ഈ ബോഡിഗാർഡിന് ആര് സുരക്ഷ കൊടുക്കും? ഇന്റർനെറ്റിൽ അതാണിപ്പോൾ ചർച്ച!

ചോയി ഗങ് ജേ

അഴിമതിക്കാരിയായ പ്രസിഡന്റിനെ പുറത്താക്കി അധികാരത്തിലെത്തിയ ദക്ഷിണകൊറിയൻ പ്രസിഡന്റിനേക്കാൾ ആരാധകരാണ് പ്രസിഡന്റിന്റെ ബോഡിഗാർഡിന്. ടിവിയിൽ പ്രസിഡന്റിനെ കാണിക്കുമ്പോൾ പെൺകുട്ടികൾ ഓടിയെത്തും. പ്രസിഡന്റിനെ കാണാനല്ല. ബോഡിഗാർഡിനെ കാണാൻ. മേയ് മാസത്തിൽ അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്കകം തന്നെ പ്രസിഡന്റിനൊപ്പം ബോഡിഗാർഡും സൂപ്പർഹിറ്റ്. 

ചതുരത്താടിയും സുന്ദരമായ കണ്ണുകളുമുള്ള ചോയി ഗങ് ജേ ആണ് സുന്ദരികളുടെ മനം കീഴടക്കിയിരിക്കുന്നത്. ഗന്ധർവൻ പോലെ സുന്ദരൻ എന്നു നമ്മുടെ ഭാഷയിൽ പറയാം. കൊറിയൻ ഭാഷയിൽ പറയുമ്പോൾ ചതുരത്താടിയും തിളങ്ങുന്ന കണ്ണുകളുമുള്ള റൊമാന്റിക് ഹീറോ എന്നു പറയും. 30,000 റീട്വീറ്റുകളും ലക്ഷം ലൈക്കുകളുമായി ലോകമെങ്ങുമെത്തുകയാണ് ബോഡിഗാർഡിന്റെ ചിത്രം. 

പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയുമൊക്കെ പിന്നിൽ കട്ടികൂളിങ് ഗ്ലാസ് വച്ചു മസിലുപിടിച്ചു നിൽക്കുന്ന ബോഡിഗാർഡുകളെ കണ്ടു മടുത്തവർക്കു മുന്നിലേക്കാണ് റൊമാന്റിക് ഹീറോയുടെ വരവ്. ചോയി ഗങ് ജേയുടെ ചിത്രം ട്വീറ്റ് ചെയ്തും റീട്വീറ്റ് ചെയ്തും പെൺകുട്ടികൾ ഇത് ആഘോഷമാക്കി. ഇവൻ എന്റെ മാത്രം ബോഡിഗാർഡ് ആയിരുന്നെങ്കിൽ എന്നുവരെ പ്രണയത്തിൽ പൊതിഞ്ഞു കമന്റ് വന്നു. 

തന്നെക്കാൾ ബോഡിഗാർഡ് പ്രശസ്തനായതിൽ പ്രസിഡന്റ് മൂൺ ജെ ഇന്നിനു കുശുമ്പൊന്നുമില്ല. ‘ആരാധികമാർ പൊതിഞ്ഞിട്ടു കാര്യമൊന്നുമില്ല. 36 വയസുകാരനായ ഈ ബോഡിഗാർഡ് വിവാഹിതനാണ്. രണ്ടു പെൺകുട്ടികളുടെ അച്ഛനും ’ എന്നാണ് പ്രസിഡന്റിന്റെ ഓഫിസ് ട്വീറ്റ് ചെയ്തത്. പക്ഷേ അതൊന്നും ഈ ബോഡിഗാർഡിനെ ആരാധിക്കാൻ പെൺകുട്ടികൾക്കു തടസമാകുന്നില്ല. 

2018 ഫെബ്രുവരി വരെ കാലാവധി ഉണ്ടായിരുന്ന പ്രസിഡന്റ് കൺസർവേറ്റീവ് പാർട്ടിയിലെ പാർക് ഗ്യൂൻ ഹൈ അഴിമതിക്കേസിൽ ഇംപീച്ച് ചെയ്യപ്പെട്ടതിനെ തുടർന്നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റിക് പാർട്ടിയിലെ മൂൺ ജെ ഇൻ അധികാരത്തിലെത്തിയത്.  ഒരു‍ പതിറ്റാണ്ടു നീണ്ട കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണു മൂണിന്റെ വിജയത്തോടെ വിരാമമായത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, മൂണിനേക്കാൾ തിളങ്ങിയത് യങ് ആണ്.