വലിയ ചതിയന്മാർ ഇന്ത്യക്കാർ തന്നെ!

ഒടുവിൽ ഏറ്റവും പുതിയ വിവരങ്ങളും പുറത്തു വന്നു, അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിൽ മുന്നിൽ ഇന്ത്യക്കാർ തന്നെ. 2.4 കോടി രൂപയാണ് ഇന്ത്യക്കാർ അവിഹിതബന്ധത്തിനായി മുടക്കിയിരിക്കുന്നത്രേ. അവിഹിതബന്ധം തേടി ഓൺലൈൻ പങ്കാളിക്കായി ആഷ്‌ലി മാഡിസൺ സന്ദർശിച്ച 16,5400 ഓളം ഇന്ത്യക്കാരുടെ പേരുകളും രഹസ്യവിവരങ്ങളും നേരത്തെതന്നെ ഹാക്കർമാർ പുറത്തുവിട്ടിരുന്നു.

ന്യൂഡൽഹിയിൽ നിന്നുള്ള 38,652 പേർ ആഷ്‌ലി മാഡിസൺ വെബ്സൈറ്റ് സന്ദർശിച്ചപ്പോൾ മുംബൈയിൽ നിന്ന് 33,036 പേരും ചെന്നെയിൽ നിന്ന് 16,343 പേരും സന്ദർശിച്ചു. സന്ദർശനത്തിൽ രണ്ടാം സ്ഥാനം ആണെങ്കിലും നാലര മില്യനാണ് മുബൈയിലെ ചതിയന്മാർ അവിഹിതബന്ധത്തിന് മുടക്കിയത്. ന്യൂഡൽഹിയിലെ ചതിയന്മാർ മുടക്കിയതാകട്ടെ മൂന്നര മില്യനും. ബാംഗ്ളൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ പട്ടണങ്ങളെല്ലാം അവിഹിതകഥകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസൺ വെബ്സൈറ്റിൽ ഹാക്കർമാർ ഡേറ്റാ ലീക്ക് ചെയ്ത് ഒന്നിനുപുറകെ ഒന്നായി വിവാദങ്ങൾ കൊഴുപ്പിക്കുകയാണ്. സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരെ ‘വഴിപിഴപ്പിക്കുന്ന’ ഈ വെബ്സൈറ്റ് പൂട്ടിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറായിക്കോ എന്നതായിരുന്നു ഹാക്കർമാരുടെ ഭീഷണി. പക്ഷേ വെബ്സൈറ്റ് മുതലാളിമാരായ അവിഡ് ലൈഫ് മീഡിയ നേരെ പോയി ഡേറ്റ മോഷണത്തിന് കേസ് കൊടുക്കുകയാണുണ്ടായത്. സംഭവത്തിൽ എഫ്ബിഐ ഉൾപ്പെടെ അന്വേഷണവും തുടങ്ങി. അതോടെ തങ്ങൾ ചോർത്തിയ സകലവിവരങ്ങളും ഹാക്കർമാർ പുറത്തുവിട്ടു. ഒടുവിൽ ജയം ഹാക്കർമാരുടെ തന്നെയാവുകയാണ്!

വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായുള്ള അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള 3.7 കോടി ഉപഭോക്താക്കളുടെ പഴ്സനൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹാക്കർമാർക്ക് സഹായകരമാകുന്ന വിധം എൻക്രിപ്റ്റഡ് ബ്രൗസറുകളിലൂടെ മാത്രമേ ഈ വിവരങ്ങൾ ആക്സസ് ചെയ്യാനാകൂ. 10 ജിബിയോളം വരുന്ന ഇ–മെയിൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങളാണ് പാസ്‌വേഡ് സഹിതം പുറത്തായിരിക്കുന്നത്.

ഹാക്കിങ് വിവരങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥരെല്ലാം ഭീതിയിലാണ്. അവരുടെ വിലപ്പെട്ട രേഖകളും സ്വകാര്യ ജീവിതവും നെറ്റിൽ പ്രചരിക്കുകയാണ്. മുതിർന്ന ശാസ്ത്രജ്ഞർ, വനിതാ എംപി, പൊതുപ്രവർത്തകർ, വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെയെല്ലാം വ്യക്തിവിവരങ്ങളും സ്വകാര്യ ജീവിതവും ഇന്റർനെറ്റിലുണ്ട്.