Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് പെൻഷൻ വർധിക്കുമോ? ആർക്ക്, എത്ര, എങ്ങനെ?

All about PF pension scheme

ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടും സർക്കാർ സർവീസിലല്ലെന്ന കാരണത്താൽ വാർധക്യകാല ജീവിതത്തിനായി പണമില്ലാതെ വലഞ്ഞിരുന്ന  കോടിക്കണക്കിനു പേർക്ക്  ന്യായമായ പെൻഷൻ നേടാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നു. പിഎഫ് പെൻഷൻകാർക്ക് അനുകൂലമായ വിധികൾ കേരളാ ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ചതാണ് മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ഇതേ തുടർന്നു  ചട്ടങ്ങളിൽ ഭേദഗതി ചെയ്ത് അർഹമായ  പെൻഷൻ നൽകാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അതോറിറ്റി നിർബന്ധിതരായി.  പെൻഷൻ പരിഷ്കരണം സംബന്ധിച്ചു സുപ്രീം കോടതിയുടെ നിർദേശങ്ങൾ എല്ലാ പിഎഫ് അംഗങ്ങൾക്കും ബാധകമാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേ‌‌ശം നൽകുക കൂടി ചെയ്തതോടെ നിലവിൽ ജോലി ചെയ്യുന്നവർക്കും പുതുതായി തൊഴിൽ നേടുന്നവർക്കും ഇതിൻെറ ഗുണഫലം അനുഭവിക്കാം. ഇതോടെ ജനറൽ പ്രോവിഡന്റ് ഫണ്ടിന്റെ പരിധിയിലില്ലാത്തവർക്കും ന്യായമായ പെൻഷൻ കിട്ടും. വാർധക്യകാല ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾ വലിയൊരു പരിധിയോളം ഒഴിവാകും. 

ഉയർന്ന പെൻഷൻ നേടാൻ കാര്യങ്ങൾ ശരിയായി മനസ്സിലാക്കണം. അതനുസരിച്ച് ചില കാര്യങ്ങൾ  ചെയ്യാനുമുണ്ട്.

All about PF pension scheme

ആശ്വാസമായി  പിഎഫ് പെൻഷൻ  

എനിക്ക് ഒറ്റയടിക്കു പെൻഷൻ 4000 രൂപയോളം കൂടും. നല്ല ശമ്പളം കിട്ടിയിരുന്നു. എന്നാൽ വിരമിച്ചതോടെ 1200 രൂപയുടെ പെൻഷൻ മാത്രമായി, വല്ലാതെ വിഷമിച്ചു. കൂടുതൽ പെൻഷൻ കിട്ടാൻ ഒരു തുക അടയ്ക്കേണ്ടി വരും. എന്നാലും സാരമില്ല, ജീവിതാവസാനം വരെ ജീവിക്കാനുള്ള പെൻഷൻ ഉറപ്പാകുമല്ലോ? മാത്രമല്ല, തുക അടച്ചാൽ  ഇതുവരെയുള്ള പെൻഷൻ അരിയേഴ്സായി നല്ല തുക തിരിച്ചു കിട്ടുമെന്നും കേൾക്കുന്നു. പറയുന്നത്  മാത്യൂസ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ (എഫ്എസിടി, കെഎസ്എഫ്ഇ, പ്ലാൻേറഷൻ കോർപറേഷൻ പോലുള്ള), പത്രസ്ഥാപനങ്ങൾ, പ്രമുഖ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്നെല്ലാം പെൻഷൻ പറ്റിയ ആയിരക്കണക്കിനാളുകളുടെ പ്രതിനിധി. 

കിട്ടുന്നതുകൊണ്ട് കഷ്ടിച്ചാണു ജീവിക്കുന്നത്. മിച്ചം പിടിക്കാനൊന്നും ഇല്ല. അതിനാൽ നാലു വർഷം കഴിഞ്ഞ് റിട്ടയർ ചെയ്താൽ എന്തു ചെയ്യുമെന്നറിയാതെ ഉള്ളിൽ തീയായിരുന്നു. ഇപ്പോൾ കുറച്ച് ആശ്വാസമായി. മോശമല്ലാത്ത തുക പിഎഫ് പെൻഷനായി കിട്ടുമെന്നത് മനസ്സിനു നൽകുന്ന കുളിർമ പറഞ്ഞറിയിക്കാനാകാത്തതു തന്നെ. 

പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ രജനിയുടെ ഈ ആശ്വാസം സ്വകാര്യമേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന കോടിക്കണക്കിനു പേരുടേതു കൂടിയാണ്. സർക്കാര്‍ സർവീസിൽനിന്നു വിരമിച്ചവർ നല്ല പെൻഷൻ വാങ്ങുമ്പോൾ നാമമാത്രമായ പിഎഫ് പെൻഷൻ കൊണ്ട് ഒന്നിനും തികയാത്ത അവസ്ഥയിലായിരുന്നു ഇവർ.   

All about PF pension scheme

വർധന വരുന്നതെങ്ങനെ?

ഓരോ ജീവനക്കാരന്റെയും  ശമ്പളത്തിൽനിന്നു 12  ശതമാനം പിടിച്ച് തൊഴിലുടമയുടെ 12 ശതമാനം അടക്കം പിഎഫിലേക്ക് അടയ്ക്കണം. അതിൽ തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് പോകും. അതാണ് ചട്ടം. എന്നാൽ  പെന്‍ഷൻ ഫണ്ട്  വിഹിതത്തിനു പല സ്ഥാപനങ്ങളും വ്യത്യസ്ത ശമ്പളമാണ്  അടിസ്ഥാനമാക്കുന്നത്. പല സമയത്തും ചട്ടങ്ങൾ മാറിമാറി വന്നതാണ് കാരണം.  ചിലർ 6500 രൂപ പരിധി പാലിച്ചു. മറ്റു ചിലർ  ഉയർന്ന ശമ്പളത്തിനു പിഎഫ് പിടിച്ചിരുന്നെങ്കിലും പെൻഷൻ വിഹിതം 6500 രൂപയുടെ 8.33 ശതമാനം മാത്രമായിരുന്നു. 

2014 ൽ ഈ പരിധി 15,000 രൂപയായി വർധിപ്പിച്ചു.  ഇതോടെ ഉയർന്ന വിഹിതം പെൻഷനിലേക്ക് നീക്കിവയ്ക്കാൻ അവസരം ലഭിച്ചു.   ഇതിനു തൊഴിലാളിയുടെ അനുമതി വേണം. സമ്മതം അറിയിച്ചാൽ അർഹമായ അധിക തുക കണക്കാക്കി പിഎഫ് ഫണ്ടിൽ നിന്നു പെന്‍ഷൻ ഫണ്ടിലേക്കു മാറ്റും. അതിനുസൃതമായി പെൻഷനും കിട്ടും. മാത്രമല്ല സമ്മതം അറിയിക്കാനുള്ള സമയപരിധി എടുത്തു കളഞ്ഞതിനാൽ എപ്പോൾ വേണമെങ്കിലും സമ്മതം അറിയിക്കാനും അധിക പെൻഷൻ ഉറപ്പാക്കാനും നിങ്ങൾക്കു കഴിയും. 

വിരമിച്ചവർക്ക് അധിക തുക കണക്കാക്കി അത് പെൻഷൻ ഫണ്ടിലേക്ക് അടച്ചാൽ ജീവിതാന്ത്യം വരെ കൂടുതൽ പെൻഷൻ നേടാനും അവസരമുണ്ട്..

ഉയർന്ന ശമ്പളക്കാർക്ക് 

നിലവിൽ 15,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക്  പിഎഫ് പെൻഷൻ ഉറപ്പാണ്. എന്നാൽ അതിനു മേൽ ശമ്പളമുള്ളവർക്ക് മാനേജ്മെന്റിന്റെ നിലപാടിനനുസരിച്ചാവും പെൻഷൻ കിട്ടുക. ഉയർന്ന ശമ്പളത്തിൻ മേൽ പിഎഫ് അടയ്ക്കാൻ മാനേജ്മെന്റ് തയാറായാൽ  പെൻഷൻ കിട്ടും.  

All about PF pension scheme

പെൻഷൻ വർധിപ്പിക്കാൻ  നിങ്ങൾ ചെയ്യേണ്ടത്

നിലവിൽ സാഹചര്യങ്ങൾ അനുകൂലമായി വന്നിരിക്കുന്നു. എന്നാൽ ഇവിടെ ഓരോ പിഎഫ് അംഗവും തൊഴിലുടമയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നിലവിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന പെൻഷൻ ഉറപ്പാക്കാനും വിരമിച്ചവർക്ക് പെൻഷൻ തുക വർധിപ്പിക്കാനും ചില നടപടികൾ സ്വീകരിക്കണം. അതു ചെയ്താൽ ജീവിതാവസാനം വരെ മോശമല്ലാത്ത മാസവരുമാനം ഉറപ്പാക്കാം. ഏറെ ലളിതമായി ചെയ്യാവുന്ന കാര്യങ്ങളേയുള്ളൂ.

സർവീസിലുള്ളവർ 

1 നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം പിഎഫ് വിഹിതം കൃത്യമായി അടയ്ക്കുന്നുണ്ടെന്നുറപ്പാക്കുക. തൊഴിലുടമയുടെ വിഹിതത്തിൽനിന്നാണ് പെൻഷൻ ഫണ്ടിലേക്ക് തുക പോകുന്നത്.

2 നിലവിൽ എത്ര രൂപ വീതമാണ് അടച്ചുകൊണ്ടിരുന്നതെന്നു മനസ്സിലാക്കണം. ഓരോ സ്ഥാപനവും വ്യത്യസ്ത രീതിയിലാണ് പെൻഷൻ വിഹിതം അടയ്ക്കുന്നത്. നിങ്ങളുടെ സ്ഥാപനം ഏതളവിലാണു തുക അടച്ചിട്ടുള്ളതെന്ന് മനസ്സിലാക്കണം. പിഎഫ് മേഖലാ ഓഫിസുകളിൽനിന്നോ സ്വന്തം സ്ഥാപനത്തിൽനിന്നോ ഇതു മനസ്സിലാക്കാം. 

3 കുറഞ്ഞ വിഹിതം ആണ് സ്ഥാപനം അടയ്ക്കുന്നതെങ്കിൽ അർഹമായ വിഹിതം ഭാവിയിൽ പെൻഷൻ ഫണ്ടിൽ അടയ്ക്കാനുള്ള നടപടി സ്വീകരിക്കണം.

4 കൂടുതൽ വിഹിതം അടച്ചിട്ടുണ്ടെങ്കിൽ ജീവനക്കാരനും തൊഴിലുടമയും ചേർന്ന് സംയുക്തമായി ഒരു സമ്മതപത്രം ബന്ധപ്പെട്ട പിഎഫ് ഓഫിസിൽ സമർപ്പിക്കണം. അധികമായി ചെല്ലേണ്ട തുക പലിശ സഹിതം പെൻഷൻ ഫണ്ടിൽ അടയ്ക്കാനുള്ള സമ്മതപത്രമാണു നൽകേണ്ടത്.

5 സമ്മതപത്രം നൽകിയാലും അതിന്റെ ഫോളോ അപ് ചെയ്യണം. അധിക തുക പെൻഷൻ ഫണ്ടിൽ എത്തിയെന്നുറപ്പാക്കിയാൽ നന്ന്.

6 നിലവിൽ 15,000 രൂപ വരെയുള്ളതിൻെറ 8.33 ശതമാനം ആണ് ഓരോ മാസവും പെൻഷൻ ഫണ്ടിലേക്ക് തൊഴിലുടമ അടയ്ക്കേണ്ടത്. അതനുസരിച്ചു നിങ്ങൾക്ക് അർഹമായ വിഹിതം അടയ്ക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.

All about PF pension scheme

വിരമിച്ചവർ 

1 വിരമിച്ച സമയത്ത് നിങ്ങളുടെ പെൻഷൻ ഫണ്ടിൽ എത്ര രൂപയുണ്ടായിരുന്നുവെന്ന് അന്വേഷിച്ചറിയുക. 

2 നിങ്ങളുടെ ശമ്പളത്തിനനുസരിച്ച് പെൻഷൻ ഫണ്ട് പിടിച്ചിരുന്നുവെങ്കിൽ എത്ര തുകയുണ്ടാകുമായിരുന്നുവെന്നതും കണക്കുകൂട്ടി മനസ്സിലാക്കുക. ഇതിനു പിഎഫ് ഓഫിസിനെ സമീപിക്കാവുന്നതാണ്. 

3 ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം വരുന്ന തുക കണക്കാക്കുക. ആ തുക അതുവരെയുള്ള പലിശയടക്കം നിങ്ങൾ കൈയിൽ നിന്ന് അടയ്ക്കണം. കാരണം, വിരമിച്ചപ്പോൾ പിഎഫ് തുക നിങ്ങൾ പൂർണമായും കൈപ്പറ്റിയതിനാൽ പിഎഫിൽനിന്നു തുക വകമാറ്റാനാകില്ല. അതിനാൽ സ്വന്തം കൈയിൽനിന്ന് ആവശ്യമുള്ളത്രയും തുക നൽകേണ്ടി വരും.

4 ഈ തുക എങ്ങനെ അടയ്ക്കുമെന്നതു 

പ്രശ്നം തന്നെയാണ്. എന്നാൽ തുക അടച്ചാൽ പെൻഷൻ പറ്റിയ അന്നു മുതൽ കൂടിയ പെൻഷൻ കിട്ടും. അതായത്, അരിയേഴ്സ് ഇനത്തിൽ നല്ലൊരു തുക ഒന്നിച്ചു കിട്ടുമെന്നാണ് പിഎഫ് അധികൃതർ പറയുന്നത്. അതിനാൽ തുക കണ്ടെത്തി അടയ്ക്കുക.

അറിയേണ്ടത്

വിരമിക്കുന്ന സമയത്ത് നല്ല ശമ്പളം ഉണ്ടായിരുന്നിട്ടും ചെറിയൊരു വിഹിതത്തിൽനിന്നു ( 7500 രൂപ പിരിധിയിൽ) മാത്രം പെൻഷൻ ഫണ്ടിലേക്കു തുക അടയ്ക്കുകയും ചെയ്തിരുന്നവർക്കാണ് പെൻഷൻ തുകയിൽ കാര്യമായ വർധന ലഭിക്കുക. അല്ലാത്തവർക്കു ശമ്പളത്തിനനുസരിച്ചുള്ള വർധന പ്രതീക്ഷിക്കാം. സ്വയം വിരമിച്ചവർക്കും ഇതേ നടപടികൾ സ്വീകരിച്ചാൽ നിലവിലെ പെൻഷൻ തുക വർധിപ്പിക്കാൻ അവസരം കിട്ടാം. . 

ജോലി മാറുന്നവർ ചെയ്യേണ്ടത്

ഓരോ തവണ പുതിയ ജോലിയിൽ കയറുമ്പോഴും പിഎഫ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പഴയ പിഎഫ് നമ്പർ പുതിയ സ്ഥാപനത്തിൽ നൽകി അതിൽത്തന്നെ നിക്ഷേപം തുടരുന്നുണ്ടെന്ന് ഉറപ്പാക്കുക. 

സ്ഥാപനം ചെയ്യേണ്ടത് 

ഉയർന്ന തുകയ്ക്ക് പിഎഫ് പിടിച്ചിട്ടുണ്ടെങ്കിൽ അതിൻെറ 8.33% പെൻഷനിലേക്ക് മാറ്റാനുള്ള  ജീവനക്കാരുടെ സമ്മതവും സ്ഥാപനത്തിന്റെ സമ്മതവും പിഎഫ് ഓഫിസിനെ അറിയിക്കുക. 

All about PF pension scheme

പുതുതായി ജോലി കിട്ടുന്നവർ 

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരെ സംബന്ധിച്ചിടത്തോളം കാര്യമായി ഒന്നും ചെയ്യാനില്ല. മാനേജ്മെന്റ് ശമ്പളത്തിന്റെ നിശ്ചിത വിഹിതത്തിൽനിന്നു നിയമപ്രകാരമുള്ള വിഹിതം ആദ്യം മുതലേ അടയ്ക്കുമെന്നതിനാലാണിത്. 33 വർഷം സർവീസ് ഉണ്ടെങ്കിൽ പൂർണ പെൻഷൻ കിട്ടും. 

നിലവിൽ 15,000 രൂപ വരെ ശമ്പളമുള്ളവരുടെ പെൻഷൻ വിഹിതം അടയ്ക്കാനേ മാനേജ്മെന്റിനു നിയമപരമായ ബാധ്യതയുള്ളൂ. ജീവനക്കാരുടെ ഭാവിയെക്കുറിച്ച് കരുതലുള്ള സ്ഥാപനങ്ങൾ ഉയർന്ന ശമ്പളമുള്ളവർക്കും വിഹിതം അടയ്ക്കുന്നുണ്ട്. നിങ്ങൾക്കും അതിനുള്ള സാധ്യതയുണ്ടോ എന്നുറപ്പാക്കാം.

ആർക്കെല്ലാം?  എത്ര വീതം?    

സ്വകാര്യമേഖലയിൽ ജോലിചെയ്യുന്നവർക്കും നിർമാണ–സേവനമേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമെല്ലാം പിഎഫ് പെൻഷന്   അർഹതയുണ്ട്. ടെക്സ്റ്റൈൽ ഷോപ്പുകൾ, മാളുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങൾ, പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനികൾ, അൺ എയ്ഡഡ് സ്കൂളുകൾ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ തുടങ്ങി എല്ലാത്തരം സ്ഥാപനങ്ങളും ഈ നിരയിൽ വരും.

∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ വിഹിതം അടയ്ക്കുന്നവർക്കാണ് പിഎഫ് പെൻഷന് അർഹത.

∙ 58 വയസ്സിനുള്ളിൽ 10 വർഷം പിഎഫ് പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടച്ചിരിക്കണം. എങ്കിലേ മിനിമം പെൻഷന് അർഹതയുണ്ടാകൂ.

∙ കുറഞ്ഞത് 20 ജീവനക്കാരുള്ള എല്ലാ സ്ഥാപനവും പിഎഫ് അടയ്ക്കണമെന്നാണ് നിയമം. അതിനാൽ 20 പേരിൽ കൂടുതൽ പേരുള്ള   സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കു   പെൻഷന്  അർഹതയുണ്ട്.  

∙ പിഎഫ്  ശമ്പള പരിധി 15,000 രൂപയായതിനാൽ അതിൽ കൂടുതൽ ശമ്പളമുള്ളവർക്ക് പെൻഷൻ ഉറപ്പില്ല. എന്നാൽ വിഹിതം അടയ്ക്കാൻ മാനേജ്മെന്റ് തയാറായാൽ കിട്ടാം.   

∙ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പിഎഫ്  പെൻഷനാണു കിട്ടുക.  

∙ ജിപിഎഫിലോ സമാന പദ്ധതികളിലോ  പെൻഷൻ കിട്ടാത്തവർക്കുള്ളതാണ് പിഎഫ് പെൻഷൻ.

നേടാം മറ്റു പെൻഷനുകളും 

മറ്റേതു പെൻഷൻ ഉണ്ടെങ്കിലും പിഎഫ് പെൻഷൻ നിഷേധിക്കാനാകില്ല. പത്തു വർഷം സ്വകാര്യമേഖലയിൽ ജോലിചെയ്ത ശേഷം സർക്കാർ സർവീസിൽ കയറിയവർക്കു രണ്ടു പെൻഷനും  കിട്ടും.  അതുപോലെ മിലിട്ടറി പെൻഷൻ മേടിക്കുന്നവർക്കും തുടർന്നു ജോലി ചെയ്ത് പിഎഫ് പെൻഷൻ നേടാം.  

മറ്റൊരു ആനുകൂല്യത്തിന്റെ പേരിലും പിഎഫ് പെൻഷൻ നിഷേധിക്കാനാകില്ലെന്നു ചുരുക്കം കാരണം, നിങ്ങളുടെ തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിൽനിന്നു  നൽകുന്ന ആനുകൂല്യമാണിത്.

All about PF pension scheme

എത്ര കൂടുതൽ കിട്ടും?

പെൻഷനായി എത്ര തുക കൂടുതൽ കിട്ടും  എന്നതിൽ ഒരു പൊതുവായ മാനദണ്ഡം ബുദ്ധിമുട്ടാണ്. പലവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഓരോരുത്തരുടേയും പെൻഷൻ തുക. നിങ്ങൾക്കു കിട്ടുന്ന ശമ്പളം, കാലാകാലങ്ങളിലെ   ശമ്പള വർധന, മാനേജ്മെന്റ് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകാൻ നിശ്ചയിച്ചിരിക്കുന്ന ശമ്പളത്തുക, എത്ര വർഷം സർവീസ് ഉണ്ട് , ഇടയ്ക്ക് സർവീസ് ബ്രേക്കുണ്ടായപ്പോൾ പെൻഷൻ വിഹിതം മുടങ്ങിയിട്ടുണ്ടോ എന്നിവയെല്ലാം പ്രധാനമാണ്. എന്നാൽ ശമ്പള പരിധി 15,000 രൂപയാക്കിയതോടെ പെൻഷനിലേക്ക്   അടയ്ക്കുന്ന തുകയിൽ ഇരട്ടിയിലധികം വർധനയുണ്ട്.  നേരത്തേ മാസം  പരമാവധി  541 രൂപ അടഞ്ഞിരുന്നിടത്ത് ഇപ്പോൾ   പരമാവധി 1250 രൂപ  വരെ  അടയുന്നു.  ശമ്പളത്തിനനുസരിച്ച്   നിങ്ങൾക്കു കിട്ടുന്ന  പെൻഷൻ തുകയിൽ കാര്യമായ  വർധനയും ലഭിക്കും. നിലവിൽ 1000–1200 രൂപ ലഭിക്കുന്ന സ്ഥാനത്താണിത്. 33 വർഷത്തെ  സർവീസ് ഉണ്ടെങ്കിൽ വിരമിക്കൽ ശമ്പളത്തിന്റെ പകുതി വരെ പെൻഷനായി കിട്ടാവുന്നതാണ്.

പിഎഫ് നിഷേധിച്ചാൽ 

20  തൊഴിലാളികളിൽ കൂടുതലുള്ള എല്ലാ സ്ഥാപനവും പിഎഫ് അടയ്ക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്.   15,000 രൂപ വരെയുള്ള ശമ്പളമുള്ള എല്ലാവരും പിഎഫിന് അർഹരുമാണ്. നിങ്ങളുടെ തൊഴിലുടമ പിഎഫ് വിഹിതം അടയ്ക്കുന്നില്ലെങ്കിൽ   പരാതിപ്പെടാം. ആനുകൂല്യം നേടിയെടുക്കാം.

സ്കൂളുകൾ,സ്വാശ്രയ  സ്ഥാപനങ്ങൾ

സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകൾക്ക് അഫലിയേഷൻ കിട്ടാനുള്ള ചട്ടമാണ്  ജീവനക്കാർക്ക് പിഎഫ് വേണമെന്നത്. എന്നാൽ അടിസ്ഥാന ശമ്പളം  15,000 രൂപയിൽ കൂടുതൽ   വെച്ച്  പിഎഫ് നിഷേധിക്കുന്നുണ്ട് പല സ്ഥാപനങ്ങളും.  ഡ്രൈവർമാർക്കും സ്വീപ്പർമാർക്കും മാത്രമായിരിക്കും  പിഎഫ് പിടിക്കുക.   നിയമപരമായി  ഇവിടെ അധികൃതർക്ക് ഒന്നും ചെയ്യാനില്ല. എന്നാൽ  ശമ്പളം അൽപം കുറച്ചാലും പിഎഫ് പരിധിയിൽ   കൊണ്ടുവരണമെന്ന് ജീവനക്കാർക്ക് ആവശ്യപ്പെടാം. അതുവഴി ഭാവി ഭദ്രമാക്കാനുള്ള  അവസരമാണ് കിട്ടുക. കേരളത്തിലെ ബഹുഭൂരിപക്ഷം സ്വാശ്രയ മാനേജ്മെന്റുകളും ഈ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. 

പകരം അടിസ്ഥാന ശമ്പളം 15,000 രൂപയിൽ  അൽപം കുറച്ചു വച്ച് അധിക തുക  മറ്റ് ആനുകൂല്യങ്ങളായി നൽകാവുന്നതേയുള്ളൂ. അതുമല്ലെങ്കിൽ 15,000 രൂപയ്ക്കു മേൽ പിഎഫ് പെൻഷൻ വിഹിതം അടയ്ക്കാനും തടസ്സമില്ല.  

ജൂൺ 30 വരെ ചേർക്കാം, പണം സർക്കാർ നൽകും

നിലവിലുള്ള തൊഴിലാളികളെ പിഎഫ് പദ്ധതിയിൽ ചേർക്കാത്ത സ്ഥാപനങ്ങൾക്ക് ജൂൺ 30 വരെ അതിനു സമയം ലഭിക്കും. ഇപിഎഫ് മാപ്പാക്കൽ പദ്ധതി മൂന്നു മാസത്തേക്കു നീട്ടിയതോടെയാണിത്.   തൊഴിലുടമ അടയ്ക്കേണ്ട 12 ശതമാനത്തിൽ 8.33 ശതമാനം സർക്കാർ അടയ്ക്കും. ബാക്കി 3.67 ശതമാനം കമ്പനി  അടച്ചാൽ മതി. 15,000 രൂപ വരെ മാസശമ്പളമുള്ളവരുടെ വിഹിതമാണ് അടയ്ക്കുക. . 2009 ഏപ്രിൽ ഒന്നു മുതൽ കഴിഞ്ഞ വർഷം ഡിസംബർ 31 വരെ വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടുള്ള തൊഴിലാളികൾക്കു പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

പഴയ തൊഴിലാളികളെ ചേർക്കുന്ന സ്ഥാപനങ്ങൾക്കു പിഴ നൽകേണ്ടതില്ല. എന്നാൽ, അവരെ ചേർക്കുന്ന ദിവസം മുതലുള്ള പിഎഫ് തുക ശമ്പളത്തിൽനിന്നു പിടിച്ച് പിഎഫ് ഓഫിസിൽ അടയ്ക്കണം. 

വരും സോഫ്റ്റ് വെയർ

തൊഴിലാളിയും തൊഴിൽദാതാവും സമ്മതം അറിയിച്ചുള്ള രേഖ മേഖലാ പിഎഫ് ഓഫിസിൽ സമർപ്പിച്ചാൽ എത്ര തുക അടയ്ക്കണമെന്ന് അറിയാം. പിഎഫ് അക്കൗണ്ട് നമ്പർ അറിഞ്ഞിരിക്കണം. ഈ കണക്കു കൂട്ടുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയാറായി വരുന്നു. അതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

അറിയാം പദ്ധതിയെ

1971 ൽ തുടങ്ങിയ ഫാമിലി പെൻഷൻ സ്കീമിന്റെ പുതിയ പതിപ്പാണ് 16–11–95 ൽ പ്രാബല്യത്തിൽ വന്ന എംപ്ലോയീസ് പെൻഷൻ സ്കീം. തൊഴിലാളിയും തൊഴിലുടമയും നിശ്ചിത വിഹിതം (10 അല്ലെങ്കിൽ12 ശതമാനം) വീതം പിഎഫിലേക്ക് അടയ്ക്കണം. തൊഴിലാളിയുടെ വിഹിതം പൂർണമായും പിഎഫിലേക്ക് പോകും. തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്കും ബാക്കി പിഎഫിലേക്കും ആണ്. വിരമിക്കുമ്പോൾ പിഎഫിലുള്ള തുക പലിശ സഹിതം കൈപ്പറ്റാം. 58 വയസ്സു മുതൽ ജീവിതാന്ത്യം വരെ മുഴുവൻ പെൻഷന് അർഹതയുണ്ട്. 

1995 ൽ ആരംഭിച്ച പെൻഷൻ പദ്ധതിയിൽ  നാമമാത്ര പെൻഷനേ കിട്ടുമായിരുന്നുള്ളൂ. പെൻഷനു മാനദണ്ഡമായി നിശ്ചയിച്ച ശമ്പള പരിധിയായിരുന്നു ഇതിനു കാരണം. കുറഞ്ഞ പെൻഷൻ ആയിരം രൂപയായി വർധിപ്പിച്ചെങ്കിലും മറ്റു വ്യവസ്ഥകൾ മൂലം പലർക്കും ഇതുപോലും കിട്ടിയിരുന്നില്ല. 

All about PF pension scheme

മികവുകൾ ഏറെ

പിഎഫ് പെൻഷനു മികവുകൾ ഏറെയാണ്. എത്ര കിട്ടിയാലും മിച്ചം പിടിക്കാനാകാത്തവർക്ക് ഈ പെൻഷൻ പദ്ധതി അനുഗ്രഹമാണ്. കാരണം, നിശ്ചിത വിഹിതം പിടിച്ച ശേഷമേ ശമ്പളം കിട്ടൂ. അതായത്, സ്ഥിരമായും ക്രമമായും നിക്ഷേപം ഉറപ്പ്. അതിൽ നിന്നാണ് പെൻഷൻ തുകയും പോകുന്നത് അതിനാൽ ജോലി ചെയ്യുന്ന കാലത്തോളം നിക്ഷേപം മുടങ്ങില്ല. ഇടയ്ക്കു ജോലി മാറിയാലും പുതിയ സ്ഥലത്തും തുടരാം.  

കുടുംബത്തിനും പെൻഷൻ

ജീവിതാവസാനം വരെ നിങ്ങൾക്കു  പെൻഷൻ തുക കൊണ്ട് ജീവിക്കാം. എന്നു മാത്രമല്ല നിങ്ങളുടെ മരണാനന്തരം ജീവിതപങ്കാളിക്കും കുട്ടികൾക്കും നിശ്ചിത തുക വീതം കിട്ടും. ജീവിതപങ്കാളിക്ക് മരണവരെ പെൻഷന് അർഹതയുണ്ടാകും. രണ്ടു കുട്ടികൾക്കും 25 വയസ്സു വരെയും നിശ്ചിത ശതമാനം പെൻഷൻ കിട്ടും. രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ കുട്ടിക്കു 25  കഴിഞ്ഞാൽ അടുത്ത കുട്ടിക്ക് പെൻഷന് അർഹതയുണ്ടാകും.

ഒരു ദിവസം സർവീസിനും പെൻഷൻ

പിഎഫ് പെൻഷന് 10 വർഷം സർവീസ് നിർബന്ധമാണ്. എന്നാൽ സർവീസിൽ കയറി ഒരു ദിവസം സേവനം അനുഷ്ഠിച്ച ശേഷം മരിച്ചാലും ന്യായമായ തുക കുടംബപെൻഷനായി കിട്ടും. സർവീസിലിരിക്കെ പൂർണമായ അംഗവൈകല്യം സംഭവിച്ചാലും ഫുൾ പെൻഷന് അർഹതയുണ്ടാകും. 

20 വർഷത്തിന് അര ലക്ഷം ആനുകൂല്യം

ഇപിഎഫിൽ 20 വർഷം നിക്ഷേപിച്ച വ്യക്തി വിരമിക്കുമ്പോൾ അര ലക്ഷം രൂപവരെ പ്രത്യേക ആനുകൂല്യം നൽകാൻ ഇപിഎഫ്ഒ ബോർഡ് ഈയിടെ തീരുമാനിച്ചു. സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്ക് 20 വർഷ നിക്ഷേപമില്ലെങ്കിലും അര ലക്ഷം രൂപ ലഭിക്കും. സേവനത്തിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് കുറഞ്ഞതു രണ്ടര ലക്ഷം രൂപ ഇൻഷുറൻസിനത്തിലും നൽകും.  കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ആനുകൂല്യ വിതരണം ആരംഭിക്കും. രണ്ടു വർഷത്തേക്കാണ്  പദ്ധതി. തുടരുന്ന കാര്യം പിന്നീട് തീരുമാനിക്കും.   

പെൻഷൻ 8 %  വരെ വർധിപ്പിക്കാം

 58 വയസിനു ശേഷമാണ് പെൻഷന് അർഹത. എന്നാൽ പെൻഷൻ   59 മുതൽ മതിയെന്നു തീരുമാനിച്ചാൽ തുക നാലു ശതമാനം വർധിക്കും. ഇനി 60–ാം വയസു മുതൽ മതിയെന്നു നിശ്ചയിച്ചാൽ എട്ടു ശതമാനം കൂടും. ബാക്കിയുള്ള ജീവിതകാലം മുതൽ ഈ ഉയർന്ന നിരക്കിൽ പെൻഷൻ  ഉറപ്പാക്കാം എന്നതാണ് മികവ്.   

കണക്കാക്കാം പെൻഷൻ തുക

2014 നു മുൻപു വിരമിച്ചവർക്ക്– വിരമിക്കുന്നതിനു മുൻപുള്ള 12 മാസത്തെ ശരാശരി ശമ്പളത്തെ സേവനം ചെയ്ത വർഷം കൊണ്ടു   ഗുണിക്കുക. ഈ തുകയെ 70 കൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്നതായിരിക്കും പെൻഷൻ തുക. 2014 നു ശേഷം വിരമിക്കുന്നവർക്ക് – അവസാന 60 മാസത്തെ ശരാശരി ശമ്പളത്തെ സേവന വർഷം കൊണ്ട് ഗുണിക്കുക. ഈ തുകയെ 70 കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്ന തുകയാകും കിട്ടുക. പെൻഷൻ പദ്ധതി നിലവിൽ വന്ന 1995നു ശേഷമുള്ള വർഷമേ കണക്കാക്കുകയുള്ളൂ.

( കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പിഎഫ് ഓഫീസുമായി ബന്ധപ്പെടുക ) 

Read More... Financial news, sampadhyam