200 രൂപ കടം വാങ്ങി ലോട്ടറി എടുത്തു; അടിച്ചത് ഒന്നര കോടി!

സന്തോഷം പങ്കുവെയ്ക്കുന്ന മനോജ് കുമാറും കുടുംബവും

കടം വാങ്ങിയ പൈസയ്ക്ക് ലോട്ടറി എടുക്കുക, അതിന് സമ്മാനമായി ഒന്നര കോടി ലഭിക്കുക. സിനിമാ കഥ ഒന്നുമല്ല. പഞ്ചാബിലെ സാംഗൂറിലുള്ള മാന്ദ്‍വി ഗ്രാമത്തിലെ മനോജ് കുമാറാണ് ഇൗ ഭാഗ്യവാൻ. സംസ്ഥാന സർക്കാരിന്റെ രാഖി ബമ്പർ ലോട്ടറിയുടെ സമ്മാനമാണ് ഇഷ്ടിക കളത്തിലെ ജോലിക്കാരനായ മനോജിനെ തേടിയെത്തിയത്. 

അയൽക്കാരനിൽനിന്ന് 200 രൂപ കടം വാങ്ങിയാണ് മനോജ് ലോട്ടറിയെടുത്തത്. ഇഷ്‌ടിക കളത്തിൽ നിന്നു ലഭിക്കുന്ന 250 രൂപ ദിവസകൂലികൊണ്ടാണ് മനോജും കുടുംബവും കഴിയുന്നത്. കാശില്ലാത്തതുകൊണ്ട് ബമ്പർ ലോട്ടറി എടുക്കുകയെന്ന ആഗ്രഹം മനോജ് ഉപേക്ഷിച്ചതാണ്. പിന്നീട് അയല്‍ക്കാരനില്‍ നിന്നു പണം കടം വാങ്ങി ലോട്ടറി എടുക്കുകയായിരുന്നു.

ലോട്ടറി അടിച്ചുവെന്ന വിവരം അറിഞ്ഞപ്പോൾ മനോജ് ആദ്യം ചെയ്തത് മൂത്തമകളോട് പഠനം തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കുടുംബത്തിലെ കഷ്ടപ്പാടുകൾമൂലം പഠനം ഉപേക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു മനോജിന്റെ മൂത്തമകൾ. ഇന്ത്യൻ പൊലീസ് സർവീസിൽ ചേരണമെന്നാണ് മകളുടെ ആഗ്രഹം. രണ്ടാമത്തെ മകളോട് ഡോക്ടർ ആകുന്നതിനു പരിശ്രമിക്കാന്‍  ആവശ്യപ്പെട്ടിരിക്കുകയാണ് മനോജ്. നാല് മക്കളാണ് മനോജിനുള്ളത്.

ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിനിടയിലും ഏതാനും മാസങ്ങൾക്കു അച്ഛൻ മരിച്ച സങ്കടം മനോജിനുണ്ട്. കുറച്ചു മുൻപേ ഈ ലോട്ടറി അടിച്ചിരുന്നെങ്കിൽ ആസ്മ ബാധിതനായ അച്ഛന് നല്ല ചികിത്സ നൽകാനും അദ്ദേഹത്തെ രക്ഷിക്കാനും സാധിക്കുമായിരുന്നുവെന്ന് മനോജ് വിശ്വസിക്കുന്നു. 

ഓഗസ്റ്റ് 30നാണ് മനോജിന് ലോട്ടറി അടിച്ച കാര്യം പോസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരന്‍ അറിയിക്കുന്നത്. രണ്ട് മാസത്തിനകം ലോട്ടറി തുക ലഭിക്കും. നല്ല കൃഷി സ്ഥലം തേടിയുള്ള അന്വേഷണത്തിലാണ് മനോജ് കുമാര്‍. ചില ബാങ്കുകാര്‍ തന്റെ വീടിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതായും മനോജ് പറഞ്ഞു. പുതിയൊരു വീട് വയ്ക്കുക, ബിസിനസ് തുടങ്ങുക ഇതൊക്കെയാണ് മനോജിന്റെ ആഗ്രഹങ്ങള്‍.