‘ഈ ചിത്രം ലാലേട്ടനു സമ്മാനിക്കണം’; തരംഗമായി ത്രീഡി ഒടിയന്‍

ഒടിയന്റെ അദ്ഭുതങ്ങൾക്കു വേണ്ടിയുള്ള കാത്തിരപ്പിലാണു സിനിമാ ലോകം. ഒടി വിദ്യകൾ കണ്ടു ലോകം മുഴുവൻ കയ്യടിക്കുമെന്ന പ്രതീക്ഷകൾ ശക്തിയാർജിക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം തരംഗമാകുന്നത്. ‘മൺപാതയുടെ ഓരം ചേർന്നുള്ള വീടുകൾ, തല ഉയർത്തി നിൽക്കുന്ന തെങ്ങുകൾ, മേഘങ്ങളുടെ മറനീക്കി നീണ്ടുപോകുന്ന പച്ചപ്പ്. ഇരുട്ടിനു മുകളിലൂടെ പെയ്യുന്ന നിലാവിൽ തെളിയുന്ന പാലക്കാടൻ ഗ്രാമസൗന്ദര്യം. വിണ്ട ഭൂമിയുടെ ഓരത്തിരുന്ന് ഇതെല്ലാം വീക്ഷിച്ച് നിഗൂഢമായ പുഞ്ചിരിയോടെ അയാൾ. ഇരുട്ടിന്റെ രാജാവ്, ഒടിയൻ മാണിക്യൻ!’

അദ്ഭുതവും ആകാംക്ഷയും സമ്മാനിക്കുന്ന ഈ ത്രീഡി ചിത്രം ഒടിയനു വേണ്ടി കാത്തിരിക്കുന്ന ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തു. ആലപ്പുഴ സ്വദേശിയായ ശിവദാസ് വാസു എന്ന കലാകാരനാണ് ഈ ചിത്രത്തിനു പിന്നിൽ. ഓയിൽ പേസ്റ്റൽസ് ഉപയോഗിച്ചു ഫൈൻ ഓയിൽ കാൻവാസ് റോളിൽ 216 സ്ക്വയർഫീറ്റിൽ 136 മണിക്കൂർ കൊണ്ടാണ് ചിത്രം വരച്ചത്. ഒടിയന്റെ യാഥാർഥ്യങ്ങളിൽ ഒളിച്ചിരിക്കുന്ന ഫാന്റസിയാണ് ചിത്രം വരയ്ക്കാനുള്ള പ്രേരണ. ശിവദാസ് ത്രിമാനചിത്രകല അഭ്യസിച്ചു തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. ഇതിനിടയിൽ വിസ്മയിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ, അംഗീകാരങ്ങൾ. സമൂഹമാധ്യമങ്ങളിൽ മുൻപും ശിവദാസിന്റെ ചിത്രങ്ങൾ കയ്യടി നേടിയിട്ടുണ്ട്. ഒടിയനെയും ചിത്രകലയേയും കുറിച്ച് ശിവദാസ് മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

എന്തുകൊണ്ട് ഒടിയൻ

ത്രിമാന ചിത്രകലയ്ക്കു വളരെയേറെ അനുയോജ്യമാണ് ഫാന്റസി കലർന്ന വിഷയങ്ങൾ. അനന്തമായ സാധ്യതകളാണു ചിത്രകാരന് അതു നൽകുന്നത്. ഒടിയനിൽ ആ ഫാന്റസി ഉണ്ട്. ഒടിയൻ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. എന്തുകൊണ്ടും ചെയ്യാൻ അനുയോജ്യമാണെന്ന തോന്നലുണ്ടായി. ഗൂഗിളിലും മറ്റുമായി ഒടിയനെക്കുറിച്ചു കൂടുതൽ വായിച്ചു. അതിനുശേഷമാണു ചിത്രം വരച്ചത്. വളരെയേറെ അഭിനന്ദനങ്ങൾ ഈ ചിത്രത്തെ തേടിയെത്തി. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ഒടിയൻ ചിത്രം ലാലേട്ടനു സമ്മാനിക്കണം എന്നാണ് എന്റെ ആഗ്രഹം.  

എന്താണ് ത്രിമാന ചിത്രകല

അനാമോര്‍ഫിക് ആര്‍ട്ട്, പേവ്മെന്‍റ് ആര്‍ട്ട്, സ്ട്രീറ്റ് ആര്‍ട്ട്, ത്രീഡി ആർട്ട് എന്നീ പേരുകളിലും  ഇൗ കലാരൂപം അറിയപ്പെടുന്നു. നിരപ്പായ പ്രതലത്തിലാണു  ചിത്രീകരണം. ഒരു പ്രത്യേക കോണിൽ നിന്നു നോക്കുമ്പോൾ ചിത്രത്തിനു ത്രിമാന സ്വഭാവം കൈവരുന്നു. ജൂലിയന്‍ ബീവര്‍, കുര്‍ട്ട് വെന്നര്‍ എന്നീ പാശ്ചാത്യ ചിത്രകാരന്മാരാണ് ത്രിമാന ചിത്രകലയുടെ പ്രചാരകര്‍. വിദേശ രാജ്യങ്ങളില്‍ ബിസിനസ് പ്രമോഷനും ഷോപ്പിങ് മോളുകളില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും ത്രീഡി പെയിന്റിങ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ ചിത്രകല പ്രചാരം നേടികൊണ്ടിരിക്കുകയാണ്.

ശിവദാസ് വാസു താൻ വരച്ച ആദിവാസി മൂപ്പന്റെ ചിത്രത്തോടൊപ്പം

വരയുടെ ലോകത്ത്

ചിത്രകലയില്‍ ഗുരുക്കന്മാരില്ല. റോഡരികിലെ കൂറ്റന്‍ ഹോൾഡിംങുകളിൽ ചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്മാരെ നിരീക്ഷിച്ചാണു വര പഠിച്ചത്. ആര്‍ട്ട് സ്‌കൂളില്‍ പഠിച്ച കൂട്ടുകാരോടു സംശയം ചോദിച്ചും പുതിയ രീതികള്‍ മനസിലാക്കിയും വരച്ചു പരിശീലിച്ചു. വീട്ടിലെ ചുറ്റുപാടുകള്‍ ആഴത്തിലുള്ള ചിത്രരചന പഠിക്കാൻ തടസമായപ്പോള്‍ ഇന്റര്‍നെറ്റിനെ ഗുരുവായി സ്വീകരിച്ചു. ലോകോത്തര കലാകാരന്മാരുടെ  പരിശീലന വിഡിയോകള്‍ യൂട്യൂബില്‍ കണ്ടു.

ഓയില്‍, ആക്രിലിക്, ചാര്‍ക്കോള്‍, പെന്‍സില്‍ തുടങ്ങിയ മീഡിയങ്ങളും ഉപയോഗിക്കാറുണ്ട്. സോഫ്റ്റ് പേസ്റ്റല്‍ എന്ന മീഡിയത്തിലാണ് കൂടുതലായും വരക്കുന്നത്. ഓയില്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള മറ്റു ചിത്രരചനാ ശൈലികളെ അപേക്ഷിച്ചു ലളിതമാണെങ്കിലും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ സോഫ്റ്റ് പേസ്റ്റല്‍ ഉപയോഗിച്ചു ചിത്രങ്ങള്‍ മികവോടെ വരയ്ക്കാന്‍ കഴിയുകയുള്ളൂ. സോഫ്റ്റ് പേസ്റ്റല്‍ ചിത്രരചനയിൽ സ്വേയ് ടെംഗ് ഡെന്നിസ് എന്ന വിഖ്യാത പാശ്ചാത്യ ചിത്രകാരന്റെ രചനാരീതി സ്വാധീനച്ചിട്ടുണ്ട്. 

മനുഷ്യ ശരീരത്തിൽ വരച്ച ഫുട്ബോളിന്റെ ത്രിമാന ചിത്രത്തിനു പിന്നിൽ

ശ്രദ്ധേയമായ സൃഷ്ടികൾ

വിവിധരാജ്യങ്ങളിലെ ചിത്രകാരന്മാര്‍ ഉള്‍പ്പെടുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയായ ആര്‍ട്ട് ഡ്രീമേഴ്‌സില്‍ വരച്ച ഹോളിവുഡ് നടന്‍ മൊര്‍ഗാന്‍ ഫ്രീമാന്റെ ചിത്രത്തിനു നിരവധി പ്രശംസ ലഭിച്ചു. മുംബൈയിലെ ഒരു ഷോപ്പിങ് മാളിൽ 2012ല്‍ വരച്ച ത്രിമാനചിത്രം ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സോഫ്റ്റ് പേസ്റ്റലിൽ വരച്ച ആദിവാസിമൂപ്പന്റെ ചിത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ത്രിമാനചിത്രങ്ങളുടെ അളവുകള്‍ പ്രത്യേകരീതിയിലാണ്. നിരപ്പായ പ്രതലത്തില്‍ ചെയ്യുന്നതു തന്നെ ശ്രമകരമാണ്. നിരപ്പില്ലാത്ത പ്രതലങ്ങളിലും മനുഷ്യശരീരത്തിലും ത്രിമാനചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

പോര്‍ട്രേറ്റ് ചിത്രരചനയിൽ സാമ്പ്രദായിക രീതികളെ മാറ്റിമറിച്ചുള്ള പുതിയരീതിയാണ് പിന്തുടരുന്നത്. ബേസിക് സ്‌കെച്ചസ് ഇടാതെ നേരിട്ട് പെയിന്റ് ചെയ്യുന്ന രീതി. സോഫ്റ്റ് പേസ്റ്റല്‍ വര്‍ക്കുകള്‍ക്ക് രാജ്യത്ത് പ്രചാരം കൂടുന്നുണ്ട്. ഗ്രാഫിക് പെന്‍ ഉപയോഗിച്ച് ഫോട്ടോഷോപ്പില്‍ ലൈവ് കാരിക്കേച്ചറും ചെയ്യാറുണ്ട്. കൊച്ചിയില്‍ ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചര്‍ ശില്പശാലയിൽ പങ്കെടുത്തിട്ടുണ്ട്. പത്രമാധ്യമങ്ങളിലും കാരിക്കേച്ചറുകള്‍ വരച്ചിട്ടുണ്ട്. 

അംഗീകാരങ്ങൾ, പിന്തുണ

സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾക്കു വൻസ്വീകാര്യത ലഭിക്കാറുണ്ട്. പലരും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ട് അഭിനന്ദനം അറിയിച്ചു വിളിക്കാറുണ്ട്. ചിത്രപ്രദർശനങ്ങൾ നടത്തുമ്പോഴും ഇത്തരത്തിൽ പിന്തുണ ലഭിക്കാറുണ്ട്. പൊലീസിനു വേണ്ടി പിടികിട്ടാപുള്ളികളുടെ ചിത്രം വരയ്ക്കാൻ സാധിച്ചതും അംഗീകരമായി കാണുന്നു. ത്രീഡി, പോര്‍ട്രേറ്റ് ചിത്രങ്ങൾ വരയ്ക്കാൻ വിദേശ രാജ്യങ്ങളിൽ പോകാനും അവസരം ലഭിച്ചിരുന്നു. ഭാര്യ സോഫിയും മക്കളായ അക്ഷരയും അഭയും മികച്ച പിന്തുണ നൽകുന്നു. എനിക്കു ലഭിക്കുന്ന ചെറുതും വലുതുമായ പുരസ്കാരങ്ങളും വളരെ ആത്മവിശ്വാസം നൽകുന്നതാണ്.