25 വർഷം കൊണ്ട് സാധാരണക്കാരനും കോടിപതിയാവാം!

സാമ്പത്തിക ആസൂത്രണത്തിലൂടെ കോടിപതിയാകാം.

എന്റെ പേര് അരുൺ. 29 വയസ്സ്. മെഡിക്കൽ റെപ്രസെന്റന്റീവാണ്. ഭാര്യയും കൂലിപ്പണിക്കാരനായ അച്ഛനും അങ്കണവാടി ഹെൽപറായ അമ്മയും അടങ്ങുന്ന കുടുംബം. വീട്ടുചെലവുകൾ അച്ഛനുമമ്മയും കൂടിയാണിപ്പോൾ നടത്തുന്നത്. ഏഴു വർഷമായി ജോലി കിട്ടിയിട്ട്. ഇതുവരെയുള്ള എന്റെ സമ്പാദ്യം ഉപയോഗിച്ച് 11 സെന്റ് സ്ഥലം വാങ്ങി (സെന്റിന് 57,000 രൂപ) 1850 സ്ക്വയർ ഫീറ്റ് വീടുവച്ചു. വീടിന്റെ എല്ലാ പണിയും തീർന്നു. രണ്ടു ലക്ഷം രൂപയോളം മുടക്കി സെക്കൻഡ് ഹാൻഡ് കാറും വാങ്ങി. ഭാര്യയ്ക്ക് 21 വയസ്സ്. ബികോം കഴിഞ്ഞ് ഒരു അക്കൗണ്ടൻസി കോഴ്സ് ചെയ്യുന്നു. ജോലിക്കു ശ്രമിക്കണം. എനിക്ക് ഓഹരിയിൽ നിക്ഷേപമുണ്ടായിരുന്നു. വീടുപണി, കല്യാണം തുടങ്ങിയ ആവശ്യങ്ങൾ വന്നപ്പോൾ അതെല്ലാം വിൽക്കേണ്ടിവന്നു. നിലവിൽ ഓഹരിയിൽ നിക്ഷേപമായിട്ട് ഒന്നുമില്ല.   

വരുമാനവും ചെലവും

മാസം 24,000 രൂപ ശമ്പളം കിട്ടും. അതിന്റെ കൂടെ അവധി ദിവസങ്ങളിൽ പെയിന്റിങ് ജോലിക്കു പോയി കിട്ടുന്ന 2,500 രൂപയോളം കൂട്ടാം. അൻ പതിനായിരം രൂപയുടെ ഒരു ചിട്ടി അടയ്ക്കുന്നുണ്ട്. ഇനി 20 മാസം കൂടി ഉണ്ട്. പതിനായിരം രൂപയുടെ മറ്റൊരു ചിട്ടിയുള്ളത് ഇനി എട്ടു മാസം കൂടി ഇറക്കണം. ഇതു രണ്ടും പിടിച്ചിട്ടില്ല. ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ 70,000 രൂപ കിടപ്പുണ്ട്. എനിക്കും ഭാര്യയ്ക്കും കൂടി 30 പവന്റെ സ്വർണം ഉണ്ട്.

ചിട്ടികൾക്കായി മാസം 2,500 രൂപയും ഭവനവായ്പയുടെ തിരിച്ചടവ് മാസം 6,903 രൂപയും വേണം. കൂടാതെ എൽഐസി മാസം 669 രൂപ, അടൽ പെൻഷൻ യോജന 312 രൂപ, ടെലിവിഷൻ വാങ്ങിയതിന്റെ ഇഎംഐ 2,000 രൂപ (അഞ്ചുമാസം കൂടിയുണ്ട്) എന്നിങ്ങനെ ചെലവുണ്ട്. ഇതു കൂടാതെ ജോലിയുമായി ബന്ധപ്പെട്ട ഫീൽഡ് ചെലവായി മാസം 5,500 രൂപയോളം പോകും.

ലക്ഷ്യങ്ങൾ

മൂന്നോ നാലോ വർഷത്തിനുള്ളിൽ വീടിനടുത്തുള്ള 13 സെന്റ് സ്ഥലം കൂടി വാങ്ങണം. അതിന് ഏകദേശം 15.25 ലക്ഷം രൂപയാകും. പിന്നെ നിലവിലുള്ള ഭവനവായ്പ അടച്ചു തീർക്കണം. 30,000 രൂപയുടെ പലിശരഹിത വായ്പ രണ്ടു വർഷത്തിൽ തിരിച്ചു നൽകാനുമുണ്ട്. അടുത്ത 20 വർഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണമെന്നാണ് എന്റെ ആഗ്രഹം. 

എന്റെ ഈ ലക്ഷ്യങ്ങൾ സാധിക്കാൻ എന്താണു ചെയ്യേണ്ടത്. ആവശ്യമായ നിർദേശങ്ങൾ തന്നു സഹായിക്കണമെന്ന് അഭ്യർഥിക്കുന്നു. ദയവായി എന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുത്. 

ഉത്തരം : 

ഇരുപത്തിയൊൻപതാം വയസ്സിൽ അരുൺ  ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അതു നേടാനുള്ള മാർഗങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും െചയ്തുവെന്നതു സന്തോഷം പകരുന്നു. മിക്കവരും നാൽപതോ അൻപതോ വയസു കഴിഞ്ഞാണ് ഇതേക്കുറിച്ച് ആലോചിക്കുന്നത്. അപ്പോഴേക്കും വലിയ ബാധ്യതകൾ തലയിലായിട്ടുണ്ടാകും. പിന്നീട് പ്ലാൻ ചെയ്യാനും നിക്ഷേപിച്ച് സമ്പത്തു വളർത്താനും സമയം ഉണ്ടാകില്ല.

നിങ്ങളുടെ കാര്യത്തിൽ മറിച്ചാണ്. പ്രായം കുറവ്, ഉത്തരവാദിത്തങ്ങളും ബാധ്യതയും കുറവ്. അതുകൊണ്ടു തന്നെ നിലവിൽ തൃപ്തികരമായ സ്ഥിതിയിലാണ്. സ്വന്തമായി ഭൂമി വാങ്ങി വീടു വച്ചത് ഈ പ്രായത്തിൽ മികച്ച നേട്ടമായിത്തന്നെ കാണണം. കൂടാതെ ഭാവിയിലേക്കുള്ള ചില ലക്ഷ്യങ്ങൾ തീരുമാനിച്ചിരിക്കുന്നു. അതും നല്ലതു തന്നെ. ഇനി ഇതെങ്ങനെ പ്രാവർത്തികമാക്കാം എന്നതിനുള്ള ഉപദേശമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

ചില പോരായ്മകൾ

നിങ്ങളുടെ ലക്ഷ്യങ്ങളിൽ ചില പോരായ്മകളുണ്ട്. ഭാവിയിൽ മക്കളെക്കുറിച്ചും അവരുടെ ചെലവുകളെക്കുറിച്ചുമുള്ള കരുതൽ ഇല്ല എന്നതാണ് അതിൽ പ്രധാനം. കഷ്ടപ്പെട്ടു മിച്ചം പിടിച്ചു നിക്ഷേപം നടത്തുന്നുണ്ടെങ്കിലും അതിൽനിന്നു വരുമാന വർധനയില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. പണപ്പെരുപ്പത്തിന്റെ സ്വാധീനവും നിങ്ങൾ പരിഗണിച്ചിട്ടില്ല. 

കത്തിലെ വിവരങ്ങൾ പരിശോധിച്ചാൽ 32.5 ലക്ഷം രൂപയുടെ ആസ്തിയും 8.3 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. അതിൻപ്രകാരം അറ്റ ആസ്തി 24.2 ലക്ഷം രൂപയാണ്. ഇവിടെ മൊത്തം സമ്പത്തിന്റെ 77 ശതമാനം റിയൽ എസ്റ്റേറ്റിലാണെന്നു കാണാം. സ്വർണത്തിൽ 20 ശതമാനവും ഉണ്ട്. രണ്ടു ശതമാനം ബാങ്കിലും. അതായത് 32.5 ലക്ഷത്തിന്റെ ആസ്തിയുണ്ടായിട്ടും അതിൽനിന്നു വരുമാനമേയില്ല.  എന്നിട്ടും നിങ്ങൾ ഭൂമി വാങ്ങാൻ തയാറെടുക്കുന്നു. ഓഹരിയിൽ നേട്ടമുണ്ടാക്കാനറിയാം, എന്നിട്ടും റിസ്ക്കെടുക്കാവുന്ന ചെറുപ്രായത്തിൽ അതിനു ശ്രമിക്കുന്നുമില്ല. അതുകൊണ്ട് നിങ്ങളുടെ നിക്ഷേപ ശൈലി പുനഃക്രമീകരിക്കുകയാണ് ആദ്യം വേണ്ടത്. 

50 ലക്ഷം പോരാ, 2.5 കോടി ലക്ഷ്യമിടുക 

20 വർഷം കൊണ്ട് 50 ലക്ഷം രൂപയാണു ലക്ഷ്യം. രണ്ടു കുട്ടികളുടെ ചെലവ്, റിട്ടയർമെന്റ് പ്ലാൻ എന്നിവയ്ക്ക് ഇതു തികയില്ല. കുട്ടികളുടെ പഠനം, വിവാഹം എന്നിവയ്ക്ക് നിലവിൽ 50 ലക്ഷം വേണമെങ്കിൽ 18–25 വർഷത്തിനകം (ആറു ശതമാനം പണപ്പെരുപ്പം കണക്കാക്കിയാൽ) ഇത് ഒന്നര കോടിയായി ഉയരും. നിലവിൽ 25 ലക്ഷം രൂപ റിട്ടയർമെന്റ് ഫണ്ടിനു വേണമെങ്കിൽ 25 വർഷം കഴിയുമ്പോൾ ഒരു കോടി കണ്ടെത്തേണ്ടി വരും. അങ്ങനെ മൊത്തം രണ്ടരക്കോടി രൂപ. ഇതെങ്ങനെ നേടും?

ശമ്പളം അടക്കം ഇപ്പോൾ 3.18 ലക്ഷം രൂപ വരുമാനമുണ്ട്. ചെലവ് 66,000 രൂപയേയുള്ളൂ. വായ്പാ തിരിച്ചടവിന് 83,000 രൂപയും നിക്ഷേപം 42,000 രൂപ നീക്കിവച്ചാൽ ബാക്കി 1.27 ലക്ഷം രൂപ പ്രതിവർഷം മിച്ചമുണ്ടാകും. ഇത് ഏതു രീതിയിൽ നിക്ഷേപിച്ചാലും രണ്ടരക്കോടിയെന്ന ലക്ഷ്യം നേടാൻ ആകില്ല. ഇരുപതു വർ‌ഷത്തോളം മുൻപിലുള്ളതുകൊണ്ട് നിങ്ങൾക്കു പരിഗണിക്കാവുന്ന ചില പ്ലാനുകൾ ഇതാ.

പ്ലാൻ എ– നേടണം അധികവരുമാനം 

പല മാർഗങ്ങൾ മുന്നിലുണ്ട്. അനുയോജ്യമായവ തിരഞ്ഞെടുത്ത് ഉപയോഗപ്പെടുത്തുക. 

∙ ഭാര്യയ്ക്കു ജോലി (വർഷം 72,000 രൂപ). 

∙ സൈഡ് ബിസിനസ് (വർഷം 60,000 രൂപ).

∙ വീടിന്റെ ഒരു ഭാഗം വാടകയ്ക്കു നൽകുക. (വർഷം 60,000 രൂപ). 

∙ കിട്ടുന്ന അധികവരുമാനം നിക്ഷേപിച്ചാൽ   നേടാവുന്നത്. (വർഷം 45,000 രൂപ).

താൽപര്യമുണ്ടെങ്കിൽ പച്ചക്കറി കൃഷിയോ പശുവളർത്തലോ അധികവരുമാനത്തിനായി പരിഗണിക്കാവുന്ന മാർഗങ്ങളാണ്. ചെലവു കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇതു സഹായിക്കും. ഈ വരുമാനങ്ങൾക്കൊപ്പം ശമ്പളം കൂടിയാകുമ്പോൾ വാർഷികവരുമാനം 3.18 ലക്ഷം രൂപയിൽനിന്ന് 5.05 ലക്ഷമായി ഉയരും.  

പ്ലാൻ ബി – പുനഃക്രമീകരണം

താഴെ പറയുംവിധം ചെലവും നിക്ഷേപവും   വാർഷിക അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാം. 

1 ചിട്ടി ഒരെണ്ണം തുടരാം, 24,000 രൂപ പ്രതിവർഷം.

2 ഭവനവായ്പ പുതിയ നിരക്കിലേക്ക് മാറ്റുന്നതോടെ ഗഡു 6500 രൂപയാകും.

3 അടൽ പെൻഷൻ യോജന 3,750 രൂപ.

4 ചെലവ് മാസം 6,500 രൂപ വെച്ച് 78,000 രൂപ. 

5 കാർ ഇൻഷുറൻസ്, മെയിന്റന്‍സ് 25,000 രൂപ.

6 ഇൻഷുറൻസ് പ്രീമിയം 25,000 രൂപ.

7 മൂന്നു നല്ല ഇക്വിറ്റി ഫണ്ടുകളിൽ മാസം 5,000 രൂപ വീതം എസ്ഐപി (മാസനിക്ഷേപദ്ധതി) തുടങ്ങാം. വർഷം 1.8 ലക്ഷം രൂപ വേണ്ടിവരും. ഇതു 18–20 വർഷം തുടരുക (ബിർള സൺ ലൈഫ് ഫ്രണ്ട് ലൈൻ ഇക്വിറ്റി, ഐസിഐസിഐ പ്രു വാല്യു ഡിസ്കവറി ഫണ്ട്, മിറൈഅസറ്റ് ഇന്ത്യാ ഓപ്പർച്യൂണിറ്റീസ് ഫണ്ട്, എസ്ബിഐ ബ്ലൂചിപ്പ് എന്നിവ പരിഗണിക്കാം). 

8.  5,000 രൂപ വീതം  ബാലൻസ്ഡ് ഫണ്ടിൽ  എസ്ഐപി ചേരുക. 25 വർഷത്തേക്കു നിക്ഷേപം തുടരാം. 

നിലവിൽ നാലെണ്ണത്തിൽ 5,000 വീതം നിക്ഷേപിക്കാനുള്ള വരുമാനം ഇല്ല. എന്നാൽ മേൽപറഞ്ഞ പ്രകാരം വരുമാനം വർധിപ്പിച്ചാൽ ഇതിനു സാധിക്കും. അതനുസരിച്ചുള്ള പ്ലാനാണ് നിർദേശിക്കുന്നതും. ഈ ചെലവുകളെല്ലാം കഴിഞ്ഞാൽ വർഷത്തിൽ 50,000 രൂപയെങ്കിലും മിച്ചം പിടിക്കാനാകും. വിനോദത്തിനും ചാരിറ്റിക്കും സമ്മാനങ്ങൾ നൽകാനുമെല്ലാം ഈ തുക വിനിയോഗിക്കാം.

പ്ലാൻ സി– അടുത്ത അഞ്ചു വർഷത്തേക്ക് 

1 സ്വർണം വിൽക്കാം– ആറര ലക്ഷത്തിലധികം രൂപയുടെ സ്വർണമുണ്ട്. അതിൽ മൂന്നര ലക്ഷത്തിന്റേത് വിൽക്കാം. ബാക്കി കൈവശം വയ്ക്കുക. അത്യാവശ്യം വന്നാൽ വിൽക്കുകയോ വായ്പയെടുക്കുകയോ ആവാം. സ്വർണനിക്ഷേപം വരുമാനം തരുന്നില്ല. 

2 വരുമാനത്തിനായി നിക്ഷേപിക്കാം– കിട്ടുന്ന മൂന്നര ലക്ഷത്തിൽ ഒന്നര ലക്ഷം ബാങ്ക് എഫ്ഡി, പോസ്റ്റ് ഓഫിസ്, ഡെറ്റ് ഫണ്ട് (ഉദാ. എസ്ബിഐ മാഗ്‌നം ഗിൽട്ട് ഫണ്ട്) പോലുള്ളവയിൽ സ്ഥിര നിക്ഷേപമാക്കാം.   ബാക്കി രണ്ടു ലക്ഷം നല്ലൊരു എംഐപിയിൽ (ഉദാ: ബിർള സൺലൈഫ് എംഐപി) ഇടാവുന്നതാണ്. നിക്ഷേപം സുരക്ഷിതമാണ്. ഒപ്പം മോശമല്ലാത്ത വരുമാനവും പ്രതീക്ഷിക്കാം.

3  ഭൂമി ആലോചിച്ചു മാത്രം–നിലവിൽ 25 ലക്ഷം രൂപ മൂല്യമുള്ള ഭൂമിയുണ്ട്. ഇതിന്റെ മൂല്യം വർധിച്ചുകൊണ്ടിരിക്കും. കൂടുതൽ ഭൂമി വാങ്ങുന്നത് ചിന്തിച്ചു മതി. മികച്ച വരുമാനം കിട്ടുന്ന കൃത്യമായ പ്ലാനുണ്ടെങ്കിലേ ഭൂമി വാങ്ങാവൂ. കാരണം അത്യാവശ്യത്തിനു പണമാക്കാനാകില്ല, വരുമാനവും കിട്ടില്ല. 

4 ഓഹരിയിൽ  നിക്ഷേപം തുടങ്ങണം. നിലവിലെ എസ്ഐപി തുടർന്നാൽ 15 ലക്ഷത്തിന്റെ ആസ്തി അഞ്ചു വർഷത്തിനുള്ളിൽ ഉണ്ടാകും. 

5 ഭവനവായ്പ പുതിയ നിരക്കിലേക്ക് മാറ്റണം. അതുവഴി കാലാവധി 15 വർഷമാക്കാം.  

6 പലിശരഹിത വായ്പ തിരിച്ചടയ്ക്കുകയും ഭവനവായ്പ പുതിയ നിരക്കിലേക്കു മാറ്റുകയും ചെയ്യുന്നതോടെ ബാധ്യത എട്ടു ലക്ഷമാകും. 

അഞ്ചു വർഷം കൊണ്ട് അറ്റ ആസ്തി 24.2 ലക്ഷത്തിൽനിന്നു 40 ലക്ഷമാകും. സാധ്യമല്ലെന്നു കരുതേണ്ട. അതാണ് ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ മാജിക്. നിർദേശങ്ങൾ പാലിച്ചാൽ അഞ്ചു വർഷം കൊണ്ട് ഈ നിലവാരത്തിൽ എത്താനാകും. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്ത് ആസ്തിയുണ്ടാക്കിയാലും അവ നിങ്ങൾക്കു നേട്ടം നൽകില്ല.

വീടു വാടകയ്ക്കു കൊടുക്കുകയും സ്വർണം  നിക്ഷേപമാക്കുകയും ചെയ്താൽ എല്ലാ ആസ്തികളും വരുമാനം നൽകിത്തുടങ്ങും. തുടക്കത്തിൽ അഞ്ചു വർഷ പ്ലാൻ തയാറാക്കുക. അതിൽ തുടങ്ങുക. എന്നിട്ട് ഓരോ വർഷവും ഇതു വിശകലനം ചെയ്യുക. ആവശ്യമായ മാറ്റം വരുത്തുക. ജീവിതം മാറ്റങ്ങൾ നിറഞ്ഞതാണ്. അതനുസരിച്ച് പ്ലാനിനും മാറ്റം േവണം. കുട്ടികളുടെ സ്കൂൾ ചെലവുകൾ ഇവിടെ പ്ലാൻ ചെയ്തിട്ടില്ല. കാരണം, അഞ്ചു വർഷത്തിനു ശേഷമേ ഇതു വരൂ. 

ഭാവിയിൽ പലതരത്തിൽ അധികതുകകൾ കയ്യിലെത്താം.  അതതു സമയത്തെ സാഹചര്യം അനുസരിച്ച് അതു വിനിയോഗിക്കണം. മൂന്നു വർഷത്തിനകം കാർ മാറേണ്ടി വരും. നിലവിൽ വായ്പയുടെ ഇഎംഐ കുറവായതിനാൽ വായ്പ തന്നെ പരിഗണിക്കാം 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam