ഉദാഹരണം റസ്സി; കേരളം സല്യൂട്ടടിക്കുന്നു ഈ പോരാട്ടത്തിന്

പാലയുടെ പാലാരവത്തിൽ ഉടൻ പണവുമായി മാത്തുവും കല്ലുവും എത്തിയത് ഒരു സിംഹത്തിനു മുന്നിലായിരുന്നു. ചങ്കൂറ്റത്തിലും നിശ്ചയദാർഢ്യത്തിനും ഇനി ഉദാഹരണം ഈ റസ്സി ചേച്ചിയാണ്. എൽഎൽ‌ബി പഠിക്കണം, തിരഞ്ഞെടുപ്പിൽ മത്സരിക്കണം, അനീതിക്കെതിരെ പോരാടണം എന്നതാണ് റസ്സിയുടെ സ്വപ്നം.‌ വെറുതെ സ്വപ്നം കാണുക മാത്രമല്ല അതിനുവേണ്ടി കഷ്ടപ്പെടുകയുമാണ് റസ്സി മാത്യു ഏറ്റുമാനൂർകാരി.

മഴവിൽ മനോരമയിലെ ഉടന്‍ പണം റിയാലിറ്റി ഷോയിലൂടെയാണ് റസിയുടെ കഥ ലോകമറിഞ്ഞത്. രണ്ടു മക്കളുടെ അമ്മയായ റസ്സിപാലാ അൽഫോൻസാ കോളേജ് വിദ്യാർഥിയാണ്. പഠിക്കാൻ പ്രായം ഒരു തടസ്സമല്ല എന്നു 96 മാർക്കു നേടി കാർത്യായിനിയമ്മ മലയാളിക്ക് കാണിച്ചു തന്നു. റസ്സി മാത്യു അത് കൂടുതൽ വ്യക്തമാക്കുന്നു.

കൗമാരക്കാരെ വെല്ലുന്ന റസിയുടെ സംസാരവും ശരീരഭാഷയും കണ്ടുനിന്നവരും പ്രേക്ഷകരും ഏറ്റെടുത്തു. എൽഎൽബിയെടുക്കണം എന്ന് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും സിനിമകളൊക്കെ കാണുമ്പോൾ ആ ആഗ്രഹം കൂടുമായിരുന്നു. 

‘‘അൽഫോൻസാ കോളേജിലാണ് പ്രീ ഡിഗ്രി പഠിച്ചത്. വീണ്ടും അതേ കോളജിൽ എത്തുമ്പോൾ ഒരുപാട് ഓർമകൾ ഉണ്ട്. 86 കാലഘട്ടത്തിൽ കോളേജിലെ ബെസ്റ്റ് ആക്ടർ ആയിരുന്നു. ഇത്തവണയും യുവജനോത്സവത്തിൽ പങ്കെടുത്തിരുന്നു. മൂന്നാം സമ്മാനത്തില്‍ ഒതുങ്ങിയത് ചെറിയ വിഷമമായി’’– റസി പറഞ്ഞു. ശേഷം ഉടൻ പണം വേദിയിലവതരിപ്പിച്ച കഥാപ്രംസംഗത്തിന് നിറകയ്യടിയായിരുന്നു. കഥാപ്രസംഗം മാത്രമല്ല, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും റസിക്കു വഴങ്ങും.

രണ്ടു കുട്ടികളാണ് റസ്സിക്ക്- ഒരാൾ പ്ലസ് വണ്ണിലും മറ്റേയാൾ പ്ലസ് ടുവിലും പഠിക്കുന്നു. ഭർത്താവ് മരിച്ചു. രാവിലെ മൂന്നു മണിക്കു തുടങ്ങുന്ന ദിനചര്യകളാണ്. വെളുപ്പിന് അടുത്ത വീട്ടിൽ ജോലിക്കു പോകും. തിരിച്ചെത്തുമ്പോൾ മക്കൾ സ്കൂളിലേക്ക് പുറപ്പെട്ടിട്ടുണ്ടാകും. കുളിച്ചു റെഡിയായി റസ്സിയും ഉടൻ തന്നെ കോളജിലേക്ക്. തിരിച്ചെത്തിയാൽ പിന്നെ വീട്ടുജോലികൾ. ശേഷം പഠിക്കാനിരിക്കും. 

എന്തുകിട്ടാനാ പഠിക്കുന്നെ എന്നു പലരും ചോദിച്ചിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കിട്ടും. ഇത്ര നാളും ജീവിച്ചിട്ട് നിങ്ങൾക്ക് എന്തെങ്കിലുമൊക്കെ കിട്ടിയോ എന്ന് ഞാനവരോട് ചോദിക്കും'', തോൽക്കാൻ കൂട്ടാക്കാതെ റസ്സി പറയുന്നു. ഈ പോരാട്ടമറിഞ്ഞ് മഞ്ജു വാര്യർ വിളിച്ച് അഭിനന്ദിച്ചിരുന്നു, കാണാനെത്തുമെന്ന് പറഞ്ഞിരുന്നു. മ‍‍‍‍‍ഞ്ജു വരുമെന്ന പ്രതീക്ഷയിലാണ് റസ്സി.

വാടകവീട്ടിലാണ് റസ്സി താമസിക്കുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. പഠിച്ച് നല്ല മാർക്കു വാങ്ങി എൽഎൽ‍ബിക്ക് ചേരണമെന്നാണ് ആഗ്രഹം. മക്കളുടെ പഠനാർത്ഥം സുമനസുകളുടെ സഹായവും റസ്സി അഭ്യർത്ഥിക്കുന്നു. റസ്സിയുടെ കഥ കേട്ട് കല്ലുവും മാത്തുവും സല്യൂട്ട് നൽകികെ‌ാണ്ടാണ് മത്സരം തുടങ്ങിയത്. കാണാനെത്തിവയരും ഒപ്പം ചേർന്നു സല്യൂട്ടടിച്ച് ആ ജീവിതപോരാട്ടത്തിന്.