Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീ ആഗ്രഹിക്കുന്നത്, പുരുഷനു വേണ്ടത്...

couple-2 Representative Image

മേഘ, വയസ്സ് 32, ബാങ്ക് ഉദ്യോഗസ്ഥ. ഭർത്താവ് അനൂപ്, ഒരു ഐ.ടി.കമ്പനിയിൽ സീനിയർ എഞ്ചിനീയറാണ്. മകൾ സ്വാതി രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഒരു അപ്പർ മിഡിൽ ക്ലാസ്സ് കുടുംബ പശ്ചാത്തലമാണ് മേഘയ്ക്കുള്ളത്. വിവാഹ ജീവിതത്തെക്കുറിച്ച് ഒട്ടേറെ സങ്കൽപങ്ങളും സ്വപ്നങ്ങളും അവൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവൾ ചിന്തിക്കുന്നത് താനാഗ്രഹിച്ച ഒരു വിവാഹജീവിതമല്ല തനിക്കു ലഭിച്ചിരിക്കുന്നത് എന്നാണ്. ദാമ്പത്യ ജീവിതത്തിലെ ഇഴയടുപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഒരേ ചുവരുകൾക്കുള്ളിൽ കഴിയുമ്പോഴും പരസ്പരം സ്നേഹിക്കുവാനും അന്യോന്യം മനസ്സിലാക്കുവാനും മേഘയ്ക്കും അനൂപിനും കഴിയുന്നില്ല. അനൂപ് ചിന്തിക്കുന്നത് എല്ലാ പ്രശ്നങ്ങൾക്കും കാരണം മേഘയാണെന്നാണ്, മേഘയാവട്ടെ എല്ലാറ്റിനും കുറ്റപ്പെടുത്തുന്നത് അനൂപിനെയും. സത്യത്തിൽ എന്താണ് ഇരുവർക്കുമിടയിൽ സംഭവിക്കുന്നത്? സ്ത്രീയും പുരുഷനും ചിന്തിക്കുന്നത് രണ്ടു വ്യത്യസ്ഥ രീതികളിലാണ്. ഈ വ്യത്യാസം മനസ്സിലാക്കുകയാണെങ്കിൽ ഭാര്യ-ഭർതൃ ബന്ധം കൂടുതൽ ഊഷ്മളമായിത്തീരും. സ്ത്രീ ആഗ്രഹിക്കുന്നതും പുരുഷനു വേണ്ടതും രണ്ടു കാര്യങ്ങളാണ്. ഇതു മനസ്സിലാക്കാൻ സാധിക്കുകയാണെങ്കിൽ ദാമ്പത്യ ജീവിതത്തിൽ സാധാരണയുണ്ടാകുന്ന അസ്വാരസ്യങ്ങളിൽ വലിയൊരു ശതമാനവും ഒഴിവാക്കുവാൻ സാധിക്കും. സ്ത്രീക്ക് അവൾ അനുഭവിക്കുന്നതാണു സൗന്ദര്യം. എന്നാൽ പുരുഷനു താൻ കാണുന്നതാണ് സൗന്ദര്യം. സ്ത്രീക്കു വേണ്ടത് തന്നെ സ്നേഹിക്കുന്നുവെന്ന അനുഭവമാണ്. ഈ അനുഭവം പകർന്നുകൊടുക്കുവാൻ കഴിയുന്ന പുരുഷനിൽ അവൾ സൗന്ദര്യം കാണും. അതുകൊണ്ടാണ് കാഴ്ചയിൽ അത്രഭംഗിയില്ലാത്ത പുരുഷന്മാരെപ്പോലും സിനിമാ നടിമാർ അടക്കമുള്ള സുന്ദരികളായ സ്ത്രീകൾ പോലും ജീവിത പങ്കാളികളാക്കുന്നതിനുള്ള കാരണം.

ഭർത്താവിന്റെ ഉന്നതമായ ജോലിയോ അക്കാദമിക് ബിരുദങ്ങളോ ലക്ഷങ്ങൾ ചെലവഴിച്ചു പണിത വീടോ വിലയേറിയ കാറോ ഒന്നുമായിരിക്കില്ല സ്ത്രീയിൽ സൗന്ദര്യത്തിന്റെ അനുഭൂതിയുണ്ടാക്കുന്നത്. മറിച്ച് അവളുടെ ജന്മദിനം ഓർത്തുവച്ചു ജീവിത പങ്കാളി നൽകുന്ന ഒരു ചെറിയ സമ്മാനംപോലും അവളിൽ സൗന്ദര്യത്തിന്റെ അനുഭവം നിറയ്ക്കും. ഇത്തരം പോസിറ്റീവായ അനുഭവങ്ങൾ ഒന്നിനുപിറകേ മറ്റൊന്നു ലഭിക്കുമ്പോൾ സ്ത്രീ ആ പുരുഷനിൽ സൗന്ദര്യം കണ്ടെത്തുവാൻ തുടങ്ങും. എന്നാൽ സൗന്ദര്യത്തിന്റെതായ ഈ അനുഭവം ലഭിക്കാതെ വരുമ്പോൾ ബാഹ്യമായി അയാൾ എത്ര സുന്ദരനായാൽ പോലും സ്ത്രീ അയാളെ ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടാണു ബാഹ്യസൗന്ദര്യത്തിന്റെ പ്രതീകമായ ഋതിക് റോഷനെപ്പോലെയുള്ള വിഖ്യാതതാരങ്ങളുടെ ജീവിതത്തിൽ നിന്നു പോലും ജീവിതപങ്കാളി ഇറങ്ങിപ്പോകുവാനുള്ള കാരണം.

പുരുഷനു താൻ കാണുന്നതാണ് സൗന്ദര്യം. തന്റെ ജീവിതപങ്കാളി എപ്പോഴും സുന്ദരിയായിരിക്കണമെന്നാണ് പുരുഷൻ ആഗ്രഹിക്കുന്നത്. സ്ത്രീ, സൗന്ദര്യത്തിന്റെ മാനസിക വിതാനത്തിന് പ്രാധാന്യം നൽകുമ്പോൾ പുരുഷൻ സൗന്ദര്യത്തിന്റെ ശാരീരിക വിതാനത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ ഗർഭധാരണത്തെത്തുടർന്ന് പല സ്ത്രീകൾക്കും സൗന്ദര്യകാര്യങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നു. ഇനി ഇതൊക്കെ ആവശ്യമുണ്ടോ എന്നാണു പലരുടേയും ചോദ്യം. തന്റെ പങ്കാളി അറുപതോ എഴുപതോ വയസ്സ് ഉള്ളയാളാണെങ്കിൽ പോലും അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കണമെന്നാണ് പുരുഷൻ ആഗ്രഹിക്കുന്നത്.

ടെസ്റ്റോസ്റ്റീറോൺ എന്ന ലൈംഗിക ഹോർമോണിന്റെ അളവ് പുരുഷൻമാരിൽ സ്ത്രീകളെ അപേക്ഷിച്ച് 20 ഇരട്ടി കൂടുതലായതിനാലാണ് സൗന്ദര്യത്തിന്റെ ശാരീരിക വിതാനത്തിനു വളരെയധികം പ്രാധാന്യം നൽകുന്നത്. ഗർഭധാരണത്തെത്തുടർന്ന് പല സ്ത്രീകൾക്കും ലൈംഗിക താൽപര്യം നഷ്ടപ്പെടാറുണ്ട്. തുടർന്ന് അവരുടെ പൂർണ്ണശ്രദ്ധ കുട്ടികളിലായിരിക്കും. ഭർത്താവിനൊപ്പം സമയം ചിലവഴിക്കുന്നതിനോ ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുവാനോ ഈ ഘട്ടത്തിൽ പല സ്ത്രീകളും തയ്വാറാവുകയില്ല. കുട്ടികളൊക്കെ ഒരുവിധം വലുതായി മുപ്പതുകളുടെ അവസാനത്തിലെത്തുമ്പോഴേയ്ക്കും ലൈംഗികതയോട് ഒരു വലിയ ആവേശം സ്ത്രീകളിൽ രൂപം കൊള്ളാറുണ്ട്. എന്നാൽ ഗർഭധാരണത്തെത്തുടർന്ന് സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണന നിമിത്തം ഈ ഘട്ടത്തിനുള്ളിൽ ചില വിവാഹേതര ബന്ധങ്ങളിലേയ്ക്കും പുരുഷൻ കടന്നുചെല്ലുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഗ്രഹിക്കുന്ന സമയത്ത് തന്റെ ജീവിതപങ്കാളിയെ തൃപ്തിപ്പെടുത്തുവാൻ സ്ത്രീയ്ക്കും പുരുഷനും കഴിയാതെ വരുന്നത് ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകളുണ്ടാക്കും.

couple Representative Image

വാട്സ് ആപ്പ്, ഫെയ്സ്ബുക്ക്, മൊബൈൽ ഫോൺ തുടങ്ങിയ നവമാധ്യമങ്ങൾ തങ്ങൾക്ക് വിവാഹ ജീവിതത്തിൽ നിന്നും ലഭിക്കാത്ത സംതൃപ്തി വിവാഹേതര ബന്ധങ്ങളിൽ തേടുന്നതിന് പലർക്കും സഹായകരമാവുകയും ചെയ്യുന്നു. സ്ത്രീ ഒരു ബന്ധത്തിൽ ആഗ്രഹിക്കുന്നത് സുരക്ഷിതത്വമാണ്. വീട്ടുകാര്യങ്ങളും തന്റെ കാര്യങ്ങളും നോക്കാതെ നടക്കുന്ന ഒരു പുരുഷനെ ഒരിക്കലും സ്ത്രീക്ക് ബഹുമാനിക്കുവാൻ സാധിക്കുകയില്ല. സാമ്പത്തിക സുരക്ഷിതത്വം സ്ത്രീ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ്. തന്നെ നോക്കുവാനും തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ഭർത്താവിന് കഴിയുമെന്നവൾ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളോടൊപ്പം ഭർത്താവ് വീട്ടിലിരുന്ന് മദ്യപിച്ചു ലക്കുകെടുമ്പോഴും മറ്റുമൊക്കെ താനാഗ്രഹിക്കുന്ന സുരക്ഷിതത്വ ബോധമാണ് അവൾക്കു നഷ്ടമാകുന്നത്.

ഒരു പുരുഷന് ഏറ്റവുമധികം വേണ്ട കാര്യങ്ങളിലൊന്നാണ് അംഗീകാരം. മറ്റുള്ളവരുടെ മുന്നിൽ വച്ചു ഭർത്താവിനെ ചെറുതാക്കി സംസാരിക്കുന്ന ചില ഭാര്യമാരുണ്ട്. ഇത്തരം പങ്കാളികളെ പുരുഷന്മാർ ഇഷ്ടപ്പെടുകയില്ല. ഭർത്താവ് ചെയ്വുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക വളരെയധികം കഷ്ടപ്പെട്ടായിരിക്കും അയാൾ പല കാര്യങ്ങളും കുടുംബത്തിനുവേണ്ടി ചെയ്യുക. നിങ്ങൾ വലിയവനാണ് മിടുക്കനാണ്, ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു എന്നൊക്കെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും കേൾക്കാൻ ഏതു പുരുഷനും ഇഷ്ടപ്പെടും. നിങ്ങളെക്കണ്ടാൽ കുരങ്ങനെപ്പോലെയാണെന്ന് ഒരു പുരുഷനോട് പറഞ്ഞാൽ അത് അയാളിൽ വലിയ ഭാവവ്യത്യാസമൊന്നും ഉണ്ടാക്കിയെന്നു വരികയില്ല. എന്നാൽ അയാളുടെ അന്തസ്സിനെയും ആത്മാഭിമാനത്തേയും ചോദ്യം ചെയ്യുന്ന വാക്കോ, പ്രവർത്തിയോ ജീവിത പങ്കാളിയിൽ നിന്നുണ്ടായാൽ അത് അയാളെ മുറിവേൽപിക്കും . അതുകൊണ്ടുതന്നെ ‘നിങ്ങളെക്കൊണ്ട് ഒന്നിനും കൊളളില്ല’ എന്ന രീതിയിലുള്ള സംസാരം ഒട്ടും തന്നെ ഭാര്യയുടെ ഭാഗത്തുനിന്നുണ്ടാകരുത്. വിദേശ രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുമ്പോൾ ചിലപ്പോൾ ഭർത്താവിനു ജോലി ഉണ്ടാവുകയില്ല, അല്ലെങ്കിൽ ഭാര്യയുടേതിനേക്കാൾ കുറഞ്ഞ ജോലിയാകും ഭർത്താവു ചെയ്വുന്നത്. ഇത്തരം സന്ദർഭങ്ങളിലൊക്കെ ഭർത്താവിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനേയും മുറിവേൽപ്പിക്കാതെ നോക്കണം. ബഹുമാനം ഓരോ ഭർത്താവും ആഗ്രഹിക്കുന്നു.

പങ്കാളിയുടെ ആരോഗ്യാവസ്ഥയോ മാനസികാവസ്ഥയോ നോക്കാതെയുള്ള സ്വാർത്ഥത നിറഞ്ഞ ആവശ്യങ്ങൾ, അമിതമായ ദേഷ്യം, പുകവലി, മദ്യപാനം, ഓൺലൈൻ ആസക്തി, സമയത്തു വീട്ടിൽ വരാതിരിക്കുക, സത്യസന്ധതയില്ലായ്മ തുടങ്ങിയവയൊക്കെ ഹൃദ്യമായ ബന്ധത്തിൽ വിള്ളലുണ്ടാക്കും. ഒരു സ്ത്രീയോട് നീ തടിച്ചിയാണ്, നിന്നെക്കാണാൻ കൊള്ളില്ല, നീ കറുത്താണിരിക്കുന്നത്, എന്തൊരു കോലമാണിത് എന്നൊക്കെ പറഞ്ഞാൽ ജീവിത കാലത്ത് ഒരിക്കലും അവൾ അത് മറക്കുകയില്ല. അവളുടെ കുടുംബത്തെക്കുറിച്ചും മോശമായ രീതിയിൽ സംസാരിക്കുന്നത് അവളിൽ പുരുഷനോട് ഇഷ്ടക്കേടുണ്ടാക്കും.

സ്ത്രീ, പങ്കാളിയുമായി കൂടുതൽ സംസാരിക്കുവാൻ ആഗ്രഹിക്കും., എന്നാൽ പുരുഷനു വേണ്ടത് റിക്രിയേഷണൽ കംപാനിയൻഷിപ്പാണ്. ശാരീരിക വിതാനത്തിന് പുരുഷൻ പ്രാധാന്യം നൽകുമ്പോൾ ഒരുപാടു നേരം തുറന്ന് സംസാരിച്ചിരിക്കുവാനും ഭർത്താവിനൊപ്പം സമയം ചിലവഴിക്കാനുമൊക്കെയാണ് സ്ത്രീ ആഗ്രഹിക്കുന്നത്.

couple-1 Representative Image

പുരുഷന് അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, മക്കൾ എല്ലാവരേയും വേണം. പക്ഷേ സ്ത്രീ ഭർത്താവിനെ തന്റേതു മാത്രമാക്കി വയ്ക്കുവാനാണ് പലപ്പോഴും ശ്രമിക്കുന്നത്. ഇതു കുടുംബത്തിൽ പ്രശ്നങ്ങൾക്കിടയാക്കും. ഭർത്താവ് ഭാര്യയിൽ നിന്നും ഗൃഹഭരണത്തിൽ സപ്പോർട്ട് ആഗ്രഹിക്കുന്നുണ്ട്. വീട്ടുകാര്യങ്ങളിലും കുട്ടികളുടെ കാര്യങ്ങളുമൊക്കെ നന്നായി നോക്കുന്ന സ്ത്രീകളെ പുരുഷൻ ഇഷ്ടപ്പെടുന്നു.

ആരാധന ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമകളാണ് പുരുഷന്മാർ. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ അറിഞ്ഞുകൊണ്ട് ഭർത്താക്കന്മാരെ അഭിനന്ദിക്കുവാൻ സ്ത്രീകൾക്ക് കഴിഞ്ഞാൽ അത് അവരിൽ നിറയ്ക്കുന്ന പോസിറ്റീവായ ഊർജ്ജം വളരെ വലുതായിരിക്കും. കുടുംബത്തോടുള്ള ഉത്തരവാദിത്വമാണ് പുരുഷനെ ബഹുമാനിക്കുവാൻ സ്ത്രീയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ഈയിടെ ഒരു പ്രമുഖ നടനോട് ടെലിവിഷൻ അഭിമുഖത്തിനിടെ മക്കൾ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് ഇന്റർവ്യൂ ചെയ്തയാൾ ചോദിച്ചപ്പോൾ അയാൾ പരുങ്ങി. അക്കാര്യങ്ങളെല്ലാം ഭാര്യയാണ് നോക്കുന്നതെന്നായിരുന്നു ആ നടന്റെ മറുപടി. ഇത്തരത്തിലുള്ള ആളുകൾ ലോകത്തിനുമുമ്പിൽ എത്ര വലിയ വിജയികളാണെങ്കിലും സ്വന്തം കുടുംബത്തിൽ അവർക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെക്കുറവാണ്.

ഇത്തരത്തിൽ നിങ്ങളുടെ ജീവിത പങ്കാളിയെ സ്ത്രീ ആയും പുരുഷനായും മനസ്സിലാക്കുക. ദാമ്പത്യജീവിതം ശൂന്യത നിറഞ്ഞ അനുഭവത്തിൽ നിന്നു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സംതൃപ്തിയുടേയും പുതിയ അനുഭവങ്ങളുടേതായ ലോകം നിങ്ങൾക്കു സമ്മാനിക്കും.

(പ്രശസ്ത രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും, സൈക്കോളജിസ്റ്റും, ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത്തഞ്ചോളം ബെസ്റ്റ് സെല്ലിംഗ് പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ, ഫോൺ : 9447259402).  

Your Rating: