ഉണ്ണി മുകുന്ദനോടുള്ള ഇഷ്ടം പറഞ്ഞ് ‘ഹരിത’

മലയാളത്തിലെ സൂപ്പർ ഹിറ്റ് സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഭ്രമണം. ഭ്രമണത്തിലെ ഹരിത എന്ന കഥാപാത്രത്തെ അവതരപ്പിക്കുന്നത് സ്വാതി നിത്യാനന്ദാണ്. രണ്ടാമത്തെ സീരിയലിൽ മികച്ച പ്രകടനവുമായി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഈ കലാകാരി.

ഉണ്ണി മുകുന്ദനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് സ്വാതി. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഭർത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹം എന്നായിരുന്നു റിമിയുടെ ചോദ്യം. അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്.

എന്നാൽ ഭ്രമണത്തിന്റെ സെറ്റിൽ സ്വാതിയും അനിയത്തിയും തമ്മിൽ ഒരു പുരുഷന്റെ പേരിൽ വഴക്കുണ്ടെന്ന് അതിഥിയായി എത്തിയ ശരത്ത് വ്യക്തമാക്കി. അയാളുടെ പേര് പറയാനും സ്വാതിയോടു ശരത്ത് ആവശ്യപ്പെട്ടു. തുടർന്നാണ് അത് ഉണ്ണി മുകുന്ദനാണെന്നു സ്വാതി വെളിപ്പെടുത്തിയത്. 

ഉണ്ണി തന്റെ സുഹൃത്താണെന്നും ഇക്കാര്യം അദ്ദേഹത്തോടു പറയാമെന്നും റിമി പറഞ്ഞു. ഉണ്ണിയും കല്യാണം കഴിച്ചിട്ടില്ലെന്നും റിമി വേദിയിലുണ്ടായിരുന്നവരെ ഓർമിപ്പിച്ചു. ഉണ്ണി മുകുന്ദൻ വിവാഹം കഴിക്കാൻ തയാറായി വന്നാൽ എന്തു ചെയ്യുമെന്നും റിമി ചോദിച്ചു. ആലോചിക്കാമെന്നും അപ്പോള്‍ എനിക്കു ജാഡയാകുമെന്നായിരുന്നു സ്വാതിയുടെ മറുപടി. 

എവിടെപൊയാലും ആളുകൾ നിനക്ക് എന്തിന്റെ കേടാണെന്ന് ചോദിക്കുമെന്നും കഥാപാത്രത്തിന്റെ സ്വീകാര്യതയെക്കുറിച്ച് സ്വാതി പറയുന്നു. ‘‘ബസിൽ വെച്ച് അമ്മൂമ്മമാരൊക്കെ ചോദിക്കും, നിനക്ക് ഇത് എന്തിന്റെ കേടാ കൊച്ചേ... പഠിക്കേണ്ട പ്രായത്തിൽ ഇങ്ങനെയൊക്കെ’’– സ്വാതി പറയുന്നു. എല്ലാവർക്കും തന്നോട് വെറുപ്പാണെന്ന് സ്വാതി പറയുമ്പോൾ, അത് ആ കഥാപാത്രത്തിന്റെ വിജയമാണെന്ന് റിമി പറയുന്നു. നെഗറ്റീവ് കഥാപാത്രമാണ് ഭ്രമണത്തിലെ ഹരിത.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണ ചെയ്യുന്ന ഭ്രമണം. പ്രണയവും കുടംബന്ധങ്ങളിലെ സങ്കീർണതകളും ആവിഷ്കരിക്കുന്ന സീരിയൽ സൂപ്പർ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. ഭ്രമണം സീരിയലിലെ അഭിനേതാക്കളായ മുകുന്ദൻ, ശരത്ത്, സംഗീത, സ്വാതി എന്നിവരാണ് ഒന്നും ഒന്നും മൂന്നിന്റെ നാലാം എപ്പിസോഡില്‍ അതിഥികളായി എത്തിയിരുന്നത്.