വന്ധ്യത: ശ്രദ്ധിക്കണം 10 കാര്യങ്ങൾ

വെയിൽച്ചില്ലകൾ മറയ്ക്കുന്ന ഫ്ലാറ്റിൽ, ഓർഡർ ചെയ്തു ഫാസ്റ്റ് ഫൂഡിനുവേണ്ടി കാത്തിരിക്കുന്ന, പുതിയ കാലത്തെ ഭാര്യയ്ക്ക് ചുറ്റും നിറയുന്നത് ഏകാന്തതയാണ്. നല്ല ജോലി, നല്ല ശമ്പളം, നല്ല ഭർത്താവ്.....എല്ലാം നല്ലതു തന്നെയാണെങ്കിലും കുട്ടികളില്ലാത്ത ദു:ഖത്തിൽ വേവുന്നവരാണ് പുതിയ ദമ്പതികളിൽ പലരും.

പുതിയ കേരളത്തിൽ പുതിയ ഭക്ഷണ ശീലങ്ങളും പുതിയ ജീവിതശൈലികളുമായി. ജോലിഭാരം വരുത്തി വയ്ക്കുന്ന അമിത സമ്മർദ്ദം വേറെ. ഇത് വന്ധ്യത ഉൾപ്പടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഒരു കുഞ്ഞിക്കാലിനു വേണ്ട് കാത്തിരിക്കുന്ന ദമ്പതിമാരുടെ എണ്ണം അനുദിനം കൂടിവരികയാണ്.

2014 ലെ കണക്കുകൾ പ്രകാരം 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി പുരുഷ വന്ധ്യതാ നിരക്ക് വർധിച്ചു. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജീവിതശൈലി മാറ്റങ്ങളും കീടനാശിനികൾ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗവും അമിതമായ ഔഷധ ഉപയോഗവുമാണ്.

യുവതലമുറയ്ക്കിടയിലെ വന്ധ്യതാ നിരക്കിന്റെ വര്‍ധനവ് ആശ‌ങ്കാജനകമാണ്. 21 നും 30 നും ഇടയില്‍ പ്രായമുളള ദമ്പതിമാരിൽ 34 ശതമാനം‌ പേരും അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക്സ് (എആര്‍ടി) സ്വീകരിക്കുന്നവരാണ് എന്നാണ് ദേശീയ നിലയിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 2013 ലെ വേൾഡ് ബാങ്ക് കണക്ക് പ്രകാരം 2000-ാം മാണ്ട് മുതൽ ഫെർ‌ട്ടിലിറ്റി നിരക്കിൽ 17 ശതമാനം വരെ വീഴ്ചയാണ് ‌ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ജനതയിൽ 10 ശതമാനം ആളുകൾ വന്ധ്യതാ പ്രശ്നങ്ങൾ ഉള്ളവരാണ് എന്നു പറയുമ്പോൾ, ഇന്ത്യയുടെ ജനസംഖ്യ വച്ചു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യ തന്നെയാണ്.

കുഞ്ഞ് പിറക്കാത്ത ദുഃഖം മാത്രമല്ല. വന്ധ്യതാ ചികത്സയ്ക്കായുള്ള ഒാട്ടത്തിനിടെ ചെലവാക്കുന്ന പണം ലക്ഷങ്ങളാണ്. കടം വാങ്ങിയും ലോണെടുത്തും കുഞ്ഞ് എന്ന സ്വപ്നത്തിനു പിറകേ ഒരുപാടു കുടുംബങ്ങൾ സഞ്ചരിക്കുന്നു. മാനസ്സിക സമ്മർദത്തിന് അടിപ്പെട്ടു പോവുന്നവരുമുണ്ട്.

വന്ധ്യത: ശ്രദ്ധിക്കണം 10 കാര്യങ്ങൾ

1 50 ശതമാനം വന്ധ്യതാ കേസിന്റെയും കാരണം അമിത മദ്യപാനമാണ്.

2 പുകവലി പുരുഷ വൃഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നു

3 ഭക്ഷണത്തിലെ ക്രമമില്ലായ്മയും ജങ്ക്ഫുഡും ഒഴിവാക്കുക

4 മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കുക.

5 ഗർഭം ധരിക്കാത്ത ദമ്പതികൾ ലൂബ്രിക്കന്റ്സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

6 ചെറുപ്പക്കാരായ ദമ്പതികളിൽ വന്ധ്യതാനിരക്ക് കൂടിവരികയാണ്. മാറിയ ജീവിതശൈലിയും ഭക്ഷണ രീതികളും മാനസിക സമ്മർദവുമൊക്കെയാണ് കാരണം.

7 അമിതഭാരമുള്ളവർ ശരീരഭാരം ക്രമീകരിക്കുവാൻ വ്യായാമങ്ങളിലും ഭക്ഷണശീലങ്ങളിലും ഏർപ്പെടാൻ മറക്കരുത്.

8 ഇറുക്കമുള്ള അടിവസ്ത്രങ്ങൾ തുടർച്ചായി ധരിക്കുന്നതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ബൈക്ക് യാത്രയും പുരുഷന്മാരിൽ വന്ധ്യതയ്ക്കു കാരണമാവും.

9 സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട ഇൻഫക്ക്ഷനുകൾ പിൽക്കാലത്ത് വന്ധ്യതയ്ക്കു കാരണമാകാം. അണുബാധകൾ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യണം.

10 ബ്രോയിലർ ചിക്കൻ, ഐസ്ക്രീം, മധുരപലഹാരങ്ങൾ, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരം, ചോക്ളേറ്റ് എന്നിവ കുറയ്ക്കുക. ക്രമാതീതവും പോഷകസമൃദ്ധവുമായ ആഹാരം ശീലമാക്കുക.