Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എല്ലാ കോടീശ്വരന്മാരുടെ പിന്നിലും ഒരു കറുത്ത കഥയുണ്ട് '

Business Success "ബിഹൈന്‍ഡ് എവരി ഫോര്‍ച്യൂണ്‍ ദേര്‍ ഈസ് എ ക്രൈം" എല്ലാ കോടീശ്വരന്മാരുടെ പിന്നിലും ഒരു കറുത്ത കഥയുണ്ട്. നമ്മുടെ രാജനാണ്. ക്ലാസ് മേറ്റാണ്. പക്ഷേ സത്യം...

ഞങ്ങളുടെ സുഹൃത്തു രാജന്‍ മരിച്ചു. കോളജില്‍ ഒരുമിച്ചായിരുന്നു. അതിനുശേഷം പത്തു നാൽപതു കൊല്ലം തമ്മില്‍ കണ്ടിട്ടില്ല. പിന്നീടു പൂര്‍വ വിദ്യാർഥി സംഗമ പരിപാടി കേരളത്തില്‍ ഫാഷനായതോടുകൂടി വീണ്ടും അടുക്കാനിടയായി. പക്ഷേ, ഒരു കുഴപ്പം, പഴയ രീതിയിലുള്ള സൗഹൃദം കൊണ്ടുവരാന്‍ എല്ലാവരും ശ്രമിച്ചെങ്കിലും അതു നടന്നില്ല. പ്രധാന കാരണം ഈ രാജനായിരുന്നു. ഒരു മാതിരി ഞങ്ങളെല്ലാം സാമ്പത്തികമായി മിഡില്‍, അപ്പർ മിഡില്‍ക്ലാസിലെത്തിയിരുന്നു. ജോലി കൊണ്ടും വീതം കിട്ടിയ ഭൂസ്വത്തിനു വില ഉയര്‍ന്നതു കൊണ്ടുമായിരുന്നു പ്രധാനമായും ഈ സാമ്പത്തിക ഉന്നമനം.

പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പാവപ്പെട്ട പശ്ചാത്തലത്തില്‍നിന്നു വന്ന രാജന്‍ ഒരു ജോലിക്കും പോയില്ല. അയാള്‍ സ്വന്തം ബിസിനസ് തുടങ്ങി. അതും കേരളത്തില്‍. എന്നിട്ട് ക്ലാസിലെ ഏറ്റവും വികൃതിയും മടിയനുമായിരുന്ന അവന്‍ ബിസിനസില്‍ വിജയിയായി. വെറും വിജയമല്ല. ഞങ്ങള്‍ ഒരിക്കലും സ്വപ്നം കാണാത്തവിധം അതിസമ്പന്നനായി. കോടീശ്വരനല്ല. ശതസഹസ്രകോടീശ്വരന്‍. ബില്യണെയര്‍. രാജന്‍ ഈ സമ്പത്തു കാരണം പ്രശസ്തനായി. എല്ലാവരുമായും വാട്‌സാപ്പിലും ഫോണിലും ബന്ധം വച്ചിരുന്നു. ഒരിക്കലേ അവന്‍ ഞങ്ങളുടെ പൂര്‍വവിദ്യാർഥി പരിപാടിയില്‍ പങ്കെടുത്തിരുന്നുള്ളൂ. അത്, അവന്‍ തന്നെ ടിഎ, ഡിഎ ചെലവുവരെ വഹിച്ച് ഒരു ഗോവാ റിസോര്‍ട്ടിലായിരുന്നു നടത്തിയത്.

ഞങ്ങളൊരിക്കലും പ്രതീക്ഷിക്കാത്തവിധം ലാളിത്യവും തമാശകളും നിറഞ്ഞ രസകരമായ കൂട്ടായ്മ. എല്ലാവരും രാജനെ വാനോളം പുകഴ്ത്തി. രാജനും അതിഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഈ ജീവിതവിജയത്തിന്റെ കാരണം എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ചോദിച്ചു. രാജന്‍ പറഞ്ഞു:

എടാ, എന്തു വേണമെങ്കിലും പറയാം. പരിശ്രമം, ദീര്‍ഘവീക്ഷണം, ബുദ്ധി, ഏകാഗ്രത, ദൈവവിശ്വാസം, റിസ്‌ക്കെടുക്കാനുള്ള ധൈര്യം. അങ്ങനെ പലതും. പക്ഷേ, അതൊന്നുമല്ല. സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നെ അറിയില്ലേ? വെറും ഭാഗ്യം!

രാജന്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു എന്നെനിക്കു തോന്നി. അവന്‍ പ്ലാനിട്ടായിരിക്കണം നേരത്തേ തയാറാക്കിയ ഒരു അംബാനിക്കഥ പറഞ്ഞു.

ധീരുഭായി അംബാനിയുടെ കഥ പറയുന്ന ഗുരു എന്ന ബോളിവുഡ് ബ്ലോക്ക് ബെസ്റ്റര്‍ സിനിമയില്‍ ഒരു രംഗമുണ്ട്. പതിനെട്ടുവയസ്സുകാരന്‍ ഗുരുകാന്ത് ദേശായി പത്താം ക്ലാസ് കടന്നുകൂടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ടര്‍ക്കിയില്‍ ജോലിക്കു പോയി. ആദ്യ വര്‍ഷം തന്നെ മിടുമിടുക്കന്‍ എന്ന് അഭിനന്ദിച്ച് കമ്പനിയുടമ സായിപ്പ് പ്രമോഷന്‍ നല്‍കി. വന്‍ ശമ്പളവും. എപ്പോഴും കഴുത്തില്‍ ടൈ കെട്ടണമെന്ന നിർദേശവും. ഗുരുകാന്ത് ജോലിയും ടൈയും സ്വീകരിച്ചില്ല. നാട്ടിലേക്കു മടങ്ങാന്‍ തീര്‍ച്ചപ്പെടുത്തി. അതേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചിറ്റപ്പന് ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഗുരുകാന്തിന്റെ ന്യായീകരണം ലളിതമായിരുന്നു.

ഗുരുകാന്ത് പറഞ്ഞു:

ജഗന്‍ ചാച്ചാ, അങ്ങു പറയുന്നു, ഞാന്‍ ജോലിയില്‍ വളരെ മിടുക്കനാണെന്ന്. സായിപ്പും പറയുന്നു. മിടുമിടുക്കനാണെന്ന്. ഞാന്‍ അത്ര മിടുക്കനാണെങ്കില്‍ പിന്നെ വേറൊരാളുടെ കീഴില്‍ ജോലി ചെയ്യുന്നതെന്തിനാ? നാട്ടില്‍ പോയി സ്വന്തമായി എന്തെങ്കിലും ചെയ്തുകൂടേ?

ഞങ്ങള്‍ക്കു രാജന്റെ കാര്യത്തില്‍ അന്നു തല്‍ക്കാലം സമാധാനമായി.

ആ രാജനാണു മരിച്ചത്.

രാജന്റെ കൂറ്റന്‍ ബംഗ്ലാവില്‍ വച്ചായിരുന്നു പൊതു ദര്‍ശനം. ഔദ്യോഗിക ബഹുമതി പൊതുവേ പണക്കാരനു സര്‍ക്കാര്‍ കൊടുക്കാറില്ലല്ലോ. അതു കാരണം അക്കാര്യം ആരും സൂചിപ്പിച്ചുപോലുമില്ല.

ഞങ്ങള്‍ തിരിച്ചു വരികയായിരുന്നു. പഴയ സതീർഥ്യര്‍. ബാബു റിട്ടയേഡ് പ്രഫസര്‍. ബേബി ഗള്‍ഫ് റിട്ടേണി. പിന്നെ ഞാന്‍ എഴുത്തുകാരനും. എല്ലാവരുടെയും മനസ്സില്‍ മരിച്ചുപോയ രാജനാണ്. നിശ്ശബ്ദത അസഹ്യമായപ്പോള്‍ നമ്മെ വിട്ടുപോകുന്ന ആരെക്കുറിച്ചും നാം പറയാറുള്ള വാചകം ഞാൻ തട്ടി.

ഇതൊക്കെയാണെങ്കിലും രാജന്‍ ആള് നല്ലവനായിരുന്നു.

രണ്ടു നിമിഷം. വെടി പൊട്ടി. ഇതൊക്കെയാണെങ്കിലും എന്ന വാക്കാണ് തിരി കൊളുത്തിയത്.

ബാബു ഒന്നു ചുമച്ച് കണ്ഠശുദ്ധി വരുത്തി പറഞ്ഞു:

വർമാജി എന്തൊക്കെ പറഞ്ഞാലും ഞാന്‍ സമ്മതിക്കില്ല. എനിക്കറിയാം.

"ബിഹൈന്‍ഡ് എവരി ഫോര്‍ച്യൂണ്‍ ദേര്‍ ഈസ് എ ക്രൈം" എല്ലാ കോടീശ്വരന്മാരുടെ പിന്നിലും ഒരു കറുത്ത കഥയുണ്ട്. നമ്മുടെ രാജനാണ്. ക്ലാസ് മേറ്റാണ്. പക്ഷേ സത്യം പറയാതിരിക്കാന്‍ പറ്റില്ലല്ലോ. ഇവന്റെ ഈ കോടികളുടെ പിന്നിലും ഒന്നുണ്ട്. പണ്ടു ഗോവയില്‍ വച്ചു കുറെ കള്ളും കുടിപ്പിച്ച് വെറും ഭാഗ്യമാണ് ഈ നില വരാന്‍ കാരണമെന്ന് പറഞ്ഞപ്പം നമ്മള് വിശ്വസിച്ചു എന്നാ ഇവന്റെ വിചാരം. നോ. ഇതു ഭാഗ്യമല്ല. മിടുക്കുമല്ല. എല്ലാം ബ്ലാക്ക് മണിയാണെന്നേ. എനിക്കറിയാം. ഒരു വലിയ ക്രൈം, അതുണ്ടിതിനു പിന്നില്‍. നമുക്കു വിശ്വസിക്കാന്‍ പറ്റാത്ത കുറ്റകൃത്യം. അതു രഹസ്യമാണ്. പുറത്തു വന്നാല്‍...

പിന്നെ രസമായിരുന്നു. രാജനെപ്പറ്റി പ്രചരിക്കുന്ന മൂന്നു രഹസ്യ ക്രൈം കഥകള്‍ ബാബു പറഞ്ഞു. ഗള്‍ഫ് സ്‌നേഹിതന്‍ ഗള്‍ഫില്‍ വച്ച് കേട്ടതാണെന്ന നിഷ്‌കളങ്കതയോടെ രണ്ടു കഥകളും പറഞ്ഞു. എല്ലാം രണ്ടു മൂന്നു തൂക്കു കയറും ആജീവനാന്ത തടവും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ കഥകള്‍.

രാജന്‍ ഒരു കുറ്റകൃത്യമേ ചെയ്തുള്ളൂ എന്നെനിക്കു തോന്നി. ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കപ്പുറം ധനവാനായി. അതു ശരിയല്ല.

രാഷ്ട്രീയത്തിലോ സാഹിത്യകലാകായികരംഗങ്ങളിലോ നമ്മളെക്കാള്‍ ഔന്നത്യം നേടിയവരെ നമ്മള്‍ സഹിക്കും. പക്ഷേ, നമ്മുടെ കണ്‍മുന്നില്‍, നമ്മുടെ സാഹചര്യത്തില്‍നിന്നു തന്നെ വന്ന് ബിസിനസ് ചെയ്ത് ധനവാന്മാരായവരെ നാം സഹിക്കുകയില്ല. ആള് ക്രിമിനലാണ്. വന്‍ ക്രിമിനല്‍.

നമ്മളെല്ലാം വക്കീലും ജഡ്ജിയുമാണ്. നമ്മുടെ പരാജയത്തിന്റെ കാരണം പറയുമ്പോള്‍ നാം വാചാലനായ വക്കീലാകുന്നു. മറ്റുള്ളവരുടെ പരാജയത്തിന്റെ കാര്യം വരുമ്പോള്‍ മാത്രമല്ല, വിജയത്തിലും നാം നിഷ്പക്ഷനായ ജഡ്ജിയായി അവരുടെ കുറ്റവും കഴിവുകേടും കള്ളത്തരവും തുറന്നു കാട്ടി ശിക്ഷ വിധിക്കും. അവനു പരാജയം വരേണ്ടതാണ്. മറിച്ച് അവന്‍ വിജയി ആയെങ്കില്‍ അവന്റെ വിജയത്തിനു കാരണമായ ക്രൈം കണ്ടുപിടിച്ച് വിധി പറയും.

നമ്മളെപ്പോലെയല്ല. അവന്‍ ബേസിക്കലി കള്ളനാണ്. എനിക്കിതു നേരത്തേ അറിയാമായിരുന്നു. പറഞ്ഞില്ലെന്നേയുള്ളൂ.

സ്വപ്നം കാണാനുള്ള ടാലന്റും ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള പ്രയത്‌നവും ആയിരുന്നു രാജന്റെ ഡിഗ്രി. സാമ്പത്തികരംഗത്തേക്കു ബൗദ്ധിക മേന്മയുള്ള ടെക്‌നോളജി പുതിയ പുതിയ ഉൽപാദനസേവന പ്രോഡക്ടുകള്‍ കൊണ്ടുവരുമ്പോള്‍ പാരമ്പര്യ ബുദ്ധിയെ മറികടന്ന് ടാലന്റ് മുന്നിലെത്തുന്നു. ബൗദ്ധികസ്വത്തിന്റെ മൂലധനശേഷിയെക്കാള്‍ വളരെ വലുതാണ് ടാലന്റിന്റെ ശേഷി.

അങ്ങനെ ഒരു പുതിയ സാമ്പത്തികശാസ്ത്രം രൂപപ്പെട്ടു വരികയാണ്. ഈ മാറ്റത്തിന്റെ സിംബലാണ് രാജന്‍. ഒന്നുകില്‍ നമുക്കു രാജനെ അംഗീകരിക്കാം. അല്ലെങ്കില്‍ ക്രിമിനലായി ആഘോഷിച്ചു സമാധാനിക്കാം. ചോയ്‌സ് നമ്മളുടേതാണ് •

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam