ഭാവിയിലേക്കു സമ്പാദിച്ചത് കള്ളപ്പണമാണെന്നു പറഞ്ഞ് നടപടി വരുമോ?

കൃഷിക്കാരനായ ഞാൻ 15 വർഷം കൊണ്ട് മിച്ചം പിടിച്ച തുകയായ 35 ലക്ഷം രൂപ സംഘത്തിൽ ഇട്ടിട്ടുണ്ട്. ഭാവിയിലേക്കു മൊത്തമുള്ള സമ്പാദ്യമാണ്. നല്ലൊരു വീടു വയ്ക്കാതെ, കാർ വാങ്ങാതെ സമ്പാദിച്ച തുക. ഇതു കള്ളപ്പണമാണെന്നു പറഞ്ഞ് നടപടി ഉണ്ടാകുമോ? ഞാൻ ഇത്രയും നാളത്തെ നികുതി അടയ്ക്കേണ്ടി വരുമോ? 

കള്ളപ്പണം ആണെങ്കിൽ അതിനെതിരെ നടപടി വരാം. അതേസമയം, കള്ളപ്പണമല്ലെങ്കിൽ, അധ്വാനിച്ചുണ്ടാക്കിയതിൽനിന്നു മിച്ചം പിടിച്ചതാണെങ്കിൽ, നികുതി നൽകിയ തുകയാണെങ്കിൽ ഭയപ്പെടാനില്ല എന്നതാണ് ഇത്തരക്കാർക്കുള്ള മറുപടി.

നാട്ടിലെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അത് അനുസരിച്ചേ തീരൂ. സംഘങ്ങളിലാണെങ്കിലും ബാങ്കിലാണെങ്കിലും വലിയ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നികുതി വകുപ്പ് സമാഹരിച്ചു വരുകയാണ്. സംശയം തോന്നുന്ന അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം നടത്തും. നോട്ടിസ് അയയ്ക്കും. വിശദീകരണം നൽകാൻ നിക്ഷേപകർക്ക് അവസരവും കിട്ടും. ന്യായമായ വിശദീകരണം നൽകാനാകുമെങ്കിൽ പേടിക്കേണ്ടതില്ല. സ്രോതസ്സ് വ്യക്തമാക്കാൻ കഴിയില്ലെങ്കിൽ നടപടികൾ ഉണ്ടാകും. എല്ലാ ബാങ്കിലും ഉള്ള നിക്ഷേപത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് നടപടി.

എന്നാൽ സംഘങ്ങളിൽനിന്നു വ്യത്യസ്തമായി ബാങ്കുകളിൽ പാൻ നിര്‍ബന്ധമായതിനാൽ നികുതി വകുപ്പിനു നേരിട്ടു, വലിയ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങൾ എടുക്കാം. എന്നാൽ ഇപ്പോൾ സംഘങ്ങളിൽ പരിശോധന നടത്തിയാലേ കണ്ടെത്താനാകൂ എന്നതാണ് വ്യത്യാസം. ഇനി കെവൈസിയും പാനും എല്ലാം നിർബന്ധമാക്കുന്നതോടെ സംഘങ്ങളിലെ നിക്ഷേപങ്ങളെ കുറിച്ചും നേരിട്ടു വിവരങ്ങൾ കിട്ടിത്തുടങ്ങും. അതിനാൽ നടപടികളുടെ എണ്ണവും വേഗവും കൂടാം.

കൃഷിയിൽനിന്നുള്ള വരുമാനത്തിന് ആദായനികുതിയില്ല. സംഘങ്ങളിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരും കർഷകരുമാണ്. ഇവരുടെ വർഷങ്ങളായുള്ള വരുമാനത്തിന് അനുസരിച്ചുള്ള നിക്ഷേപത്തിനു പ്രശ്നമുണ്ടാകില്ല. എന്നാൽ ഈ മറവിൽ കള്ളപ്പണം നിക്ഷേപിക്കുന്നവർക്ക് പ്രശ്നമുണ്ടാകും. അറിയുക, കണക്കില്‍ പെടാത്ത തുക പ്രശ്നമാകും. ഭൂമി വിറ്റു കിട്ടിയതിൽ രേഖയിൽ കാണിക്കാത്ത തുക ഇട്ടിട്ടുണ്ടെങ്കിൽ വിശദീകരണം ചോദിച്ചേക്കാം.

ടിഡിഎസ് പിടിക്കുമോ?

നിക്ഷേപ പലിശയ്ക്ക് ആദായനികുതി ടിഡിഎസ് ആയി മുൻകൂർ പിടിക്കില്ല എന്നതു സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഈ മികവു ഇല്ലാതാകുമോ എന്നതാണ് മറ്റൊരു ആശങ്ക.

കാർഷിക സംഘങ്ങളിലെ നിക്ഷേപകരിൽനിന്ന് ആദായനികുതി മുൻകൂർ പിടിക്കരുതെന്നാണ് ചട്ടമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാല്‍ നികുതി ബാധകമായ വരുമാനമുള്ളവർ കിട്ടുന്ന പലിശയ്ക്കു നികുതി നൽകാൻ ബാധ്യസ്ഥരാണെങ്കില്‍ അതു നൽകുക തന്നെ വേണം. ഇല്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകാം.

വേണം പാനും

നിശ്ചിത തുകയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്ക് പാൻകാർഡ് നിർബന്ധമാക്കുന്ന ചട്ടത്തില്‍ നിന്നു സംഘങ്ങൾക്കും ഒഴിഞ്ഞു മാറാനാകില്ല. നിലവിൽ പലയിടത്തായി, അല്ലെങ്കിൽ പല പേരുകളിൽ നിക്ഷേപം വിഭജിച്ചിടുന്ന രീതിയാണ് പലർക്കും. എന്നാൽ പാൻ നൽകിക്കഴിഞ്ഞാൽ അങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ചു ഗുണമുണ്ടാകില്ല. പാൻനമ്പറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അധികൃതർക്ക് ഇതുവഴി ലഭിക്കും.

കെവൈസി പാലിക്കണോ?

തീർച്ചയായും. ആവശ്യമായ തിരിച്ചറിയൽ രേഖകളില്ലാതെ ഇനി സംഘങ്ങളിലും അക്കൗണ്ട് തുടങ്ങാൻ ആകില്ല. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഫോട്ടോയും പേരും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ വേണം. പുതുതായി അക്കൗണ്ട് തുറക്കുന്നവർക്ക് ആധാർ കാർഡും നിർബന്ധമാക്കി റജിസ്ട്രാർ സർക്കുലർ ഇറക്കിയിട്ടുണ്ട്.