റെഡ് വൈൻ പഴങ്കഥ, ഇനി ബ്ലൂ വൈന്‍

Representative Image

വൈന്‍ എന്നു കേട്ടാല്‍ ഉടന്‍ മനസ്സില്‍ വരിക ഗ്ലാസില്‍ പതഞ്ഞു പൊങ്ങി ലഹരി പകര്‍ത്തുന്ന റെഡ് വൈന്‍ ആണ്. വൈന്‍ എന്നാല്‍ റെഡ് വൈന്‍, അതിനപ്പുറം ഭൂരിഭാഗം ജനങ്ങളും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ഇനി ആ ചിന്ത മാറ്റാം. കാലം മാറിയതിന് അനുസരിച്ച് വൈനിന്റെ നിറവും മാറിയിരിക്കുന്നു. നീല നിറത്തിലുള്ള വൈന്‍ ആണ് ഇപ്പോള്‍ വിപണിയിലെ താരം. 

ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ള ബ്ലൂ വൈന്‍ ആണ് ഇപ്പോള്‍ ലഹരി ആസ്വാദകരെ പിടിച്ചിരുത്തുന്നത്. സ്പെയിനിലെ വിപണിയിലാണ് ബ്ലൂ വൈന്‍ തരംഗമാകുന്നത്. സ്പാനിഷ് വൈന്‍ നിര്‍മ്മാതാക്കളായ ജിക് ആണ് ഇന്ദ്രനീലത്തിന്റെ നിറത്തില്‍ ബ്ലൂ വൈനുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശ്രേഷ്ടമായ രുചിയില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്ന് പറയുന്ന ഈ പാനീയം ചില്‍ഡ് വൈന്‍ രുചിയില്‍ മികച്ചു നില്‍ക്കുന്നുവെന്നാണ്  നിര്‍മ്മാതാക്കള്‍ പറയുന്നത്. 

നീലനിറത്തിനായി പ്രകൃതിദത്തല്ലാത്ത മാര്‍ഗങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി പറയുന്നു.  ചുവന്ന മുന്തിരിയും പച്ച മുന്തിരിയും തന്നെയാണ് വൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്‌. മുന്തിരിയുടെ തൊലിയിലുള്ള ഓര്‍ഗാനിക് വര്‍ണ ഘടകങ്ങളായ ഇന്‍ഡിഗോയും അന്‍തോസൈനിനുമാണ് വൈനിന്റെ ഈ നീലനിറത്തിന് കാരണമെന്നാണ് ജിക് കമ്പനി പറയുന്നത്. 

നിറം വ്യത്യസ്തമായതു കൊണ്ടു തന്നെ വിലയും അല്പം വ്യത്യസ്തമാണ് . ഒരു ചെറിയകുപ്പി വൈനിന് 10 യൂറോ  വരും . സ്‌പെയിനില്‍ 2015ല്‍ ആണ് ബ്ലൂ വൈന്‍ ആദ്യമായി പുറത്തിറക്കിയത്. എന്നാല്‍ നല്ല വിപണി കണ്ടെത്താന്‍ കഴിഞ്ഞതോടെ ജിക് കമ്പനി യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും ഇപ്പോള്‍ വ്യാപാരം  വ്യാപിപ്പിച്ചിരിക്കുകയാണ്. ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ജര്‍മ്മിനിയിലുമെല്ലാം ഉടന്‍ തന്നെ  ബ്ലൂ വൈന്‍ എത്തും. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് നീല വൈന്‍ രുചിക്കാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കാരണം, ബ്ലൂ വൈന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന കാര്യത്തില്‍ കമ്പനി മൗനം പാലിക്കുകയാണ്