ഹനാന്റെ പുതിയ സംരംഭം ‘വൈറൽ ഫിഷ്’; ആശംസകളുമായി സലിം കുമാർ

തമ്മനത്തു മത്സ്യ വിൽപന നടത്താൻ ഹനാൻ വീണ്ടുമെത്തി. മിനിവാനില്‍ ആരംഭിച്ച പുതിയ സംരംഭത്തിന്റെ പേര് വൈറൽ ഫിഷ്. പ്രതിന്ധികളെ തരണം ചെയ്ത് പുതിയ സംരംഭവുമായി പോരാട്ടം തുടരുന്ന ഹനാന് ആശംസകളുമായി നടൻ സലിംകുമാറും തമ്മനത്തെത്തിയിരുന്നു. 

വായ്പയെടുത്താണു ഈ സംഭരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. വാഹനാപകടത്തെത്തുടർന്നു നട്ടെല്ലിനേറ്റ പരുക്ക് ഭേദമായതോടെയാണു മത്സ്യവിൽപനയുമായി ഹനാൻ വീണ്ടും തമ്മനത്ത് എത്തിയത്. ഉത്ഘാടനത്തിന് എത്തിയവരെ നത്തോലി വറുത്തുകൊടുത്തു ഹനാൻ സ്വീകരിച്ചു.

ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നു കാണിച്ചു തരികയാണ് ഹനാൻ എന്നു സലിംകുമാർ പ്രതികരിച്ചത്. കേരളത്തിന് ഒരു വലിയ മാതൃകയാണ് ഹനാനെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരിയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നവമാധ്യമങ്ങളിലടക്കം നേരിടുന്ന വിമർശനങ്ങളെ ഭയന്നു പിൻതിരിഞ്ഞ് ഓടില്ലെന്നും ഹനാൻ പ്രതികരിച്ചു. 

ഉപജീവനത്തിനും വിദ്യഭ്യാസ ആവശ്യങ്ങൾക്കുമായി കോളജ് യൂണിഫോമിൽ മത്സ്യ കച്ചവടം നടത്തുന്ന ഹനാന്റെ ജീവിതം മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വാർത്തയായിരുന്നു. കേരളം ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ ജീവിതത്തിനു പിന്നീടുള്ള ദിവസങ്ങളിൽ കനത്ത ആക്രമണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നു നേരിടേണ്ടി വന്നത്. പല ആരോപണങ്ങൾ ഉയർന്നെങ്കിലും അതെല്ലാം അതിജീവിച്ചു ഹനാൻ മുന്നോട്ടു യാത്ര തുടരുകയായിരുന്നു. ഇതിനിടയിലാണു വാഹനാപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റത്. ഇതേത്തുടർന്നു വിശ്രമത്തിലായിരുന്നു ഹനാന്‍.