Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ദമ്പതികളൊരു സംഭവാട്ടാ...

Suraj-Ann സൂരജും ആനും

നാടും വിട്ട് പ്രവാസത്തിലേക്കു പറന്നാലും നാട്ടിലെ തള്ളും തമാശയും മറക്കാൻ പറ്റുമോ? പ്രത്യേകിച്ച് മലയാളികൾക്ക്. സിംഗപ്പൂരിലെത്തിയ ഒരു കൂട്ടം മലയാളികൾക്കും സംഭവിച്ചത് അതാണ്. നാട്ടിലെ കോമഡി മറക്കാൻ പറ്റാതായതോടെ അവർ തനിമലയാളത്തിൽ അവിടെയും തുടങ്ങി ‘തമാശയും തള്ളും’. യൂട്യൂബിൽ തുടങ്ങിയ വിഡിയോ ചാനലിന് അവരിട്ട പേരു തന്നെ ‘വി ആർ എ സംഭവം’ എന്നായിരുന്നു. ഇതിനു നേതൃത്വം നൽകുന്നതാകട്ടെ ദമ്പതികളായ സൂരജും ആനും. (മി. ആൻഡ് മിസിസ് സംഭവം എന്നാണ് ഇരുവരുടെയും നെറ്റ്‌ലോകത്തെ ഓമനപ്പേര്).

സിംഗപ്പൂരിലെ ഒരു പബ്ലിഷിങ് കമ്പനിയിൽ ജനറൽ മാനേജരാണ് സൂരജ്. ഇലക്ട്രോണിക്സ് എൻജിനീയറാണ് ആൻ. തിരക്കേറിയ ജോലിക്കിടയിൽ വീണു കിട്ടുന്ന സമയം കൊണ്ടാണ് ‘വി ആർ എ സംഭവം’ സംഘം വിഡിയോ സാഹസങ്ങളെല്ലാം ഒരുക്കുന്നത്. കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, കളറിങ് ഉൾപ്പെടെ സൂരജിന്റെ ചുമതലയാണ്. സ്വന്തമായി സംവിധാനം ചെയ്യുന്നൊരു സിനിമയെന്ന സ്വപ്നവുമായി നടക്കുന്ന സൂരജാകട്ടെ സിനിമയുടെ സാങ്കേതിക വശങ്ങളെല്ലാം പഠിച്ചെടുത്തത് ഇന്റർനെറ്റ് വഴിയും. പഠിച്ചതിൽ ചിലത് ‘സംഭവം സംഘ’ത്തിലെ മറ്റുള്ളവർക്കും പഠിപ്പിച്ചു കൊടുത്തതോടെ വിഡിയോ സംഘം റെഡി. കോസ്റ്റ്യൂം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ ചുമതല ആനിനാണ്. കക്ഷിയുടെയും താൽപര്യം അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയാണ്.

Suraj-Ann സിംഗപ്പൂരിലെ ഒരു പബ്ലിഷിങ് കമ്പനിയിൽ ജനറൽ മാനേജരാണ് സൂരജ്. ഇലക്ട്രോണിക്സ് എൻജിനീയറാണ് ആൻ. തിരക്കേറിയ ജോലിക്കിടയിൽ വീണു കിട്ടുന്ന സമയം കൊണ്ടാണ് ‘വി ആർ എ സംഭവം’ സംഘം വിഡിയോ സാഹസങ്ങളെല്ലാം ഒരുക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച ഈ ചാനൽ പേരുപോലെത്തന്നെ ഇപ്പോൾ കൊച്ചു സംഭവമായിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിലെത്തിയ മലയാളിയുടെ തമാശജീവിതം പറഞ്ഞ ചാനലിൽ ഒരു വർഷം കൊണ്ട് വിഡിയോകൾ കാണാനെത്തിയത് ഏഴു ലക്ഷത്തോളം പേർ. കൂടാതെ ഫെയ്സ്ബുക്കിലും മറ്റുമായി ഒട്ടേറെ പേർ വിഡിയോ ഷെയറും ചെയ്യുന്നു. ദീപിക പദുക്കോൺ പ്രമോട്ട് ചെയ്ത ‘മൈ ലൈഫ് മൈ ചോയിസ്’ എന്ന വിഡിയോയുടെ ‘ആൺ വേർഷൻ’ സ്പൂഫൊരുക്കിയായിരുന്നു 2015 ഏപ്രിലിൽ ‘വി ആർ എ സംഭവ’ത്തിന്റെ തുടക്കം. പിന്നെ ഡബ്സ്മാഷുകളുടെ പൂരം. പ്രേമം സിനിമയുടെ ഡബ്സ്മാഷായി ചെയ്ത വിഡിയോയാണ് ഇതിൽ ഏറ്റവും കൂടുതൽ പേർ പങ്കുവച്ചത്. ഷെയർ ചെയ്തവരിൽ സെലിബ്രിറ്റികളും ഉൾപ്പെടും. മലയാളത്തിലെ പ്രധാന കോമഡി ഡയലോഗുകളെല്ലാം ചേർത്തുള്ള സൂരജ്-ആൻ ഡബ്സ്മാഷും വൈറലായിരുന്നു. ‘സിംഗപ്പൂരം’ എന്ന പേരിൽ കൊച്ചുകൊച്ചു കോമഡി വിഡിയോകളുമായൊരു വെബ് സീരിസും പുറത്തിറക്കുന്നുണ്ട് ഇവർ. എല്ലാംതന്നെ കടൽ കടന്ന മലയാളികളുടെ ജീവിതത്തിലെ കുഞ്ഞുതമാശകളും ഒപ്പം ‘തള്ളു’കളും. ‘ലൈഫ് ഓഫ് പുഷ്’ അഥവാ തള്ളുജീവിതം എന്നാണ് ഇവർ ഒരു വിഡിയോക്ക് നൽകിയിരിക്കുന്ന പേരുതന്നെ!

പ്രവാസി മലയാളി ജീവിതത്തിൽ ഓരോ ദിവസവും സംഭവിക്കുന്ന അമളികളും പൊങ്ങച്ചം പറച്ചിലും പ്രണയനൈരാശ്യവും പകരം വീട്ടലും വരെ ‘സിംഗപ്പൂര’ത്തിന് വിഷയങ്ങളായി. പക്ഷേ എല്ലാം കോമഡി ലെവലായിരുന്നു. അതിനിടയ്ക്ക് പ്രേമം ഹാങ് ഓവർ, ആക്‌ഷൻ ഹീറോ ബിജു ഹാങ് ഓവർ, ഏറ്റവുമൊടുവിൽ ലീല ഹാങ് ഓവർ വരെയുള്ള സ്പെഷൽ വിഡിയോകളും. ഓരോ സിനിമയിറങ്ങുമ്പോഴും അതുമായി ബന്ധപ്പെടുത്തി ജീവിതത്തിലുണ്ടാകുന്ന ചെറുതമാശകളാണ് ഈ ഹാങ്ഓവർ’ വിഡിയോകൾക്കുള്ള പ്രേരണ.


കോമഡി മാത്രമല്ല, രാജ്യാന്തര ബ്ലാക്ക് ബേഡ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ‘സമയം’ പോലുള്ള ഹ്രസ്വചിത്രങ്ങളും ഈ ദമ്പതികൾ തയാറാക്കിയിട്ടുണ്ട്. സൈബർ ലോകത്തെ പ്രശ്നങ്ങളെപ്പറ്റിയുള്ള ഹ്രസ്വചിത്രം അണിയറയിലൊരുങ്ങുകയുമാണ്. മാസത്തിലൊരിക്കൽ ഒരു വിഡിയോ എന്ന വിധത്തിലാണ് സംഘത്തിന്റെ നിർമാണം. അതിനു കാരണവുമുണ്ട് -എല്ലാവരും ഓരോ ജോലിയുള്ളവരാണെന്നതു തന്നെ. അതിനിടെ വീണുകിട്ടുന്ന സമയത്തിലാണ് വിഡിയോയുടെ സ്ക്രിപ്റ്റെഴുത്തും ഷൂട്ടിങ്ങും എഡിറ്റിങ്ങും ഡബ്ബിങ്ങുമൊക്കെ.

Suraj-Ann പ്രവാസി മലയാളി ജീവിതത്തിൽ ഓരോ ദിവസവും സംഭവിക്കുന്ന അമളികളും പൊങ്ങച്ചം പറച്ചിലും പ്രണയനൈരാശ്യവും പകരം വീട്ടലും വരെ ‘സിംഗപ്പൂര’ത്തിന് വിഷയങ്ങളായി. പക്ഷേ എല്ലാം കോമഡി ലെവലായിരുന്നു.


2400ലേറെപ്പേർ നിലവിൽ ‘വി ആർ എ സംഭവം’ ചാനലിനെ പിന്തുടരുന്നുണ്ട്. അവരിലേറെപ്പേരും ഇന്ത്യയിൽ നിന്നാണ്. ഒപ്പം യുഎഇയിലും സിംഗപ്പൂരിലുമുള്ളവരും. മലയാളികളുടെ പ്രവാസ ജീവിതത്തിലെ തനതുകോമഡികളുമായി ഒട്ടേറെ വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണെങ്കിലും ‘സംഭവം സംഘ’ത്തെപ്പോലെ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുന്ന തരത്തിലുള്ളവ അപൂർവമാണ്.

എന്തിനാണ് ഇതൊക്കെയൊന്നു ചോദിച്ചാൽ സംഭവം ദമ്പതിമാർക്ക് ഒന്നേയുള്ളൂ ഉത്തരം-‘ജീവിതം ഇങ്ങനെയൊക്കെ സിംപിളാണെന്നേ...അതിനെ സീരിയസായെടുക്കുമ്പോഴാണ് പ്രശ്നം. ആ സിംപിൾ ജീവിതത്തിലെ തമാശകളാണ് സംഭവം സംഘം പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നതും...’

സൂരജ്-ആന്‍ ദമ്പതികളുടെ വീ ആർ എ സംഭവം എന്ന യൂട്യൂബ് ചാനലിലെ കൂടുതൽ വിഡിയോകൾ കാണാം

Your Rating: