മരണത്തിൽ നിന്നും അച്ഛനെ തിരിച്ചു പിടിച്ച് മൂന്നു വയസ്സുകാരൻ 

ചിത്രത്തിന് കടപ്പാട് – ഫെയ്സ്ബുക്ക്

മൂന്നു വയസ്സുകാരൻ ജോർജിന് പിതാവ് മാർക്കിന്റെ മുന്നിൽ ദൈവത്തിന്റെ മുഖമാണ്. കുഞ്ഞുങ്ങൾ ദൈവസാന്നിധ്യം ഉള്ളവരാണ് എന്ന് പറയുമെങ്കിലും തന്റെ ജീവൻ രക്ഷിക്കുന്ന രീതിയിൽ പെരുമാറാൻ തന്റെ മൂന്നു വയസ്സുകാരൻ മകന് സാധിക്കുമെന്ന് ആ പിതാവ് ഒരിക്കലും കരുതിയിട്ടില്ല. 

കേട്ടാൽ ആരും അത്ഭുതപ്പെട്ടു പോകുന്ന കഥ പോലെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആ സംഭവം. യുകെയിലെ വീട്ടിൽ അച്ഛൻ മാർക്കും മകൻ ജോര്ജും തനിച്ചതായിരുന്നു. മാർക്ക് കാലങ്ങളായി പ്രമേഹ രോഗിയാണ്. പ്രമേഹത്തിന് ചികിത്സതേടുന്ന മാർക്കിന് പ്രമേഹം കൂടുന്നതും കുറയുന്നതും എല്ലാം വളരെ പെട്ടന്നാണ്. ഈ സന്ദർഭങ്ങളിൽ  പ്രത്യേക ശ്രദ്ധ ആവശ്യമാണ് താനും. 

അങ്ങനെയിരിക്കെ , പ്രമേഹരോഗിയായ മാര്‍ക്ക് പ്രമേഹം വര്‍ദ്ധിച്ച് അടുക്കളയില്‍ കുഴഞ്ഞു വീണു. അടുത്തുള്ളത് ജോർജ്ജ് മാത്രം. പിച്ച വച്ച് നടക്കാൻ മാത്രം അറിയാവുന്ന ജോർജിന് എന്ത് ചെയ്യാനാകും? കുഞ്ഞു ജോർജ് എന്ത് ചെയ്തെന്നോ? നേരെ  ഫ്രിഡ്ജിനടുത്തേക്ക് ഓടി. അടുത്തുകിടന്ന കസേര വലിച്ചിട്ട്, അതിൽ കയറി നിന്ന് ഫ്രിഡ്ജിന്റെ വാതിൽ തുറന്നു. 

ഫ്രിഡ്ജിൽ നിന്നും കട്ടത്തൈര് എടുത്തു കൊണ്ട് വന്ന് മാര്‍ക്കിന്റെ വായിൽ ഒഴിച്ചു. അച്ഛനെ കൊണ്ട് നിർബന്ധിപ്പിച്ച് തൈര് മുഴുവൻ കുടിപ്പിച്ചു. തുടര്‍ന്ന് ഗ്ലൂക്കോസ് ഗുളികകളും നല്‍കി. മാർക്കിന്റെ ഭാര്യ എമ്മ ഈ സമയത്ത് തന്റെ വീട്ടിലായിരുന്നു. എമ്മ തിരിച്ചു വന്നപ്പോഴാണ് തന്റെ പൊന്നോമന മരണത്തിലേക്കോ കോമയിലേക്കോ പോകേണ്ടിയിരുന്ന ഭർത്താവിനെ രക്ഷിച്ച കാര്യം അറിയുന്നത്. 

ടൈപ്പ് 1  പ്രമേഹ രോഗിയാണ് മാർക്ക്. ദിവസം നാല് തവണ ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. എമ്മ തിരിച്ചു വന്നപ്പോൾ മാർക്ക് വയ്യാതെ സോഫയിൽ കിടക്കുകയായിരുന്നു. അച്ഛനും മകനും കൂടി പിന്നീട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് എമ്മ പറയുന്നു. കുഞ്ഞു ജോർജ് ഇല്ലായിരുന്നു എങ്കിൽ ഭര്‍ത്താവിനെ ഇപ്പോള്‍ കോമ അവസ്ഥയില്‍ കാണേണ്ടി വന്നേനെയെന്നാണ് എമ്മ പറയുന്നത്.