ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, എന്തിനു നീന്തണം? ഇന്ത്യയുടെ അഭിമാനമായ നീന്തൽ താരം നേരിട്ട ചോദ്യങ്ങൾ!

ഭക്തി ശർമ്മ, കായികപ്രേമികളായവർക്കും അല്ലാത്തവർക്കും അത്ര വേഗം മറക്കാൻ പറ്റുന്ന ഒന്നല്ല ഈ പേര്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒരു ഡിഗ്രി താപനിലയില്‍ 52 മിനിട്ടുകൊണ്ട് 1.4 മൈല്‍ ദൂരം നീന്തിയെത്തി റെക്കോർഡ് ഇട്ട ഭക്തി ശർമ്മ കുറച്ചൊന്നുമല്ല നമുക്ക് അഭിമാനമേകിയത്. എന്നാൽ 'റോം വാസ്‌ നോട്ട് ബിൽറ്റ് ഇൻ എ ഡേ' എന്ന് പറയുന്നത് പോലെ അപ്രതീക്ഷിതമായി ഉണ്ടായ ഒരു നേട്ടമല്ല അത്. ഒരു നീന്തൽ താരമായി പൂർണ അർത്ഥത്തിൽ പരിണമിക്കുന്നതിനു മുന്നോടിയായി ഭക്തി ശർമ്മ കടന്നു പോയ ദുർഘടങ്ങൾ നിറഞ്ഞ വഴികൾ അനവധിയാണ്. ഹീറോ പ്ലെഷർ പങ്കുവച്ച പത്ത് ഹീറോയുടെ കഥ എന്ന വീഡിയോയാണ് ഭക്തി ശർമയുടെ കഥ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ബ്രിട്ടീഷ് താരം ല്യൂയിസ് പഫിന്റേയും അമേരിക്കന്‍ താരം ലിന്‍ കോക്‌സിന്റേയും റെക്കോർഡുകൾ തകർത്താണ് ഭക്തി രക്തം കട്ടപിടിക്കത്തക്ക തണുപ്പിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ നീന്തിയത്. ജീവൻ പണയം വച്ച് നടത്തിയ ഈ ശ്രമത്തിനൊടുവിൽ ഭക്തി ആഗ്രഹിച്ചത് പോലെ തന്നെ ജനങ്ങൾ നിറഞ്ഞ മനസ്സോടെ കൈകൾ നീട്ടി ഭക്തിയെ സ്വീകരിച്ചു. ഭക്തിയുടെ നേട്ടം രാജ്യത്തിന്റെ അഭിമാനമാണെന്നും നീന്തല്‍ രംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ ഭക്തിയെ മാതൃകയാക്കണമെന്നും ആളുകൾ പറഞ്ഞു. എന്നാൽ, ഏഴു കടലുകളിലും അഞ്ചു സമുദ്രങ്ങളിലും നീന്തിയ ഭക്തിയുടെ ബാല്യവും കൗമാരവും അത്ര സുഖകരമായിരുന്നില്ല.

നീന്തലിനോട് തോന്നിയ പ്രണയം തന്നെയായിരുന്നു പ്രധാന പ്രശ്നം. എന്തിനാണ് പെൺകുട്ടികൾ നീന്തുന്നത്? അത് കൊണ്ട് എന്ത് നേട്ടം ഉണ്ടാകാൻ എന്നീ ചോദ്യത്തിൽ തുടങ്ങി, തന്റെ ഇഷ്ടങ്ങളെ തച്ചുടയ്ക്കുന്ന രീതിയിൽ നാട്ടുകാരുടെ ചോദ്യങ്ങൾ വളർന്നു. എന്നാൽ പതറിപ്പോകും എന്ന് തോന്നിയ സന്ദർഭങ്ങളിൽ ഭക്തിക്ക് കൂട്ടുവാൻ മാതാപിതാക്കൾക്ക് കഴിഞ്ഞു. നീന്തലിൽ ഭക്തിയുടെ ആദ്യ ഗുരു, സ്വന്തം അമ്മയായ ലീന ശർമയായിരുന്നു. അറിയപ്പെടുന്ന ഒരു നീന്തൽ താരം ആകണമെന്നായിരുന്നു ലീനയുടെയും ആഗ്രഹം. അവർ അതിനായി പരിശ്രമിച്ചു, വിവാഹശേഷം ഭർത്താവുമൊത്താണ് ഹോട്ടലുകളിലെ വലിയ നീന്തൽ കുളങ്ങളിൽ പോയി പരിശീലനം നടത്തിയത്. 

എന്നാൽ അവിടെയും ഭക്തി നേരിട്ട അതെ പ്രശ്നങ്ങൾ തന്നെ ലീനയ്ക്കും നേരിടേണ്ടി വന്നു. നാട്ടുകാരുടെ അനാവശ്യമായ ഇടപെടലുകളിൽ കുരുങ്ങി, ലീനയുടെ നീന്തൽ കരിയർ അവസാനിച്ചു. എന്നാൽ മകളുടെ കാര്യത്തിൽ അമ്മ ലീന ശർമയും അച്ഛൻ ചന്ദ്രശേഖർ ശർമ്മയും ഒറ്റക്കെട്ടായിരുന്നു. ഭക്തിക്ക് താല്പര്യം ഉണ്ടെങ്കിൽ നീന്തലിൽ അവൾ കരിയർ കണ്ടെത്തണം അതായിരുന്നു അവരുടെ പക്ഷം. അതിനായി അവൾ മകൾക്കൊപ്പം നിന്നു. 

ഓരോ വട്ടവും മകൾ ആഴക്കക്കടലിൽ നീന്താൻ ഇറങ്ങുമ്പോൾ മനസ്സിൽ തീയാണ്. കാരണം മരണം മുന്നിൽകണ്ടുകൊണ്ടാണ് അവൾ നീന്താനായി ഇറങ്ങുന്നത്. ഞങ്ങൾക്ക് ഭയമുണ്ട്, എന്നാൽ അതിനേക്കാൾ ഏറെ ജയിക്കുമെന്ന ആത്മവിശ്വാസവുമുണ്ട്. അതിനാലാണ് അവളുടെ പാഷൻ പിന്തുടരാൻ ഞങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചത്. ഭക്തിയുടെ അച്ഛൻ ചന്ദ്രശേഖർ ശർമ്മ പറയുന്നു.

ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, എന്തിനു നീന്തണം? വേറെ കരിയർ തെരെഞ്ഞെടുത്തു കൂടെ? നീന്തൽ മാത്രം മതിയോ, വിവാഹം എപ്പോൾ നടക്കും? ഇങ്ങനെ തന്റെ നേട്ടങ്ങൾ വകവയ്ക്കാതെ നാട്ടുകാർ മുന്നിൽ നിരത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. എപ്പോഴും പോസറ്റിവ് ആയ കാര്യങ്ങൾ മാത്രം ജീവിതത്തിൽ ഉൾക്കൊള്ളുന്നു. ബാക്കിയുള്ളവ തള്ളിക്കളയുന്നു. ഇതാണ് ഭക്തിയുടെ വിജയരഹസ്യം .