കംഗാരുവിന്റെ നാട്ടിലെ 'ചായ്‌വാലി' സുന്ദരി

ചിത്രങ്ങൾക്ക് കടപ്പാട്: ചായ്‌വാലി ഇന്‍സ്റ്റഗ്രാം

അഭിഭാഷകയാകാനാണ് ഉപ്പ്മ വിര്‍ദി പഠിച്ചത്. കോര്‍പ്പറേറ്റ് ലോയര്‍ ആയി ജോലിയും ചെയ്യുന്നു ഉപ്പ്മ. എന്നാല്‍ 26കാരിയായ ഈ ഇന്ത്യന്‍ സുന്ദരിയെ കംഗാരുവിന്റെ നാട്ടില്‍ പ്രശസ്തയാക്കിയത് അവളുടെ ചായ അടിക്കാനുള്ള കഴിവാണ്. കഴിഞ്ഞയാഴ്ച്ച ഓസ്‌ട്രേലിയയിലെ ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍ പട്ടം നേടി തന്റെ സംരംഭത്തിന് മാറ്റു കൂട്ടി  ഉപ്പ്മ.

ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക് കാപ്പിയോടാണ് താല്‍പ്പര്യം. എന്നാല്‍ അത് തിരുത്തിക്കുറിക്കുകയാണ്  ഉപ്പ്മ. കാപ്പിയുടെ കുത്തക കമ്പനികള്‍ ഇന്നവളെ കണ്ട് പേടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉപ്പ്മയുടെ ചായ കുടിച്ച് മനം നിറഞ്ഞ് നിരവധി കാപ്പി ലവേഴ്‌സ് ഇന്ന് ചായ് വാലിയോടൊപ്പം ചേര്‍ന്നു കഴിഞ്ഞു. അതോടെ ബിസിനസും കൂടി. ഇന്ന് ഓസ്‌ട്രേലിയയില്‍ വിജയകരമായ ചായ് വാലി എന്ന റീട്ടെയ്ല്‍ സംരംഭം നടത്തുന്നു ഉപ്പ്മ വിര്‍ദി. 

ചിത്രങ്ങൾക്ക് കടപ്പാട്: ചായ്‌വാലി ഇന്‍സ്റ്റഗ്രാം

ഓണ്‍ലൈന്‍ ഷോപ്പ് ആയി തുടങ്ങിയ സംരംഭം, ചായ കുടിച്ചവര്‍ പറഞ്ഞറിഞ്ഞും സുഹൃത്തുക്കള്‍ വഴിയും സോഷ്യല്‍ മീഡിയ കാംപെയ്‌നുകളിലൂടെയും എല്ലാമാണ് വളര്‍ന്നത്. 

ആയുര്‍വേദത്തില്‍ നിപുണനായിരുന്ന മുത്തച്ഛനില്‍ നിന്നാണ് ഉപ്പ്മ ചായ ഉണ്ടാക്കുന്ന ടെക്‌നിക് പഠിച്ചെടുത്തത്. ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസത്തിനു പോയപ്പോള്‍ അവള്‍ക്ക് തന്റെ മുത്തച്ഛന്റെ ചായ മിസ് ചെയ്തു. അങ്ങനെയാണ് അവള്‍ ചായ അടിക്കാന്‍ തുടങ്ങിയത്.

ചിത്രങ്ങൾക്ക് കടപ്പാട്: ചായ്‌വാലി ഇന്‍സ്റ്റഗ്രാം

ഇന്ത്യന്‍ സംസ്‌കാരത്തെ ചായയിലൂടെ ഓസ്‌ട്രേലിയന്‍ സമൂഹത്തെ പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഉപ്പ്മ പറയുന്നു. തന്റെ സ്‌പെഷല്‍ ചായ എങ്ങനെ  ഉണ്ടാക്കാമെന്ന് പഠിപ്പിക്കുന്നതിനായി ദി ആര്‍ട്ട് ഓഫ് ചായ് ശില്‍പ്പശാലകളും ഉപ്പ്മ സംഘടിപ്പിക്കുന്നുണ്ട്.