നടനോടുള്ള ആരാധന കൂടി നിത്യവും കഴിക്കുന്നത് അദ്ദേഹത്തിന്റെ ഫോട്ടോ, താരം ഇടപെടുന്നതു വരെ തുടരും!!

ഈ ആരാധകരൊക്കെ ഇങ്ങനെ ചെയ്താൽ പാവം നടൻമാരൊക്കെ കുടുങ്ങിയതുതന്നെ.

ആരാധകർ പലവിധമാണ്. ചിലർ താരങ്ങളെ സ്‌നേഹിച്ച് കൊല്ലും. ചിലർ താരങ്ങൾക്കായി മരിക്കും. എന്തായാലും ആരാധന അൽപം മൂത്താൽ പിന്നെ താരങ്ങൾക്കു പണിയാണ്. വിചിത്ര ഹോബിയുള്ള ഒരു ആരാധകൻ ദാ തന്റെ ഇഷ്ടതാരത്തിനായി മരിക്കുന്ന അവസ്ഥവരെയെത്തി. അമേരിക്കൻ നടനും തിരക്കഥാകൃത്തുമൊക്കെയായ ജേസൻ സെഗലിന്റെ ആരാധകനാണ് താരം. കാനഡയിലെ ടൊറന്റൊ സ്വദേശിയായ നോവ മലോനിയെന്ന യുവാവ് നിത്യവും സെഗലിന്റെ ചിത്രം ഭക്ഷിക്കുകയാണ്. അത് വിഡിയോയിൽ പകർത്തി യൂ ട്യൂബിലിടുകയുംചെയ്യുന്നുണ്ട്. എന്തിനാണെന്നോ തന്റെ സെഗൽ അറിയാൻ അത്രതന്നെ. എന്നിട്ട് ഇതുപോലെ തന്റെ ചിത്രം സെഗലും തിന്നണം!.. അതുവരെ തുടരുമെന്നാണ്പ്രഖ്യാപനം.

കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയതാണ് നോവയുടെ ‘വട്ട്’. എന്നും ഇതുതന്നെ പണി. എ ഫോർ സൈസിൽ സെഗലിന്റെ പടം പ്രിന്റെടുക്കുക, ഭക്ഷണത്തോടൊപ്പം തട്ടുക, യൂ ട്യൂബിലിടുക. ഇപ്പോൾ അൻപതിലധികം വിഡിയോകൾ വന്നുകഴിഞ്ഞു. എന്നിട്ടും നടൻ ഇതറിഞ്ഞതായി കാണുന്നില്ല. ഇനി അറിയാത്തഭാവത്തിലാണോയെന്നും പറയാൻ പറ്റില്ല. ആദ്യമാദ്യം അച്ചാറുകൂട്ടിയും പീറ്റ്‌സയുടെ കൂടെയുമൊക്കെ പടം കഴിച്ചിരുന്ന നോവ, കഴിഞ്ഞയാഴ്ച ബീയറിൽമുക്കി സെഗലിനെ തിന്നുന്നതിനിടെ പണിയൊന്നു പാളി. കടലാസ് തൊണ്ടയിൽ കുടുങ്ങി. കൂടുതൽ ബീയറൊഴിച്ച് വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ ജാമായി. 15 സെക്കൻഡ് നേരം സ്വർഗം കണ്ടതായി നോവതന്നെ സമ്മതിക്കുന്നു. ഒടുവിൽ ഛർദിച്ചു കളഞ്ഞാണ് ജീവൻ രക്ഷിച്ചത്. 

എന്നാൽ ഇതുകൊണ്ടു നിർത്തുമോ, തൊട്ടടുത്ത ദിവസം വീണ്ടും പടം തീറ്റ തുടങ്ങി. താരം ഇടപെടാതെ സംഗതി നിൽക്കുമെന്നു തോന്നുന്നില്ല. ഈ ആരാധകരൊക്കെ ഇങ്ങനെ ചെയ്താൽ പാവം നടൻമാരൊക്കെ കുടുങ്ങിയതുതന്നെ.