ജോലി പോയി, പക്ഷേ ബിക്കിനി വിറ്റ് കോടീശ്വരി!

ചിത്രങ്ങൾക്ക് കടപ്പാട്– ഫെയ്സ്ബുക്ക്

നാളെ മുതൽ ജോലിക്കു വരേണ്ട എന്നു മുതലാളി പറഞ്ഞപ്പോൾ ഇനിയെന്തു ചെയ്യുമെന്ന ടെൻഷനിലാണ് കരീന ഇർബി വീട്ടിലെത്തിയത്. എല്ലാവരെയും പോലെ കുറെ ടെൻഷനടിച്ചു. ഇനി വേറെ ജോലി അന്വേഷിച്ചു കണ്ടെത്തണം. അപ്പോൾ കൂട്ടുകാർ ആശ്വസിപ്പിച്ചു. ചോക്കു മലയിൽ ജീവിക്കുന്നവൻ ചോക്ക് അന്വേഷിച്ചു പോയതുപോലെയാണു നിന്റെ കഥ. നിനക്ക് ഒന്നാന്തരം ഫിഗർ ഇല്ലേ. മോഡലിങ് നോക്കിക്കൂടേ.

പക്ഷേ കരീനയുടെ ചിന്ത മറ്റൊരു വഴിക്കാണു പോയത്. ബിക്കിനി ബിസിനസ് നടത്തിയാലോ. ഉഗ്രൻ ഫിഗർ ഉള്ളതുകൊണ്ടു മോഡലിനു വേണ്ടി കാശു മുടക്കേണ്ട. സ്വയം മോഡലാകാം. പിറ്റേന്നു തന്നെ കരീന പിതാവിനോട് 800 ഡോളർ കടം വാങ്ങിച്ചു. തുണി വാങ്ങി ബിക്കിനി തയ്ച്ചുണ്ടാക്കി. അങ്ങനെയാണു Moana Bikiniയുടെ ജനനം. ബിക്കിനി ധരിച്ച് കരീന തന്നെ മോഡലായി. കരീനയുടെ ചിത്രങ്ങൾ ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വൻ ഹിറ്റ്. പിന്നെ ഓർഡറുകളുടെ കുത്തൊഴുക്ക്. 413,000 ഇൻസ്റ്റഗ്രാം ഫോളോവേഴ്സും 78,000 ഫെയ്സ്ബുക് ഫാൻസുമായി വൻ ആരാധകരാണിപ്പോൾ കരീനയ്ക്ക്. 50,000 ബിക്കിനി ഓർഡറുകളാണു സോഷ്യൽ മീഡിയ വഴി മാത്രം ലഭിച്ചത്.

ആറു വർഷങ്ങൾക്കു മുൻപു പിതാവിനോടു വാങ്ങിയ കടം പത്തിരട്ടിയാക്കി കരീന തിരിച്ചു കൊടുത്തു. പിതാവിന്റെ രോഗാവസ്ഥയിൽ ചികിൽസ മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു. 27–ാം വയസിൽ കോടികളുടെ കച്ചവടവുമായി വൻ ബിസിനസുകാരിയായി മാറിയപ്പോൾ കരീന നന്ദി പറയുന്നത് ഒരാളോടു മാത്രം– അന്നു ജോലിയിൽനിന്നു പിരിച്ചു വിട്ട കടയുടമയോട്.