കാൻ ഫിലിം ഫെസ്റ്റിവൽ എന്നു കേട്ടപ്പോൾ മുതൽ ഐശ്വര്യ റായിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. സിൻഡ്രല ഗൗണില്‍ അസൽ രാജകുമാരിയെപ്പോലെയാണ് ആഷ് ചുവപ്പു പരവതാനിയിൽ ചുവടുവച്ചത്. കാൻ ഫെസ്റ്റിവലിലെ ആഷിന്റെ അതിശയിപ്പിക്കുന്ന ലുക്കിനു പിന്നിൽ ഒരു യുവതിയുടെ ആത്മാർപ്പണം കൂടിയുണ്ട്. ഐശ്വര്യയുടെ ഔദ്യോഗിക സ്റ്റൈലിസ്റ്റ് കൂടിയായ ആസ്താ ശർമയാണത്. ആഷിന്റെ മാജിക് ലുക്കിന്റെ ക്രെഡിറ്റ് ആസ്തയ്ക്കു കൂടി അവകാശപ്പെട്ടതാണ്.
റെഡ് കാർപ്പറ്റിൽ ആഷ് അത്രത്തോളം സുന്ദരിയായതിനു പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ആസ്തയ്ക്കു തെല്ലും മടിയില്ല. '' മാർച്ചിൽ ഡിസൈനർ മൈക്കൽ സിന്‍കോയുടെ ഷോ കണ്ടപ്പോൾ മുതൽ ഞാൻ ആ സിൻഡ്രല ഗൗണിൽ നോട്ടമിട്ടിരുന്നു. അത് ആഷിനു പെർഫെക്റ്റ് ഫിറ്റ് ആകുമെന്ന് ഉറപ്പായിരുന്നു, മറ്റൊരു തരത്തിൽ പറഞ്ഞാൽ ആഷിനു മാത്രമേ അത് അത്രയും പെർഫെക്റ്റ് ആയി ധരിക്കാൻ കഴിയൂ.
സ്വന്തമായൊരു വ്യക്തിത്വമുള്ളയാളാണ് ഐശ്വര്യ. സ്റ്റൈലിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആഷിന്റെ പേഴ്സണാലിറ്റി സൗന്ദര്യം കൂട്ടുകയാണ്. ആഷിനൊപ്പം പ്രവർത്തിക്കുമ്പോൾ ഒട്ടും ബുദ്ധിമുട്ടു തോന്നിയിട്ടേയില്ല. ''- ആസ്ത പറയുന്നു.
ആഷിന്റെ ആ മനോഹരമായ ലുക്കിനു പിന്നിൽ കൂട്ടായ പ്രവർത്തനമാണെന്നും പറയുന്നു ആസ്ത. '' ഞങ്ങൾ കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണത്. ഓരോ ഘട്ടങ്ങളിലും ഒരുപാടുപേരുടെ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഫിറ്റിങ്ങ്സ്, ട്രയല്‍, ലോറിയലിന്റെ മേക്അപ് ടീം എന്നിങ്ങനെ ഞങ്ങളെല്ലാം കൂട്ടായി പ്രവർത്തിച്ചതു കൊണ്ടാണ് പെർഫെക്റ്റ് ലുക് ലഭിച്ചത്. ഹെയർ, മെക്അപ്, ക്ലോത്തിങ് എന്നിവയ്ക്കായി കഠിനാധ്വാനങ്ങളുണ്ടായിട്ടുണ്ട്. അഞ്ചുമാസം മുമ്പു തൊട്ടേ സ്റ്റൈലിങ്ങിൽ പ്രവർത്തനം ആരംഭിച്ചിരുന്നു, കാരണം റിസൽട്ട് അത്രത്തോളം മികച്ചതായിരിക്കണം എന്നുണ്ടായിരുന്നു. "
കഴിഞ്ഞ അഞ്ചു വർഷമായി വാർഡ്രോബിസ്റ്റ് കൺസൽട്ടൻസി എന്ന പേരിൽ സ്റ്റൈലിങ് കമ്പനി നടത്തി വരികയാണ് ആസ്ത. കൽകി കോച്‌ലിൻ, നേഹാ ധൂപിയ, ഹുമ ഖുറേഷി തുടങ്ങിയ നടിമാരെല്ലാം ആസ്തയുടെ സ്റ്റൈൽ ടിപ്സിന്റെ ആരാധകരാണ്.