കൺമണീ... മരണം നിന്നെ കൊണ്ടുപോകുംമുൻപേ എടുത്തോട്ടേ ഒരു ചിത്രം

നാലാമതും ഗർഭം ധരിച്ചപ്പോൾ, ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങളാണ് എന്നറിഞ്ഞപ്പോൾ ബ്രിട്ടൻ സ്വദേശി ചാർമൈൻ വിൻസറും ഭർത്താവും ഏറെ സന്തോഷിച്ചു. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൂട്ടായി ഇതാ  ഇരട്ട കുഞ്ഞുങ്ങൾ കൂടി വരാൻ പോകുന്നു. കാഴ്ചയിൽ ഒരുപോലെയിരിക്കുന്ന രണ്ടു തങ്കകുടങ്ങളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും വിൻസൻ ദമ്പതിമാർ പൂർത്തിയാക്കി. ഒടുവിൽ, ഇരുപത്തിയഞ്ചാം ആഴ്ചയിലെ സ്കാനിംഗിന് എത്തിയപ്പോഴാണ് വിൻസർ ദമ്പതിമാരെ ഞെട്ടിച്ചുകൊണ്ടുള്ള ആ വാർത്ത ഡോക്ടർമാർ പറഞ്ഞത്. ഗർഭസ്ഥ ശിശുക്കൾ അപൂർവമായ ഒരു രോഗാവസ്ഥയെ നേരിടുകയാണ്. ട്വിൻ റ്റു ട്വിൻ ട്രാൻസ്‌ഫ്യൂഷൻ സിൻഡ്രോം എന്ന അവസ്ഥയാണ് കുഞ്ഞുങ്ങൾക്ക്. അതായത് രക്തം ഒരുകുഞ്ഞിൽ നിന്നും മറ്റേ കുഞ്ഞിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഒരു കുട്ടിയിൽ രക്തം നിറയുമ്പോൾ മറ്റേ കുട്ടിക്ക് രക്തംനഷ്ടമാകുകയാണ്. അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഒരേപോലെ ജീവഹാനി ഉണ്ടാക്കാൻ കഴിയുന്ന രോഗാവസ്ഥ. 

ചാർമൈൻന്റെ മുന്നിൽ പ്രതിവിധിയായി ഡോക്ടർമാർ രണ്ടു മാർഗങ്ങളാണ് വച്ചത്. ഒന്നുകിൽ 25 ആഴ്ചകൾ വളർച്ച പൂർത്തിയാക്കിയ ഭ്രൂണങ്ങളെ പ്രസവിക്കുക. അല്ലെങ്കിൽ മരണത്തിനു വിട്ടു കൊടുക്കുക. തീരുമാനം ഉടൻ വേണം, പ്രസവം ഇപ്പോൾ വേണ്ട എന്നാണ് തീരുമാനം എങ്കിൽ അടുത്ത 4  മണിക്കൂറിനുള്ളിൽ കുഞ്ഞുങ്ങൾ മരിച്ചിരിക്കും. 

ചാർമൈൻ കൂടുതലൊന്നും ആലോചിച്ചില്ല. തന്റെ മൂത്തകുട്ടികളെ കെയർ സെന്ററുകളിൽ ആക്കി, വീട്ടുകാരെ വിവരമറിയിച്ചു. പ്രസവം നടന്നു. തൂക്കം വളരെ കുറഞ്ഞ രണ്ട് ആൺകുഞ്ഞുങ്ങൾ. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞുങ്ങളെ സ്‌പെഷ്യൽ കെയർ സെല്ലുകളിലേക്ക് മാറ്റി. ഒരു കുഞ്ഞിന് കൊന്നോർ എന്നും മറ്റേ കുഞ്ഞിന് ലേവി എന്നും പേരിട്ടു. 

എന്നാൽ കുഞ്ഞുങ്ങളുടെ ആരോഗ്യനില തീർത്തും വഷളായിരുന്നു. ആറ് ദിവസത്തോളം ഇങ്കുബേറ്ററിലാണ് കുഞ്ഞുങ്ങൾ കിടന്നത്. കൊന്നോറിന്റെ നില ഇതിനിടെ കൂടുതൽ വഷളായി. കുഞ്ഞിന്റെ കിഡ്‌നിയുടെ പ്രവർത്തനം നിലച്ചു. ഒരു കുടുംബം മുഴുവൻ മാസം തികയാതെ ജനിച്ച ആ കുഞ്ഞിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്നാൽ ഓരോ ദിവസം ചെല്ലുംതോറും കുഞ്ഞിന്റെ നില കൂടുതൽ വഷളായി വന്നു. ഏതു വിധേനയും കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചു കൊണ്ടിരുന്നു. 'നമ്മൾ അവനെ മരണത്തിനു വിട്ടുകൊടുത്തെ മതിയാകൂ'  ഒടുവിൽ ഡോക്ടമാർ പറഞ്ഞു. അത് സമ്മതിച്ചു കൊടുക്കുകയെ ചാർമൈൻനു നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനിടെ തന്റെ സഹോദരൻ മരണത്തെ അഭിമുഖീകരിക്കുകയാണ് എന്ന് മനസിലാക്കിയ പോലെ ലേവി അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. 

തന്റെ കുഞ്ഞുങ്ങളുടെ ഓർമയ്ക്കായി അവരുടെ ഒരുമിച്ചുള്ള ചിത്രം വേണമെന്ന് ആ അമ്മ ആഗ്രഹിച്ചു. ആശുപത്രി അധികൃതർ ആ അമ്മയ്ക്ക് ഒപ്പം നിന്നു. ജീവൻ രക്ഷാഉപാധികൾ ഘടിപ്പിച്ചു കിടന്നിരുന്ന കൊന്നോറിനെ ബാപ്റ്റിസം വസ്ത്രം ധരിപ്പിച്ചു സഹോദരൻ ലേവിക്കൊപ്പം കിടത്തി ഫോട്ടോ എടുത്തു. മറ്റു സഹോദരന്മാർക്ക് അവനെ എടുക്കാനുള്ള അവസരം നൽകി. ഒടുവിൽ ജീവൻ രക്ഷാ ഉപാധികൾ വിഘടിപ്പിച്ച് കുഞ്ഞു കൊന്നോറിനെ മാലാഖമാരുടെ ലോകത്തേക്ക് പറഞ്ഞയച്ചു. 

ലേവി സാവധാനം സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇപ്പോൾ അവന് ഒരു വയസ്സ് കഴിഞ്ഞു. തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ കഥ 'അമ്മ ചാർമൈൻ തന്നെയാണ് ഇപ്പോൾ ലോകത്തോട് പങ്കുവച്ചിരിക്കുന്നത്.