കാമുകിയ്ക്കൊപ്പം ഒരുഗ്രൻ സെൽഫി !

ഭൂമുഖത്ത് മനുഷ്യൻ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫയ്ക്ക് 828 മീറ്ററാണ് ഉയരം. അതിനേക്കാളും 16 മീറ്റർ കൂടി അധികം വരും ബ്രസീലിലെ പെദ്ര ദ ഗാവിയ എന്ന പർവതത്തിന്‍റെ പൊക്കം. ബുർജ് ഖലീഫയുടെ തുഞ്ചത്തു കയറി നിന്ന് സെൽഫിയെടുത്തിട്ടുണ്ട്, പലരും പലവട്ടം. പക്ഷേ അവരെയെല്ലാം തോൽപിച്ചുകൊണ്ടാണ് ബ്രസീലിലെ ഒരു ചെറുക്കനും പെണ്ണും അതുക്കും മേലെയൊരു സെൽഫിയെടുത്തത്. അതും പെദ്ര ദ ഗാവിയയുടെ തുഞ്ചത്തു കയറി നിന്ന്. പർവതത്തിന്റെ പ്രാന്തപ്രദേശങ്ങളും റിയോ ഡി ജനീറോ നഗരവും ഒപ്പം അറ്റ്ലാന്റിക് സമുദ്രത്തിന്റെ നീലപ്പുതപ്പും കൂടി പശ്ചാത്തലസൗകര്യമൊരുക്കിയതോടെ പിറന്നതാകട്ടെ ഉഗ്രനൊരു സെൽഫിയും.

ബ്രസീലുകാരൻ ലിയനാർഡോ എഡ്സൺ പെരേയും കൂട്ടുകാരി വിക്ടോറിയയും കൂടിയാണ് ബ്രസീലിലെ വമ്പൻ കൊടുമുടികളിലൊന്നിന്റെ തുഞ്ചത്തു നിന്ന് ഈ സാഹസമൊപ്പിച്ചത്. ഇരുവരും ചേർന്ന സെൽഫിയ്ക്കു പുറമേ ഓരോരുത്തരും പരസ്പരമെടുത്തതും സഹസാഹസികനെക്കൊണ്ടെടുപ്പിച്ചതുമായ ഫോട്ടോകളുമുണ്ട്. അതാകട്ടെ ഒരൊറ്റക്കൈയുടെ മാത്രം ബലത്തിൽ ഇരുവരും പർവതശിഖരത്തിൽ തൂങ്ങിക്കിടക്കുന്നതും. വിക്ടോറിയയെ കൈപിടിച്ചുയർത്തുന്ന ലിയനാർഡോയെയും കാണാം ഫോട്ടോയിൽ.

ഒന്നു പിടിവിട്ടാൽ എത്തുക 2769 അടി താഴെ. ഇരുപത്തിമൂന്നുകാരനായ ലിയനാർഡോ ഇതാദ്യമായല്ല ഇത്തരമൊരു സാഹസം നടത്തുന്നത്. ആദ്യമായി ഇവിടെ വന്ന് സെല്‍ഫിയെടുത്തപ്പോൾ പക്ഷേ തൂങ്ങിക്കിടക്കാനൊന്നും ശ്രമിച്ചില്ല. രണ്ടാമതു വന്നപ്പോൾ പക്ഷേ ഒറ്റക്കൈയുടെ മാത്രം ബലത്തിൽ തൂങ്ങിനിന്ന് ഫോട്ടോയെടുത്തു. അന്ന് തിരിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ കൈ മുറിഞ്ഞപ്പോൾ മാത്രം അൽപമൊന്നും പേടിച്ചെന്നും പറയുന്നു ലിയനാർഡോ. പതിനെട്ടുകാരിയായ വിക്ടോറിയയാകട്ടെ ഇതാദ്യമായാണ് ബോയ്ഫ്രണ്ടിനൊപ്പം ഇത്തരമൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. എന്തായാലും സംഗതി കയറിയങ്ങു ഹിറ്റായി. ലിയനാർഡോയും വിക്ടോറിയയുമെടുത്ത സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഇന്റർനെറ്റിലെ പുതിയ സാഹസികസെന്‍സേഷനാണിപ്പോൾ.