Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിയല്ല ദാമ്പത്യം, ഇതാ വിജയമന്ത്രങ്ങൾ!

Couple

വേണ്ടായിരുന്നു........!!!

വിവാഹിതരായ സ്ത്രീയും പുരുഷനും ജീവിതത്തിലെപ്പോഴെങ്കിലും പറയാനിടയുള്ള ഒരു വാക്കാണിത്. ഈ വിവാഹജീവിതമേ വേണ്ടായിരുന്നു, വിവാഹത്തിനു മുൻപ് എന്തുരസമായിരുന്നു! ഉത്തരവാദിത്തങ്ങളില്ല, എന്തു ചോദിച്ചാലും വാങ്ങിത്തരുന്ന അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ ധാരാളിത്തം, കുറ്റപ്പെടുത്തലില്ല, വഴക്കില്ല, കൂട്ടുകാരൊന്നിച്ച് ചിരിച്ചുല്ലസിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് കഴിയാം. മൂടിപ്പുതച്ചുകിടന്നുറങ്ങാം , സിനിമ കാണാം, വായിക്കാം , കറങ്ങാം. അതിനൊക്കെ തടസമായൊരു കല്യാണം. വേണ്ടായിരുന്നു അത്.

ഇങ്ങനെ ഉറച്ചുതീരുമാനിക്കാൻ ലോകത്തൊരു മനുഷ്യനും കഴിയില്ല. വിവാഹം ദൈവീകമാണ്. മാമുനിമാരെയും,തോഴിമാരെയും മാൻപേടയെയും മുല്ലവള്ളികളെയും കണ്ടുവളർന്ന ശകുന്തളയും പിതാവിനെ മാത്രം കണ്ടുവളർന്ന ഋശ്യശൃംഗനും പക്ഷേ പ്രായത്തിന്റെ ആവശ്യവും ആകർഷണീയതയും കൊണ്ടാണ് ഇണകളെ കണ്ട് അഭിരമിച്ചത്.പറഞ്ഞാൽ തീരാത്ത ആകർഷണീയതയുണ്ട് ഈ വിവാഹബന്ധത്തിന്. ദൈവം ആദത്തെ ഉറക്കിക്കിടത്തി വാരിയെല്ലിൽനിന്നു ഹവ്വായെ സൃഷ്ടിക്കുന്നു. ജന്മാന്തരങ്ങളുടെ കെട്ടുപാടുകളുള്ള ബന്ധമെന്ന വിശ്വാസം– ഇണയെ എപ്പോഴാ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നർഥം. സ്ത്രീയും പുരുഷനും ചേരുമ്പോൾ മാത്രം പൂർണമാകുന്ന മനുഷ്യജീവിതം.വിവാഹം ആ അർഥത്തിൽ പൂർണതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ സമാപ്തി.

ഒറ്റയ്ക്കു നിൽക്കുന്ന കുന്നിന്റെ ഔന്നത്യം പത്തിരട്ടിയാകുമായിരിക്കും. പക്ഷേ ഒറ്റപ്പെട്ട മനുഷ്യന് സന്ധ്യയുടെ വിഷാദഛായയാണ്. പ്രഭാതത്തിന്റെ തെളിമയുമായി നിശ്ചയമായും ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നുവരേണ്ടിയിരിക്കുന്നു.

തളരുമ്പോൾ ഒന്നു ചായ്ക്കാൻ , ആഹ്ലാദത്തിനൊപ്പം ഒന്നു ചിരിക്കാൻ, കരയുമ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ, കിതയ്ക്കുമ്പോൾ ഒന്നു തലോടാൻ..ഒരാൾ വേണം.അച്ഛനമ്മമാർക്കോ സഹോദരീസഹോദരൻമാർക്കോ കഴിയുന്നതിനുമപ്പുറത്ത് അല്ലെങ്കിൽ രക്തബന്ധത്തിന്റെ നേർത്ത നൂലിഴകളില്ലാത്ത, അതിരുകൾ കടന്നെത്തുന്ന ഒരു ബന്ധം.അതിനു വ്യാഖ്യാനങ്ങളില്ല. വിശകലനങ്ങളില്ലപക്ഷേ അത്രയേറെ ഒഴിച്ചുകൂടാനാവാത്ത ഒന്ന് എന്നു മാത്രം പറയാം. തൻ കാലിൽ നിൽക്കാറാകുമ്പോൾ തനിക്കൊരു താങ്ങായി മനസും ശരീരവും അത്രയേറെ ആവശ്യപ്പെടുന്ന ഒരു ബന്ധം.എക്കാലത്തും വിവാഹസങ്കല്പം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ തലമുറകൾ ഓരോ തവണയും ചോദ്യം ചെയ്യുമ്പോഴും പുതിയ രീതിയിൽ പുതുമകളോടെ കുടുംബസങ്കല്പം വളരുകയാണ്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യനു വേർപിരിക്കാൻ കഴിയില്ല എന്ന് വേദപുസ്തകം.

എന്നിട്ടും ഇടയ്ക്ക് കാൽ വഴുതി വീഴുന്നവരും, മുങ്ങാങ്കുഴിയിട്ടു തളരുന്നവരും, ഭാരം ചുമക്കുന്നവരും ദാമ്പത്യത്തിന്റെ ചില വഴിയോരക്കാഴ്ചകളാകുന്നു.

രണ്ടു വ്യക്തിത്വങ്ങൾ കുടുംബജീവിതമെന്ന മേലാപ്പിനു കീഴെ സ്നേഹത്തിന്റെ, ആഘോഷത്തിന്റെ, സന്താപത്തിന്റെ, സംഘർഷത്തിന്റെ തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതകാലം മുഴുവൻ പരസ്പരം പങ്കുവയ്ക്കണം എന്ന ഉൽക്കടമായ ആഗ്രഹത്തോടെ സ്ത്രീയും പുരുഷനും പ്രവേശിക്കുന്ന കരാറാണ് വിവാഹം ആ കരാർ സമൂഹത്തിന്റെയും സമുദായത്തിന്റെയും പിന്തുണയോടെയുമാവാം.

നല്ലപാതിക്കായി

പുതിയ സാഹചര്യങ്ങളിൽ വിവാഹജീവിതത്തിന് ഭാരം കൂടി വരുന്നു . പണ്ടൊക്കെ ഒരു വലിയ കൂട്ടുകുടുംബത്തിന്റെ പിന്തുണ കിട്ടിയിരുന്നു— ഇപ്പോൾ സ്ത്രീയും പുരുഷനും മാത്രം ചുമക്കേണ്ട ഭൗതികബാധ്യതകൾ ഏറെയാണ്. ആദ്യം നമ്മൾ രണ്ടുപേരാണ്. രണ്ടുപേരും രണ്ടുതരം മാനസിക, വൈകാരിക വ്യക്തിത്വങ്ങളാണ്. താൻ ആണാണെന്ന അത്യഭിമാനത്തോടെ പെരുമാറുന്ന പുരുഷനും ലോലയായ പെണ്ണും തമ്മിലുള്ള ബന്ധമാണത്. അപവാദങ്ങളില്ലെന്നല്ല. എന്നാൽ എല്ലാ പുരുഷനിലും ഒരു പെണ്ണും എല്ലാ പെണ്ണിലും ഒരു പുരുഷനും ഉണ്ടെന്ന വസ്തുത അംഗീകരിച്ച് ഇൗ ധാരണയെ മറികടക്കാം. അങ്ങനെ ഇരുവരുടേയും പരിമിതികൾ മറികടന്ന് ഒരു വ്യക്തിത്വം ഉയർന്നു വരണം.

ഇത്തിരി അടുപ്പം

ബന്ധങ്ങളിൽ നൂറുശതമാനം സുതാര്യതയും സത്യസന്ധതയും പാലിക്കുക. അങ്ങനെയായാൽ പരസ്പരം അടുപ്പം ഉണ്ടാവും. രണ്ടു വ്യക്തിത്വങ്ങളും മുഴച്ചുനിൽക്കില്ല. വിവാഹജീവിതത്തിന് മുഖ്യസ്ഥാനം കൊടുത്താൽ മാത്രമേ ഏറ്റവും നല്ലത് ജീവിതത്തിൽ നിന്ന് നമുക്ക് കിട്ടുകയുള്ളൂ.

പങ്കാളിയെ എന്തിനും ഏതിനും ആശ്രയിക്കാൻ തുടങ്ങിയാൽ ജീവിതം പോക്ക് എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. ഭാര്യ എന്റെ വികാരങ്ങളേയും മനസിനേയും ആഗ്രഹങ്ങളേയും നിയന്ത്രിക്കുന്നു എന്നുവന്നാൽ എന്റെ വ്യക്തിത്വത്തിന് എന്തു കാര്യം എന്ന ആൺമേൽക്കോയ്മ കുടുംബത്തിൽ ഛിദ്രം വളർത്തുകയേ ഉള്ളൂ. നമ്മുടെ നിലനിൽപ്പിനും വളർച്ചയ്ക്കും നമ്മൾ എല്ലായ്പോഴും പലതിനേയും ആശ്രയിച്ചിട്ടുണ്ട്. അപ്പോൾ ആശ്രയത്വം നമ്മുടെ ശക്തിയായി കണ്ടുകൂടേ?

ആരും എല്ലാം തികഞ്ഞവരല്ല. പലരേയും പലർക്കും ഇഷ്ടമായെന്നു വരില്ല. അതിന് മാനസികവും ശാരീരികവുമായ കാരണങ്ങളുണ്ടാവും. ഇരുവർക്കുമിടയിൽ എന്തോ ഇഷ്ടപ്പെടുന്ന ഒന്നുണ്ട്. രണ്ടുപേർക്കും പൊതുവായ ചില മേഖലകളുണ്ട്. അത് കണ്ടെത്തണമെന്നു മാത്രം. അങ്ങനെയെങ്കിൽ പൊരുത്തക്കേടുകളൊഴിവാക്കാം. ഒരുപാട് വിട്ടുവീഴ്ചകളും സഹകരണവും സ്വാഭാവികമായും വേണം.

ജീവിതപ്രശ്നങ്ങളെ പരസ്പരം വീതിച്ചെടുക്കുന്ന കാര്യത്തിലാണ് പൊരുത്തക്കേട് ഉണ്ടാവുന്നത്. അല്ലാതെ മനുഷ്യനതീതമായ എന്തിലെങ്കിലുമല്ല ജീവിതം തീരുമാനി‘’ച്ചിട്ടുള്ളത്. പരിശീലനം കിട്ടുന്ന ആധുനിക ലോകത്ത് ഇന്നും പരിശീലനമൊന്നുമില്ലാതെ പ്രവേശിക്കുന്നത് വിവാഹജീവിതത്തിൽ മാത്രമാണ്. മിക്കവർക്കും തങ്ങളുടെ മാതാപിതാക്കളായിരിക്കും മാതൃക. വിവാഹജീവിതം അത്ഭുതങ്ങളിലൂടെ പുരോഗമിക്കുമെന്നും പങ്കാളിയെക്കൊണ്ടുള്ള ‘ഉപദ്രവം’ കാലക്രമേണ കുറഞ്ഞുവരുമെന്നും മാതാപിതാക്കൾ ആശ്വസിപ്പിക്കുന്നു. ജീവിതം ഉദ്ദേശിച്ച രീതിയിലല്ല എന്ന ഇച്ഛാഭംഗത്തോടെ വഴിതെറ്റി മുന്നേറുന്നവരും ഏതോ ഘട്ടത്തിൽ കുടുംബത്തിലേക്ക് തിരിച്ചു വരുന്നു

കരാർലംഘനങ്ങളുടെ വേദി

28ാമത്തെ പ്രണയലേഖനത്തിൽ ചേട്ടനെഴുതിയ ഹണിമൂൺട്രിപ്പിനു വേണ്ടി വിവാഹാനന്തരം കരയുന്ന സിനിമയിലെ കാമുകിയെ കണ്ടു നമ്മൾ ചിരിച്ചിട്ടുണ്ടാകും. പക്ഷേ അതു നമ്മുടെയും മനസില്ലേ? വിവാഹം ചിലപ്പോൾ കരാർലംഘനങ്ങളുടെ വേദിയാകാറില്ലേ

കഴിയുന്നത്ര നല്ല ഭാവം മാത്രം കാണിക്കുന്ന, ഒരു മുഖംമൂടി വയ്ക്കുന്ന ഒരു സമൂഹത്തിൽ വിവാഹത്തിനു മുമ്പുള്ള ഇടപഴകലുകളിൽക്കൂടി യഥാർഥ സ്വഭാവം പുറത്തുവരണമെന്നില്ല. വിവാഹത്തിനു മുമ്പ് പരസ്പരം അറിയുക എന്നത് ചെറിയ കാലയളവിലായിരിക്കും. അപ്പോൾ കാര്യങ്ങൾ മറയ്ക്കുകയാണെങ്കിൽ ഇൗ അറിയലുകൊണ്ട് ഒരുകാര്യവുമില്ല.

അത്രത്തോളം തുറന്ന പ്രകൃതക്കാരല്ലെങ്കിൽ വിവാഹത്തിനുശേഷം ഒരുമിച്ചു കഴിയുമ്പോൾ മാത്രം പുറത്തുവരുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അപ്പോൾ വിവാഹത്തിലൂടെ ആ പോരായ്മകൾ മനസിലാക്കിയ ശേഷം പരസ്പരം സഹിച്ചും പൊറുത്തും പോരായ്മകൾ ഇല്ലാതാക്കിയും മുന്നോട്ടുപോകാനാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ സാധിക്കുന്നത്.

വിവാഹത്തിനു മുമ്പ് പരസ്പരം മനസിലാക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. പക്ഷേ നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം പ്രായോഗികമാണ്? ഇൗ അറിയലിനൊക്കെ അപ്പുറത്ത് വേറെ പല അറിയലുകളും ഉണ്ട്. ശാരീരികബന്ധത്തിന്റെ തലത്തിലും, കുടുംബാംഗങ്ങളുമായുള്ള പരസ്പര സഹകരണത്തിന്റെ തലത്തിലും ബന്ധുക്കളുമായുള്ള ഇടപെടലിന്റെ തലത്തിലും ഉള്ള ഒരുപാട് സംഗതികളുണ്ട്.

പ്രേമം വിവാഹത്തിനു കാരണമാകാം. എന്നാൽ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതു കൊണ്ട് ജീവിതത്തിൽ പ്രേമം ഉണ്ടാകണമെന്നില്ല. മറിച്ച് വീട്ടുകാർ ആലോചിച്ചുറപ്പിച്ചു കല്യാണം കഴിച്ചവരുടെ ജീവിതത്തിൽ കടുത്ത പ്രേമം ഉണ്ടായെന്നും വരാം. പ്രേമവിവാഹതർക്ക് മറ്റൊരു ചുമതല കൂടി ഏറ്റെടുക്കേണ്ടി വരാം. ദാമ്പത്യത്തിലെ സ്വരക്കേടുകൾക്ക് അവർക്കാരെയും കുറ്റപ്പെടുത്താനാവില്ല. രക്ഷിതാക്കളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ പഴുതുണ്ടാവില്ലല്ലോ.

മൂന്നാമതൊരാൾ

വിവാഹത്തിനു മുമ്പ് ചില ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നെന്നു വരാം. അത് വിവാഹബന്ധത്തിലേക്ക് കടന്നു വരാൻ സാധ്യതയുണ്ട്.സത്യത്തിൽ പങ്കാളി ഇതൊന്നുമറിയുന്നുണ്ടാവില്ല. പഴയബന്ധത്തിന്റെ അനിശ്ചിതത്വം പുതിയ ബന്ധത്തിലേക്ക് കടത്തിവിടുന്നതിന്റെ തകരാറാണ്. അന്ന് തിരസ്കൃതനായി. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നു പേടി. ഇനി കഴിഞ്ഞതവണ നമ്മളാണ് ഉപേക്ഷിച്ചതെങ്കിൽ ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നൊരു ആശങ്ക. ഒരു ദിവസം തികച്ചും സന്തുഷ്ടനായിരിക്കും. മറ്റൊരു ദിവസം പഴയതെന്തെങ്കിലും ഓർമിപ്പിക്കപ്പെട്ടാൽ എല്ലാം പോയി. പഴയ പങ്കാളി തന്നതു പോലത്തെ സമ്മാനം ഇത്തവണ കിട്ടിയാൽത്തന്നെ മതി. മറ്റൊന്നും വേണ്ട മൂഡ് പോകാൻ.

ഭൂതകാലം ജീവിതത്തിലേക്ക് കടന്നുവരേണ്ടതില്ലെങ്കിൽ പങ്കാളിയിൽ നിന്നു മറച്ചുപിടിക്കാം; അല്ലെങ്കിൽ പങ്കാളിയോട് ചർച്ച ചെയ്യാം. മുൻബന്ധം എന്തുകൊണ്ട് തകർന്നു എന്നു നമ്മൾ മനസിലാക്കില്ല. പകരം കാലം മുറിവുണക്കുമെന്ന് പ്രത്യാശിക്കും. തെറ്റാണത്. നമ്മൾ തന്നെ മുറിവുണക്കണം. പലപ്പോഴും കഴിഞ്ഞ ബന്ധത്തിൽ നമ്മൾ ഇരയായി എന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. പങ്കാളി ചതിച്ചെന്നു വരുന്നത് നല്ലതാണല്ലോ. നമ്മളും തുല്യപങ്കാളിയായിരുന്നെന്ന സത്യം വിസ്മരിക്കും. ഇരുവരും പരിചയക്കുറവിന്റേയും പക്വതയില്ലായ്മയുടേയും ഇരകളായിരുന്നുവെന്ന വാസ്തവം അംഗീകരിക്കണം. അല്ലെങ്കിൽ പഴയ പങ്കാളിയെപ്പോലെ വെറുപ്പോടെയും അവിശ്വസ്തതയോടെയും പുതിയ പങ്കാളിയേയും കാണാനിടവരും. ഏതു ബന്ധത്തിലും അടുപ്പത്തിന്റെ സ്വാഭാവം ഒരു പോലെയാണ്. എന്നാൽ അടുപ്പത്തിന്റെ ആഴം വ്യത്യസ്തമാണ്. പുതിയ പങ്കാളിയെ കൂടുതൽ ആഴത്തിൽ ഇഷ്ടപ്പെടാൻ കഴിയും.

വിവാഹ മോചനങ്ങൾ

വിവാഹമോചനങ്ങൾക്കു പ്രധാന കാരണം ജീവിതത്തിലെ ഉൗഷ്മളത നഷ്ടപ്പെടുന്നതാണ്. പലപ്പോഴും ഇത് ലൈംഗികതയാണെന്ന് കരുതും. ആദ്യകാലത്ത് ലൈംഗികതയിൽ താൽപ്പര്യം കൂടും. പിന്നെ കുറയുമ്പോൾ ദു:ഖിക്കാൻ തുടങ്ങും. ബന്ധത്തിൽ ലൈംഗിക ബന്ധത്തിനു നൽകുന്ന അമിത പ്രാധാന്യം ദു:ഖകരമായ കാര്യമാണ്. ഉപാധികളില്ലാത്ത സ്നേഹം കൊണ്ട് ഇതിനെ അതിജീവിക്കാനാവണം.

സ്ത്രീകൾ എപ്പോഴും സ്നേഹിക്കപ്പെടാൻ, ലാളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ പുരുഷന്മാരാവട്ടെ മറ്റ് സൗഹൃദങ്ങളിലും കാഴ്ചകളിലും കൂടുതൽ അഭിരമിക്കുന്നു. ലിംഗപരമായി തന്നെയുള്ളതാണ് ഇൗ വ്യത്യാസം. ഇൗ അടിസ്ഥാനപരമായ വ്യത്യാസം മനസിലാക്കാനും അംഗീകരിക്കാനും പങ്കാളികൾ തയ്യാറാവണം. ഞാൻ ചിന്തിക്കുന്നത് ശരി എന്ന ചിന്ത കളയുന്നതോടെ അനുരഞ്ജനത്തിനുള്ള അന്തരീക്ഷമൊരുങ്ങും.

കുഞ്ഞിക്കാൽ കാണുമ്പോൾ

എന്നാൽ കുട്ടികൾ നേരത്തെ ഉണ്ടാവുന്നത് ഒരർഥത്തിൽ ദാമ്പത്യത്തിന് പ്രശ്നകാരണമാവാം. കുട്ടികളുണ്ടാവുമ്പോഴേയ്ക്ക് ജീവിതത്തിന്റെ അടിത്തറ ഭദ്രമായിട്ടുണ്ടാവില്ല. തുടർന്ന് ശ്രദ്ധ കുട്ടികളിലേക്ക് തിരിഞ്ഞുപോകുന്നതിനാൽ കുഴപ്പങ്ങളൊക്കെ പരിഹരിക്കുന്നതിനു പകരം നീട്ടിവയ്ക്കും.

കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതു കൊണ്ട് പങ്കാളിയുടെ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥയുമുണ്ടാകാം. കുട്ടികളെ വളർത്തുന്ന കാര്യം ആസൂത്രണം ചെയ്യാതെ വരുന്നതിനാൽ കുട്ടികൾ വഴിതെറ്റാനും അപ്പോൾ പരസ്പരം പഴിചാരി ദാമ്പത്യം കുഴപ്പത്തിലാവാനും സാധ്യതയേറെയാണ്.

സംശയരോഗം

വിവാഹമോചനം വരുന്നതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തേതാണ് മദ്യം. ആദ്യമാദ്യം ചെറിയതോതിൽ കഴിക്കും. പിന്നെ അടിമയാകും. വിവാഹമോചനങ്ങളിൽ 50 ശതമാനവും പരിശോധിച്ചാൽ മദ്യമാണ് കാരണമെന്നു മനസിലാകും. കഴിച്ചു കഴിച്ചു വരുമ്പോൾ അഡിക്ഷനാവും. ചിലർക്ക് വിഭ്രാന്തി, ചിലർക്ക് വിഷാദരോഗം എപ്പോഴും ദു:ഖഭാവം, അല്ലെങ്കിൽ ഭാര്യ കരഞ്ഞുകാണാൻ ആഗ്രഹിക്കുക. അത് വിഷാദരോഗികൾ. ചിലർസിഗരറ്റ് കത്തിച്ച് തുടയിൽ വച്ച് പൊള്ളിക്കും. ചിലർക്ക് ചോര കണ്ടാലാണ് സന്തോഷം. മറ്റൊരു കൂട്ടർ സംശയരോഗികൾ. ഭാര്യ കാണാൻ സുന്ദരിയായാൽ, വെളുത്തിരുന്നാൽ, നല്ല വസ്ത്രമുടുത്താലൊക്കെ സംശയം.

ഭാര്യ കുഴപ്പം ചെയ്യരുത് എന്ന നമ്മുടെ ഫീലിങ് കാരണം സംശയരോഗം വർധിക്കുകയാണ്. പ്രത്യേകിച്ച് ജോലി സംബന്ധമായി അകന്നുകഴിയുന്ന കുടുംബങ്ങളിൽ. സ്ത്രീകൾ കൂടുതൽ സ്വാതന്ത്യ്രം എടുക്കുമ്പോഴാണ് സംശയരോഗം വർധിക്കുന്നത്. സ്ത്രീകളും പുരുഷനും ഇടപെടുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്ന് വീട്ടിലിരിക്കുന്ന സ്ത്രീയ്ക്കു പോലും ധാരാളം പേരുമായി ഇടപെടാൻ കഴിയുന്നു. അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരവിശ്വാസമാണ് കാര്യം. ഇൗ വിശ്വാസം ഉണ്ടാകുന്നത് പരസ്പരം പൂർണമായും അറിയുമ്പോഴാണ്. പൂർണമായി അറിയുക എന്നത് ഇല്ലാതെ വരുമ്പോഴാണ് സംശയരോഗം ഉണ്ടാവുന്നത്. സുതാര്യതയാണ് വേണ്ടത്. സ്വഭാവത്തിലെ തകരാറുകളും മറ്റും അംഗീകരിക്കുക. ജോലി, സാമ്പത്തിക സ്ഥിതി, ജീവിത വീക്ഷണം, സമ്പാദ്യത്തെപ്പറ്റിയുള്ള സങ്കല്പം തുടങ്ങിയ കാര്യങ്ങളിലെങ്കിലും കള്ളം പറയാതിരിക്കുക. 10 രൂപ കിട്ടുന്നയാൾ 100 കിട്ടുമെന്നു പറഞ്ഞാൽ അതു കുടുംബജീവിതത്തെ ബാധിക്കും. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്വന്തക്കാർ ഇടപെടും. ഏറ്റവും വലിയ തലവേദന ബന്ധുക്കളുടെ ഇടപെടലാണ്. ബന്ധുക്കൾ ഇടപെട്ട് വഷളാക്കുകയാണ് ചെയ്യുന്നത്.

പൊരുത്തത്തിന്റെ വ്യത്യസ്തത

പലപ്പോഴും ഒരേ സ്വഭാവക്കാർ തമ്മിൽ പൊരുത്തപ്പെട്ടുപോകാനാണ് ബുദ്ധിമുട്ട്. ഉദാഹരണത്തിന് രണ്ടുപേരും വാശിക്കാരാണെങ്കിൽ ജീവിതം വഷളാവും. ഒരാൾ വളരെ പതിഞ്ഞ സ്വഭാവക്കാരനും മറ്റൊരാൾ ദേഷ്യക്കാരനുമാണെങ്കിൽ ഒരാൾ മറ്റൊരാളെ നിരന്തരം വഴക്കു പറഞ്ഞുകൊണ്ടേയിരിക്കും. മറ്റെയാൾ കേട്ടുകൊണ്ടേയിരിക്കും. പുറമേ ജീവിതം ശാന്തമായിരിക്കും. പക്ഷേ ഒരാൾ എല്ലാം സഹിക്കുകയാണ്. ആ ശാന്തത ശാന്തതയല്ല എന്നും മനസിലാക്കണം. പുറത്ത് മാതൃകാ ദമ്പതികളായി അറിയപ്പെട്ടു എന്നും പറയുന്നു. സഹിക്കാൻ പറ്റാതെ വരുമ്പോൾ ഒരാൾ കൈമുറിച്ചോ ഗുളിക കഴിച്ചോ ആശുപത്രിയിൽ വരുന്നു. അപ്പോഴായിരിക്കും കാര്യങ്ങൾ പുറത്തറിയുന്നത്.

രണ്ടുപേരും സന്തോഷത്തോടെ ഒരുപാട് പണം ചെലവാക്കുന്നവരായിരിക്കും. ചെലവാക്കി ചെലവാക്കി അവസാനം കടത്തിലേക്കെത്തുമ്പോഴായിരിക്കും പ്രശ്നമുണ്ടാവുക. പരസ്പരം കുറ്റപ്പെടുത്തലുകളും മറ്റുമുണ്ടാവും.

വിവാഹജീവിതത്തിൽ പരസ്പരം പങ്കുവയ്ക്കാനുള്ള മാനസികമായ ഇടം ഉണ്ടാവണം. ഒരുപാട് പൊരുത്തക്കേടുകൾ ഉള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. ഒരാൾ വലിയ സമ്പന്നനും മറ്റേയാൾ തീരെ ദരിദ്രനും ആയാലും വ്യക്തിത്വങ്ങളുടെ കാര്യത്തിൽ ഇരു ധ്രുവങ്ങളിലാണെങ്കിലും പൊരുത്തക്കേടുകൾ വരാം. മൂല്യങ്ങളുടെ കാര്യത്തിലും ജീവിതവീക്ഷണത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസം വന്നാൽ ഇവർക്ക് പെരുമാറാനുള്ള പൊതുവായി ഇടം ഇല്ലാതെ വരും. എന്റെ മനസിലെ സങ്കല്പം, എന്റെ താൽപ്പര്യങ്ങൾ, അതിനനുസരിച്ച് എന്റെ ഭാര്യയെ മാറ്റിയെടുക്കണം എന്നൊരാൾ ചിന്തിച്ചാൽ പ്രശ്നമായി.

ഭാര്യ ആരെപ്പോലെയാകണം?

ഭാര്യ എന്റെ അമ്മയെപ്പോലെയാകണം, അല്ലെങ്കിൽ ചേച്ചിയെപ്പോലെയാകണം, അല്ലെങ്കിൽ എന്റെ കൂടെപ്പഠിച്ച ഇന്നയാളെപ്പോലെയാകണം എന്നു വാശിപിടിചാൽ സംഗതി കുഴയും. നമ്മൾ ഗുണഗണങ്ങൾ ആണ് പരിഗണിക്കേണ്ടത്, അവയ്ക്ക് ആൾരൂപം കൊടുക്കാൻ ശ്രമിക്കരുത്. രൂപം കൊടുത്തുകഴിഞ്ഞാൽ നമ്മൾ താരതമ്യംചെയ്തു നോക്കാൻ ശ്രമിക്കും. തുടർന്ന് പ്രശ്നമാവും.അതിനാൽ ഞാൻ ആഗ്രഹിക്കുന്നത് ഇന്നയിന്ന ഗുണങ്ങൾ ഉള്ള ആളെയാണ് എന്ന് ചിന്തി‘ക്കുക. ആ പ്രതീക്ഷകൾ വിവാഹത്തിനു മുമ്പേ തുറന്നുപറയാൻ കഴിഞ്ഞാൽ നന്നായി.

ഇൗ പ്രതീക്ഷകൾ പരസ്പരം സ്വീകരിക്കാനും തയാറാവണം. അതിനു പകരം അയാൾ ഇങ്ങനെയൊക്കെ പറയുന്നു, കല്യാണം കഴിഞ്ഞാൽ മാറ്റിയെടുക്കാം എന്നു മനസിൽ കരുതരുത്. അല്ലെങ്കിൽ എന്റെ കൈയിൽ കിട്ടിയാൽ അവളെ ഞാൻ മാറ്റിയെടുക്കാം എന്നു വിചാരിക്കരുത്. സാധിക്കില്ല. ദാമ്പത്യം കലഹമയമാവും.

അരുതാത്തത്

നിസാരപ്രശ്നങ്ങൾക്കു പോലും ദുർമുഖം കാട്ടുക, ഒരാളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചതായി നിരന്തരം കുറ്റപ്പെടുത്തുക, സെക്സിനോട് വിരക്തി കാട്ടുക, പങ്കാളിയുടെ ജീവിതരീതികൾ മാറ്റാൻ ആവശ്യപ്പെടുക, എന്നെപ്പോലെ സ്നേഹിക്കൂ എന്നു നിരന്തരം പറയുക, പങ്കാളി പറയുന്നത് അസാധ്യം എന്നു പറഞ്ഞ് തള്ളുക,ചിന്തകളും വികാരങ്ങളും മറച്ചുപിടിക്കുക, എന്റെ പങ്കാളിയെപ്പോലെയാണോ നിങ്ങളുടേതെന്ന് മറ്റുള്ളവരോട് ചോദിക്കുക , ജോലിയിലോ മറ്റെന്തെങ്കിലും പ്രവൃത്തിയിലോ മുഴുകി പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുക, ജീവിതം കുട്ടികൾക്കു വേണ്ടി പരിമിതപ്പെടുത്തുക, വിവാഹേതര ബന്ധത്തിൽ പെടുക, ഇവയിലേതെങ്കിലും ഉണ്ടായാൽ ഒന്നുകിൽ ഇപ്പോഴുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതാവും ഫലം. ഒരു സമാന്തരജീവിതം. അല്ലെങ്കിൽ വിവാഹമോചനം.

അച്ഛനമ്മമാരെ അനുകരിക്കാനുള്ള പ്രവണത, കുട്ടിക്കാലത്തുണ്ടായ തിക്താനുഭവങ്ങൾ, കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനങ്ങൾ എന്നിവ അടുപ്പം നഷ്ടപ്പെടാൻ കാരണമാകും.പങ്കാളി സ്നേഹപ്രകടനം നടത്തുമ്പോൾ മുഖം തിരിച്ചാൽ അത് മറുപക്ഷത്തിനുഅപമാനിക്കപ്പെട്ടതുപോലൊരു അനുഭവമാകും. ആഹ്ലാദം കൊണ്ടു ത്രസിച്ചു നിൽക്കുമ്പോൾ തീർത്തും തണുത്ത പ്രതികരണമാണ് നൽകുന്നതെങ്കിൽ എങ്ങനെ ആ ജീവിതം ആഹ്ലാദകരമാവും?

‘കുട്ടികൾക്കു വേണ്ടി മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത്’ എന്നു പറയുന്നരുണ്ട്.. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ വ്യർഥമാക്കിക്കളഞ്ഞിട്ട് അതിന്റെ കാരണക്കാരായി കുട്ടികൾ. ജീവിക്കാൻ ജോലി വേണം. ജോലിയിൽ നിന്ന് സംതൃപ്തിയും കിട്ടാം. എന്നാൽ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടാനുള്ള രക്ഷാമാർഗമാവാൻ പാടില്ല. മദ്യവും മയക്കുമരുന്നുകളുമാണ് മറ്റൊരപകടം.

പങ്കാളിയോടു പറയാനാകാത്ത പലതും കൂട്ടുകാരോടു പറയാനാകുമെന്നൊരു വിശ്വാസമുണ്ട്. പങ്കാളിയോടു പറയേണ്ടതും ചെയ്യേണ്ടതും ഇങ്ങനെയൊക്കെ എന്നൊരു മുൻവിധിയുമുണ്ട് ദാമ്പത്യത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടർ ആത്മീയതയിലേക്ക് തിരിയും.എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾക്ക് ദാമ്പത്യത്തിൽ നിന്നു കിട്ടുന്നതിനേക്കാൾ സന്തോഷം കിട്ടുന്നു എന്നു തോന്നിയാൽ സൂക്ഷിക്കുക. നിങ്ങൾക്ക് പരിഹാരമാർഗം തേടാൻ സമയമായി .

വേണ്ടത്

പരസ്പരം ചതിക്കില്ലെന്നും കുടുംബപ്രശ്നങ്ങൾ ഇട്ടുതന്നിട്ട് ഓടിയൊളിക്കില്ലെന്നും പരസ്പരം വിശ്വാസം വേണം. പരസ്പരം കഴിവുകളും ഗുണഗണങ്ങളും മനസിലാക്കുമ്പോഴാണ് ബഹുമാനം ഉടലെടുക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രധാനം പരസ്പരം മാനുഷിക ഗുണങ്ങൾ കണ്ടെത്തുകയാണ്. എങ്കിൽ ബഹുമാനം നിലനിൽക്കും. മേൽപറഞ്ഞ ഗുണമൊക്കെയുണ്ടായാൽ സ്വാഭാവികമായും അടുപ്പവുമുണ്ടാകും. അടുപ്പത്തിനുള്ള പല കാരണങ്ങളിലൊന്ന് സെക്സ് ആണ്. അടുപ്പം കുറയുന്നു എന്നു തോന്നിയാൽ സ്നേഹവും വിശ്വസ്ഥതയും പരസ്പര ബഹുമാനവും വളർത്തിയെടുക്കുക. ക്രമേണ അടുപ്പം തിരിച്ചുവരും. ‘ അഭിപ്രായവ്യത്യാസമുണ്ട്. അതു പരിഹരിക്കേണ്ടതാണ്’ എന്ന് ചിന്തിക്കുകയാണ് ആദ്യപടി. കലഹം ജീവിതത്തിലുണ്ടെന്ന് പലപ്പോഴും അംഗീകരിക്കില്ല. പകരം അത് പങ്കാളിയുടെ കുറ്റമായി പറയും. നമ്മിൽ നിന്ന് തന്നെ ഒളിച്ചോടും. ക്രമേണ കലഹം നമ്മെ വിഴുങ്ങും. രക്ഷപ്പെടാൻ ഒരുവഴിയേയുള്ളൂ. കലഹമുണ്ട് എന്ന സത്യം അംഗീകരിക്കുക.

കലഹം ഉണ്ടെന്ന് അംഗീകരിച്ചാൽ അടുത്ത പടി കാരണം തേടുകയാണ്. മനസിലെ പൊരുത്തക്കേടുകളാവും കാരണം. അത് ബുദ്ധിപരമായ സംഘർഷമാണെങ്കിൽ യുക്തി കൊണ്ട് പരിഹാരം നിർദേശിക്കാം. വൈകാരികമായ സംഘർഷമാണെങ്കിൽ മറ്റുമാർഗങ്ങൾ അവലംബിക്കേണ്ടി വരും. പഴയ സന്ദർഭങ്ങളോ ബന്ധങ്ങളോ നാണക്കേടുണ്ടാക്കിയ എന്തെങ്കിലും സംഭവങ്ങളോ മാതാപിതാക്കളുമായുള്ള എന്തെങ്കിലും പ്രശ്നമാണോ എന്നൊക്കെ പങ്കാളിയുമായി ചർച്ച ചെയ്യുക. പങ്കാളിയുടെ ഉപദേശങ്ങൾ കേൾക്കുക. പങ്കാളിയുടെ ദൗർബല്യങ്ങളും കേൾക്കുക. അങ്ങനെ ഒരു പുതിയ അടുപ്പം സൃഷ്ടിക്കുക.

ഈ തൂണുകളിൽ പിടിക്കൂ

നല്ല വിവാഹജീവിതം ഉറപ്പിച്ചു നിർത്തുന്നത് നാലു തൂണുകളുടെ ശക്തിയിലാണ്. സ്നേഹം, പരസ്പര ബഹുമാനം, വിശ്വാസം, അടുപ്പം. ഇവ സ്വാഭാവികമായി ഉണ്ടാവുന്നതാണെങ്കിലും ബോധപൂർവം വളർത്താൻ തയാറാവണം. സ്നേഹംജീവിതാന്ത്യം വരെ രണ്ടുപേരെ മനസുകൊണ്ട് അടുപ്പിച്ചു നിർത്തുന്നതാവണം. വേണ്ടത് പരിധികളില്ലാത്ത സ്നേഹമാണ്. ഞാൻ മറയൊന്നുമില്ലാതെ സ്നേഹിക്കുന്നു. മറിച്ചും ആയാലെന്താ കുഴപ്പം എന്ന് പങ്കാളികളിലൊരാൾ ചിന്തിക്കുമ്പോൾ അവിടെ വ്യവസ്ഥ വയ്ക്കുകയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ വ്യവസ്ഥ വയ്ക്കരുത്. വ്യവസ്ഥ വച്ചാൽ അതിനൊപ്പം ഉയരാതെ പോയാൽ പ്രശ്നം ഉടലെടുക്കും.

വീണ്ടും ചില വിജയകാര്യങ്ങൾ

∙ ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരു ദിവസമെങ്കിലും പങ്കാളിയുടെ ഒപ്പം ചെലവഴിക്കുക

∙ അന്നന്ന് നടക്കുന്ന നിസാര കാര്യങ്ങൾ പോലും പങ്കാളിയുമായി ചർച്ച ചെയ്യുക.

∙ പങ്കാളിയുടെ വികാര പ്രകടനങ്ങൾ ശ്രദ്ധിക്കുക.

∙ ഒരുമിച്ചു ചെയ്യാവുന്ന ജോലികൾ ഒരുമിച്ച് ചെയ്യുക.

∙ വാർഷിക അവധിയെടുത്ത് യാത്ര പോവുക

∙ ഒന്നും ഒളിച്ചുവയ്ക്കാതിരിക്കുക, ഫലം മോശമാകുമെങ്കിൽക്കൂടി.

∙ കൂടുതൽ സമയം കുടുംബത്തിനായി നീക്കിവയ്ക്കുക.

∙ വിവാഹത്തെക്കുറിച്ച് കുടുംബജീവിതത്തെക്കുറിച്ച്നല്ല രീതിയിൽ കൗൺസലിങ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നൽകണം. സ്കൂളുകളിലും കോളജുകളിലും ഉണ്ടാകണം. കല്യാണത്തിനു മുമ്പ് രണ്ടോ മൂന്നോ മാസം വിവാഹപൂർവ ക്ലാസുകൾ നൽകാൻ സംവിധാനം വേണം.

∙കല്യാണത്തിനു മുമ്പുതന്നെ ലൈംഗിക വിദ്യാഭ്യാസം നൽകാൻ നടപടി വേണം. എല്ലാവർക്കും പോരായ്മകളുണ്ട്. ആ പോരായ്മകൾ തിരിച്ചറിഞ്ഞ് കുറേയൊക്കെ സ്നേഹപൂർവം സഹിക്കുക എന്ന തലത്തിലെത്തണം. ഭാര്യ മാത്രം സഹിക്കണം എന്നല്ല. സ്ത്രീ കൂടുതൽ സഹിക്കുന്നു എന്നു പറയുന്നത് ഒരു വസ്തുതയാണെങ്കിൽ പോലും സഹനം പുരുഷന്റെ തലത്തിലും വേണം. ഇൗ സഹനം സന്തോഷത്തിലേക്ക് നയിച്ചാലേ അർഥമുള്ളൂ. മരുന്നുകളുടെ പാർശ്വഫലങ്ങൾ നമ്മൾ സഹിക്കുന്നത് മൊത്തത്തിൽ ഗുണം കിട്ടാൻ വേണ്ടിയാണെന്നപോലെ തന്നെ.

വിട്ടുവീഴ്ചകൾ

മനുഷ്യജീവിതം ഏതു മേഖലകളിലും സാധ്യമാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഓഫിസിലായാലും സുഹൃദ്ബന്ധത്തിലായാലും അതു വേണം. ആ തത്വംതന്നെയാണ് വിവാഹത്തിന്റെ കാര്യത്തിലും. കാരണം വിവാഹജീവിതവും രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധമാണല്ലോ.

കുടുംബങ്ങളുടെ സംഗമം

‘ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ ,അമ്മായിഅമ്മ പ്രശ്നക്കാരിയാകുമോ, സ്വന്തം വീട്ടിലേതു പോലെ സ്നേഹവും സ്വാതന്ത്യ്രവും കിട്ടുമോ... ഇങ്ങനെയിങ്ങനെ നൂറുകൂട്ടം പ്രശ്നോത്തരികളുമായി വധുവിന്റെ മനസ് ഭയവിഹ്വലമാകും. വധു അന്യയല്ലെന്നും വീട്ടിലെ പുതിയ അംഗമാണെന്നുമുള്ള ധാരണ വരന്റെ കുടുംബത്തിൽ എല്ലാവർക്കുമുണ്ടാകണം. വീട്ടിലെ സന്തോഷങ്ങളും ദുഃഖങ്ങളും അവളിൽനിന്ന് ഒളിച്ചു വയ്ക്കേണ്ടതില്ല. സ്വപ്നങ്ങളിൽനിന്നും ഏറെ അകലെയായിരിക്കും വരന്റെ വീട്ടിലെ അനുഭവങ്ങൾ. പക്ഷേ തളരേണ്ടതില്ല. പുതിയ ജീവിതത്തിന്റെ നല്ല വശങ്ങളെക്കുറിച്ചോർത്തു സന്തോഷിക്കുക. അപ്പോൾ ചീത്ത വശങ്ങൾ നിങ്ങളെ ശല്യം ചെയ്യില്ല. ഞങ്ങൾ ഭൂമിയിലെ ഏക നവദമ്പതികളാണ്’ എന്ന മട്ടിൽ ഭാര്യയും ഭർത്താവും മറ്റു കുടുംബാംഗങ്ങളുടെ മുമ്പിൽ അടുത്തു പെരുമാറുന്നത് സുഖകരമല്ല ഭർത്താവിനെ കൈവശപ്പെടുത്തി, ഭർതൃവീട്ടുകാരെ ശത്രുക്കളായി കരുതുമ്പോഴാണ് പ്രശ്നങ്ങളും വാക്കേറ്റവും ഉടലെടുക്കുന്നത്.

ഏത് അമ്മായിഅമ്മ– മരുമകൾ പോരും മകന്/ഭർത്താവിന് രമ്യതയിലെത്തിക്കാൻ കഴിയുന്നതേയുള്ളു. നല്ല ഭർത്താവ് രണ്ടു വഞ്ചിയിൽ കാൽ ചവിട്ടിയാലേ ജീവിതത്തിനു ബാലൻസ് കിട്ടൂ. അമ്മ ഭാര്യയെക്കുറിച്ചു ദൂഷണം പറയുമ്പോൾ അതൊരു വലിയ തെറ്റായി ഭാര്യയുടെ മുമ്പിൽ അവതരിപ്പിക്കാതെയും ഭാര്യയുടെ ആവലാതികൾ കേട്ട് അമ്മയെ ചോദ്യം ചെയ്യാതെയും നല്ലപിള്ളയായി കഴിയുമ്പോൾ കലഹങ്ങൾ ഒഴിഞ്ഞു പോകും. ചെയ്തു തീർക്കാത്ത കാര്യങ്ങളെച്ചൊല്ലി പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. ദാമ്പത്യം തകരാൻ അനവസരത്തിലെ ഒരു വാക്കു മതിയാവും. തകർന്നതു കെട്ടിപ്പടുക്കാൻ ഒരിക്കലും കഴിഞ്ഞെന്നു വരില്ല.

രണ്ടുപേരും ജോലിക്കാരാകുമ്പോൾ എല്ലാം ഭാര്യചെയ്യണമെന്ന് ശഠിക്കരുത്. ഭാര്യ അടുക്കളയിൽ ജോലിയെടുക്കുമ്പോൾ കുട്ടികളുടെ പഠനക്കാര്യം ഭർത്താവ് ഏറ്റെടുക്കണം. ഇടയ്ക്ക് അടുക്കളയിൽ കറിക്കരിയാനും മറ്റും ഒരു കൈ സഹായം ചെയ്യാം. തുണി നനയ്ക്കുന്ന ഭാര്യക്ക് കുട്ടിയെ കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്ന ഭർത്താവ്. ജോലി സമയം മാറുന്നതിനനുസരിച്ച് ജോലി ഭാരം പങ്കു വയ്ക്കാൻ ഭാര്യയും ഭർത്താവും തയ്യാറാകണം. വീട്ടിലേയ്ക്കുള്ള അത്യാവശ്യ സാധനങ്ങൾ ഭാര്യമാർക്കു വാങ്ങി വരാവുന്നതേയുള്ളു.

∙ബന്ധുക്കളുടെ സഹകരണം ഉദ്യോഗസ്ഥദമ്പതികൾക്ക് അനിവാര്യം. കുട്ടികളുണ്ടായാൽ അവരെ വളർത്തുന്ന ഘട്ടത്തിൽ വിശേഷിച്ചും. അമ്മ പ്രസവിച്ച് അമ്മൂമ്മയും അപ്പൂപ്പനും വളർത്തണം എന്നാണല്ലോ .

∙ഭാര്യയുടെ/ഭർത്താവിന്റെ തൊഴിൽ സ്വഭാവം ഭാര്യമനസിലാക്കണം. ഡോക്ടറോ പത്രപ്രവർത്തകരോ ഗവേഷകരോ നഴ്സോ ആണെങ്കിൽ രാത്രിയും പോകേണ്ടിവന്നേക്കാം.അതിനു തടസം പറയുകയോ സംശയം പ്രകടിപ്പിക്കുകയോ അരുത്. ഇലക്ഷൻഡ്യൂട്ടിക്ക് ഒരു ദിവസം രാത്രി പോയതിന് ഭാര്യയെ ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്നവർ ഇക്കാലത്തുമുണ്ട്. ഏതായാലും ഇണയും ഒരു സ്വതന്ത്രവ്യക്തിയാണെന്ന് തിരിച്ചറിയുക

പുതിയ തലമുറയിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് തങ്ങളെ വളരെ‘കെയർ’ ചെയ്യുന്ന ഒരു ഭർത്താവിനെയാണ്. സംരക്ഷിച്ചാൽ മാത്രം പോരാ .സ്നേഹിക്കുന്നുവെന്നതിനു ചില പ്രകടനം വേണം. അവളുടെ പിറന്നാളോർത്തുവച്ച് സമ്മാനം കൊടുത്തോ അവളുടെ ബന്ധുക്കളെയും വീട്ടുകാരെയും വളരെ താൽപര്യപൂർവം അന്വേഷിച്ചോ അവളുടെ വേദനകളിൽ അലിവോടെ ഇടപെട്ടും ആശ്വസിപ്പിച്ചുമോ ഒക്കെയാകണം. കെയറിങ് അല്ലാത്ത പുരുഷനെ വേണ്ടെന്ന് നാളത്തെ പെൺകുട്ടികൾ പറയാനിടയുണ്ടെന്ന് ഇന്നത്തെ പുരുഷൻമാർ ഓർക്കുന്നത് നന്നായിരിക്കും.

പറയുന്നത് ഫെമിനിസമാണെന്ന് എഴുതിത്തള്ളരുത്. കുടുംബത്തിനായി ജോലിചെയ്തു ക്ഷീണിച്ചുവരുന്ന ഭാര്യക്ക് ഒരു ഗ്ലാസ് ചായനീട്ടുന്നത് നിങ്ങൾ മനുഷ്യത്വമുള്ളവനാണെന്നു തെളിയിക്കാനുള്ള അവസരമാണ്.അതു കളയരുത്.നമുക്ക് നല്ല മനുഷ്യരാകണം.നല്ല കുടുംബവും വേണം.

സ്നേഹത്തിന്റെ കിളിക്കൂട്. അവിടെനിന്ന് പങ്കുവയ്ക്കലിന്റെയും സന്തോഷത്തിന്റെയും കളകൂജനങ്ങൾ മാത്രം.

വിവരങ്ങള്‍ക്കു കടപ്പാട് : ഡോ.ബിന്ദു മേനോൻ, തൃശൂര്‍ ‍, അഡ്വ. അജിത് ചന്ദ്രന്‍

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.