Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേയൊരിന്ത്യ, ഒരൊറ്റയളവ്

x-default x-default

ആസേതുഹിമാചലം ഇന്ത്യാക്കാരെയൊക്കെയും ഇനിയൊരൊറ്റ സൈസ് ചാർട്ടിൽ അളക്കാം. ലോകവ്യാപക ബ്രാൻഡുകളുടെ അറിവിലേക്കായി ഇന്ത്യയുടെ സൈസ് ചാർട്ട് തയാറാക്കാനുള്ള നടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നതു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ആണ്. ചാർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി ഇരുപത്തയ്യായിരം ഇന്ത്യാക്കാരിൽ നിന്ന് സാംപിൾ ശേഖരിക്കുന്നു.

ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ അംഗീകാരം ലക്ഷിച്ച ഈ സാംപ്ലിങ് നടത്തുന്നത് കൊൽക്കത്ത, മുംബൈ, ന്യൂ ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളിലാണ്. ഭൂമിശാസ്ത്രപരമായി വിവിധ ദിശകളിൽ വരുന്ന പ്രദേശങ്ങളായതിനാൽ മനുഷ്യരുടെ ശാരീരിക പ്രത്യേകതകളിലും വ്യത്യാസമുണ്ടാകാം എന്നതു കണക്കിലെടുത്താണ് ഈ സ്ഥലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ത്രിഡി ഹോൾ ബോഡി സ്കാനർ ഉപയോഗിച്ചാണ് അളവെടുക്കുന്നതും സൈസ് ചാർട്ട് തയാറാക്കുന്നതും.15 മുതൽ 65 വരെ പ്രായമുള്ളവരിലാണ് സാംപ്ലിങ് നടത്തുക. തികച്ചും സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലേ സർവേ നടത്തൂ.മുപ്പതു കോടി മുതൽമുടക്കു വരുന്ന പദ്ധതി രണ്ടുമൂന്നു വർഷമെടുത്തായിരിക്കും പൂർത്തീകരിക്കുകയെന്ന് നിഫ്റ്റ് ഡയറക്ടർ ജനറൽ ശാരദാ മുരളീധരൻ പറഞ്ഞു.

ഇന്ത്യയിൽ സ്റ്റാൻഡേഡ് സൈസ് നിലവിൽ വന്നാൽ വിദേശ ബ്രാൻഡുകളും അത് അംഗീകരിക്കും. വിദേശവസ്ത്രങ്ങൾ അതനുസരിച്ച് ഓർഡർ ചെയ്യാനുമാകും.

മറ്റു രാജ്യങ്ങളിലെ സൈസ് ചാർട്ട് അനുകരിച്ചു പിന്തുടരുന്നതുമൂലം ഇന്ത്യൻ വസ്ത്രവ്യവസായത്തിൽ നാൽപതു ശതമാനം വരെ മടക്കിയയയ്ക്കൽ ഉണ്ടാകുന്നുണ്ട്. ഇ–കൊമേഴ്സ് രംഗത്ത് ഇതു വലിയ തിരിച്ചടിയാണ്.

യുഎസിലോ യുകെയിലോ ഉള്ള സ്മോൾ, മീഡിയം, ലാർജ്, എക്സ്ട്രാ ലാർജ് സങ്കൽപങ്ങളിൽ വസ്ത്രം തയാറാക്കുന്നതു മൂലം രാജ്യത്തെ പല ദിക്കുകളിലെ ആളുകളുടെ ശാരീരിക പ്രത്യേകതകൾ മനസിലാക്കാനാവാതെ പോകുന്നു. യൂണിഫോം സൈസ് ചാർട്ട് നിലവിൽ വന്നാൽ എല്ലാ ഇന്ത്യൻ ബ്രാൻഡുകളിലും ഒരു വ്യക്തിയുടേത് ഒരേ സൈസായിരിക്കും.

ഇതുവരെ നാഷനൽ സൈസിങ് സർവേ നടത്തിയിട്ടുള്ളത് യുഎസ്, കാനഡ, മെക്സിക്കോ, യുകെ, ഫ്രാൻസ്, സ്പെയിൻ, ജർമനി, കൊറിയ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ മാത്രമാണ്. 

ഓട്ടോമോട്ടിവ്, സ്പോർട്സ്, ഫിറ്റ്നെസ്, കംപ്യൂട്ടർ ഗെയിമിങ് മേഖലകളിലും ഈ സൈസസ് ചാർട്ട് ഉപയോഗപ്രദമാകും.  സർവേ നടത്താൻ വേണ്ടിവരുന്ന 30 കോടിയിൽ 21 കോടിയും ടെക്സ്റ്റയിൽ മന്ത്രാലയത്തിന്റെ ഫണ്ടിൽ നിന്നാണ്.