Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ 200 പശുക്കൾക്ക് പിന്നിലെന്ത് ?

modi-cows

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ത്രിരാഷ്ട്ര ആഫ്രിക്കൻ പര്യടനവുമായി ബന്ധപ്പെ‌ട്ട് ഇന്ത്യൻ മാധ്യമങ്ങളിൽ 'റുവാണ്ട'യെന്ന പേര് പലപ്പോഴായി പ്രത്യക്ഷപ്പെടുന്നു. റുവാണ്ട സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുന്നുവെന്ന പ്രത്യകതയും സന്ദർശനത്തിനുണ്ട്. മോദിയുടെ വിദേശയാത്രാ ചെലവുകൾ സൃഷ്ടിച്ച ചൂടൻ ചർച്ചകൾക്കു പിന്നാലെയുള്ള യാത്രയെ രാജ്യം ഉറ്റു നോക്കുന്നുമുണ്ട്. റുവാണ്ടയ്ക്ക് സമ്മാനമായി 200 പശുക്കളെ മോദി നൽകുന്നുണ്ടെന്ന വാർത്തയാണ് സാമൂഹ മാധ്യമങ്ങൾ ഇക്കുറി ആഘോഷിച്ചത്. ഒരുപിടി ആഫ്രിക്കൻ രാജ്യങ്ങളുടെ പേര് പരിചിതമാണെങ്കിലും റുവാണ്ട അത്ര പ്രസിദ്ധമായിരുന്നുമില്ല. റുവാണ്ടയെയും ഇരുനൂറ് പശുക്കളേയും കുറിച്ച് കൂടുതൽ അറിയാം. 

റുവാണ്ട?

കിഴക്കൻ–മദ്ധ്യ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് റുവാണ്ട. ഒരു കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന റുവാണ്ട ആഫ്രിക്കയിലെ ചെറിയ രാജ്യങ്ങളില്‍ ഒൻപതാം സ്ഥാനത്താണ്. കുന്നുകളാൽ സമ്പന്നമായ ഇൗ രാജ്യത്തെ ആയിരം കുന്നുകളുടെ നാടെന്ന് വിശേഷിപ്പിക്കാറുണ്ട്. ജർമനിയുടെ കോളനിയായിരുന്ന കിഴക്കൻ ആഫ്രിക്കയുടെ ഭാഗമായിരുന്ന റുവാണ്ട ഒന്നാം ലോക മഹായുദ്ധത്തോടെ ബൽജിയത്തിനു ലഭിച്ചു. പ്രദേശത്തെ ഗോത്രവർഗങ്ങളെ ഉപയോഗപ്പെടുത്തി കൊണ്ടാണ് യൂറോപ്യൻ ശക്തികൾ കോളനി വാഴ്ച തുടർന്നത്. റുവാണ്ടയിലെ ഭൂരിപക്ഷമായ ഹുടു വംശജരും ന്യൂനപക്ഷമായ ടൂട്സികളും തമ്മിൽ കാലങ്ങളായി തുടർന്ന പ്രശ്നങ്ങളെ പെരുപ്പിച്ച് ബൽജിയം ഭരണം തുടർന്നു. 1962 ൽ  നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ ഹുടു വംശജർ അധികാരത്തിലെത്തിയതോടെ റുവാണ്ട സ്വാതന്ത്ര്യത്തിലേക്കു പ്രവേശിച്ചു.  

ലോകത്തെ നടുക്കിയ വംശഹത്യ

രക്ത ചൊരിച്ചിലിന്റെയും സംഘട്ടനങ്ങളുടെയും ചരിത്രത്തിൽ നിന്നും റുവാണ്ടയ്ക്ക് മോചനമില്ലെന്ന് തെളിയിക്കുന്നതായിരുന്നു 1994 ലെ കൂട്ടക്കൊല. ബൽജിയത്തിന്റെ ഭരണകാലഘട്ടത്തിൽ ഹുടു വംശജരെ കഠിനമായി പീഡിപ്പിച്ചിരുന്നു. മാത്രമല്ല, പ്രാദേശിക ജനങ്ങൾക്കിടയിലെ ഭിന്നിപ്പ് തുടരാൻ ടൂട്സി വംശജർക്ക് പ്രത്യേക പരിഗണനകളും നൽകിയിരുന്നു. ഇതിനെല്ലാം പ്രതികാരം ചെയ്യാനുള്ള അവസരമായി തങ്ങൾക്കു കിട്ടിയ അധികാരത്തെ ഹുടുക്കളും ഉപയോഗിച്ചു വന്നു. പൊട്ടലുകളും ചീറ്റലുകളുമായി മുന്നോട്ടു പോകുന്ന രാജ്യത്തെ നടുക്കി കൊണ്ട് 1994 ൽ വിമാനത്തിനു നേരെയുണ്ടായ വെടിവെപ്പിൽ റുവാണ്ടൻ പ്രസിഡന്റ് ഹിബിയാരിമാന കൊല്ലപ്പെട്ടു. ടൂട്സികളാണിതെന്നു ആരോപണമുയർന്നതിനു പിന്നാലെ ലോകം ചരിത്രത്തിലെ ഏറ്റവും ക്രൂരവുമായ വംശഹത്യയ്ക്ക് സാക്ഷിയായി. ടൂട്സികളെ കൊന്നൊടുക്കാൻ ഹുടു വംശജർ പരക്കം പാഞ്ഞു. മൂന്നുമാസത്തിനിടയിൽ എട്ടു ലക്ഷം പേരുടെ ജീവനെടുത്ത കൂട്ടക്കൊലയിൽ റുവാണ്ടയിലെ എഴുപതു ശതമാനം ടൂട്സികളും കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 

മടങ്ങി വരവിന്റെ പാതയിൽ റുവാണ്ട

കാലം റുവാണ്ടയിലെ മുറിവുകൾ പതിയെ ഉണക്കി. ദാരിദ്രത്തിനെതിരെ പോരാടാൻ അവർ തയാറായി. അസ്ഥിരമായ കാലവസ്ഥയ്ക്കും ഫലഭൂയിഷ്ടത നഷ്ടമാകുന്ന മണ്ണിനോടും അവർ പോരാടുകയാണ്. ലോകത്തിൽ ഏറ്റവുമധികം സ്ത്രീ പ്രാതിനിധ്യമുള്ള പാർലമെന്റാണ് റുവാണ്ടയിലേത്. മൂന്നിൽ രണ്ട് ജനപ്രതിനിധികളും വനിതകളാണ്. റുവാണ്ടയുടെ തലസ്ഥാനമായ കിഗലി പൊതുഗതാഗത സംവിധാനങ്ങളുടെ കൃത്യതയ്ക്കും വൃത്തിക്കും പേരുകേട്ടതാണ്. പുതിയ പദ്ധതികള്‍ നടപ്പിലാക്കി മാറ്റത്തിനായി റുവാണ്ട പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സന്ദർശനത്തിനു പിന്നാലെയാണ് മോദിയെ സ്വീകരിക്കാൻ റുവാണ്ട ഒരുങ്ങിയത്.

മോദിയുടെ പശുക്കൾ ‘ഗിരിങ്ക’യ്ക്ക്

എല്ലാ ദരിദ്ര കുടുംബങ്ങളിലും വരുമാന മാർഗമായി ഒരു പശു എന്ന ലക്ഷ്യത്തോടെ റുവാണ്ടൻ സർക്കാര്‍ 2006ൽ നടപ്പിലാക്കിയ പദ്ധതിയാണ് ഗിരിങ്ക. റുവാണ്ടൻ പ്രസിഡന്റിന് പദ്ധതിയോട് പ്രത്യേക താൽപര്യവുമുണ്ട്. ഇതുവരെ 3.5 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമായെന്നു സർക്കാർ അവകാശപ്പെടുന്നു. സർക്കാരിൽ നിന്നും പശുവിനെ ലഭിക്കുന്ന കുടുംബങ്ങൾ അവയുടെ ആദ്യ കിടാവിനെ അയൽക്കാർക്കു നൽകണമെന്ന നിർദേശവും ഗിരിങ്ക പദ്ധതിയിലുണ്ട്. ഗിരിങ്കയെ ഉപയോഗപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിലുള്ള കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ റുവാണ്ടൻ പ്രസിഡന്റ് പോൾ കാഗമിന് പദ്ധതിയുണ്ട്. ജനസംഖ്യയുടെ 80 ശതമാനവും കൃഷിയെ ആശ്രയിച്ചു കഴിയുന്ന റുവാണ്ടൻ ജനതയ്ക്ക് പശുക്കൾ വളരെ പ്രിയപ്പെട്ടവയാണ്. റുവാണ്ടയിൽ നിന്നു 200 പശുക്കളെ വാങ്ങി കിഴക്കൻ പ്രവശ്യയിലെ ഗ്രാമത്തിലെ കർഷകർക്കു നൽകുകയാണ് ഇന്ത്യ ചെയ്യുന്നത്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam

related stories