ചൂടു മാറിയിട്ടു മതി ഇനി പ്രേമം സ്റ്റൈൽ

പ്രേമം സിനിമയിൽ നിന്ന്

കൊടുംചൂടിലും പ്രേമം സ്റ്റൈലിൽ കറുത്ത വേഷമണിയുന്നവരോടു പറയട്ടെ, മഴക്കാലം വരെ കറുത്ത ‍ഡ്രസ്സൊക്കെ അലമാരയിലിരിക്കട്ടെ. അതിട്ടാൽ ശരീരം പൊള്ളും. ഇളം നിറങ്ങളിലുള്ള കോട്ടൺ, ലിനൻ വസ്ത്രങ്ങളാണ് ചൂ‌ടുകാലത്തു നല്ലത്. ഇറുകിപ്പിടിക്കുന്ന വസ്ത്രങ്ങളോടെല്ലാം തൽക്കാലത്തേക്ക് ഗുഡ്ബൈ പറയാം. ഏതു പോക്കറ്റിനും പറ്റാവുന്ന ലിനൻ-കോട്ടൺ മിക്സ് റെഡിമെയ്ഡ് ഷർട്ടുകൾ ഇപ്പോൾ ലഭ്യമാണ്. പോളിയെസ്റ്ററോ സിന്തറ്റിക് മെറ്റീരിയലോ ഇട്ട് അയ്യോ ഇതെന്തൊരു ചൂട് എന്നു പറയരുത്.

കോട്ടൺ പാന്റ്സും സുലഭം. ജീൻസിടുന്ന ശീലത്തിനും മാറ്റം വരുത്തുന്നതാണു നല്ലത്. പാന്റ്സിൽ പോലും വെളുപ്പ്, ക്രീം, ബെയ്ജ് തുടങ്ങിയ നിറങ്ങളോടാണു പ്രിയം. കാഷ്വൽ ഷർട്ടുകളുടെ വിപണി ഓരോ വർഷവും ഇരട്ടിയായി വളരുകയാണ്. കോട്ടൺ വസ്ത്രങ്ങൾ പെട്ടെന്നു ചുളിയുമെനന്നതു കൊണ്ടാണ് പലരും ധരിക്കാത്ത്. എന്നാൽ പ്രത്യേക പ്രക്രിയകളിലൂടെ ചുളിവുണ്ടാകാത്ത വിദ്യ വസ്ത്രനിർമാതാക്കൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്കു വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോൾ പരുത്തി നിർമിതമായവ മാത്രം തിരഞ്ഞെടുക്കുക. സ്ത്രീകൾ പൊതുവേ ഫിറ്റായ വസ്ത്രങ്ങൾ ധരിക്കുന്ന ശീലവും ചൂടുകാലത്ത് നിർത്താം. ഇപ്പോഴത്തെ ട്രെൻഡ് തന്നെ ആന്റിഫിറ്റ് ആണെന്നു മറക്കേണ്ട. കുർത്ത, ട്യൂണിക്, പലാസോ, പാവാട എന്നിവയെ കൂട്ടുപിടിക്കാം. 70കളിൽ തിളങ്ങി നിന്നിരുന്ന പലാസോയും നീളൻ പാവാടകളുമൊക്കെയാണിപ്പോൾ വേനൽക്കാല വേഷങ്ങളിലെ തരംഗമാകുന്നത്.