ചെറിയൊരു ബുട്ടീക്കിൽ നിന്നു ബ്രൈഡൽ സ്റ്റുഡിയോയിലേക്കു വളർന്ന വനിതയുടെ കഥ

അഞ്ജലി വർമ

ഉത്തരേന്ത്യയിൽനിന്നു സാരിയും ചുരിദാർ മെറ്റീരിയലും വാങ്ങിക്കൊണ്ടു വന്നു കേരളത്തിൽ‌ വിൽക്കുക. വീട്ടിൽ അത്യാവശ്യം വകയും പ്രത്യേക ജോലിയുമൊന്നുമില്ലാത്ത പല വീട്ടമ്മമാരുടെ ഹോബിയാണിത്. ഗൾഫിൽനിന്നു കുട്ടികളെ പഠിപ്പിക്കാൻ നാട്ടിലെത്തിയ അഞ്ജലി വർമ ഇതു ചെയ്യാൻ തുടങ്ങിയപ്പോഴും പുറത്തുനിന്നു നോക്കിയ പലർക്കും തോന്നിയതും ഇതുതന്നെയാകണം. ഫാഷൻ ഡിസൈനിങ് പഠിക്കുക പോലും ചെയ്യാത്ത ഈ വീട്ടമ്മ എന്തു ചെയ്യാൻ! വാങ്ങിക്കൊണ്ടുവന്ന മെറ്റീരിയലുകൾ കെട്ടിക്കിടക്കുമ്പോൾ യാത്ര മതിയാക്കുമെന്നു പലരും പ്രവചിച്ചു. ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ശേഷം അകാലചരമം പ്രാപിച്ച എത്രയോ ബുട്ടീക്കുകളുടെ പട്ടികയിൽ അഞ്ജലിയുടെ ബുട്ടീക്കും പെടുമെന്നു പലരും കരുതി.

നാലു വർഷത്തിനു ശേഷം അഞ്ജലി വർമ ചിരിച്ചുകൊണ്ടു തൃശൂരിലെ പുതിയൊരു സ്ഥാപനത്തിലിരിക്കുകയാണ്. ബി മൈൻ എന്ന ആദ്യ ബുട്ടീക്കിനൊടൊപ്പം അഞ്ജലി ബി മൈൻ ബ്രൈഡൽ സ്റ്റുഡിയോ എന്ന ബ്രൈഡൽ സ്റ്റുഡിയോ കൂടി തുറന്നിരിക്കുന്നു. സെലക്സ് മാളിനു പിന്നിലായാണ് സ്റ്റുഡിയോ. ഖാദി, കൈത്തറി ഡിസൈനർ വെയർ വിദേശത്തേക്കു കൂടി അയച്ചു തുടങ്ങിയിരിക്കുന്നു. രാവും പകലും യാത്ര ചെയ്തും പഠിച്ചും കുട്ടികളെ നോക്കിയുമാണ് അഞ്ജലി ഇവിടെ വരെ എത്തിയത്. ഗൾഫിലുള്ള ഭർത്താവ് പ്രദീപ് വി.ഭരത് തുണച്ചു എന്നതു ശരിയായിരിക്കാം. പക്ഷേ ഇതിനു പുറകിലുള്ളത് ഒരു വീട്ടമ്മയുടെ ധൈര്യവും അഭിരുചിയും താളം തെറ്റാത്ത യാത്രയുമാണ്.

സ്വന്തം പേരു കൂടി സ്റ്റുഡിയോവിനൊപ്പം ചേർക്കത്തക്കവിധം അഞ്ജലി വളർന്നതു കഠിനാധ്വാനത്തിലൂടെയാണ്. ഇപ്പോൾ വിവാഹത്തിനുവേണ്ടി മാത്രം തുറന്നതാണു ബ്രൈഡൽ സ്റ്റുഡിയോ. ഇവിടെ എത്തിയാൽ ആഭരണം വാങ്ങുന്നതു മുതൽ ഹണിമൂൺ വരെയുള്ള എല്ലാ കാര്യങ്ങളുടെയും വഴി കാണിച്ചുതരും. വസ്ത്രം മാത്രം അഞ്ജലി ഡിസൈൻ ചെയ്തു തരും. കല്യാണത്തിന്റെ എല്ലാ ആവശ്യങ്ങൾക്കുമുള്ള വിദഗ്ധ ഉപദേശകരുടെ സേവനം സൗജന്യമായാണു നൽകുന്നത് .

കല്യാണം നിശ്ചയിച്ചാൽ​ ആദ്യം ആഭരണം വാങ്ങുന്ന പതിവു മാറിത്തുടങ്ങിയിരിക്കുവെന്ന് അഞ്ജലി പറയുന്നു. ധാരാളം ആഭരണങ്ങൾ വലിച്ചു വാരി ഇടുന്നതിൽ പുതിയ കുട്ടികൾക്കു താൽപര്യമില്ല. അവർ വാങ്ങി ശേഖരിച്ചു വയ്ക്കുമായിരിക്കും. നല്ല ഡിസൈനിലുള്ള രണ്ടോ മൂന്നോ ആഭരണമേ അവർ ഉപയോഗിക്കൂ. ഇതിനു സഹായിക്കാൻ ആഭരണ ഉപദേഷ്ടാക്കളുണ്ട്. കല്യാണവസ്ത്രം എന്താണെന്നു തീരുമാനിച്ചാലേ ആഭരണം എന്താണെന്നു പറയാനാകൂ. ആഭരണത്തിന് അനുസരിച്ചു വസ്ത്രം തീരുമാനിക്കുന്നതായിരുന്നു പഴയ രീതി. സാരി, ലഹങ്ക, ഗൗൺ തുടങ്ങിയ എന്തു കല്യാണവസ്ത്രമായാലും ഡിസൈനർ അതു തീരുമാനിക്കുന്നതു വധുവുമായി ഏറെനേരം സംസാരിച്ച ശേഷമാണ്. അഭിരുചികൾ, കൂടെയുള്ളവരുടെ വസ്ത്രങ്ങളുടെ നിറം, വേദിയുടെ സ്വഭാവം അങ്ങനെയെല്ലാം വിലയിരുത്തും. വരൻ അണിയാൻ പോകുന്ന വസ്ത്രത്തിന്റെ നിറം പോലും ചർച്ച ചെയ്യും. വേദിയിൽ നിറയെ പൂക്കളാണെങ്കിൽ അതിന്റെ നിറം കൂടി നോക്കിയാകും വിവാഹ വസ്ത്രത്തിന്റെ നിറം നിശ്ചയിക്കുക. വേദിയിലെ പൂക്കൾ വധുവിന്റെ ഭംഗിയെ തോൽപ്പിക്കരുതല്ലോ. വെളുത്ത പിന്നണിയുള്ള വേദിയിൽ വെളുത്ത വസ്ത്രവുമായി വധു വന്നാൽ ആരു കാണാൻ.

വിവിധ തരം സിൽക്കുകൾ അടക്കമുള്ള തുണിയിൽ ആദ്യം കല്ലുകളും ചിത്രപ്പണികളും ചെയ്യുമെന്ന് അഞ്ജലി പറഞ്ഞു. ഭാരം താങ്ങാൻ പറ്റാത്തവർക്കായി ഭാരം കുറഞ്ഞ കല്ലുകളും മറ്റുമുണ്ട്. പിന്നീടാണ് അതു വിവാഹ വസ്ത്രമായി മാറ്റുന്നത്. അഞ്ജലിയുടെ സ്റ്റുഡിയോവിൽ 20 കൈത്തുന്നലുകാരുണ്ട്. പലപ്പോഴും വിവാഹ വസ്ത്രത്തിന്റെ നല്ലൊരു ശതമാനവും കൈത്തുന്നലാണ്. പാർട്ടി, വിവാഹം എന്നിവയ്ക്കെല്ലാം പ്രത്യേകമായി വസ്ത്ര ഡിസൈനർമാരുണ്ട്. കേരളത്തിന്റെ പുറ‌ത്തുനിന്നു പോലും അഞ്ജലിയെ അന്വേഷിച്ച് ആളുകൾ എത്തിത്തുടങ്ങിയിരിക്കുന്നു. ഖാദി, ഹാൻഡ്‌ലൂം ഡിസൈനർ വെയറുകളാണു കയറ്റുമതി ചെയ്യുന്നത്. അടുത്ത വർഷം കൈത്തറിയുടെ വർഷമായിരിക്കുമെന്ന് അഞ്ജലി കരുതുന്നു. വിവാഹ വസ്ത്രങ്ങൾപോലും അതിലേക്കു മാറിയേക്കാം. അത്രയും മനോഹരമായ മെറ്റീരിയലുകളാ​ണു വരുന്നത്. നാലു വർഷം കൊണ്ടു ബുട്ടീക്കിൽനിന്നു ബ്രൈഡൽ സ്റ്റുഡിയോയിലേക്കുള്ള വളർച്ച വളരെ പതുക്കെയായിരുന്നുവെന്ന് അഞ്ജലി ഓർക്കുന്നു.

വേണ്ടപ്പെട്ടവരെല്ലാം കൂടെനിന്ന ദിവസങ്ങൾ. സുഹൃത്തുക്കൾ മുന്നോട്ടു നയിച്ച സന്ദർഭങ്ങൾ. അങ്ങനെ പലതും കടന്നുപോയി. നാലു വർഷത്തിനിടയിൽ വിവാഹ രംഗവും ഏറെ മാറിയിട്ടുണ്ട്. ചെറിയ കല്യാണങ്ങൾ പോലും ഡിസൈനർ വെയറിലേക്കു തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. മിക്ക പെൺകുട്ടികൾക്കും ജോലിയുണ്ട്. അവരുടെ ചോയ്സുമുണ്ട്. താരങ്ങൾ, വലിയ ബിസിനസുകാർ അങ്ങനെ പലരും ഇക്കാലത്തിനിടയിൽ അഞ്ജലിയെ തേടിയെത്തി. അഞ്ജലി ഉറപ്പിച്ചു പറയുന്നൊരു കാര്യമുണ്ട്. കുടുംബം കൂടെ നിൽക്കുകയും ധാരാളം യാത്ര ചെയ്യുകയും ചെയ്താൽ മാത്രമെ ഇവിടെ പിടിച്ചു നിൽക്കാനാകൂ. ഒരു വസ്ത്രം ഒരു കല്യാണത്തിനു മാത്രമെ ഉപയോഗിക്കാനാകൂ. അതുകൊണ്ടുതന്നെ പുതിയ പുതിയ ഡിസൈനുകൾ തേടി മനസ്സ് യാത്ര ചെയ്തുകൊണ്ടേയിരിക്കും. അഞ്ജലി വർമയെ ഇവിടെ എത്തിച്ചതും ആ യാത്രയാണ്.