ലോങ് കുർത്തയും പൈജാമയുമണിഞ്ഞ് പ്രചാരണത്തിനിറങ്ങിയാൽ വെറൈറ്റിയല്ലേ? ‌

ബീനാ കണ്ണന്‍

അന്നു കോട്ടയം കെ.കെ. റോഡിലെ മനോരമയുടെ ഓഫിസിൽ നിന്നൊരു കല്ലെടുത്തു നീട്ടിയെറിഞ്ഞാൽ വന്നു വീഴുന്നതു ഞങ്ങളുടെ വീട്ടിലായിരിക്കും. തിരഞ്ഞെടുപ്പൊക്കെ വന്നാൽ കോട്ടയം നഗരത്തിലെ രാഷ്ട്രീയാരവങ്ങളെല്ലാം വീട്ടുമുറ്റത്തിരുന്നു കാണാമായിരുന്നു എന്നർഥം. കോട്ടയം ഓർമവഴികളിലേക്കു ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീനാകണ്ണന്റെ മനസ്സു പാഞ്ഞത് എടുത്തെറിഞ്ഞ കല്ലിനെക്കാൾ വേഗത്തിൽ.

കോട്ടയം ബിസിഎം കോളജില്‍ പഠിക്കുന്ന കാലത്താണു വോട്ടിങ് പ്രായമെത്തുന്നത്. ബേക്കർ സ്കൂളിലായിരുന്നു പോളിങ് ബൂത്ത്. വോട്ട് രേഖപ്പെടുത്താൻ നീണ്ട വരിയിൽ കാത്തുനിൽക്കുമ്പോൾ ‘ഞാൻ വോട്ട് ചെയ്യുന്നതോടെ ദാ, ഈ നാട് സ്വർഗമാകാൻ പോകുന്നു’ എന്നൊക്കെയുള്ള വിചാരങ്ങളായിരുന്നു മനസ്സിൽ.

തിരഞ്ഞെടുപ്പു കാലങ്ങൾ പലതും കഴിഞ്ഞതോടെ പ്രതീക്ഷകളുടെ ആവേശം പതിയെ കുറയുകയും ചെയ്തു. കഴിഞ്ഞ 16 വർഷമായി എറണാകുളത്താണു താമസം. എളമക്കരയിലാണ് ഇത്തവണ എന്റെ ബൂത്ത്.

ഏതാനും വർഷം മുൻപു വരെ റോട്ടറി അസോസിയേഷൻ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടുതേടലും തിരഞ്ഞെടുപ്പു ദിനത്തിലെ ടെൻഷനും റിസൽട്ട് വന്നു ജയിച്ചെന്നറിയുമ്പോഴത്തെ സന്തോഷവും ഒക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രത്യേക ഫീലുതന്നെ. രാഷ്ട്രീയത്തിലേക്കു ധാരാളം സ്ത്രീകൾ ഇനിയും കടന്നുവരണമെന്നാണ് എന്റെ ആഗ്രഹം.

കേരളവും കേരള രാഷ്ട്രീയവും ഒരുപാടു മാറിയെങ്കിലും മാറാതെ നിൽക്കുന്നതു രാഷ്ട്രീയക്കാരന്റെ വേഷമാണ്. അന്നും ഇന്നും ഒരു ടിപ്പിക്കൽ രാഷ്ട്രീയ നേതാവിന്റെ വേഷം വെളുത്ത മുണ്ടും ഷർട്ടും തന്നെ. അതിൽ തന്നെ ഖദർ തുണിയാണ് ഏറെപേർക്കും പ്രിയം. ഖദറിനു പകരം ലിനൻ രംഗത്തെത്തിയതാണ് ആകെയുള്ള മാറ്റം. പൊതുവേ മലയാളികൾക്കു വടിപോലെ നിൽക്കുന്ന വസ്ത്രങ്ങളണിയാനാണു താൽപര്യം. വെളുത്ത നിറത്തോടും നമുക്കൊരു പ്രത്യേക ഇഷ്ടമുണ്ട്.

തൂവെള്ളവസ്ത്രം പോലെ തന്റെ മനസ്സും ശുദ്ധമാണെന്ന സന്ദേശവും വോട്ടുചോദിക്കാനെത്തുന്ന സ്ഥാനാർഥി നമ്മോടു പറയാതെ പറയുകയും ചെയ്യുന്നുണ്ട്, യാഥാർഥ്യം ആർക്കറിയാം!!

∙ കേരളത്തിലെ സ്ഥാനാർഥികൾക്കു പുതിയൊരു വേഷം നിർദേശിച്ചാൽ എന്തായിരിക്കുമത്?

പതിവുവേഷത്തിൽ നിന്നു വ്യത്യസ്തമാകാൻ ഒരു സ്ഥാനാർഥി ജീൻസും ടീഷർട്ടുമണിഞ്ഞു വോട്ടുതേടിയെത്തിയാൽ ഇവനാളൊരു പത്രാസുകാരനാണല്ലോ എന്നായിരിക്കും മലയാളി ചിന്തിക്കുക. വെറുതെ വേഷം മാറ്റി പണിയുണ്ടാക്കണ്ടല്ലോ എന്നു രാഷ്ട്രീയക്കാരും കരുതുന്നു. ഈ ചൂടിൽ വോട്ടുപിടിക്കാനലയുമ്പോൾ രാഷ്ട്രീയക്കാർക്കു പറ്റിയ വേഷം മുണ്ടും ഷർട്ടും തന്നെയെന്നതിൽ തർക്കമില്ല. എന്നാലും ലോങ് കുർത്തയും പൈജാമയുമണിഞ്ഞു പാൻ ഇന്ത്യാ ലുക്കിൽ പ്രചാരണത്തിനിറങ്ങിയാൽ അതൊരു വെറൈറ്റിയാവില്ലേ!