ആർക്കിമിഡീസ് പ്രതിമയ്ക്കു തുണിയില്ല, നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ

ബാത്ടബിന്റെ കരയിൽ ഭൂഗോളത്തെ കോരിയെടുത്തു വെള്ളത്തിൽ മുക്കുന്നതു പോലൊരു കലാസൃഷ്ടിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്...

കുളിക്കാൻ ബാത്ടബിൽ ഇറങ്ങിയപ്പോൾ വെള്ളം കവിഞ്ഞൊഴുകുന്നതുകണ്ട് യുറേക്ക യുറേക്കാ എന്നു വിളിച്ചു തുണിയില്ലാതെ ഓടിയ ആർക്കിമിഡീസിനെ നമുക്കറിയാം. ആർക്കിമിഡീസ് തുണിയില്ലാതെ ഓടുന്നതു സങ്കൽപത്തിൽ കണ്ടു ചിരിച്ചവർക്കു മുൻപിൽ അതു കൊത്തുപണിയാക്കി പ്രദർശിപ്പിച്ചാലോ. ഗ്രീസിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനെക്കുറിച്ചുള്ള കലാസൃഷ്ടിയല്ലേ. അതു കണ്ട് ആസ്വദിക്കുക തന്നെ.

പക്ഷേ ബ്രിട്ടനില്‍ സംഭവിച്ചതു മറിച്ചാണ്. വഴിയിൽ സ്ഥാപിച്ച തുണിയില്ലാത്ത പ്രതിമ മൂലം ഡ്രൈവിങ്ങിൽ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നാണു പരാതി. ബ്രിട്ടനിലെ ഹാംസ്ഫയർ ഗ്രാമത്തിലെ ആർക്കിമിഡീസ് പ്രതിമയ്ക്കെതിരെയാണ് ഇവർ രംഗത്തു വന്നിരിക്കുന്നത്. ബാത്ടബിന്റെ കരയിൽ ഭൂഗോളത്തെ കോരിയെടുത്തു വെള്ളത്തിൽ മുക്കുന്നതു പോലൊരു കലാസൃഷ്ടിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഒൻപത് അടിയാണു പ്രതിമയുടെ ഉയരം. പൂർണ നഗ്നമെങ്കിലും ശരീരം കൈകൊണ്ടു ചെറുതായി മറച്ചിട്ടുണ്ട്. ഈ പ്രതിമ ഇവിടെനിന്നു നീക്കം ചെയ്യണമെന്നാണു ചിലരുടെ ആവശ്യം. കഴിഞ്ഞ 30 വർഷമായി പ്രദേശത്ത് നിലനിൽക്കുന്ന കലാസൃഷ്ടിക്ക് എതിരെയാണ് ചിലർ പരാതിയുമായി വന്നിരിക്കുന്നത്.

വഴിയിൽ കാണുന്ന ഫ്ലക്സ് എല്ലാം കണ്ട് ആസ്വദിച്ചു യാത്ര ചെയ്യുന്നവരല്ലേ നമ്മൾ. അപ്പോൾ പിന്നെ നഗ്ന പ്രതിമ കാണുമ്പോൾ നോക്കാതിരിക്കുമോ. കാർ ഓടിച്ചു വരുമ്പോൾ അപകടം ഉണ്ടാകാൻ ഇതിൽ കൂടുതൽ എന്തു വേണം. രാത്രിയിൽ പ്രതിമ വൈദ്യുത ദീപാലംകൃതമാകുമ്പോൾ കണ്ണിനു കൂടുതൽ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും പറയുന്നു. ഇതു വെറുമൊരു കലാസൃഷ്ടിയല്ലേ. ഇതു കണ്ട് എന്തു വികാരം തോന്നാൻ എന്നാണ് മറുപക്ഷത്തിന്റെ വാദം. കാണുമ്പോഴേ വികാരം കൊള്ളാൻ ഇതു പെൺപ്രതിമയല്ലല്ലോ എന്നും ഇവർ പറയുന്നു. പക്ഷേ വികാരം കൊള്ളിക്കാൻ പെൺ പ്രതിമയ്ക്കു മാത്രമല്ല ആൺ പ്രതിമയ്ക്കും കഴിയുമെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.