതത്തിലേക്കു മടങ്ങിവന്നതെങ്ങനെ?

ആലീസ് നിപ്പർ

മിസോറിയിലെ നിപ്പര്‍ കുടുംബം അന്നു പൂൾ പാർട്ടി നടത്തുമ്പോൾ സ്വപ്നത്തില്‍പ്പോലും കരുതിയിരിക്കില്ല ഒരു വലിയ അപകടം പതിയിരുന്ന കാര്യം. തങ്ങളുടെ പൊന്നോമനയെ തട്ടിക്കൊണ്ടുപോകാൻ മരണം മുന്നിൽ വന്നെങ്കിലും വിധി ആലീസ് എന്ന മൂന്നുവയസുകാരിയ്ക്ക് ഒപ്പമായിരുന്നു. അവിശ്വസനീയം തന്നെയാണ് ആലീസിന്റെ ഈ രണ്ടാം ജന്മം. കഴി‍ഞ്ഞ ജൂലൈ 29നാണ് അപകടം സംഭവിച്ചത്. ആഘോഷങ്ങൾ നടക്കുന്നതിനിടെ മകളെ കാണാതായപ്പോഴാണ് വീട്ടുകാർ തിരച്ചിൽ നടത്തിയത്. ഒടുവിലാണ് അവൾ പൂളിൽ കിടക്കുന്നത് കണ്ടത്.

ആലീസ് കുടുംബാംഗങ്ങള്‍ക്കൊപ്പം‌‌

വെള്ളത്തിൽ വീണ് ഏറെ സമയമൊന്നുമായില്ലായിരുന്നെങ്കിലും ആലീസ് ഏതാണ്ട് മരിച്ച അവസ്ഥയിൽ തന്നെയായിരുന്നു. ഹൃദയമിടിപ്പു പോലും 12 മിനുട്ടുനേരത്തേക്കു നിശ്ചലമായി. എങ്കിലും ആലീസിന്റെ അമ്മ ജാമിയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു ആലീസിന് ഒന്നും സംഭവിക്കില്ലെന്ന്, തുടർന്ന് അവർ ആലീസിനെ പുറത്തെ‌ടുത്ത നിമിഷം തന്നെ സിപിആർ(Cardiopulmonary resuscitation) നൽകി. ആംബുലന്‍സ് വരുന്നതു വരെയും ജാമി മകള്‍ക്ക് അടിയന്തിര ചികിത്സ നൽകിക്കൊണ്ടിരുന്നു.

ആലീസ് നിപ്പർ

തുടക്കത്തിൽ ആലീസിന് ഹൃദയമിടിപ്പു നിലച്ചിരുന്നുവെങ്കിലും അമ്മയുടെ ഏറെനേരത്തെ പരിശ്രമത്തോടെ കുഞ്ഞു ആലീസിന്റെ ഹൃദയം മിടിച്ചു തു‌ടങ്ങി. പക്ഷേ ആശുപത്രിയിൽ എത്തിച്ചപ്പോഴും ഡോക്ടർമാർ നിസഹായരായിരുന്നു. ആലീസിന്റെ ശരീരവും തലച്ചോറും ശ്വാസകോശവുമെല്ലാം മുറിവേറ്റിരുന്നു. പക്ഷേ ഒരാഴ്ച്ചയ്ക്കുള്ളിൽ ആലീസ് പുരോഗതി കാണിക്കുകയും വെറും ആറാഴ്ച്ച കൊണ്ട് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഇന്നു പാട്ടും കളിയുമൊക്കെയായി മുമ്പത്തേതിലും ഉന്മേഷവതിയായി വീട്ടിൽ ഓടിക്കളിക്കുകയാണ് ആലീസ്. ഹൃദയം നിലച്ചപ്പോൾ പോലും പ്രതീക്ഷ കൈവിടാതെ തക്കസമയത്ത് അമ്മയുടെ ഇടപെടലാണ് ആലീസിന് ഇന്നു പുനർജന്മം നൽകിയത്. ആലീസിന് ജീവൻ നൽകിയ സിപിആർ ചികിത്സാ രീതിയ്ക്ക് പരമാവധി പ്രചാരണം നല്‍കാനുള്ള ശ്രമത്തിലാണ് ജാമി ഇന്ന്.