Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈക്കിനും കാശോ? ; ലൈക്കടിച്ചും കമന്റിട്ടും ഇഷ്ടംപോലെ സമ്പാദിക്കുന്ന ടീമിനെ കണ്ടാ...

Talk Loud ജിയാസ് ജമാൽ

ഫേസ്ബുക്ക് അനലിറ്റിക്കയും ചോര്‍ന്നു പോകുന്ന സ്വകാര്യതയുമൊക്കെയാണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ലോകത്തെ ചൂടേറിയ ചര്‍ച്ച. ഒരു വശത്ത് വിവാദവും സംവാദവും കത്തിക്കയറുമ്പോഴും മറുവശത്ത് ജനമനസ്സുകള്‍ സ്വാധീനിക്കാനും ചര്‍ച്ചകള്‍ സജീവമാക്കാനും  സോഷ്യല്‍ മീഡിയ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ഗവേഷണത്തിലാണ് എല്ലാവരും. സ്വകാര്യ കമ്പനികളും സന്നദ്ധസംഘടനകളുമെല്ലാം ഈ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. അതിനായി പ്രത്യേകം ടീമുകള്‍ രൂപീകരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ, പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ താൽപര്യമുള്ളവര്‍ക്ക് പുതിയൊരു തൊഴില്‍ മേഖല കൂടിയാണിത്. 

വിദേശരാജ്യങ്ങളില്‍ മാത്രമല്ല, നമ്മുടെ നാട്ടിലുമുണ്ട് ഈ പുതിയ തൊഴില്‍ മേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍. യാത്ര ചെയ്തും റസ്റ്ററന്റിലിരുന്നും വീട്ടിലിരുന്നുമെല്ലാം, ഇഷ്ടമുള്ള തൊഴില്‍ ചെയ്ത്  സമ്പാദിക്കാന്‍ അവസരം തരുന്ന സോഷ്യല്‍ മീഡിയ ലോകത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്ന ഇവരുടെ ഇടപെടലുകള്‍ ഇന്നൊഴിവാക്കാന്‍ പറ്റാത്തതാണ്. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടോക്ക് ലൗഡ് എന്ന യുവസംരംഭകരുടെ കൂട്ടായ്മയാണ് കേരളത്തില്‍ ഈ സാധ്യത ആദ്യമായി പരീക്ഷിച്ചവരി‍ല്‍ ഒരു കൂട്ടര്‍.

കളമശേരി സ്വദേശിയായ ജിയാസ് ജമാൽ 2012 ൽ കൊച്ചി സ്റ്റാർട്ട്അപ്പ് വില്ലേജില്‍ തുടങ്ങിവച്ച ഈ ആശയം ഇന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന, അവരുടെ ഹോബിയിലൂടെ അവര്‍ക്ക് സമ്പാദിക്കാന്‍ അവസരം നല്‍കുന്ന മുന്‍നിര യുവസംരംഭങ്ങളിലൊന്നാണ്. വെറുതേ സോഷ്യല്‍ മീഡിയയില്‍ ലൈക്കടിച്ചും കമന്റടിച്ചും നേരം കളയുന്ന സംഘമാണെന്ന് തെറ്റിദ്ധരിക്കേണ്ട. നൂറോളം രാഷ്ട്രീയക്കാരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാനേജ് ചെയ്യുന്ന, തെരഞ്ഞെടുപ്പ് പ്രചരണം തൊട്ട് പൊതുതാൽപര്യ കാംപെയിനുകള്‍ക്ക് വരെ നേതൃത്വം കൊടുക്കുന്ന യുവകൂട്ടായ്മയാണിത്.

''ഒരു പ്രദേശത്തെ മുഴുവൻ സംഭവങ്ങളും അവിടത്തുകാരുടെ താൽപര്യങ്ങളുമെല്ലാം സര്‍വേകളിലൂടെയും യാത്ര ചെയ്തുമെല്ലാം മനസ്സിലാക്കുന്നു. ആ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാംപെയിനുകളും മറ്റും രൂപപ്പെടുത്തുന്നത്. ഏറ്റവും അപ്ഡേറ്റഡ് ആയിരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാനും ഈ പ്രഫഷനല്‍ സമീപനം ഉപകാരപ്രദമാണ്. പുതിയ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏറെ നിര്‍ണായകമാണിത്'' - ടോക്ക് ലൗഡ് സ്ഥാപകന്‍ ജിയാസ് ജമാല്‍ പറയുന്നു. പുതിയ വിവരങ്ങളും ക്യാംപെയിനുകളും രൂപികരിക്കുന്നതോടൊപ്പം സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും കണ്ടെത്തി, അതിന്റെ നിജസ്ഥിതി ജനങ്ങളുമായി പങ്കുവയ്ക്കാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്.

ഇതിനൊക്കെ നമ്മുടെ നാട്ടില്‍ ഇപ്പോ ആരു വരാനാ എന്ന് പറഞ്ഞ് പുഛിക്കാന്‍ വരട്ടെ. കഴി‍ഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച്, ഇന്ന് എംഎല്‍മാരായിരിക്കുന്ന അഞ്ചു പേര്‍ ഇതിനുദാഹരണമാണ്. അവരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ടോക്ക് ലൗഡെന്ന ഈ കൂട്ടായ്മയായിരുന്നു. അടിപൊളി എന്ന് പറ‍ഞ്ഞ് നമ്മള്‍ ലൈക്കടിച്ച, ഷെയര്‍ ചെയ്ത പല സ്റ്റാറ്റസുകളും ട്രോളുകളുമെല്ലാം ഇവരുടെ കൂട്ടായ്മയില്‍ നിന്നും ഗവേഷണത്തില്‍ നിന്നും ജനിച്ചതാണ്.

വെറും ധനസമ്പാദനം മാത്രമല്ല. അതോടൊപ്പം സമൂഹനന്മക്കായുള്ള പ്രവര്‍ത്തനങ്ങളും യുവസംരംഭകരുടെ ഈ മാര്‍ഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഫേസ്ബുക്ക്, വാട്സാപ്പ്  തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ട്രെൻഡുകൾ സ്ഥിരമായി പിന്തുടരുന്ന ഈ മേഖലയിലുള്ളവര്‍ക്ക് മയക്കുമരുന്ന് വ്യാപാരം പോലുള്ള കുറ്റകൃത്യങ്ങളുടെ  വിവരങ്ങൾ പോലീസിനെയും മറ്റ് അധികാരികളെും അറിയിക്കാനും സാധിക്കുന്നു. 

ഓരോ രാഷ്ട്രീയപാര്‍ട്ടിയും പ്രത്യേകം ഐടി സെല്ലുകള്‍ രൂപികരിച്ച് തെരഞ്ഞെടുപ്പുകളെ നേരിടുന്ന കാലത്ത്, ഓരോ സെലിബ്രിറ്റിയും തന്റെ ഓരോ നീക്കങ്ങളും തന്റെ പ്രൊമോഷനായി അവതരിപ്പിക്കുന്ന കാലത്ത് അനന്തമായ സാധ്യതകളാണ് സോഷ്യല്‍ മീഡിയ മുന്നോട്ട് വയ്ക്കുന്നത്. എപ്പോഴും ഓണ്‍ലൈനായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലൈക്കിലൂടെയും ഷെയറിലൂടെയുമെല്ലാം സമ്പാദിക്കാന്‍ സാധിക്കുന്ന ഈ മാര്‍ഗവും പരീക്ഷിച്ചോളൂ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam